Monday, May 28, 2012

ഒടുവിലില്ലാതെ ആറ് വര്‍ഷം



മലയാളത്തിന്‍െറ സ്വന്തം നാട്ടിന്‍ പുറത്തുകാരന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മയായീട്ട് ആറുവയസ്. ആ സാന്നിധ്യം എപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നതിനാല്‍ തന്നെ ഒടുവില്‍ മരിച്ചുവെന്നത് വിശ്വസിക്കാന്‍ പ്രയാസം.മലയാള സിനിമയോട് ഏറെ പായാരം പറഞ്ഞാണ് അദ്ദേഹം ഭൂമി വിട്ടത്.
 ഒരു വര്‍ഷക്കാലം നീണ്ട ഡയാലിസിസ്.തിരുവനന്തപുരം ശ്രീചിത്ര,ഏറണാകുളം , പെരിന്തല്‍ മണ്ണ എന്നിവിടങ്ങളിലെ തുടര്‍ച്ചയായ ചികിത്സ,ഡയാലിസിസ്. ഒടുവിലിന്‍െറ അവസാനകാലത്ത് കാര്യമായി നീക്കിയിരിപ്പില്ലാത്ത ആ കുടുംബം  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.ചില സിനിമാ സംഘടനകള്‍ തന്നിരുന്ന ചെറിയ സംഖ്യ കൊണ്ട് ചെലവ് കഴിഞ്ഞിരുന്നില്ല.ആരുടെയോക്കെയോ സഹായം കൊണ്ടു മാത്രം പിടിച്ചു നിന്നു. അവസാന കാലങ്ങളില്‍ ഒടുവില്‍ വേറാരോ ആയിപ്പോയിരുന്നെന്ന് ഒടുവിലിന്‍െറ ഭാര്യ പത്മജേച്ചി പറഞ്ഞിരുന്നു.എന്തിനും ഏതിനും തെറി പറച്ചില്‍.ആശുപത്രി മുറിയില്‍ നിന്ന് ഓടിപ്പോകാനുള്ള ശ്രമം,അക്രമാസക്തി..പത്മജേച്ചിയും സഹായിയും മാത്രമായിരുന്നു കൂടുതല്‍ സമയം അടുത്തുണ്ടായിരുന്നത്.അക്കാലത്ത് സിനിമയിലത്തെിയ പുതുമുഖങ്ങള്‍ക്കുപോലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭിച്ചപ്പോള്‍ ഒടുവിലിന് ലഭിക്കാത്തതില്‍ അവസാന നാളുകളില്‍ പരാതിപ്പെട്ടിരുന്നു.വാര്‍ത്ത നല്‍കിയതിനെതുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി സഹായത്തിന് തയ്യാറായെങ്കിലും നടപടിയത്തെും മുമ്പേ ഒടുവില്‍ മടങ്ങി.ഒരു വര്‍ഷത്തെ ഡയാലിസിസ്,പണത്തിനായുള്ള നെട്ടോട്ടം ,ഒടുവിലിന്‍െറ അകാരണമായ പിടിവാശി, അക്രമോത്സുകത...ആ മഹാകലാകാരന്‍െറ അവസാന നാളുകളതായിരുന്നു...അവസാനം 2006 മെയ് 27 നാണ് ആ കലാകാരന്‍ ലോകത്തോട് വിടപറഞ്ഞത്.

Tuesday, May 22, 2012

ഒടുവില്‍ ഗാവിന്‍ സിനിമാ ‘തീരം’ വിട്ടു

കോവളം തീരത്ത് സുന്ദരിയായ മെര്‍ലിനുമൊത്ത് ബൈക്കില്‍ പാഞ്ഞത്തെുന്ന ചാരക്കണ്ണുള്ള ഫാബിയന്‍.എണ്‍പതുകളുടെ അവസാനത്തില്‍ പത്മരാജന് കൈയബദ്ധമായി വന്നുചേര്‍ന്ന സീസണ്‍ എന്ന സിനിമ കണ്ടവര്‍ ആ സീന്‍ മറക്കില്ല,ആ കട്ടപ്പല്ലുള്ള ക്രുരനായ ഇംഗ്ളീഷുകാരനായ വില്ലനേയും.ഗാവിന്‍ മലയാളക്കരയിലത്തെിയത് അങ്ങനെയാണ്.നന്നായി ഉരുക്കിയെടുത്ത ശരീരം ,ഒത്ത ഉയരം...സീസണ്‍ എന്ന സിനിമ മലയാളത്തിന് തന്ന ആ വില്ലന്‍ പിന്നെയും ആര്യന്‍,ബോക്സര്‍,ജാക്പോട്ട്,ആനവാല്‍ മേതിരം,ആയുഷ്കാലം തുടങ്ങി ഏതാനും ചിത്രങ്ങളില്‍കൂടി നമ്മുടെ മുമ്പിലത്തെി.എന്തുതന്നെയായാലും വിദേശിയായ വില്ലന്‍ എന്നാല്‍ ഗാവിന്‍െറ മുഖമാണ് മനസില്‍ ആദ്യമോടിയത്തെുക.

എണ്‍പതുകളിലും തൊണ്ണുറുകളിലും ബോളിവുഡ്-സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ വില്ലനായി സാന്നിധ്യമറിയിച്ച ഗവിന്‍ പക്കാര്‍ഡ് എന്ന ബെഞ്ചമിന്‍ ബ്രൂണോ 18ന് വസായിയിലെ നഴ്സിങ് ഹോമില്‍ ശ്വാസകോശ രോഗത്തത്തെുടര്‍ന്നാണ് മരിച്ചത്.മുംബൈയിലെ കല്യാണ്‍ നിവാസിയായി മാറിയ ഗാവിന് 48വയസായിരുന്നു.മുപ്പതോളം ബോളിവുഡ് ചിത്രങ്ങള്‍,അഞ്ച് മലയാള ചിത്രങ്ങള്‍,സൗത്ത് ഇന്ത്യന്‍ സിനിമകളിലും നിറഞ്ഞുനിന്ന ഗാവിന്‍ എണ്‍പതുകളുടെ അവസാനത്തില്‍ തുടങ്ങി 2000 വരെ അമ്പതോളം സിനിമകളില്‍ വില്ലന്‍ വേഷമിട്ടു.  വളരെ കഷ്ടപ്പാടുനിറഞ്ഞ ജീവിതമായിരുന്നു പിന്നീട് ബോളിവുഡ് ഗാവിന് സമ്മാനിച്ചത്.ചെയ്ത വേഷത്തിനുള്ള പ്രതിഫലത്തില്‍ ഒരിക്കലും കണക്കുപറഞ്ഞിട്ടില്ല ഗാവിന്‍.തന്നത് വാങ്ങും.സഞ്ജയ് ദത്തിനും സുനില്‍ ഷെട്ടിക്കും മറ്റ് തുടക്കക്കാര്‍ക്കും ബോഡി ബിള്‍ഡിങിന്‍െറ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു നല്‍കിയത് ഗാവിനായിരുന്നു. ബാഗി,കരണ്‍ അര്‍ജുന്‍,ത്രിദേവ്,മോഹ്ര ,ബാഗി തുടങ്ങി പല ഹിറ്റുകളിലും വില്ലന്‍ വേഷത്തിലത്തെിയത് ഗാവിനായിരുന്നു.   



എന്നിട്ടും ബോളിവുഡില്‍ ഗാവന് അടിതെറ്റി.അവസാന ഘട്ടത്തിലാണ് ദുരന്തസമയങ്ങളില്‍ ബോളിവുഡെന്ന മായിക ലോകം കൂട്ടുണ്ടാവില്ളെന്ന തിരിച്ചറിവ് ഗാവിനുണ്ടായത്.അവസാന സമയങ്ങളില്‍ അത് അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.ബൈക്കപടത്തില്‍ പ്പെട്ട് രണ്ട് മണിക്കൂര്‍ രക്തം വാര്‍ന്നൊലിച്ച് മുംബൈയിലെ തെരുവില്‍  കിടന്നിട്ടും നാട്ടുകാര്‍  ഗാവിനെ തിരിച്ചറിഞ്ഞില്ല.കഴിഞ്ഞവര്‍ഷമായിരുന്നു അത്.അതത്തേുടര്‍ന്ന് പരിക്കേറ്റ് ഡോബിവാലിയിലെ ആശുപത്രിയില്‍ കഴിഞ്ഞ ഗാവിനെ കാണാന്‍ ചെന്ന പത്രലേഖകനോട് ഇന്‍റര്‍വ്യൂവിന് പണം വരെ ഗാവിന്‍ ആവശ്യപ്പെട്ടത്രേ.ശ്വാസകോശ രോഗത്തില്‍ വലഞ്ഞ് മാസങ്ങളായി ഗാവിന്‍ കിടപ്പിലായിരുന്നു.മെയ് 18 ന് സെന്‍റ് ആന്‍ഡ്രൂസ് ശ്മശാനത്തില്‍ സംസ്കരിക്കുമ്പോള്‍  ഏതാനും പേരുടെ സാന്നിധ്യം മാത്രമാണുണ്ടായത്.