Friday, September 21, 2012




വടിത്തല്ലുകാര്‍ അഥവാ നീതിക്കായുള്ള പെണ്‍കൂട്ടം

ഉത്തര്‍ പ്രദേശിലെ ബുന്ദേല്‍ഘണ്ഠ് പ്രവിശ്യയിലെ ബാന്ദയെന്ന കുഗ്രാമത്തിലത്തെിയാല്‍ ഒരു പക്ഷേ ആ മധ്യവയസ്കയെ എവിടെയെങ്കിലും വെച്ചു കണ്ടേക്കും; പഴയ തുരുമ്പിച്ച സൈക്കിളില്‍ ഇളം ചുവപ്പ് (പിങ്ക്) സാരിയുടുത്ത് കഴുത്തില്‍ ഞാത്തിയിട്ട പഴയ ‘നോക്കിയ’ മൊബൈലുമായി പോകുന്ന സ്ത്രീയെ.തിരിച്ചറിയാന്‍ മറ്റൊന്നും വേണ്ട.ഇവര്‍ എവിടെയത്തെിയാലും പിങ്കു സാരിയുടുത്ത യുവതികളും മധ്യവയസ്കയുമായ സ്ത്രീകള്‍ ഓടിയത്തെും.സംശയിക്കണ്ട.പേര് സംപത് പാല്‍.മാധ്യമങ്ങള്‍ ആണിനെ തല്ലുന്ന കൂട്ടമെന്നും നിയമലംഘകരെന്നും പ്രഖ്യാപിച്ച   ഗുലാബി ഗാങ് അഥവാ ഇളം ചുവപ്പ് ഗാങിന്‍െറ കമാന്‍ഡര്‍. സ്റ്റേഷനില്‍ കയറി പൊലീസുകാരെ തല്ലിയും  ഉദ്യോഗസ്ഥരെ തല്ലിയും നടുറോഡില്‍ ആണുങ്ങളെ തല്ലിയും കുഴപ്പമുണ്ടാക്കുന്നവരെന്ന് പേരുകേട്ടവരാണ് ഇളംചുവപ്പു സേനക്കാര്‍.നല്ല തയമ്പുണ്ടിവരുടെ കൈകള്‍ക്ക്, പ്രത്യേകിച്ച് ആണുങ്ങളെ തല്ലി.ഫെമിനിസ്റ്റുകളൊന്നുമല്ല.അനാചാരങ്ങള്‍ക്കും അഴിമതിക്കും ആണ്‍മേല്‍കോയ്മക്കുമെതിരെ ജീവിക്കാന്‍ വേണ്ടിയുള്ള സമരം മാത്രമാണിതെന്ന് ഇളം ചുവപ്പു സ്ത്രീ പോരാളികളുടെ സാക്ഷ്യം.

ദുരിതപ്പേമാരിയിലെ സ്ത്രീ ജീവിതം


ദാരിദ്ര്യത്തില്‍ കരുവാളിച്ച ഗ്രാമമാണ് ബാന്ദ . ഉത്തര്‍ പ്രദേശിലെ ജനസാന്ദ്രതയേറിയ വികസനമത്തൊത്ത ജില്ല.അഷ്ടിക്ക് വകയില്ലാത്ത ദലിതര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടം.വരള്‍ച്ചയില്‍ എരിപൊള്ളുന്ന ജനത.കാര്‍ഷിക ജനതയാണെങ്കിലും ഒരൊറ്റ വിള കൃഷി മാത്രമേ ഈ വരണ്ട ഭൂമിയില്‍ നിന്ന് ലഭിക്കൂ. രാഷ്ട്രീയ-പൊലീസ്-ഉദ്യേഗസ്ഥ കൂട്ടുകെട്ടില്‍ ഫ്യൂഡല്‍ പ്രഭുക്കള്‍ നാടുവാഴുന്ന സ്ഥലം.അതിലുപരി ആണ്‍ വാക്കുകള്‍ക്ക് മറുവാക്കില്ലാത്ത, ശൈശവവിവാഹവും ബാല പീഡനവും സ്ത്രീധന പീഡനവും നടമാടുന്ന ഗ്രാമം. ഈ ജീവിതസാഹചര്യങ്ങളില്‍ സ്ത്രീയായി ജീവിക്കുകയെന്നതുതന്നെ ഒരു സമരമാണ്.വാക്കുകള്‍ക്കുപരിയായ സഹനത്തിന്‍െറ മറുപേര് .പ്രതികരണം മറവിയിലൊതുക്കിയ ആ ജനതയില്‍ സംപത് പാല്‍ എന്ന സ്ത്രീ ഒരു പതിറ്റാണ്ട് മുമ്പ് കോരിയിട്ട പ്രതികരണത്തിന്‍െറ അഗ്നി  കെടാതെ ഇന്നും ഗ്രാമങ്ങള്‍ സൂക്ഷിക്കുന്നു.ഇന്ന് അവരുടെ ഇളം ചുവപ്പ് സേനയുടെ കാവലിലാണ് ഇപ്പോള്‍ ഗ്രാമങ്ങള്‍.





ഒരേയൊരു കമാന്‍ഡര്‍

ജീവിതാനുഭവങ്ങള്‍ ഉരുകിയുറഞ്ഞ  ഉരുക്കുവനിതയാണ് സംപത് പാല്‍ ദേവി.ഐസ്ക്രീം കച്ചവടക്കാരന്‍െറ മകള്‍.ദലിതയായതിനാല്‍ ബാല്യം തളച്ചിട്ട വീട്ടുചുമരുകളില്‍ കരികൊണ്ടെഴുതി അവള്‍ പ്രതിഷേധിച്ചു.ആ പ്രതിഷേധ എഴുത്ത് വീട്ടകത്ത് നിന്ന് വീട്ടുമുറ്റത്തും അയല്‍വീടുകളിലെ ചുമരിലും നാട്ടുവഴികളിലുമത്തെി.അവസാനം വീട്ടുകാര്‍ക്ക് സ്കൂളില്‍ കൊണ്ടുചെന്നുവിടേണ്ടിവന്നു.എന്നാല്‍ ഒന്‍പത് വയസില്‍ വിവാഹത്തോടെ പഠനം അവസാനിപ്പിച്ചു.12 ാം വയസില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചുതുടങ്ങി.13 ാം വയസില്‍ മാതാവായി.അഞ്ച് കുട്ടികള്‍.വീട്ടില്‍ അടുപ്പ് പുകയാതായതോടെ ജോലി തേടിപ്പുറപ്പെട്ടു.ഗ്രാമത്തിലെ ഹെല്‍ത്ത് വര്‍ക്കറായി.സഹജീവികളുടെ കഷ്ടപ്പാടും ദാരിദ്രവും പ്രയാസങ്ങളും അറിയാനിടയായി.ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന തോന്നലുണ്ടായത് അപ്പോഴാണെന്ന് സംപത്പാല്‍ പറയുന്നു.2002ല്‍ ജോലി വിട്ട് സാമൂഹിക പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചു.അതിന് കാരണമായത് ഒരു സംഭവമായിരുന്നു.
 ഭര്‍ത്താവിന്‍െറ മര്‍ദനമേറ്റ് അയല്‍ക്കാരി വീട്ടില്‍ തളര്‍ന്നുകിടക്കുന്ന വിവരമറിഞ്ഞ സംപത് അവരുടെ വീട്ടിലത്തെി.മദ്യപിച്ച് ലക്കുകെട്ട അവരുടെ ഭര്‍ത്താവ് സംപതിനെ അപമാനിച്ച് പറഞ്ഞുവിട്ടു.തിരികെ വീട്ടിലത്തെിയ സംപത് സുഹൃത്തുക്കളായ സ്ത്രീകളെകൂട്ടി മദ്യപാനിയുടെ വീട്ടിലത്തെി അയാളെ വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചു.നാട്ടുവഴികളിലൂടെ നാട്ടുകാര്‍ കാണ്‍കെയായിരുന്നു മര്‍ദനം.ഈയൊരു സംഭവത്തിലൂടെയാണ് കൂട്ടായ്മയുടെയും പ്രതികരണത്തിന്‍െറയും വില സംഘാംഗങ്ങള്‍ ആദ്യമായി തിരിച്ചറിഞ്ഞത്.പൊതുജനങ്ങളുടെ ഇടയില്‍ വളരെപ്പെട്ടന്ന് മതിപ്പുളവാക്കാനും സംഘത്തിന്‍െറ ഇടപെടലുകള്‍ക്കായി.

സ്ത്രീകരുത്തിന്‍െറ പോരാട്ടമുഖങ്ങള്‍

പാവപ്പെട്ടവര്‍ക്ക് അരി നല്‍കുന്നത് നിഷേധിച്ചപ്പോള്‍ 2007 ലാണ് നിര്‍ണായക മുന്നേറ്റം സംഘം നടത്തിയത്.2007 ല്‍ അയിരുന്നു അത്.ബി.പി.എല്‍ അരി പൊതുവിപണിയിലേക്ക്  മറിച്ചുവില്‍ക്കുന്ന റേഷന്‍ കടയുടമക്കെതിരെ തെളിവ് സഹിതം പൊലീസിനും സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി.കടയുടമയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.എന്നിട്ടും കേസെടുക്കാനോ നടപടിക്കോ അധികൃതര്‍ തയ്യാറായില്ല.ഗ്രാമമടക്കം പ്രതിഷേധ സ്വരമുയര്‍ത്തി രംഗത്തത്തെി.ഇളം ചുവപ്പുസേനക്കാര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി സ്റ്റേഷനില്‍ കയറി പൊലീസുകാരനെ കൈയേറ്റം ചെയ്തു.
പിന്നെ ഒരിക്കല്‍കൂടി ഇത്തരം സംഭവം ആവര്‍ത്തിച്ചു.ദലിതനെ കേസ് പോലും രജിസ്ട്രര്‍ ചെയ്യാതെ  രണ്ടാഴ്ച പൊലീസ് കസ്റ്റഡിയില്‍ വെച്ചപ്പോഴായിരുന്നു അത്.അതിന് ശേഷം കൈക്കൂലി കൊടുക്കാത്തതിന്‍െറ പേരില്‍ ഒരാളുടെ വീട്ടിലെ കറന്‍റ് വിഛേദിച്ചപ്പോള്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ കയറി ജീവനക്കാരെ കൈകാര്യം ചെയ്തു.സംഭവശേഷം പൊലീസ് നടപടിയുണ്ടായി.2011ല്‍ 17 വയസായ ദലിത് യുവതി കൂട്ട ബലാല്‍സംഘത്തിനിരയായതുമായി ബന്ധപ്പെട്ടാണ് മറ്റൊരു പ്രതിഷേധം അരങ്ങേറിയത്.രാഷ്ട്രീയ നേതാവും ഉള്‍പ്പെട്ട കേസ് രജിസ്ട്രര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ല.കേസെടുക്കുന്നതിനുപകരം മോഷണകേസില്‍ യുവതിയെ അറസ്റ്റ് ചെയ്തു.യുവതിയുടെ പിതാവ് സംപത് പാലിനെ സമീപിച്ച് സഹായം അഭ്യര്‍ഥിച്ചു.തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പൊലീസിന് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടിവന്നു.സംഭവം വിവാദമായതോടെ രാഹുല്‍ ഗാന്ധി ബുന്ദേല്‍ഖണ്ഡിലത്തെി ഇരയായ യുവതിയെ സന്ദര്‍ശിച്ചു.ഇത്തരം അനേകം സംഭവങ്ങളാണ് ഇവരെ ഹീറോയാക്കിയതും നിയമലംഘകരുമാക്കിയതെന്ന് ഗ്രാമീണര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഒരുനാള്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് സഹായം തേടിയത്തെി.20000 രൂപ പിതാവില്‍ നിന്ന് വാങ്ങാനാവശ്യപ്പെട്ട് ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റുവാങ്ങിയ സ്ത്രീ.പണത്തിനുവേണ്ടിയാണ് ഭര്‍ത്താവ് കല്യാണം കഴിച്ചതെന്ന് കരഞ്ഞറയിച്ചു.ഗുലാബി ഗാങ്ങ് മുന്നേിട്ടിറങ്ങി.ഭര്‍ത്താവിന്‍െറ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.ഭാര്യയെ നന്നായി നോക്കിയില്ളെങ്കില്‍ വിവരമറിയുമെന്ന ഭീഷണി.ഭര്‍ത്താവ് വഴങ്ങി.ഇത്തരത്തില്‍ 20ഓളം സ്ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാരുമായി ബന്ധം പുന:സ്ഥാപിച്ച് കൊടുത്തിട്ടുണ്ടെന്ന് സംഘം  അവകാശപ്പെടുന്നു.ഭാര്യമാരെ കൈവെക്കുന്നവര്‍ക്കും ഇട്ടുപോവുന്നവര്‍ക്കും പാവങ്ങള്‍ക്കുള്ള അരി മറിച്ചുവില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പേടിസ്വപ്നമാണ് ഗുലാബി ഗാങ്.ഇന്നിപ്പോള്‍ ബാന്ദയിലും സമീപ പ്രദേശങ്ങളിലുമായി 20,000 അനുയായികള്‍ സംഘടനക്കുണ്ട്.ഭൂരിഭാഗവും ദലിത് സ്ത്രീകള്‍.തൊഴില്‍ രഹിതരും ചെറുകിട കര്‍ഷകരുമാണ് അധികവും.


നാട്ടുവഴിയിലെ പെണ്‍തല്ല്

നടുവഴിയില്‍ വെച്ച് വടികൊണ്ടുള്ള തല്ല് ഏല്‍ക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ല.പ്രത്യേകിച്ച് പെണ്‍സേനയുടെ.പൊലീസുകാരായാലും ഉദ്യോഗസ്ഥരായാലും പൊതുജനങ്ങള്‍ക്ക് അന്നമത്തെിക്കുന്ന റേഷന്‍ കടക്കാരനായാലും അതൊഴിവാക്കും.അതുകൊണ്ടുതന്നെ അഴിമതിയും സ്ത്രീപീഡനവും ഗ്രാമത്തില്‍ കുറഞ്ഞെന്ന് നാട്ടുകാര്‍ പറയുന്നു.‘‘ആരും ഞങ്ങളെ സഹായിക്കാനുണ്ടായിരുന്നില്ല; ഉദ്യോഗസ്ഥര്‍,പൊലീസുകാര്‍,രാഷ്ട്രീയക്കാള്‍ ആരും.എല്ലാവരും അഴിമതിക്കാരായിരുന്നു; അവരുടെ സ്വരം എല്ലാം ഒരേപോലെ; ഞങ്ങള്‍ നിസ്സഹായര്‍.ഇന്ന് അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ സേന സ്ത്രീകളെ പഠിപ്പിക്കുന്നു.ലാത്തി പ്രയോഗം,മുളകുപൊടിയെറിയല്‍ എന്നിവ അവയില്‍ ചിലതാണ്.അവരെ അത് പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരുണ്ട്.അക്രമമുണ്ടാക്കാനല്ല; ഞങ്ങളുടെ സ്വയം രക്ഷക്ക് വേണ്ടിയാണ് പരിശീലനം-സംപത് പാല്‍ പറഞ്ഞു.അഴിമതിക്കാരുടെയും സ്ത്രീ പീഡകരുടെയും മനസില്‍ ഭയത്തിന്‍െറ വിത്തുപാകാന്‍ പെണ്‍കൂട്ടായ്മക്കായി. എന്തുകൊണ്ട് പിങ്ക് സാരി എന്ന് ചോദിച്ചാല്‍ സംപതിന്‍െറ ഉത്തരം ഇങ്ങനെ.‘‘തിരക്കേറിയ നഗരങ്ങളില്‍പ്പെട്ടാല്‍  സംഘാംഗങ്ങളെ എളുപ്പം തിരിച്ചറിയാനുള്ള മാര്‍ഗമാണ് പിങ്ക് സാരി.അധികം പേര്‍ ഉപയോഗിക്കാത്ത തിളക്കം കൂടിയതിനാലാണ് ആ നിറം തെരഞ്ഞെടുത്തത്.ജീവിതത്തിന്‍െറ നിറമാണത്.’’

വെറുതെയല്ലാത്ത കൂടിയിരിപ്പുകള്‍

സംപതിന്‍െറ വീട്ടില്‍ ചായയും സമോസയും വാതില്‍പ്പടിയില്‍ തന്നെയുണ്ടാകും. കുശലവര്‍ത്തമാനങ്ങളില്‍ തുടങ്ങി ഗൗരവ വിഷയങ്ങളിലത്തെും.രാത്രി ഏറെ വൈകിയാണ് പിരിയുക.അവരുടെ കൈയിലെ പരിഗണനാ ലിസ്റ്റ് വായിക്കും .വിഷയം ഏറ്റെടുക്കുന്ന പ്രദേശത്ത് അറിയിപ്പ് നല്‍കും.പിന്നെയാണ് പ്രക്ഷോഭം തുടങുക.
പരാതിയത്തെിയാല്‍ ആദ്യം പൊലീസിനെ സമീപിച്ച് സംഭവത്തില്‍ ഇടപെടാന്‍ അഭ്യര്‍ഥിക്കും.അവരില്‍ നിന്ന് നടപടിയില്ലാതിരിക്കുമ്പോഴാണ് ഞങ്ങള്‍ ഇടപെടുക.സ്ത്രീപീഡനമെങ്കില്‍ പുരുഷനെ കണ്ട് നിലപാട് മാറ്റാന്‍ ആവശ്യപ്പെടും. സഹകരിച്ചില്ളെങ്കില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീയോട് ഗുലാബി ഗാങ്ങില്‍ അംഗമാകാന്‍  പറയും.തുടര്‍ന്ന് ഞങ്ങള്‍ ആ വീട്ടിലത്തെി പ്രതിഷേധം തുടങ്ങും.പലപ്പോഴും സംഘ ബലം കാണിക്കേണ്ടിവരാറുണ്ട്.സ്ത്രീ കോടതിയില്‍ പരാതിയുമായി പോയി ശേഷിക്കുന്ന കാലം അതില്‍പ്പെട്ടുഴലുന്നതില്‍ നല്ലതാണല്ളോ ഒരു പരിഹാരം.അതിനായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്-സംഘാംഗമായ ആരതി ദേവി പറയുന്നു

വടിത്തല്ല് മാത്രമല്ല
 സ്ത്രീ ശാക്തീകരണത്തിന് പുതിയ മാനമാണ് ഈ പെണ്‍കൂട്ടം ഗ്രാമത്തിന് സംഭാവന നല്‍കിയത്.ചെറുകിട വ്യവസായ യൂനിറ്റുകള്‍ ഗ്രാമത്തിലത്തെിക്കാന്‍ മുന്‍കൈയെടുത്തത് സംഘമാണ്.ജൈവ വളം,മെഴുകുതിരി നിര്‍മാണ യൂനിറ്റുകള്‍,ആയുര്‍വേദ മരുന്നു നിര്‍മാണം,അച്ചാര്‍ നിര്‍മാണം എന്നിവ ബാന്ദയിലത്തെി.
ഭരണത്തലവന്‍മാര്‍ തിരിഞ്ഞുനോക്കാതിരുന്ന ഗ്രാമത്തില്‍ ഒട്ടേറെകാര്യങ്ങള്‍ ചെയ്യാനായി.കുടിവെള്ള പദ്ധതി,വികസന പദ്ധതികള്‍,ആരോഗ്യ പദ്ധതികള്‍ എന്നിവയുടെ പ്രചാരകരായി.കുട്ടികളെ വിദ്യാലയങ്ങളിലേക്കയക്കാന്‍ സംഘം  വീടുകളിലുമത്തെി ബോധവത്കരണം നടത്തുന്നു.തെരുവുനാടകങ്ങള്‍,മദ്യപാനത്തിനെതിരെ കാമ്പയിനുകള്‍,വീടുകളിലത്തെി ആരോഗ്യ ബോധവല്‍ക്കരണം എന്നിവ നടത്തുന്നു.ബി.പി.എല്‍ കാര്‍ഡ് ഗ്രാമീണര്‍ക്ക് നേടിക്കൊടുക്കാന്‍ ഇടപെടുന്നു.അവര്‍ക്ക് ന്യായവിലഷോപ്പില്‍ നിന്ന് ലഭിക്കേണ്ട സൗജന്യ അരി കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നു.ഫണ്ട് കിട്ടിയാല്‍ തയ്യല്‍ സെന്‍റര്‍ കൂടി ആരംഭിക്കണമെന്നാണ് സംപതിന്‍െറ ആഗ്രഹം.

രാഷ്ട്രീയം,നിലനില്‍പ്

പാര്‍ട്ടി രാഷ്ട്രീയത്തിനതീതരായിരുന്നു സംഘം.ഇത് രാഷ്ട്രീയക്കാരെ കുറച്ചൊന്നമല്ല ചൊടിപ്പിച്ചത്.സംപതും മറ്റ് കൂട്ടാളികളും നിരവധിതവണ തലനാരിഴക്ക്  മരണത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.ഭീഷണി,അസഭ്യം പറച്ചിലുകള്‍ എല്ലാം സഹിച്ചുകൊണ്ടേയിരിക്കുന്നു.എന്നിട്ടും പിന്മാറിയില്ല.സാമൂഹികാടിത്തറയിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സെക്യുലര്‍ കോണ്‍ഗ്രസ് പാര്‍ടിയിലേക്ക് സംപത് പാലിനെ വിളിച്ചിരുന്നു.താല്‍പര്യം കാട്ടിയില്ല.2012ല്‍ ബി.എസ്.പിയെ നേരിടാനായിരുന്നു ഇത്.ബഹുജന്‍ സമാജ് വാദി പാര്‍ടിയുടെ നേതാവ് മായാവതിയുടെ പ്രഭാവലയവും  ഇവരെ ആകര്‍ഷിച്ചില്ല.ഇതിനിടെ നിരവധി പ്രശ്നങ്ങളില്‍ ഇടപെട്ടു.അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കുമെതിരായുള്ള പോരാട്ടം ജനപ്രിയരാക്കി.ഇത്തരം പോരാട്ടങ്ങളാണ് യുവാക്കളെ പോലും സംഘത്തില്‍ ചേരാന്‍ പ്രേരണയായത്.
ഗുലാബി ഗാങ്ങ് രക്ഷിച്ച സ്ത്രീകളുടെ ബന്ധുക്കളും പ്രചാരകരായി.സാമൂഹിക പരമായും സാമ്പത്തികമായും ഗുലാബി ഗാങ്ങിലുള്ളവരെയും കുടുംബത്തെയും ഗ്രാമീണര്‍ സഹായിച്ചുപോന്നു.
നിരന്തരമായ പ്രതിരോധങ്ങള്‍,ജനകീയമായ പ്രത്യാക്രമണങ്ങള്‍... അവസാനം ഇളം ചുവപ്പു സേന തെരഞ്ഞെടുപ്പിലും പങ്കാളികളായി.സംപത്പാല്‍ 2006 ഒക്ടോബറില്‍  നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. 2800 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.2010ല്‍  തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പില്‍ 21 ഗുലാബി അംഗങ്ങള്‍ വിജയിച്ചു.‘‘വെറും കാഴ്ചക്കാരായി നിന്നുകൊണ്ടുള്ള പോരാട്ടത്തേക്കാള്‍ നല്ലതാണ് സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും ഗുണം കിട്ടുന്ന പദ്ധതികള്‍ കൊണ്ടുവരാനുള്ള അവസരം കൈവരിക എന്നത്.പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോട് ചേരാതെ തന്നെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായപ്പോള്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ പരിഗണന കിട്ടുന്നുണ്ട്’’-സംപത്പാല്‍ പറയുന്നു.
ഇതിനിടെ ബുന്ദേല്‍ഖണ്ഠ് എന്ന പ്രത്യേക സംസ്ഥാനത്തിന് വേണ്ടി ദെല്‍ഹിയില്‍ നടന്ന പ്രകടനത്തിലും പങ്കാളികളായി.ന്യൂയോര്‍ക്കില്‍ നടന്ന ഗ്ളോബല്‍ വിമന്‍സ് കോണ്‍ഫറന്‍സിലും ഫ്രാന്‍സിലെ ഡ്യുവില്ളെയില്‍ എല്ലാവര്‍ഷവും നടക്കാറുള്ള വിമന്‍സ് ഫോറത്തിലും പങ്കെടുക്കാന്‍ സംപത്പാലിന് അവസരം ലഭിച്ചു.ഗ്രാമീണ സ്ത്രീകള്‍ക്ക് അവരുടെ പോരാട്ടങ്ങളെക്കുറിച്ച്  സംസാരിക്കാനുള്ള വേദികളായിരുന്നു അത്.

സഹായം തേടുന്നു

ആദ്യം പുറം സഹായം വാങ്ങില്ളെന്ന് പ്രഖ്യാപിച്ചിരുന്ന സംഘം അടുത്തിടെ നിലപാട് മാറ്റി.‘‘ഞങ്ങള്‍ക്ക് സഹായം വേണം .സര്‍ക്കാരില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ .അതിനായുള്ള ശ്രമത്തിലാണ്.വെബ് സൈറ്റ് തുടങ്ങി,ഫേസ് ബുക്കില്‍ പേജ് തുടങ്ങി. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ ചിലര്‍ സമീപിച്ചതോടെയാണ് ഇവ തുടങ്ങാന്‍ അനുവാദം നല്‍കിയത്.‘‘ഇപ്പോള്‍ത്തന്നെ ബസ് യാത്രക്കും മാര്‍ച്ച് സംഘടിപ്പിക്കാനും  മറ്റുമായി ധാരാളം പണം ചെലവാകുന്നു.210 രൂപ മാത്രമാണ്  അംഗത്തില്‍ നിന്ന് ഫീസായി ഈടാക്കുന്നത്.പിങ്ക് സാരിക്കുള്ള തുക മാത്രമാണിത്.’’-സംഘാംഗമായ ചന്ദാനിയ ദേവി പറയുന്നു.

ഇവര്‍ നിയമ ലംഘകര്‍
നിയമം കൈയിലെടുക്കുന്നവള്‍,അക്രമകാരി,സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവര്‍ .സംഘാംഗങ്ങള്‍ക്കെതിരെ കേസുകള്‍ അനവധിയാണ്.പലപ്പോഴും അവരെ ക്രിമിനലുകളായി മുദ്രകുത്തുന്നു.അനിവാര്യമാകുന്ന ജീവിത സാഹചര്യങ്ങളില്‍ സ്ത്രീ അല്ളെങ്കില്‍ സ്ത്രീ സമൂഹം അവസാന ആശ്രയമായി അക്രമത്തെയും കടുത്ത പ്രതികരണത്തെയും കൈയിലെടുക്കേണ്ടിവന്നതാണ് ഈ പെണ്‍സേനയുടെ കൂട്ടായ്മക്കിടയാക്കിയത്.മാധ്യമങ്ങളും പൊലീസും  അവരെ ആയുധ ധാരികളായും മാവോ വാദികളായും മുദ്ര കുത്തി.വെറുമൊരു ഗാങ്ങല്ല; നീതിക്കായുള്ള കൂട്ടായ്മയും നിലനില്‍ക്കാനുള്ള പോരാട്ടവും  മാത്രമാണെന്ന്  ആവര്‍ത്തിക്കുമ്പോഴും  ‘നിയമലംഘക’രെന്ന നിര്‍വചനത്തില്‍ നിന്നൊഴിഞ്ഞുപോകാന്‍ ഈ പെണ്‍കൂട്ടത്തിനാവില്ല.




കുടുംബമാധ്യമം സെപ്തംബര്‍ 21 ന് പ്രസിദ്ധീകരിച്ചത്