Wednesday, July 16, 2014

    സമരം കുറ്റമാണ്
    ഇരകള്‍ കുറ്റവാളികളും

മോദിവാഴ്ചയോടെ ഒരു സാഹചര്യം വന്നിട്ടുണ്ട്. രാജ്യവും ഭരണകൂടവും ഒന്നാണെന്ന ചിന്ത. ജനാധിപത്യത്തില്‍ രാജ്യത്തിനുള്ളില്‍നിന്ന് ഭരണകൂടത്തെ വിമര്‍ശിക്കാനും എതിര്‍ക്കാനും അവസരമുണ്ടായിരുന്നു. മോദിയുടെ വരവ് രാജ്യത്തെയും ഭരണകൂടത്തെയും ഒന്നാക്കിമാറ്റുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുകയെന്നാല്‍ രാജ്യത്തെ വിമര്‍ശിക്കുകയെന്നാണിപ്പോള്‍ അര്‍ഥമാക്കുന്നത്. അതായത് ഭരണാധികാരിയെ വിമര്‍ശിക്കുന്നു എന്നര്‍ഥം.  രാജ്യം= ഭരണകൂടം = ഭരണാധികാരി എന്ന സങ്കല്‍പം. അതിനാല്‍ എല്ലാ ജനകീയസമരങ്ങളും ഇനി രാജ്യദ്രോഹമായി കണക്കാക്കപ്പെടും. എല്ലാ പോരാട്ടവും തീവ്രവാദമായേക്കാം. എന്‍.ജി.ഒകളെ ലക്ഷ്യമിടുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അതാണ് സൂചിപ്പിക്കുന്നത്.‘‘വിദേശതാല്‍പര്യങ്ങളുടെ പേരില്‍ അവരുടെ സഹായം സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ പബ്ളിക് റിലേഷന്‍ കമ്പനികളെ വിലക്കെടുത്താണ് രാജ്യത്തത്തെുന്നത്.  പിന്നീട് വിദേശപണം ഉപയോഗിച്ച്  ഒന്നോ രണ്ടോ അവര്‍ഡുകള്‍ സ്വന്തമാക്കി  അവര്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന അണുനിലയം, ഖനനമേഖലകള്‍ പോലെയുള്ള വികസനവിഷയങ്ങളില്‍ ഇടപെടുന്നു. ഇരകളെ സഹായിക്കാനെന്നപേരിലത്തെി പിന്നീട് പദ്ധതിവിരുദ്ധ പ്രചാരണങ്ങളിലേര്‍പ്പെട്ട്  വികസനം തടസ്സപ്പെടുത്തുന്നു’’ -നരേന്ദ്ര മോദി,  2006 സെപ്റ്റംബര്‍ 9.
2014  ജൂണ്‍ മൂന്നിന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം എന്‍.ജി.ഒകള്‍ വികസനപദ്ധതികളില്‍ നടത്തുന്ന ഇടപെടലുകളെപ്പറ്റി സര്‍ക്കാറിന്  നല്‍കിയ രഹസ്യറിപ്പോര്‍ട്ട്  തുടങ്ങുന്നതും ഇതേ വാചകത്തിലാണ്. അങ്ങനെ ‘മന$പൂര്‍വമുള്ള   ആകസ്മികത’യൊരുക്കിയാണ് ഐ.ബി പുതിയ പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കിയത്. കോര്‍പറേറ്റുകള്‍ക്കുവേണ്ടി, ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തിയത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ്.  എന്നാല്‍, റിപ്പോര്‍ട്ട് പൂര്‍ത്തിയാകുമ്പോഴേക്കും മന്‍മോഹനും കോണ്‍ഗ്രസും ജനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടാത്തവരായി.
21  പേജുവരുന്ന രേഖയാണ് ജൂണ്‍ മൂന്നിന് ഐ.ബി ജോയന്‍റ് ഡയറക്ടര്‍  എസ്.എ. റിസ്വി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചത്. വിവിധ വികസനപദ്ധതികള്‍ക്കായി കുടിയൊഴിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു  എന്ന വ്യാജേനയാണ്  വിദേശ ഏജന്‍സികള്‍ എന്‍.ജി.ഒകളെ  സമീപിക്കുന്നതെന്നും  ഇവരെ ഉപയോഗിച്ച് വിഷയം പഠിക്കുകയും ഇടപെടലിന് കളമൊരുക്കുകയും  ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍പറയുന്നു.  ഗ്രീന്‍പീസ്, കോര്‍എയ്ഡ്, ആക്ഷന്‍ എയ്ഡ്, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍പോലുള്ള എന്‍.ജി.ഒകളാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തുന്നു.
മോദി ഭരണകൂടത്തിന് ഈ രേഖ ഇരുതലമൂര്‍ച്ചയുള്ള ആയുധമാണ്. ജനകീയസമരങ്ങളെയും നേതാക്കളെയും കുറ്റവാളികളാക്കി  കോര്‍പറേറ്റുകളുടെ മനംകവരാം. ഒപ്പം, ബഹുജന മുന്നേറ്റങ്ങളെയും സമരനേതാക്കളെയും രാജ്യദ്രോഹികളാക്കി,  തീവ്രവാദികളാക്കി കല്ളെ്ളറിഞ്ഞുകൊല്ലാം.  റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആഴ്ചകള്‍ കഴിയുംമുമ്പേ ഫലം കണ്ടു. മോദി സര്‍ക്കാര്‍ പണിതുടങ്ങി.
മോദി പണിതുടങ്ങി
 കോര്‍പറേറ്റുകള്‍ കാത്തിരിക്കുന്ന വികസനം  നാട്ടില്‍നടപ്പാക്കാന്‍ ആദ്യം പൂട്ടേണ്ടത് ഇരകളുടെ വായയാണ്, അവര്‍ക്ക്  ഊര്‍ജംപകരുന്ന സംഘടനയുടെ  നട്ടെല്ലാണ്. നദീസംയോജനം മുതല്‍ ആണവവിരുദ്ധസമരം വരെ നീളുന്ന ജനകീയവിഷയങ്ങളില്‍  പ്രതിരോധസമരങ്ങള്‍  അവസാനിപ്പിക്കുകയാണ്  കോര്‍പറേറ്റുകളുടെ ആവശ്യം.  ഈ വികസനപദ്ധതികള്‍ക്ക് വഴിവെട്ടുന്ന  രൂപരേഖയാണ് ഐ.ബിയുടെ റിപ്പോര്‍ട്ട്.  ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകള്‍ക്കെതിരെ നോട്ടീസ് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. പത്ത് എന്‍.ജി.ഒകള്‍ക്കുകൂടി നോട്ടീസ് നല്‍കാനിരിക്കുന്നു. ഫോറിന്‍ ഫണ്ടിങ് അണ്ടര്‍ ദ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍  (റെഗുലേഷന്‍) ആക്ട്,  2010  (എഫ്.സി.ആര്‍.എ) പിന്‍വലിക്കുമെന്നാണ് സംഘടനകള്‍ക്ക് നല്‍കിയ  മുന്നറിയിപ്പ് നോട്ടിസ്.

വികസനത്തിന്
 പാതയൊരുക്കല്‍
ഗുജറാത്തുമായി ബന്ധപ്പെട്ട പദ്ധതികളായ പാര്‍ തപി- നര്‍മദ നദീസംയോജനപദ്ധതി, ഗുജറാത്ത് വികാസ് മഞ്ച് ലോകധികാര്‍ ആന്ദോളന്‍ എന്നീ പദ്ധതികള്‍ക്കെതിരെ ജനകീയ പ്രസ്ഥാനങ്ങള്‍ സജീവമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തപി -നര്‍മദ സംയോജന പദ്ധതിക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ സജീവമായ സംഘടനയാണ് പാര്‍ത്തി പൂര്‍ണ ആദിവാസി  സംഘാതന്‍ (പി.പി.എ.എസ്).  75 ഗ്രാമങ്ങളിലെ ആദിവാസികളെ ബാധിക്കുന്ന പദ്ധതി, 24 ഗ്രാമങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലാകും എന്നീ ഗുരുതരപ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് സംഘടനകള്‍ രംഗത്തത്തെിയത്. വിദേശസഹായം കിട്ടുന്ന മരാഗ്, പി.യു.സി.എല്‍, മൂവ്മെന്‍റ് ഫോര്‍ സെക്കുലര്‍ ഡെമോക്രസി, ഗുജറാത്ത് സര്‍വോദയ മണ്ഡല്‍  തുടങ്ങിയ എന്‍.ജി.ഒകളാണ്  പദ്ധതി തകര്‍ക്കാന്‍  ശ്രമിക്കുന്നതെന്നാണ് ഐ.ബിയുടെ ആരോപണം. ഗുജറാത്തില്‍  യാഥാര്‍ഥ്യമാവാന്‍ കാത്തിരിക്കുന്ന പ്രത്യേകനിക്ഷേപ മേഖലക്കെതിരെയും സംഘടനകള്‍ സമരം ശക്തമാക്കിയിട്ടുണ്ട്.  ഡല്‍ഹി-മുംബൈ വ്യവസായിക ഇടനാഴി  (ഡല്‍ഹി ടു മുംബൈ,  ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍) എന്നത് ദേശദ്രോഹ വികസനമാണെന്ന പ്രചാരണത്തിന് ചുക്കാന്‍പിടിച്ചത്  മേധാപട്കറും  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാഷനല്‍ അലയന്‍സ് ഓഫ് പീപ്ള്‍സ് മൂവ്മെന്‍റും (എന്‍.എ.പി.എം)  ആണ്.  പാതക്കെതിരെ എന്‍.എ.പി.എം  മുംബൈ-ഡല്‍ഹി സംഘര്‍ഷ് യാത്ര നടത്തിയിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. അങ്ങനെ നദിമുതല്‍ റോഡ് വരെ നീളുന്ന വിവിധ പ്രശ്നങ്ങളില്‍ കുടിയിറക്കപ്പെടുന്ന ജനങ്ങളെ മുന്‍നിര്‍ത്തി ഉയര്‍ന്നുവന്ന പ്രതിരോധസമരങ്ങള്‍ ഗുജറാത്ത് ഭരണകൂടത്തിന്‍െറയും കോര്‍പറേറ്റുകളെയും തെല്ളൊന്നുമല്ല  പ്രതിസന്ധിയിലാക്കിയത്. വികസനം മുടക്കികള്‍ എന്ന പതിവുപ്രയോഗങ്ങള്‍ക്കൊന്നും ജനവികാരത്തെ മാറ്റിമറിക്കാനാവില്ളെന്നുവന്നപ്പോഴാണ് സമരങ്ങള്‍ക്ക് നേതൃത്വം  കൊടുക്കുന്നവരെ തേടിപ്പിടിച്ച് കുറ്റവാളികളാക്കുക എന്ന തന്ത്രം നടപ്പാക്കുന്നത്.  റിപ്പോര്‍ട്ട് ആദ്യം ഉപയോഗിക്കുന്നത് ഗുജറാത്തിനുവേണ്ടിയാണെങ്കില്‍ നാളെ ഇന്ത്യയില്‍ എവിടെയുമത്  പ്രയോഗിക്കപ്പെടാം.

മോദി-അദാനി ഭായ് ഭായ്
2014  മാര്‍ച്ച് 10:  ഗ്രീന്‍പീസ് ആസ്ട്രേലിയ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ട്  ഇതായിരുന്നു:  അദാനീസ് റെക്കോഡ് ഓഫ് എ എന്‍വയണ്‍മെന്‍റല്‍ ഡിസ്ട്രക്ഷന്‍ ആന്‍ഡ്  നോണ്‍ കോംപ്ളയന്‍സ് വിത്ത് റെഗുലേഷന്‍സ്  ഇന്‍ ഇന്ത്യ.വര്‍ഷങ്ങളായുള്ള പരിസ്ഥിതിക്കെതിരെയുള്ള കടന്നുകയറ്റം, നികുതിവെട്ടിപ്പ്, അനധികൃത നിര്‍മാണങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലികൊടുക്കല്‍ തുടങ്ങി അനവധി നിയമവിരുദ്ധ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്.
  ജൂണ്‍ 3:  രാജ്യത്തിന്‍െറ പുരോഗതിയെ തടസ്സപ്പെടുത്തിയെന്ന ഗ്രീന്‍പീസുകള്‍ ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകളെ  പ്രതിയാക്കി ഐ.ബിയുടെ റിപ്പോര്‍ട്ട്. മോദിയുടെ ഗുജറാത്തിലെ  ഉറ്റതോഴനാണ് അദാനി എന്ന ബിസിനസ് ഗ്രൂപ്.  ഗ്രീന്‍പീസിനെതിരെ ഐ.ബി രംഗത്തുവന്നതിന് കാരണങ്ങളിലൊന്ന്  മേല്‍പറഞ്ഞ റിപ്പോര്‍ട്ട് ആണെന്ന് വ്യക്തം. ഗ്രീന്‍പീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഗുജറാത്തിലെ സ്പെഷല്‍ ഇക്കണോമിക് സോണ്‍ പ്രദേശത്തെ  (സെസ്) പ്രവര്‍ത്തനവും  അദാനി ഗ്രൂപ്പിനെയുമാണ് ആ റിപ്പോര്‍ട്ടില്‍ ലക്ഷ്യമിട്ടത്. തീരദേശപരിപാലന നിയമം  ലംഘിച്ചത്, വൃക്ഷങ്ങള്‍ വെട്ടിമാറ്റിയത് മുതല്‍ അനധികൃത നിര്‍മാണങ്ങള്‍വരെ അതിലുണ്ട്. ഒഡിഷയില്‍ അദാനി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക്  ഉപകരണങ്ങള്‍ വാങ്ങി പ്രവേശനികുതി വെട്ടിച്ചുവെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് 17.5 ബില്യണ്‍ യു.എസ് ഡോളറാണ് സുപ്രീംകോടതി പിഴ ചുമത്തിയത്. അനധികൃതമായി കല്‍ക്കരി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്(ഡി.ആര്‍.ഐ) ചുമത്തിയ കേസ് നടന്നുവരുകയാണ്. അദാനി ഗ്രൂപ് ഏറ്റെടുത്ത പദ്ധതികളിലെ ക്രമക്കേടിനത്തെുടര്‍ന്ന് വിഴിഞ്ഞം, ചെന്നൈയിലെ വിശാഖ് പോര്‍ട്ട്, ജെ.എന്‍.പി.ടി എന്നിവിടങ്ങളിലെ തുറമുഖവികസന  തുടര്‍പദ്ധതികളില്‍നിന്ന് അദാനിയെ ഒഴിവാക്കുകയായിരുന്നു. സര്‍ക്കാറിന്‍െറ  ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി തുച്ഛവിലക്ക്  വാങ്ങിയെന്ന അഴിമതിക്കഥ ഗുജറാത്ത് അസംബ്ളിയെ ബഹളത്തില്‍മുക്കിയ ഒന്നാണ്.
ഗ്രീന്‍പീസിനെതിരായ നീക്കത്തിന് വീണ്ടും കാരണങ്ങളുണ്ട്. ഇന്തോനേഷ്യയില്‍നിന്ന്  പാം ഓയില്‍ ഇറക്കുമതിചെയ്യുന്നതിനെതിരെയും പട്ടണങ്ങളിലെയും നഗരങ്ങളിലെയും  നിര്‍മാണതൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെതിരെയും ഗ്രീന്‍പീസ്  ഇടപെടാന്‍ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പും ഐ.ബി നല്‍കുന്നുണ്ട്. ഇന്ത്യന്‍  ഐ.ടി കമ്പനികളുടെ  ഇ-വേയ്റ്റ് മറ്റൊരു മേഖലയാണ്. ഇന്ത്യയെ ഗുജറാത്ത്  മോഡല്‍ പുരോഗതിയിലേക്ക് നയിക്കുന്ന ഘടകങ്ങളിലൊന്നായ നദീസംയോജനംപോലുള്ള പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങവെ  ഈ എന്‍.ജി.ഒകള്‍ ചേര്‍ന്നുള്ള  പ്രക്ഷോഭം  പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

സമരം കുറ്റമാണ്
ഇരകള്‍ കുറ്റവാളികളും
മോദി സര്‍ക്കാറിനിത്  പ്രക്ഷോഭകരെ, രാജ്യദ്രോഹികളാക്കാനുള്ള മാര്‍ഗംകൂടിയാണ്.  ഫോറിന്‍ ഫണ്ടെന്ന പേരില്‍ പ്രക്ഷോഭകരെ ദേശദ്രോഹികളാക്കുകയാണ് തന്ത്രം. യു.പി.എ കാലത്ത് കോര്‍പറേറ്റ് മുതലാളിമാരുടെ കൊള്ളലാഭത്തിന്  പ്രതിരോധസമരങ്ങള്‍ തടസ്സമായപ്പോഴാണ് എന്‍.ജി.ഒകള്‍ക്കെതിരായ നടപടി തുടങ്ങിയത്. അന്ന് ഒഡിഷയിലെ പോസ്കോ സമരത്തിനെതിരെയും കൂടങ്കുളം സമരത്തിനെതിരെയും  മാത്രമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വാ തുറന്നത്. സമരം കുറ്റകരവും ഇരകള്‍ രാജ്യദ്രോഹികളുമാണെന്നായിരുന്നു  മന്‍മോഹന്‍െറ മൃദുഭാഷണത്തില്‍ ഒളിഞ്ഞിരുന്ന രാസായുധം. മോദി സര്‍ക്കാര്‍ വരുമ്പോഴേക്കും  ഈ ആയുധം കുറച്ചുകൂടി മൂര്‍ച്ചപ്പെടുന്നു. കോര്‍പറേറ്റുകള്‍ക്കെതിരായ സമരങ്ങള്‍ വികസന വിരുദ്ധമാകുന്നതുപോലെ രാജ്യ ദ്രോഹവുമാണെന്നുവരുന്നു.

രഹസ്യ റിപ്പോര്‍ട്ട്
ചോരുന്നു
ഇന്ത്യന്‍  രഹസ്യാന്വേഷണവിഭാഗം  അതീവരഹസ്യമായി തയാറാക്കി ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അതീവരഹസ്യ സ്വഭാവമുള്ള ഡോക്യുമെന്‍റുകളായാണ് അത് ഇന്‍റര്‍നെറ്റിലും  പ്രത്യക്ഷപ്പെട്ടത്. ഡൗണ്‍ലോഡ് ചെയ്യുന്നതും വായിക്കുന്നതുംപോലും നിരീക്ഷിക്കപ്പെടുമെന്ന ഭീതിപരത്തി. ഭീതിയുടെ അന്തരീക്ഷം നിലനിര്‍ത്തി സമൂഹത്തിലേക്ക് വിവരം എത്തിക്കുക എന്ന പൊലീസ് തന്ത്രം തന്നെയായിരിക്കണം റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നില്‍. ജനങ്ങളുടെ പ്രതികരണം അറിയാനുള്ള ഭരണകൂടത്തിന്‍െറ പൊലീസ് ബുദ്ധി. വിദേശ ഫണ്ടിങ്: സംഘടനകള്‍ക്കെതിരെ നോട്ടിസ് എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകളുടെ ചുരുക്കം. സമൂഹത്തില്‍ ഒരുതരം വിഭ്രാന്തി പരത്തലായിരുന്നു ഇത്തരം വാര്‍ത്തകളുടെയും ഓണ്‍ലൈന്‍ പ്രചാരണങ്ങളുടെയും ഉദ്ദേശ്യം.
 എന്‍.ജി.ഒകളുടെ ജനകീയപിന്തുണ നഷ്ടപ്പെടുത്താനുള്ള കരുനീക്കത്തിന്‍െറകൂടി ഭാഗമായിരുന്നു റിപ്പോര്‍ട്ടിന്‍െറ  ചോരല്‍.  ഇനിയും വികസനപദ്ധതികള്‍ വരാനിരിക്കുന്നു. തുടങ്ങിവെച്ചവ മുഴുമിപ്പിക്കണം. അതിന് ജനങ്ങളില്‍നിന്ന്  ജനകീയസമരസംഘടനകളെ അടര്‍ത്തിമാറ്റണം. അതിനായി ഇന്ത്യന്‍ മധ്യവര്‍ഗത്തിന്‍െറ പിന്തുണ ആവശ്യമാണ്. രാജ്യസ്നേഹം, സുരക്ഷ, വികസനം തുടങ്ങിയ വിഹ്വലതകള്‍ വിഭ്രാന്തികളാക്കി വളര്‍ത്തിയെടുക്കാന്‍ കഴിയണം. അതിനാണ് ഐ.ബിയുടെ ശ്രമം. ഇതിനായി റിപ്പോര്‍ട്ട്   രണ്ട് ദേശീയ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. ഇതുകണ്ട  മോദിസ്നേഹികളായ പലരും  പരമ്പരപോലും എഴുതിത്തുടങ്ങി.
ചില  ഫണ്ടിങ് ഏജന്‍സികള്‍ക്കെതിരെ  മോദി സര്‍ക്കാര്‍ നടപടിതുടങ്ങി  എന്നതിലുപരി ചെറു പ്രതിഷേധങ്ങളെപ്പോലും  ഇല്ലാതാക്കാനുള്ള നടപടിയായി  പൊതുസമൂഹം ഇനിയും വിലയിരുത്തിയിട്ടില്ല. മുഖ്യധാരാ പാര്‍ട്ടികള്‍ വിഷയത്തില്‍ മൗനംപൂണ്ടു എന്നതുതന്നെ ഇതിന് പ്രധാനകാരണം.  ഇടതുപ്രസ്ഥാനങ്ങള്‍പോലും ദുരൂഹ  മൗനം തുടരുകയാണ്.  കോര്‍പറേറ്റുകള്‍ക്കെതിരെ ആകെ പ്രതികരിച്ചിരുന്നത് ചെറു പ്രസ്ഥാനങ്ങളും ജനകീയഗ്രൂപ്പുകളും എന്‍.ജി.ഒകളുമാണ്.
ഒരു മാസമാവാറായിട്ടും ഐ.ബിയുടെ ചോര്‍ത്തല്‍ നാടകത്തിനെതിരെയും  എന്‍.ജി.ഒകള്‍ക്കെതിരെയുള്ള നടപടിക്കെതിരെയും  ഇടതുപക്ഷ സംഘടനകള്‍പോലും രംഗത്തുവന്നിട്ടില്ല. എന്‍.ജി.ഒകളും, എന്‍.ജി.ഒ ഫണ്ടും എന്നത് പാര്‍ട്ടിക്കകത്ത് വിവാദവിഷയമാണ് എന്നതിനാലായിരിക്കാം സി.പി.എം  പദ്ധതിക്കെതിരെ രംഗത്തുവരാഞ്ഞത്.  കേരളത്തില്‍ പാഠം ഉയര്‍ത്തിവിട്ട എന്‍.ജി.ഒ വിവാദങ്ങള്‍ക്കുശേഷം ഫോറിന്‍ ഫണ്ടും എന്‍.ജി.ഒകളുമായി അകലംപാലിച്ചാണ് പാര്‍ട്ടിയുടെ നടപ്പ്. രാഷ്ട്രീയ കക്ഷികളെ സ്വാധീനിച്ച കോര്‍പറേറ്റുകള്‍ക്കെതിരെ ആകെ പ്രതികരിച്ചിരുന്നത്  ചെറുകിട പ്രസ്ഥാനങ്ങളും ജനകീയഗ്രൂപ്പുകളും എന്‍.ജി.ഒകളുമാണ്. അവയുടെ ശബ്ദം ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ചോര്‍ത്തലിന്‍െറ പിറകില്‍.

ഇല്ലാതാകുന്ന ശബ്ദങ്ങള്‍
വന്‍കിട വികസനത്തിന്‍െറപേരില്‍  കുടിയൊഴിക്കപ്പെടുന്നവര്‍, ആണവ നിലയത്തിന്‍െറ ഭീതിയിലായ ജനസമൂഹം,  കല്‍ക്കരിപ്പാടങ്ങളിലെ ഖനനം,  ആണവകേന്ദ്രങ്ങളിലെ മാരകശക്തിയുള്ള  ധാതുഖനനത്തത്തെുടര്‍ന്ന് ജീവിതം വഴിമുട്ടിയ ജീവിതങ്ങള്‍,  കല്‍ക്കരിയും മറ്റ് ഹൈഡ്രോ കാര്‍ബണുകളും ഖനനംചെയ്യുന്നതിനാല്‍ ജീവജലവും വായുവും മലിനപ്പെട്ട ഭൂവിഭാഗക്കാര്‍, ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കാര്‍ഷികദുരന്തമായി ഭവിക്കുന്നതിനെതിരെ സമരംചെയ്യുന്നവര്‍... അങ്ങനെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചെറുസമരങ്ങള്‍ക്കും നിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമുണ്ടായിരുന്ന ഇടമാണ് ഇല്ലാതാക്കുന്നത്.  അവരുടെ സമരം അക്രമരാഹിത്യത്തിന്‍േറതായിരുന്നു, ഗാന്ധിയന്‍ രീതിയിലുള്ളതായിരുന്നു.
 അക്രമാസക്തമായ ജനകീയപ്രക്ഷോഭങ്ങളെപ്പറ്റി നാം അധികം കേട്ടിട്ടില്ല. നാം പല സമരങ്ങളും കേള്‍ക്കാതിരിക്കുന്നത് അവ ഗാന്ധിയന്‍ സമരങ്ങളായിരുന്നു എന്നതിനാലാണ്. അക്രമാസക്തമാകുന്ന സമരങ്ങളെയേ നാം അറിയുന്നുള്ളൂ. അങ്ങനെ അറിയപ്പെടാത്ത എത്രയെത്ര സമരങ്ങള്‍.  ഇപ്പോള്‍ അതിനെതിരെയുള്ള ഭരണകൂടത്തിന്‍െറ അസഹിഷ്ണുതയാണ് പുറത്തുവന്നിട്ടുള്ളത്. ഇനി പ്രതിഷേധ ശബ്ദങ്ങള്‍ക്ക് ഇടമില്ല. നാളെ ശബ്ദങ്ങള്‍തന്നെ നിലച്ചുകൂടാതെയില്ല.

വിദേശഫണ്ട് വാങ്ങുന്നവര്‍
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര  ഗാന്ധിയാണ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട്  കൊണ്ടുവന്നത്.  2010ല്‍ യു.പി.എ ഗവ. അത് ഭേദഗതിചെയ്തു.  ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഫോറിന്‍ഫണ്ട് കിട്ടുന്നത്  ഈ നിയമപ്രകാരമാണ്. അതും ആഭ്യന്തര മന്ത്രാലയത്തിന്‍െറ  അനുമതിപത്രത്തോടെ മാത്രം.  ഇവയില്‍ കൃത്യമായ ഓഡിറ്റും നടക്കുന്നുണ്ട്. 10 ലക്ഷം എന്‍.ജി.ഒകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പകുതിപേരും ഈ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരാണ്.  ഭേദഗതിവന്നതോടെ 4000 എന്‍.ജി.ഒകളുടെ  എഫ്.സി.ആര്‍.എ  അംഗീകാരം നഷ്ടമായി.
ആറുമാസംമുമ്പ്  ആഭ്യന്തര മന്ത്രാലയം  പ്രസിദ്ധീകരിച്ച ഇന്ത്യയിലേക്ക്  കൂടുതല്‍ പണമൊഴുക്കുന്ന 15 എന്‍.ജി.ഒകളുടെ പേരുകളില്‍  ഇപ്പോള്‍  ഐ.ബി പ്രസിദ്ധീകരിച്ച കുപ്രസിദ്ധരായ എന്‍.ജി.ഒകളുടെ പേര് ഒന്നുംതന്നെ  ഇല്ളെന്നതാണ് രസകരം. കേരളത്തില്‍നിന്നുള്ള ബിലീവേഴ്സ് ചര്‍ച്ചും അമൃതാനന്ദമയി മഠവും ലിസ്റ്റിലുണ്ട്. എന്നാല്‍,  ഇപ്പോള്‍ പുറത്തുവന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ഇത് രണ്ടുമില്ല.

വിദേശഫണ്ടും
ബി.ജെ.പി വിലാപവും
2014  മാര്‍ച്ചില്‍ ഡല്‍ഹി ഹൈകോടതി വേദാന്ത കമ്പനിയില്‍നിന്ന്  വിദേശപണവിനിമയ ചട്ടം വഴിയല്ലാതെ പണം കൈപ്പറ്റുന്നത് ശ്രദ്ധയില്‍പെടുത്തിയ കോടതി കോണ്‍ഗ്രസ്,  ബി.ജെ.പി പാര്‍ട്ടികളെ കുറ്റപ്പെടുത്തി. എന്നാല്‍,  വേദാന്തയുടെ ഉടമസ്ഥന്‍ ഇന്ത്യക്കാരനാണ് എന്നായിരുന്നു ഇരു പാര്‍ട്ടികളുടെയും  ന്യായം.  അവരുടെ പണം  സ്വീകരിക്കുന്നതിന് പാര്‍ട്ടിയില്‍ എതിര്‍പ്പൊന്നുമില്ല. പിന്നെ അവര്‍ക്കുവേണ്ടി  പ്രക്ഷോഭകര്‍ക്കെതിരെ രംഗത്തുവരുന്നതില്‍ എന്താണ് തെറ്റ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകാലത്ത് അമേരിക്കന്‍ പി.ആര്‍  കമ്പനിയായ ആപ്കോ വേള്‍ഡ് വൈഡിനായിരുന്നു   ബിസിനസ് ശൃംഖലകള്‍ക്കിടയില്‍ മോദിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള ചുമതല. ഏകദേശം കാല്‍ ലക്ഷം  ഡോളര്‍ ചെലവിട്ടായിരുന്നത്രേ ഒരുമാസത്തെ സേവനത്തിന് അവരെ നിയോഗിച്ചത്.  ഹൈടെക്  പ്രചാരണം. 100 റാലികള്‍, 10 അടി വലുപ്പത്തില്‍ പരന്നുകിടക്കുന്ന കട്ടൗട്ടുകള്‍. നൂറുകണക്കിന് തൊഴിലാളികള്‍ പ്രൊജക്ടറും സാറ്റലൈറ്റ് ഡിഷുകളും പിടിച്ച് കൂടെനിന്നു. പത്രങ്ങളും ടി.വി  ചാനലുകളും പൊതുനിരത്തുകളും മോദിമയം.  പരസ്യക്കമ്പനികള്‍ക്ക് കോടികളുടെ കൊയ്ത്ത്.  ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്ക് പെരുത്ത് സന്തോഷം.  670  മില്യണ്‍ ഡോളറാണ്  ‘മോദി കാമ്പയിന’ായി ചെലവിട്ടതെന്ന്  അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ടായിരുന്നു.  ഈ പണം എവിടെനിന്ന് വന്നു. ബി.ജെ.പിക്ക് വരുന്ന പണത്തിന് വിദേശ-സ്വദേശ വേര്‍തിരിവുകളൊന്നുമില്ല.
ആവാസ് , സൗത്ത് ഏഷ്യാ വാച്ച് ലിമിറ്റഡ് എന്ന സംഘടന  2004ല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വ്യക്തമാക്കിയിരുന്നു -ബ്രിട്ടനില്‍ ഹിന്ദു സ്വയംസേവക് സംഘ് (എച്ച്.എസ്.എസ്) എന്നപേരില്‍ രജിസ്റ്റര്‍ചെയ്ത്  പ്രവര്‍ത്തിക്കുന്ന സംഘടനയും  സേവ എന്നപേരിലെ ഉപഗ്രൂപ്പും  ആര്‍.എസ്.എസിന്‍െറ പ്രധാന ധനകേന്ദ്രമാണ്. സേവനം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായാണ്  ഇവര്‍ അറിയപ്പെടുന്നത്.  അമേരിക്കയില്‍  ഇന്ത്യ ഡെവലപ്മെന്‍റ് ആന്‍ഡ് റിലീഫ് ഫണ്ട് എന്നപേരിലുള്ള ജീവകാരുണ്യ സംഘടനക്ക് ആര്‍.എസ്.എസുമായുള്ള ബന്ധം വലുതാണ്. നികുതിപോലും നല്‍കേണ്ടാത്ത ചാരിറ്റി സംഘടനയാണത്  -റിപ്പോര്‍ട്ട് പറയുന്നു.
 രാജ്യത്തിന്‍െറ പ്രതിരോധമേഖല  സ്വതന്ത്രനിക്ഷേപത്തിന് തുറന്നിടാം.  ഊര്‍ജമേഖലയിലും ആണവായുധ മേഖലയിലും  വിദേശ ഫണ്ടാകാം. എന്തിന്  കുടിവെള്ള മേഖലയില്‍പോലും വിദേശനിക്ഷേപവുമായാണ് ഒരു രാജ്യം വിദേശപണത്തെപ്പറ്റി വിലപിക്കുന്നത്.
വിദേശസ്വാധീനം
മണക്കുന്ന റിപ്പോര്‍ട്ട്
ജപ്തിഭീഷണിയിലായി ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന നാട്ടില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ മാത്രമാണ് രക്ഷയെന്നാണ് ഐ.ബി  സ്ഥാപിക്കുന്നത്.  ആദ്യം ബി.ടിക്കെതിരായുള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ട്, പാര്‍ലമെന്‍റ് കമ്മിറ്റി റിപ്പോര്‍ട്ട്,  പിന്നീട ് സുപ്രീംകോടതി നിയമിച്ച സാങ്കേതിക വിദഗ്ധരുടെ കമ്മിറ്റി റിപ്പോര്‍ട്ട്. ഈ മൂന്നും  ജി.എം വിളകള്‍ക്ക് എതിരായിരുന്നു.  ഈ നടപടികളെ എതിര്‍ക്കുന്ന ഐ.ബി ഇവരെകൂടിയാണ് പ്രതിക്കൂട്ടില്‍നിര്‍ത്തുന്നത്. ബി.ടി  വഴുതനങ്ങയെ ഐ.ബി   സ്വാഗതംചെയ്യുന്നു. മൊണ്‍സാന്‍ഡോയെയും അതിന്‍െറ പ്രചാരകനായ  ഡോ.  റൊണാള്‍ഡ് ഹെറിങ്ങിനെയും  റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഐ.ബിയുടെ യഥാര്‍ഥ വിദേശബന്ധമാണ് ഇവിടെ തെളിയുന്നത്. അത് ഐ.ബിയുടെ  റിപ്പോര്‍ട്ടിലാണെന്ന് പ്രമുഖ ആക്ടിവിസ്റ്റുകളായ വന്ദനാശിവ,  അരുണ റോഡ്റിഗ്സ്, കവിതാ കുറുഗന്ധി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. ജി.എം  വിത്തുകളെ  സംബന്ധിക്കുന്ന വിദേശ കമ്പനികള്‍ക്ക് ഗുണകരമാകുന്ന ഭാഗം   ഐ.ബി റിപ്പോര്‍ട്ടില്‍ ദേശവിരുദ്ധമായി വന്നതുസംബന്ധിച്ച് അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.


BOX
‘‘എനിക്ക് അഭിമാനമുണ്ട്’’
ആണവവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനത്തെുടര്‍ന്ന് ഐ.ബിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടതില്‍ അഭിമാനമാണുള്ളതെന്ന് ഐ.ബിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട കെ. സഹദേവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തില്‍ കൂടങ്കുളം  ഐക്യദാര്‍ഢ്യസമിതിയുണ്ടാക്കി പ്രവര്‍ത്തിച്ചു എന്നതിലാണ് ഐ.ബി റിപ്പോര്‍ട്ടില്‍ ഞാന്‍ പരാമര്‍ശിക്കപ്പെട്ടത്. സമിതിയുടെ പേരില്‍ വിദേശഫണ്ട് സ്വീകരിച്ചുവെന്ന് ആരോപിക്കപ്പെട്ടിട്ടില്ല. ആണവനിലയത്തിനെതിരെ സംസാരിച്ചുവെന്നത്  ദേശദ്രോഹ കുറ്റമായി കരുതുന്നുമില്ല.  കൂടങ്കുളം  ആണവനിലയത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്നകുറ്റംചുമത്തി  കഴിഞ്ഞ മൂന്നുവര്‍ഷമായി ഉദയകുമാറിനെതിരെ അന്വേഷണം നടന്നുവരുകയാണ്.  എന്നിട്ടും അന്വേഷണം എങ്ങുമത്തെിയിട്ടില്ല.  ആണവനിലയത്തിനെതിരായ പ്രക്ഷോഭമെങ്ങനെയാണ് ദേശവിരുദ്ധമാകുന്നത്? ആക്ടിവിസ്റ്റുകളുടെ ഇടയില്‍ ആശങ്ക ഉണ്ടാക്കിയെടുക്കുക എന്നതു മാത്രമാണ് റിപ്പോര്‍ട്ടിന്‍െറ ലക്ഷ്യം -അദ്ദേഹം പറഞ്ഞു.


 ‘‘ഇത് വ്യക്തിഹത്യ’’
കെ.പി. ശശി
പോസ്കോ പ്രതിരോധ സംഘര്‍ഷ് സമിതി ആക്ടിവിസ്റ്റ് എന്നനിലക്ക് ഇന്‍സാഫ് എന്ന എന്‍.ജി.ഒയില്‍നിന്ന് പണം കൈപ്പറ്റിയെന്ന ഐ.ബി റിപ്പോര്‍ട്ടിലാണ് ഡോക്യുമെന്‍ററി സംവിധായകന്‍ കെ.പി. ശശിയുടെ പേര് പരാമര്‍ശിക്കപ്പെട്ടത്. ഒരു ഡോക്യുമെന്‍ററി സംവിധായകന്‍ എന്ന നിലയില്‍ പല  എന്‍.ജി.ഒകളുമായി സഹകരിച്ചിരിക്കാമെന്നും  ആ ഫിലിമില്‍ അവരുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടാകുമെന്നും കെ.പി. ശശി പറഞ്ഞു. ഇത് ഐ.ബിയുടെ വ്യക്തിഹത്യയാണ്. ലാന്‍ഡ്, വാട്ടര്‍, ഫോറസ്റ്റ് എന്നീ വിഷയങ്ങളില്‍ ഒരേ നിലപാട് സ്വീകരിക്കുന്നവരില്‍  ജനകീയ പ്രസ്ഥാനങ്ങളോട്  അടുത്തുനില്‍ക്കുന്ന എന്‍.ജി.ഒകളുമുണ്ടാകാം. സര്‍ക്കാറുമായും സഹകരിച്ചിട്ടുമുണ്ടാകാം. ജനകീയ സമരങ്ങളില്‍ ഇടപെടുന്ന എന്‍.ജി.ഒകളെ പേടിപ്പിച്ചുനിര്‍ത്തി  നിങ്ങള്‍  ചാരിറ്റി മാത്രം  ചെയ്താല്‍മതി എന്നുപറഞ്ഞ് പേടിപ്പിക്കുകയാണ് റിപ്പോര്‍ട്ടിന്‍െറ ലക്ഷ്യം.  ആദ്യം ഐ.ബിയുടെ അക്കൗണ്ടബിലിറ്റിയാണ് തെളിയിക്കപ്പെടേണ്ടതെന്ന് ശശി പറഞ്ഞു.

കരുതിക്കൂട്ടിയുള്ള ആക്രമണം
-ഗ്രീന്‍പീസ്
റിപ്പോര്‍ട്ട്  ഗ്രീന്‍പീസിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമായേ കണക്കാക്കാനാവൂവെന്ന് ഗ്രീന്‍പീസ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സമീത് ഐച്ച് വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് അക്രമരഹിതമായ കാമ്പയിനുകള്‍ സംഘടിപ്പിച്ച്  കഴിഞ്ഞ  13 വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന തങ്ങള്‍    ഫണ്ടിങ് സംബന്ധിച്ച കണക്കുകള്‍  ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കുന്നുണ്ട്.  ഞങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ കൃത്രിമം  നടത്തിയെന്നോ, മറ്റു ദേശദ്രോഹപ്രവര്‍ത്തനം നടത്തുകയോ ചെയ്തെന്നോ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാറിന് കര്‍ശന നടപടിയെടുക്കാനുള്ള സംവിധാനം നമ്മുടെ രാജ്യത്തുണ്ട്. അവര്‍ എന്തുകൊണ്ട്  ചെയ്യുന്നില്ല. തങ്ങളുടെ നിലപാട് സംബന്ധിച്ച്  ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
വിദേശപ്രേമം ആര്‍ക്ക് എന്നതിലാണ് സംശയം. സര്‍ക്കാറിന്‍െറ  വിനാശകരമായ  വികസനങ്ങള്‍ക്കെതിരെ ഉയരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെയും കൂട്ടായ്മകളെയും ഭീഷണിപ്പെടുത്തി,ശ്വാസംമുട്ടിച്ച്,  ഭീകരവാദികളായി മുദ്രകുത്തി അവരുടെ മനുഷ്യാവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഐ.ബി റിപ്പോര്‍ട്ടിന്‍െറ പിന്നിലെന്ന് പി.യു.സി.എല്‍ ദേശീയ പ്രസിഡന്‍റ്  പ്രഫ. പ്രഭാകര്‍ സിംഹ വ്യക്തമാക്കി.
റിപ്പോര്‍ട്ടില്‍  വികസനവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന റിപ്പോര്‍ട്ട് രാജ്യസ്നേഹത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് അഡ്മിറല്‍ രാംദാസ് പ്രതികരിച്ചു. ഇതുപോലെയാണ് ഐ.ബിയുടെ പ്രവര്‍ത്തനമെങ്കില്‍ ഇന്ത്യയെ ആര് രക്ഷിക്കാനാണ് -അദ്ദേഹം ചോദിച്ചു.

കുറ്റവും ശിക്ഷയും

എസ്.പി. ഉദയകുമാര്‍/ പി.പി. പ്രശാന്ത്
കൂടങ്കുളം ആണവനിലയ വിരുദ്ധ സമരനായകന്‍ എസ്.പി. ഉദയകുമാര്‍ രാജ്യത്തിന്‍െറ സാമ്പത്തികസുരക്ഷക്ക് ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്. എന്‍.ജി.ഒകളെക്കുറിച്ചുള്ള ഇന്‍റലിജന്‍സ്  ബ്യൂറോ പ്രധാനമന്ത്രിയുടെ ഓഫിസില്‍ സമര്‍പ്പിച്ച രേഖയിലാണ് ഇങ്ങനെ വിശേഷണം. തുടക്കംതന്നെ നല്ളൊരുഭാഗം  ഇത് സമര്‍ഥിക്കാനാണ്  ഉപയോഗിച്ചിട്ടുള്ളത്. ഉദയകുമാറിന്‍െറ യു.എസ് ബന്ധം, ജര്‍മന്‍ ബന്ധം , വിദേശസഹായം എന്നിവയുടെ വിശദാംശങ്ങളോടെയാണ്  ഐ.ബി റിപ്പോര്‍ട്ട്  സമര്‍പ്പിച്ചിരിക്കുന്നത്.  ഈ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിനെതിരെ  മാനനഷ്ടക്കേസ് ഫയല്‍ചെയ്ത എസ്.പി. ഉദയകുമാര്‍ ഐ.ബി റിപ്പോര്‍ട്ട് ചോര്‍ന്ന സാഹചര്യത്തില്‍ ‘മാധ്യമ’ത്തോട് പ്രതികരിക്കുന്നു.

താങ്കള്‍ രാജ്യത്തിന്‍െറ സാമ്പത്തികസുരക്ഷക്ക് എങ്ങനെയാണ് ഭീഷണിയാകുന്നത്?
ഒരു  വിചാരണപോലുമില്ലാതെ എന്‍െറ ശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പരമാധികാര ഏജന്‍സി  സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്. അതില്‍ എന്‍െറ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്.  അതിനുള്ള തെളിവെന്നപേരില്‍ കുറെ രേഖകളും വെച്ചിട്ടുണ്ട്. ഞങ്ങള്‍ സംസ്ഥാന സര്‍ക്കാറിനോ,  കേന്ദ്ര സര്‍ക്കാറിനോ  എതിരല്ല.  അണുശക്തിക്കെതിരാണ് ഞങ്ങള്‍. ഞാന്‍ ഒരു വ്യക്തി മാത്രമാണ്.  ഇന്ത്യയെപ്പോലെ ജനനിബിഡമായ രാജ്യത്ത്  ആണവനിലയങ്ങളെ പേറാനാവില്ല. സാധാരണ ജനങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നുകൊണ്ടേയിരിക്കും.  ആരെങ്കിലും  ഇത്തരം പ്രവൃത്തികള്‍ക്കെതിരെ മുന്നോട്ടുവന്നാല്‍ തന്നെ അവനെ വിദേശ ഏജന്‍സികളുടെ പിണിയാളെന്ന് മുദ്രകുത്തും. അതാണിവിടെ സംഭവിക്കുന്നത്.

ആദ്യ ആരോപണം അമേരിക്കയിലെ ഒഹായോ യൂനിവേഴ്സിറ്റി നിങ്ങളുടെ സമരങ്ങള്‍ക്ക് ഫണ്ട് ചെയ്യുന്നുവെന്നാണ്
അമേരിക്കയിലെ മിനിസോട യൂനിവേഴ്സിറ്റിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ അടുത്ത ബന്ധമുള്ള അധ്യാപകന്‍ ക്ഷണിച്ചതനുസരിച്ചാണ് അവിടെനിന്ന് ഒഹായോ യൂനിവേഴ്സിറ്റിയില്‍ റിസര്‍ച് ഫെലോ ആയി പോയത്. അവിടെ ആഗോളീകരണം, ന്യൂനപക്ഷ അവകാശം എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഇന്ത്യയുമായി ബന്ധപ്പെട്ടോ അണുശക്തിയുമായി ബന്ധപ്പെട്ടോ ആയിരുന്നില്ല ഗവേഷണം. കൂടാതെ  ആ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇന്ത്യയുമായി  ബന്ധപ്പെട്ടോ, ഇന്ത്യയിലെ അണുശക്തിയുമായി ബന്ധപ്പെട്ടോ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. കൂടാതെ ഒഹായോ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്  എന്നത് ഒരു എന്‍.ജി.ഒ അല്ല. അമേരിക്കയിലെ പ്രശസ്തമായ ഗവേഷണ സ്ഥാപനമാണ്. അവര്‍ക്ക് ഇന്ത്യയിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരെ ഫണ്ടിറക്കേണ്ട കാര്യമില്ല.

ജര്‍മന്‍ പൗരന്‍ താങ്കളെ കണ്ടതിനെക്കുറിച്ചും രേഖകള്‍ കൈമാറിയത് സംബന്ധിച്ചും
സൊന്താങ് റൈനര്‍ എന്നാണ് അയാളുടെ പേര്. എന്‍െറ ജന്മനാടായ നാഗര്‍കോവിലില്‍വെച്ച് കണ്ടുമുട്ടിയതാണ്.  ആരോ അയാള്‍ക്ക് എന്‍െറ അഡ്രസ് കൊടുത്തു, വന്നു. ഞങ്ങളോടൊപ്പം ചില സമരങ്ങളില്‍ പങ്കെടുത്തു. അയാള്‍ എന്‍െറ വീട്ടില്‍വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.  എനിക്ക് തരാന്‍ അയാളുടെ പക്കല്‍ പണമൊന്നുമുണ്ടായിരുന്നില്ല, വളരെ വാടക കുറഞ്ഞ മുറിയിലായിരുന്നു അയാള്‍ താമസിച്ചിരുന്നത്. അയാള്‍ എനിക്ക് മാപ്പോ കടലാസുകളോ തന്നില്ല.  അദ്ദേഹത്തിന് അണുശക്തിയെപ്പറ്റി എനിക്കുള്ളതിനേക്കാള്‍ വിവരമുണ്ടായിരുന്നില്ല.  ഗൂഗ്ള്‍ പോലൊരു സംവിധാനം നമുക്ക് തരുന്നതിലും കൂടുതലൊന്നും റൈനര്‍ക്ക് തരാനുണ്ടാവില്ല.

താങ്കളുടെ സംഘടനയുടെ
വരുമാനത്തെപ്പറ്റി
ഞങ്ങളുടെ സംഘടനയുടെ വരുമാനമെന്നത് പ്രധാനമായും സാധാരണക്കാരില്‍നിന്ന് പിരിച്ചെടുത്ത പണമാണ്. പിന്നെ തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും പിരിച്ചിട്ടുണ്ട്.  കോളജ് വിദ്യാര്‍ഥികള്‍,  സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്നുമാണ് കാര്യമായി പിരിച്ചത്. സമരത്തിനുവേണ്ടി ഒരു ചില്ലിക്കാശുപോലും വിദേശ ഏജന്‍സികളില്‍നിന്നോ, ഇന്ത്യന്‍ ഏജന്‍സികളില്‍നിന്നോ പിരിച്ചിട്ടില്ല. വികസനത്തിന് വേണ്ടി  ചെയ്യുന്ന ജനദ്രോഹ നടപടി കൈക്കൊള്ളുന്നതിനെതിരെ ശബ്ദിച്ചാല്‍ അവരെ കരിവാരിത്തേക്കുകയെന്നത് ഭരണകര്‍ത്താക്കളുടെ നയമായി മാറിയിരിക്കുന്നു.  സമരത്തില്‍ പങ്കെടുക്കാന്‍ ഉദയകുമാര്‍ പണം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാറിന്  സംവിധാനങ്ങളുണ്ട്. പത്രക്കാര്‍ക്കും അത് അന്വേഷിക്കാമല്ളോ.  ഇത് ഒരു കെട്ടുകഥയാണ്. സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും  ഉദ്യോഗസ്ഥരും ചേര്‍ന്നൊരുക്കുന്ന നാടകം. ഏറെ പത്രങ്ങളും ഇക്കൂട്ടത്തില്‍പെടുത്താം.

ഐ.ബി റിപ്പോര്‍ട്ട് ചോര്‍ന്നതാണോ,  സ്വയം ചോര്‍ത്തിക്കൊടുത്തതാണോ
 സര്‍ക്കാര്‍ പദ്ധതികളെ അട്ടിമറിച്ച് വിദേശശക്തികളെ തൃപ്തിപ്പെടുത്താന്‍ ചോര്‍ത്തിയത് ചിലപ്പോള്‍ ഐ.ബി തന്നെയാകും.  ഒരുപക്ഷെ ആണവ വിഷയത്തില്‍ പൊതുജനാഭിപ്രായം വിലയിരുത്താനായി മോദി സര്‍ക്കാര്‍തന്നെ ചോര്‍ത്തിയതോ ആകാം.

ഇപ്പോള്‍  കൂടങ്കുളത്തെ പ്രതിരോധം ഏതുവരെയായി
കൂടങ്കുളത്തെ  സമരം അവസാനിച്ചിട്ടില്ല. ഇപ്പോഴും ഗ്രാമത്തിലെ ഇരുന്നൂറോളം പേര്‍ സമരപ്പന്തലിലുണ്ട്. പ്രക്ഷോഭം അവസാനിച്ചിട്ടില്ല, അവസാനിപ്പിക്കുകയുമില്ല. ഞാന്‍ ആണവനിലയങ്ങള്‍ക്കെതിരാണെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ്. എന്‍െറ സംഘടനക്ക് ഈ റിപ്പോര്‍ട്ട് വന്നതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല, സംഭവിക്കുകയുമില്ല.

കുറിപ്പുകള്‍
2006 സെപ്റ്റംബര്‍ 9: ന്യൂഡല്‍ഹി: ‘എന്‍.ജി.ഓസ്, ആക്ടിവിസ്റ്റ്സ് ആന്‍ഡ് ഫോറിന്‍ ഫണ്ട്സ്: ആന്‍റി- നാഷന്‍ ഇന്‍ഡസ്ട്രി’ -രാധാ രാജനും കൃഷന്‍ കാക്കും തയാറാക്കിയ പുസ്തകത്തിന്‍െറ ആദ്യ പകര്‍പ്പ്  പ്രകാശനം ചെയ്യവെ ചെയ്ത മോദിയുടെ പ്രസംഗം (പുസ്തകത്തിന്‍െറ രണ്ടാം പതിപ്പില്‍ ഈ പ്രസംഗം ചേര്‍ത്തിട്ടുണ്ട്).

പി.പി. പ്രശാന്ത്
 
Wednesday, February 5, 2014


പേറ്റുനോവിന്  

വിലയിടുമ്പോള്‍സ്വപ്നത്തില്‍ നന്ദിനി  അരികില്‍ വന്ന് അയാളോട് ഇങ്ങനെ പറഞ്ഞു‘‘സുമംഗലയെ പ്രസവക്ളേശം അറിയിക്കാതിരിക്കാനാണ് ഞാന്‍ സംഭവിച്ചിട്ടുള്ളത് ’’...‘‘അയ്യോ അതെങ്ങനെ. ക്ളേശമില്ലാതെ മാതൃത്വമുണ്ടോ? - മൃത്യുഞ്ജയന്‍ ചോദിച്ചു....‘
പുതിയൊരു തുടക്കമാണ്. സംഭോഗത്തിന്‍െറ സ്വാര്‍ഥതകളില്ലാത്ത ഗര്‍ഭധാരണം. ഈ രാത്രി തൊട്ട് അമ്മയുടെ ഗര്‍ഭപാത്രം വിട്ട് അവള്‍ എന്‍െറ വയറ്റില്‍ ഉറങ്ങും. എന്നില്‍ നിന്ന് അവള്‍ പുറത്തുവരും; പ്രകൃതിയുടെ ശിശുവായി..’’
മധുരം ഗായതി- ഒ.വി.വിജയന്‍

````````````````````````````````

അവള്‍ക്ക് നാലാമത്തേത് ആണ്‍കുഞ്ഞായിരുന്നു. മൂന്നുപെണ്‍കുഞ്ഞിന് ശേഷമുള്ള സുന്ദരന്‍ വാവ.ഒരു നോക്കുപോലും കാണുംമുമ്പേ, ഒരിറുക്ക് പാലു കൊടുക്കും മുമ്പേ അവനെ പിടിച്ചുമാറ്റി.വില പറഞ്ഞ് വന്ന ‘മാതാപിതാക്കളില്‍’ നിന്ന്  ഡോക്ടറെന്ന കരാറുകാരന്‍ തന്‍െറ പേറ്റുനോവിന്‍െറ നോട്ടുകള്‍  എണ്ണിവാങ്ങുന്നു. മുലപ്പാലിനായി അവന്‍ പരതിയുണ്ടാവണം, അമ്മയുടെ ചൂടിനായി തപ്പിയിട്ടുണ്ടാകും.അവനാദ്യമറിഞ്ഞ മണം, ആദ്യം കേട്ട ശബ്ദം. അവനിപ്പോള്‍ മറ്റൊരു അമ്മയുടെ അടുത്ത്. പത്തുമാസത്തെ എന്‍െറ ഗര്‍ഭപാത്രത്തിലെ വാടക വീടിന്‍െറ കരാര്‍ കഴിഞ്ഞിരിക്കുന്നു.  ‘അത് എന്‍െറ കുഞ്ഞായിരുന്നില്ല’-പറഞ്ഞുപഠിപ്പിച്ച ആ വാക്കുകള്‍ അവള്‍  കണ്ണീരോടെ ഉരുവിട്ടുകൊണ്ടിരുന്നു.   ആ ദിനങ്ങളില്‍ മുലപ്പാല്‍ മുട്ടി നെഞ്ചുരുകിയപ്പോള്‍ അവള്‍ കുളിമുറിയില്‍ പിഴിഞ്ഞുകളഞ്ഞ ആ അമ്മിഞ്ഞപാലിനായി ആ പൊന്നു വാവ എവിടെയോ ഇരുന്ന് ഉറക്കെ കരഞ്ഞു...
----------


തീരെ ദരിദ്ര കുടുംബമായിരുന്നില്ല അവളുടെത്.വാര്‍പ്പ് പണിക്കാരനായ പിതാവ്.രണ്ട് സഹോദരിമാര്‍. പത്താംക്ളാസോടെ പഠനം നിറുത്തി.പിതാവിന് അസുഖം വന്നതോടെ തുടങ്ങിയ ദുരിത ജീവിതം.  17 ാം വയസില്‍ വിവാഹിതയായപ്പോഴാണ് പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചത്. ഒരുതുണ്ട് ഭൂമി,സ്വന്തമായി വീട്... എല്ലാവരെയും പോലെ അവളും സ്വപ്നം കണ്ടു.
വെള്‍ഡിങ് ജോലി ചെയ്തുവരികയായിരുന്നു ഭര്‍ത്താവ്.നെടുമ്പാശേരിക്കടുത്ത് ചെറു വാടകവീടിന്‍െറ ഇടുങ്ങിയ മുറിയില്‍ ജീവിതം. 18 വയസിലായിരുന്നു ആദ്യകുഞ്ഞ്.  അധികം വൈകാതെ രണ്ടുപേര്‍ കൂടി. മൂന്നും പെണ്‍കുഞ്ഞുങ്ങള്‍. കൈതാങ്ങാകാന്‍ ആണ്‍കുഞ്ഞിനെ തന്നില്ളെന്ന് അവള്‍ എപ്പോഴും പരിഭവം പറയുമായിരുന്നു.    ദൈവം കൈനിറയെ തന്നതൊക്കെ പെണ്‍കുഞ്ഞുങ്ങള്‍.   പ്രാരാബ്ദങ്ങളുടെ പേമാരിയില്‍ അവള്‍ ആടിയുലഞ്ഞു.ഭര്‍ത്താവിന്‍െറ കൂലി മുടങ്ങിയാല്‍ പിന്നെ വീട് നരകമായി.  വായ്പകളായി അഭയം.കടം വന്നുമുട്ടി. സ്വപ്നങ്ങള്‍ കൈപിടിയില്‍ നിന്നകന്നുപോകുന്നത് കണ്ടപ്പോള്‍ മനസ്സ് പിടച്ചു.  വീട്, പെണ്‍കുഞ്ഞുങ്ങളുടെ ഭാവി...ആധിയില്‍ ഒടുങ്ങുമായിരുന്നു ആ ജീവിതങ്ങള്‍. ഒരു പ്രസിദ്ധീകരണത്തില്‍ വന്ന പരസ്യമായിരുന്നു വഴി തിരിച്ചുവിട്ടത് .പത്തുമാസം കൊണ്ട് ലക്ഷങ്ങള്‍. കണ്ണ് മഞ്ഞളിച്ചുപോയി. അതിന് വായ്പയാകേണ്ടത് സ്വന്തം ഗര്‍ഭപാത്രമാണെന്നറിഞ്ഞപ്പോള്‍ അല്‍പം ശങ്കിച്ചു. ഒരുപാട് തവണ വേണ്ടെന്ന് വെച്ചു.പക്ഷേ ആ പരസ്യം മാടി വിളിക്കുകയായിരുന്നു.ഒരു നാള്‍ ആരോടും മിണ്ടാതെ വണ്ടികയറി, ആ ക്ളിനിക്കിലേക്ക്. 

------------

ആദ്യം ഞെട്ടിയത് ഭര്‍ത്താവാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം. ഇഷ്ടമുണ്ടായിരുന്നില്ല. പാതി സമ്മതത്തിലായിരുന്നു, അവസാനം വരെ. എതിര്‍പ്പ്, ആശങ്ക, നാട്ടുകാര്‍  എന്തുപറയും എന്നുള്ള ചിന്ത. സ്ഥലം, ഒരു കൊച്ചുവീട്, കുഞ്ഞുങ്ങളുടെ ഭാവി ...പണമില്ലാതെ ഒന്നും ചെയ്യാനാവില്ല.  സ്വപ്നങ്ങള്‍ പരസ്പരം പറഞ്ഞുപഠിപ്പിച്ച് അവസാനം അവര്‍ തീരുമാനിച്ചു,വാടക അമ്മയാകാന്‍. ആദ്യ രണ്ടാഴ്ച പരീക്ഷണ വസ്തുവായിരുന്നു.ആരോഗ്യവതിയായ അമ്മയാകാനാകുമോ എന്ന പരിശോധന. ഡോക്ടര്‍ തൃപ്തന്‍. പിന്നെ കരാറുടമ്പടിയായി. ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചില്ളെങ്കില്‍ കിട്ടുന്ന തുകയില്‍ കുറവുവരും. 25 ശതമാനം അഡ്വാന്‍സ് തുക  കൈപറ്റുമ്പോള്‍ കൈ വിറച്ചു. ----
ഓപറേഷന്‍ തിയറ്റര്‍ കണ്ണ് തുറന്നു. പച്ച മുഖംമൂടികളത്തെി. സൂചി കയറുന്ന വേദന.പാതി മയക്കത്തില്‍ ഏതാനും മണിക്കൂറുകള്‍.അടിവയറ്റില്‍ എന്തൊക്കെയോ പരതലുകള്‍. ഗര്‍ഭപാത്രത്തിന്‍െറ ഉറപ്പുപരിശോധനയാണ്. സേവന സജ്ജമാകുകയാണ് അവളുടെ ഗര്‍ഭപാത്രം. തിക്കിത്തിരക്കി അതിഥിയത്തെി. ആരുടെതാണിതെന്നറിയാത്ത രണ്ടു മനുഷ്യജന്മങ്ങളുടെ മോഹഫലം.  താന്‍ ഗര്‍ഭിണിയാകുന്നുവെന്ന് അവളറിഞ്ഞു.  ഒരു പിഞ്ചു ഭ്രൂണം-കുഞ്ഞാണ്   ഉള്ളില്‍ തുടിക്കാന്‍ വെമ്പുന്നത്.തന്‍െറ കടിഞ്ഞൂല്‍ ഗര്‍ഭത്തെക്കുറിച്ചവളോര്‍ത്തു, മൂന്ന് പെണ്‍കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തു. താന്‍ കൊതിച്ചെങ്കിലും ദൈവം വിധിച്ചില്ലാത്ത ആണ്‍കുഞ്ഞാണെങ്കിലോ ഇത്...അവളുടെ ഉള്ളം തുടിച്ചു,വയര്‍ ചേര്‍ത്തുപിടിച്ചു. അങ്ങനെയാവരുതേ....അങ്ങനെ പ്രാര്‍ഥിക്കാനാണവള്‍ക്ക് തോന്നിയത്.

ഇതെന്‍െറ കുഞ്ഞല്ല... അവള്‍ ഉരുവിട്ടുകൊണ്ടിരുന്നു.ആറുമാസം വരെ വേണമെങ്കില്‍ വീട്ടില്‍ നില്‍ക്കാമെന്നാണ് കരാര്‍.വീട്ടില്‍ പോയി കുറച്ചുനാള്‍ കഴിഞ്ഞ് തിരിച്ചുവരാമെന്ന ധാരണയില്‍ ക്ളിനിക്ക് വിട്ടു. അധികം വൈകാതെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. വീര്‍ത്തുതുടങ്ങിയ വയര്‍ നാട്ടുകാരുടെ മുമ്പില്‍ ഒളിപ്പിച്ചുതുടങ്ങി. നാട്ടുകാരുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടല്‍. ഇനിയും ഉള്‍കൊള്ളാനാവാത്ത വിധമായിരുന്നു ഭര്‍ത്താവിന്‍െറ പെരുമാറ്റം.ഇടക്കിടെ വേറൊരാളുടെ ഗര്‍ഭം ധരിച്ച് ഭാര്യയെ കാണാനിഷ്ടപ്പെടുന്നില്ളെന്ന് തോന്നിയതോടെ ക്ളിനിക്കിലേക്ക് മടക്കം. മക്കളെ പിരിഞ്ഞിരിക്കലായിരുന്നു ഏറെ വിഷമം. 


ദേഷ്യം,സങ്കടം..എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുതീര്‍ത്ത ദിനങ്ങള്‍. മണിക്കൂറുകള്‍ തോറും എത്തിനോക്കുന്ന നഴ്സുമാര്‍. ചുറ്റിലും നിറവയറുമായത്തെിയവര്‍ക്ക് ഒരേ കഥകളാണ്. ഓരോ മൂലയിലും കണ്ണീരുണങ്ങാത്ത ജീവിതങ്ങള്‍.വീര്‍ത്തുവരുന്ന വയറില്‍ ആളനക്കം വന്നുതുടങ്ങി. കൂട്ടിനുള്ള ആ ആളനക്കത്തെ സ്നേഹിക്കാന്‍ പാടില്ളെന്നാണാണ് കര്‍ശന നിര്‍ദേശം. തന്‍െറതല്ലാതെ തന്നിലുള്ളില്‍ വളരുന്ന തുടിപ്പുകള്‍. ഇടക്കേല്‍ക്കുന്ന തലോടലുകള്‍.വയറിന്നുള്ളില്‍ വരഞ്ഞുതീര്‍ക്കുന്ന ആ കുഞ്ഞുകൈകളെ സ്നേഹത്തോടെ തലോടാന്‍ പോലും ആകുന്നില്ലല്ളോ... എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപ്പെടണം -അവള്‍ പൊട്ടിത്തെറിച്ചു തുടങ്ങി. മക്കളെ കാണാതെ നിലവിളിച്ചു. അവരത്തെിയപ്പോള്‍ പൊട്ടിക്കരഞ്ഞു, അവര്‍ തിരിച്ചുപോകുമ്പോഴും.‘‘പ്ളീസ് ഡോക്ടര്‍ , പെട്ടന്നൊന്ന് ഇതൊന്ന് അവസാനിപ്പിച്ചുതന്നേ പറ്റൂ’’ മനോനില തെറ്റിയപോലെ ഒരു നാള്‍ അവള്‍ ഡോക്ടറോട് കേണപേക്ഷിച്ചു. മാസമത്തൊന്‍ ഇനിയും ദിനങ്ങള്‍ ബാക്കി. ഡോക്ടര്‍ പരിശോധനക്ക് ശേഷം പറഞ്ഞു, ആയിട്ടില്ല, കാത്തിരുന്നേ പറ്റൂ. കുറച്ചുനാള്‍ കൂടി... മറുപടി കേട്ട് മടുത്ത് അവള്‍ പുറത്തേക്കോടി. നഴ്സുമാര്‍ കൂട്ടിക്കൊണ്ടുവന്നു. പിന്നെ വീണ്ടും കാത്തിരിപ്പ് .. വയറ്റില്‍ വളരുന്ന കുരുന്നിനോട് അവള്‍ വിഷമങ്ങള്‍ പറഞ്ഞുതീര്‍ത്തു. ദേഷ്യപ്പെടാന്‍ തോന്നിയില്ല. തന്‍്റെ മൂന്ന് മക്കളുടെയും സുഖപ്രസവമായിരുന്നു . പ്രസവത്തിന് തൊട്ടുമുമ്പ് അവസാന നാളുകളില്‍ പോലും സന്തോഷം തിരതല്ലിയിയ നിമിഷങ്ങള്‍. ഭര്‍ത്താവിന്‍െറ പുഞ്ചിരി, അമ്മയുടെ വാല്‍സല്യം, മക്കളുടെ കുശലാന്വേഷണം.ഇവയൊന്നുമില്ലാതെ ഇതാ പൂര്‍ണഗര്‍ഭിണിയായി താന്‍ ഈ തുരുത്തില്‍ ഒറ്റപ്പെട്ട്. വീര്‍ത്ത വയറില്‍ കൈചുറ്റിപ്പിടിച്ച് അവള്‍ കിടന്നു.പെറ്റമ്മയുടെ താരാട്ടുകേള്‍ക്കാന്‍ കഴിയാത്ത അവനെയോര്‍ത്ത് അവള്‍ രണ്ടുവരി പതിയെ മൂളി. സന്തോഷം ഏറെ തോന്നിയ ദിവസമായിരുന്നു അന്ന്. അമ്മയാകാന്‍ തയ്യാറെടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു. അന്ന് നാളുകള്‍ക്ക് ശേഷം അവള്‍ ഉള്ളുതുറന്ന് ചിരിച്ചു.  ടെന്‍ഷന്‍ വിട്ടിരുന്നില്ല.  വീണ്ടും അരണ്ട വെളിച്ചത്തിലേക്ക്. ഡോക്ടറത്തെി കുത്തിവെച്ചു.  പതിഞ്ഞ ശബ്ദങ്ങള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി... കണ്ണുകളടഞ്ഞു.ഇടക്കെപ്പോഴോ ഒരു വലിച്ചെടുക്കലിന്‍െറ ആയാസം.കരച്ചില്‍ കേട്ടോ.. പിന്നെ ഹൃദയത്തില്‍ നിന്നെന്തോ മുറിച്ചിട്ട പോലെ.. .കണ്ണ് തുറന്നപ്പോള്‍ ഡോക്ടറുടെ ചിരിക്കുന്ന മുഖം. അഭിനന്ദനം. വയറ്റില്‍ തലോടി..അവനില്ല. തൊട്ടടുത്ത് അവന്‍  അല്ല അവള്‍ കിടപ്പുണ്ടോ...ഇല്ല..‘ഡോക്ടര്‍ അവനോ അതോ അവളോ....’ ചോദ്യം ചങ്കില്‍ മുട്ടി നിന്നു.പാടില്ല... ‘നീ സ്വതന്ത്രയാണ്്.’-ഡോക്ടര്‍ പറഞ്ഞു.കുഞ്ഞിനെ ഒന്ന് കാണാമോ..അവള്‍ ചോദിച്ചു.മറുപടി പറയാതെ ഡോക്ടറൊഴിഞ്ഞു. തൊട്ടടുത്ത് നിന്ന അമ്മയോടും ഇതേ ചോദ്യം ....ആര്‍ക്കും മറുപടിയില്ല.  ചോരയും നീരും നല്‍കി താലോലിച്ചുണ്ടാക്കിയ സൃഷ്ടി വിറ്റഴിഞ്ഞിരിക്കുന്നു, തിരിച്ചുചോദിക്കാനാകാത്ത വിധം.

പിന്നീട് ആദ്യമായി അവരെ കണ്ടു. തന്‍െറ കുഞ്ഞിന്‍െറ ‘അച്ഛനമ്മമാരെ...’ ,സന്തോഷപ്പൊതികളുമായി. വെളുത്തുകൊലുന്നനെയുള്ളയാളും തടിച്ച സ്ത്രീയും.തന്‍െറ കുഞ്ഞും ഇവരെപ്പോലെ വെളുത്തതായിരിക്കും. പേരും വിലാസവും അവര്‍ പറഞ്ഞില്ല.ഏതായാലും കേരളക്കാരല്ല . അവര്‍ പിരിഞ്ഞപ്പോള്‍ എന്തോ പോലെ. തന്‍െറ കുഞ്ഞുമായിരിക്കും അവരുടെ യാത്ര. അവന് വിശക്കുന്നുണ്ടാകുമോ. മുലപ്പാല്‍ പോലും നുണയാതെ എന്‍െറ കുഞ്ഞ്. അവള്‍ തേങ്ങി.  കണ്ണീരറിഞ്ഞപ്പോള്‍ വയറ്റില്‍ തലോടി ആശ്വസിപ്പിച്ച ആ  കുഞ്ഞുവിരലുകള്‍...ഒരു പക്ഷേ ആ കുഞ്ഞ് അവനായിരിക്കുമോ...മൂന്ന് പ്രസവത്തിലും താന്‍ കാത്തിരുന്ന ആ ആണ്‍തരി.. അമ്മേ എന്ന അവന്‍െറ  കൊഞ്ചല്‍ ഒരിക്കലെങ്കിലും.......ഗര്‍ഭസേവനത്തിന്‍െറ മറവിലെ കങ്കാണിപ്പണി


പുറത്തുനിന്ന് നോക്കിയാല്‍ അടച്ചിട്ട സൗധം. കാറ്റും വെളിച്ചവും അധികമേല്‍ക്കാത്ത മുറികള്‍. എന്തോ ഒളിപ്പിക്കാനുണ്ടെന്ന് വിളിച്ചുപറയുന്നതായിരുന്നു ഓരോന്നും. ആശുപത്രിയുടെ മുകള്‍ നിലയിലാണ് അമ്മമാര്‍ക്കുവേണ്ട സൗകര്യങ്ങള്‍.ഇന്‍പേഷ്യന്‍റിന് നല്‍കുന്ന സൗകര്യങ്ങളില്‍ കൂടുതല്‍ കാണാനായില്ല.  ടി.വി ഉള്‍പ്പെടെ കോമണ്‍ ഹാള്‍. തയ്യില്‍ മെഷീനും മറ്റും..കോമണ്‍ കിച്ചണ്‍. ക്ളിനിക്കിന്‍െറ കൗണ്ടറിലേക്കുള്ളതല്ലാതെ ഇവര്‍ക്ക് പുറത്തിറങ്ങാനുള്ള വഴി മാത്രം കണ്ടില്ല.ഏതാനും നഴ്സുമാര്‍ വട്ടമിട്ടു പറക്കുന്നു. മുറികളിലായി പത്തോളം പൂര്‍ണ ഗര്‍ഭിണികള്‍.ചിരി നഷ്ടപ്പെട്ട പോലെ അവര്‍ മുറികളുടെ വരമ്പുകള്‍ നടന്നു തീര്‍ക്കുന്നു.
‘‘  വസുദേവരുടെയും ദേവകിയുടെയും ഏഴാം പുത്രനെ രോഹിണിയുടെ വാടക ഗര്‍ഭത്തിലേക്കാണ് ആവാഹിച്ചത്. അതാണ് ബലരാമന്‍.  പുത്രന്മാരുണ്ടാകുന്നതിന് പകരം അണ്ഡം പ്രസവിച്ചതാണ്  ഗാന്ധാരി. പിന്നീട് മഹാമുനികള്‍ ഈ അണ്ഡത്തില്‍ നിന്നാണ് നൂറു കൗരവന്മാരെ സൃഷ്ടിച്ചത്. ആ അണ്ഡങ്ങളില്‍ നിന്ന് കൗരവര്‍ പിറവിയെടുത്തത് വാടക അമ്മമാരിലൂടെയാവില്ളേ...ഇത് പുതിയ ഏര്‍പ്പാടൊന്നുമല്ല, പിന്നെ എന്തിനാണീ വിവാദങ്ങള്‍ ’’വാടക ഗര്‍ഭങ്ങളുടെ ഒൗട്ട് സോഴ്സ് കരാറുകാരനായ ഡോക്ടര്‍ പുരാണത്തെ കൂട്ടുപിടിച്ച് പറഞ്ഞു.‘ദേ കണ്ടില്ളേ’-എന്‍െറ മുമ്പില്‍ ഡോക്ടര്‍ നീട്ടിത്തന്നത് അദ്ദേഹത്തിന്‍െറ  മൊബൈലിലെ ചിത്രങ്ങളാണ്.കഴിഞ്ഞ ദിവസം ബാംഗ്ളൂരില്‍ കുഞ്ഞിന് ജന്മം കൊടുത്ത വാടക അമ്മ  ബെഡില്‍ ഇരിക്കുന്ന ചിത്രം. കുഞ്ഞാണെന്ന് കരുതി, മടിയില്‍ എന്തോ ഇരുത്തിയത്് കണ്ടപ്പോള്‍ ജിജ്ഞാസയോടെ ഡോക്ടറുടെ കൈയില്‍ നിന്ന് മൊബൈല്‍ വാങ്ങി നോക്കി.മടിയില്‍ ഒരു കുഞ്ഞിന്‍െറ വലിപ്പമുള്ള ഒരു സമ്മാനപ്പൊതി. അതിലെന്താണെന്ന് ചോദിക്കാന്‍ വന്നതായിരുന്നു. ഡോക്ടര്‍ അടുത്ത ചിത്രം കാണാന്‍ സ്ക്രീന്‍ നിരക്കിത്തന്നു.തുറന്നുവെച്ച പൊതി അതില്‍ ആഭരണങ്ങള്‍.പിന്നെ മറ്റൊരു പൊതി. ‘കുഞ്ഞിന്‍െറ അഛനമ്മമാര്‍ സമ്മാനമായി കൊടുത്തതാണവര്‍ക്ക്- അത്യാഗ്രഹ കൊതിയുള്ള കണ്ണുകളോടെ ഡോക്ടര്‍ പറഞ്ഞു. തങ്ങളുടെ കുഞ്ഞിന്‍െറ പേറ്റുനോവിനുള്ള സമ്മാനം.  ദേഷ്യമാണ് തോന്നിയത്. ലക്ഷങ്ങള്‍ക്ക് പുറമെ കേടുകൂടാതെ പ്രസവിച്ചവര്‍ക്കുള്ള ഈ സമ്മാനങ്ങള്‍ ഡോക്ടറുടെ മൊബൈലില്‍ കണ്ട് എത്ര വാടക അമ്മമാര്‍ കണ്ണഞ്ചിപ്പോയീട്ടുണ്ടാകും. എത്രപേര്‍ ഇതും പ്രതീക്ഷിച്ച് തങ്ങളുടെ വീര്‍ത്ത വയറിനെ താലോലിക്കുന്നുണ്ടാകും. മാതൃത്വത്തെ വില്‍പനചരക്കായി മാത്രം കാണുന്ന കങ്കാണി. യാഥാസ്ഥിതികമായ കേരള സമൂഹത്തില്‍ വാടക ഗര്‍ഭധാരണമെന്നത് പാവപ്പെട്ടവരുടെ ലോട്ടറിയായി എങ്ങനെ മാറ്റാമെന്നത് ആരും അദ്ദേഹത്തെ പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല.കാരണം  കേരളത്തില്‍ നിന്നുതന്നെ നൂറോളം പേര്‍ വാടക അമ്മമാരാകാനുള്ള അദ്ദേഹത്തിന്‍െറ വെയിറ്റിങ് ലിസ്റ്റില്‍ നിരന്നിരിപ്പാണ്. വിവാഹ ബന്ധം വേര്‍പെടുത്തിയവരുടെയും  മദ്യപാനം തകര്‍ത്ത ജീവിതങ്ങളുടെയും നിത്യവൃത്തിക്ക് വകയില്ലാതെ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നവരുടെയും നീണ്ട നിരയുണ്ടതില്‍. പത്തുമാസം കൊണ്ട് മൂന്നോ നാലോ ലക്ഷം. ആ മോഹ വലയം കൊണ്ടത്തെിച്ചതാണവരെ. 20 ഓ 30 ഓ തങ്ങളുടെതല്ലാത്ത കുട്ടികളെ വീട്ടമ്മമാര്‍ ഇദ്ദേഹത്തിന്‍െറ ക്ളിനിക്കുകളുടെ  ഇരുണ്ട മൂലകളില്‍  എപ്പോഴും ‘ഗര്‍ഭ സേവനം’ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.അദ്ദേഹത്തിന്‍െറ ഭാഷയില്‍ സര്‍ക്കാര്‍ വകുപ്പുകളെപ്പോലത്തെന്നെ ഇത് സര്‍വിസ് സെക്ടറാണ്. ഒരു സേവന ശൃംഖല,പണം കൊടുത്താല്‍  മാതൃത്വം ചില്ലറക്ക് വില്‍ക്കുന്ന കൗണ്ടറുകള്‍ . അതാണീ ‘സേവന വ്യവസായം’.
കേരളത്തില്‍ വാടക ഗര്‍ഭധാരണത്തിന് അമ്മമാരെ കിട്ടാന്‍ ആദ്യം വലിയ പ്രശ്നമായിരുന്നു- ഡോക്ടര്‍ പറയുന്നു. കേരള സമൂഹം ഇപ്പോള്‍ ഏറെ മാറി.ഏതാണ്ട് എല്ലാ ജില്ലകളിലും ഞങ്ങള്‍ക്ക് ശാഖകളുണ്ട്. അമ്മമാരാകാന്‍ തയ്യാറായി നാനൂറോളം പേര്‍ ഞങ്ങളുടെ ലിസ്റ്റില്‍ കാത്തുകെട്ടി കിടക്കുന്നു. ഒരിക്കല്‍ വാടക അമ്മയായവരെ ഞങ്ങള്‍ വീണ്ടും എടുക്കാറില്ല. മറ്റു പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കേണ്ട. അവരുടെ ജീവിതവും കരുപിടിപ്പിക്കേണ്ടേ- മഹാമനസ്കതയോടെ ഡോക്ടര്‍ ചിരിച്ചു.
പ്രായവും ആരോഗ്യവും കണക്കിലെടുത്ത് മൂന്നുമുതല്‍ നാലുലക്ഷം വരെയാണ് ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുന്നവര്‍ക്കുള്ള ഫീസ്. ഇതില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. ഭര്‍ത്താവിന്‍െറ സമ്മതം നിര്‍ബന്ധം. വിധവകളോ വിവാഹമോചിതരോ ആണെങ്കില്‍ കുടുംബത്തിലെ ഉത്തരവാദപ്പെട്ടവരുടെ സമ്മതം ഹാജരാക്കണം.അവരുടെ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.വേണമെങ്കില്‍  ഭ്രൂണം നിക്ഷേപിക്കുന്നത് മുതല്‍ ആശുപത്രിയില്‍ താമസിക്കാം. അല്ലങ്കെില്‍ ആറാം മാസം പ്രവേശനം തേടാം. പ്രസവംകഴിഞ്ഞാല്‍  രണ്ടാഴ്ച വിശ്രമം . ഒരു മാസത്തേക്കുളള മരുന്നുമായി വീട്ടിലേക്ക് മടങ്ങാം. അതോടെ വാടക മാതാവും ദമ്പതികളുമായുളള കരാര്‍ കഴിയും.അവസാന മാസങ്ങള്‍ വളരെ കണിശമാണ്. ചിലപ്പോള്‍ ബാംഗ്ളൂരിലെ ക്ളിനിക്കില്‍ വെച്ചാകും പ്രസവം.സന്ദര്‍ശകരില്‍ നിന്ന് രക്ഷനേടാനാണിത്.ആസ്ട്രേലിയ, യു.കെ, യു.എസ്.എ,റഷ്യ എന്നിവിടങ്ങളില്‍ നിന്നും ആവശ്യക്കാരേറെയുണ്ട്. മികച്ച സര്‍വിസാണിവിടെ. ഏഷ്യയിലെ ഏറ്റവും മികച്ച സൗകര്യമുള്ള ക്ളിനിക്കുകളിലൊന്നാണിതെന്ന് മാസങ്ങള്‍ക്ക് മുമ്പത്തെിയ ആസ്ട്രേലയന്‍ സംഘം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്- ഡോക്ടര്‍  പരസ്യ വാചകം ചൊല്ലിപ്പിരിഞ്ഞു.
 പ്രത്യുല്‍പാദന
ടൂറിസം
എന്ന വ്യവസായം


ആഗോള വന്ധ്യതാ മഹാമാരിക്ക് ആശ്വാസമാണ് ഇന്ത്യയെന്ന മൂന്നാം ലോക രാജ്യത്തിന്‍െറ ഇടം.  പ്രത്യുല്‍പാദന ടൂറിസത്തിന്‍െറ സുവര്‍ണ ഭൂമി. ലോകത്തിന്‍െറ  ആട്ടുതൊട്ടിലെന്നാണ് ഇപ്പോള്‍ നമ്മുടെ രാജ്യം അറിയപ്പെടുന്നത്. അതിന്‍െറ പ്രധാന കേന്ദ്രമാകട്ടെ ‘വികസിത ഗുജറാത്തി’ലെ ആനന്ദ് എന്ന വ്യവസായകേന്ദ്രവും. അമേരിക്കന്‍ മാസികയായ മദര്‍ജോണ്‍സില്‍ ഈയിടെ വന്ന ലേഖനമനുസരിച്ച് 2.3 ബില്യണ്‍ ഡോളറിന്‍്റെ കച്ചവടമാണ് ഇന്ത്യയില്‍ ഈ  രംഗത്ത് നടക്കുന്നത്. ഓരോ വര്‍ഷവും വിദേശത്ത് നിന്ന് 25000ത്തോളം ദമ്പതികളാണ് വാടക അമ്മമാരെ അന്വേഷിച്ച് ഇന്ത്യയില്‍ എത്തുന്നത്. ഓരോ വര്‍ഷവും രണ്ടായിരത്തോളം പ്രസവങ്ങള്‍.   40-60 ഉം ലക്ഷത്തിനിടെയാണ് വിദേശത്ത് വാടക അമ്മമാര്‍ക്ക് നല്‍കേണ്ടിവരിക. എന്നാല്‍ 10 മുതല്‍25 ലക്ഷം മുടക്കിയാല്‍ ഇന്ത്യയില്‍ നിന്ന് അമ്മമാരെ എളുപ്പത്തില്‍ കിട്ടും. ഒരൊറ്റ ഇരയില്‍ നിന്ന് 12-15 ലക്ഷം വരെ ഉണ്ടാക്കാമെന്നിടത്താണ് ഇടനിലക്കാരായത്തെുന്ന ക്ളിനിക്കുകളുടെ ലാഭക്കൊതി വെളിപ്പെടുന്നത്. 

ആസ്ത്രേലിയക്കാരാണ് ഇന്ത്യക്കാരെ ഇക്കാര്യത്തില്‍ ആശ്രയിക്കുന്ന പ്രധാന രാജ്യം. 2012ല്‍ ആസ്ത്രേലിയക്കാരായ ദമ്പതികള്‍ക്കായി 200ഓളം പ്രസവങ്ങളാണ് നടന്നതെന്ന് ഒരു പഠന റിപോര്‍ട്ട് പറയുന്നു. 2011ല്‍ ഇത് 179 ഉം 2010 ല്‍ ഇത് 86 ഉം ആയിരുന്നു. ഇന്ത്യയുടെ ദാരിദ്രം തന്നെയാണ് വാടക അമ്മമാരിലൂടെ വികസിത രാജ്യങ്ങള്‍ കച്ചവടകേന്ദ്രമായി മറ്റുന്നത്.
പ്രത്യുല്‍പാദന ടൂറിസം ഇനത്തില്‍   കോടികളാണ് രാജ്യത്തത്തെുന്നത്.ഇന്ത്യയിലെ മെഡിക്കല്‍ രംഗം ഇതുകൊണ്ടുതന്നെ തഴച്ചുവളരുന്നു. 450 മില്യണ്‍ ഡോളര്‍ ബിസിനസാണ് പ്രതിവര്‍ഷം ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസം രംഗത്തുണ്ടാകുന്നത്. ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത് പ്രത്യുല്‍പാദന ടൂറിസമാണ്.  പ്രധാനമായും ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ളാദേശ്,തായ്ലന്‍റ്, സിംഗപൂര്‍ രാജ്യങ്ങളാണ്  ഇന്ത്യയുമായി  മത്സരിക്കുന്നത്. 

വാടക ഗര്‍ഭധാരണത്തിന്‍െറ
 ധാര്‍മികത

അഹമ്മദാബാദിലെ ഫെര്‍ട്ടിലിറ്റി ക്ളിനിക്കില്‍ എട്ടുമാസമായ  പ്രമീള വഗേല എന്ന യുവതിയുടെ മരണം തുറന്നുവിട്ടത് വാടക ഗര്‍ഭധാരണത്തിന്‍െറ ഇരുണ്ടവശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. വയറ്റിലെ കുഞ്ഞിനുവേണ്ടി ജീവന്‍ നഷ്ടപ്പെട്ട ഹതഭാഗ്യയായിരുന്നു അവര്‍. വാടക അമ്മക്ക് പ്രസവസംബന്ധിയായ പ്രശ്നം വന്നാല്‍ ഡോക്ടര്‍ മുന്‍ഗണന നല്‍കേണ്ടത് കുഞ്ഞിനാണെന്ന കരാറിന്‍െറ ബലിയാട്.പ്രസവത്തിലൂടെ അവരുടെ വയറ്റിലെ കുഞ്ഞിനെ പുറത്തെടുത്ത് കരാറുകാരന്‍ ഡോക്ടര്‍ തന്‍െറ ലാഭം കൈപിടിയിലൊതുക്കി. സ്വന്തം കുടുംബത്തെ പോറ്റാനുള്ള തത്രപ്പാടില്‍ അവര്‍ ഒപ്പുവെക്കുന്ന കരാറിലെ വ്യവസ്ഥകള്‍ ആരുനോക്കാന്‍. ബോംബെ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ വിദേശിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.തന്‍െറ കുഞ്ഞിന്വേണ്ട അവയവം ലഭിക്കാന്‍ വേണ്ടിയായിരുന്നു അയാള്‍ വാടക അമ്മമാരെ തേടിയത്തെിയത്.  പ്രത്യുല്‍പാദന ടൂറിസത്തെ തടയിടേണ്ടതല്ളേ എന്ന ചര്‍ച്ച  ഇനിയും തുടങ്ങിയീട്ടില്ല. ഇന്ത്യയുടെ യാഥാസ്ഥിക സമൂഹം അന്യപുരുഷന്‍െറ ഗര്‍ഭം വഹിക്കുന്ന ഭാര്യയെ ഉള്‍കൊള്ളാന്‍ ഇനിയും തയ്യാറായിട്ടില്ല. വാടക അമ്മമാരായവരെ സമൂഹം ഉള്‍കൊണ്ടില്ളെന്നാണ് മേഖലയില്‍ നടത്തിയ പഠനങ്ങളും തെളിയിക്കുന്നത്.
മറ്റൊരു ദമ്പതിമാരുടെ ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ വഹിച്ചു പ്രസവിച്ച് കുഞ്ഞിനെ അവര്‍ക്ക് തന്നെ നല്‍കുന്നതാണ് ‘സറോഗസി' (വാടക ഗര്‍ഭധാരണം) . രണ്ട് തരത്തിലുണ്ട് ഇത്. 'പരമ്പരാഗത സറോഗസി' യില്‍ വാടകയ്ക്കെടുക്കപ്പെടുന്ന സ്ത്രീയുടേത് തന്നെയായിരിക്കും അണ്ഡം. ബീജം, കുഞ്ഞ് ആവശ്യമുള്ളയാളുടേതും. മറ്റൊരു രീതിയായ ‘ഗെസ്റ്റഷേണല്‍ സറോഗസി’യില്‍  ആവശ്യക്കാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ചശേഷം അവ വാടകഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ അണ്ഡവും  വാടകസ്ത്രീയില്‍ നിന്നും സ്വീകരിക്കും. ഇന്ത്യയിലെ വാടക അമ്മമാരില്‍ ഗെസ്റ്റേഷണല്‍ സറോഗസി യാണ് ചെയ്തുവരുന്നത്.  ഗര്‍ഭപാത്രത്തില്‍ ലിംഗസംയോജനത്തിന് ശേഷമുള്ള ഭ്രൂണം ചെറു ഉപകരണത്തിന്‍െറ സഹായത്തോടെ നിക്ഷേപിക്കുകയാണ്. ഗര്‍ഭിണിയാകാനുള്ള ശാരീരിക വഴക്കത്തിനായി ഹോര്‍മോണുകള്‍ നേരത്തെ കുത്തിവെച്ച് ഒരുക്കിയിട്ടുണ്ടാകും.സി.എസ്.ആര്‍ പഠനം


വാടക അമ്മമാര്‍ എന്ന തൊഴില്‍ വര്‍ഗത്തെക്കുറിച്ച് ആഴത്തില്‍ പഠനം നടന്നിട്ടില്ലാത്തതിനാല്‍ അവര്‍ നേരിടുന്ന മാനസിക- സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് പുറം ലോകത്തിന് വളരെ കുറച്ച് മാത്രമേ അറിയൂ.  നിയമനിര്‍മാണത്തിന്‍െറ അഭാവത്തില്‍ വാടക അമ്മമാര്‍ അമിതമായ ചൂഷണത്തിരയാകുന്നുവെന്നാണ് മേഖലയില്‍ നടന്ന ഏതാനും പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. സെന്‍റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് (സി.എസ്.ആര്‍) എന്ന സ്ഥാപനമാണ് ലോകത്തിന്‍െറ വാടകത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഗുജറാത്തിലെ ആനന്ദ്, സൂരത്ത്, ജാംനഗര്‍ മേഖലയിലെ വാടകഅമ്മമാരെ കേന്ദ്രീകരിച്ച  പഠനം നടത്തിയത് .
100 വാടക മാതാക്കളെയും 50 ദമ്പതികളെയും സര്‍വെയില്‍ പങ്കെടുപ്പിച്ചു. കണ്ടത്തെലുകളില്‍ പലതും ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല വന്ധ്യതാ ക്ളിനിക്കുകളും നിയമപരമായും ശാസ്ത്രീയമായും അംഗീകരിച്ചവയല്ല. വാടക അമ്മമാര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് കൃത്യമായ വ്യവസ്ഥകളില്ല. ദല്‍ഹിയില്‍ ശിശുക്ഷേമ മന്ത്രാലയത്തിന്‍െറ സര്‍വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേരും മുംബൈയിലെ 44 ശതമാനം പേര്‍ക്കും മൂന്നു മുതല്‍ 3.99 ലക്ഷം രൂപവരെ പ്രതിഫലം ലഭിച്ചുവെന്നാണ് രേഖപ്പെടുത്തിയത്. വാടക അമ്മമാരും യഥാര്‍ഥ മാതാപിതാക്കളും ഡോക്ടറും തമ്മില്‍ ഒപ്പുവെക്കുന്ന കരാറിന്‍െറ പകര്‍പ്പ് വാടക അമ്മമാര്‍ക്ക് നല്‍കാറുമില്ല. 
26നും 35 നും മധ്യേയാണ് വാടക അമ്മമാരുടെ ശരാശരി വയസ്.ഹിന്ദു സമുദായത്തില്‍ പെട്ടവരാണ് ഏറെയും .(ആനന്ദ്- 86.7 ശതമാനം, സൂരത്ത്-85.7 , ജാം നഗര്‍- 100 ). ആനന്ദില്‍ 97 ശതമാനം പേര്‍ ഭര്‍ത്താവിനോടൊപ്പം കഴിയുന്നവരാണ്. ഈ നിരക്ക്   സൂരത്തില്‍ 94.3 ശതമാനമാണ്.ആനന്ദില്‍ വാടക അമ്മമാരില്‍ കൂടുതലും കൃഷിപണി ചെയ്തിരുന്നവരാണ് . ഭര്‍ത്താക്കന്മാര്‍ കുടിയന്‍മാരോ ജോലിയില്ലാത്തവരോ ആയിരുന്നു. കടം  ഭീഷണിയായി അവര്‍ക്കുമുമ്പിലുണ്ടായിരുന്നു. കുട്ടികളുടെ പഠനത്തിനാണ് അവര്‍ കിട്ടുന്ന പണം ചെലവിടുന്നതില്‍ പ്രാധാന്യം കൊടുക്കുന്നത്.
 കൂടുതല്‍ പേരും വാടക വീട്ടിലാണ് താമസം. സൂറത്തില്‍ 71.4 പേരും ആനന്ദില്‍ 45 ശതമാനം പേരും ജാം നഗര്‍ എല്ലാവരും വാടക വീട്ടില്‍ ജീവിക്കുന്നവരാണ്. 
പ്രസവത്തിന് മുമ്പുള്ള മാസങ്ങളില്‍ ഏറെ ആശങ്കാകുലരായിരുന്നു അമ്മമാര്‍. ഭയം, ദു: ഖം. പ്രതീക്ഷ എന്നീ വികാരങ്ങളാണ് കൂടുതല്‍ പ്രകടിപ്പിച്ചത്. ആത്മവിശ്വാസം പ്രകടമായത് 65 ശതമാനം -ആനന്ദ്, സുറത്ത് -11.4 ശതമാനം എന്നിങ്ങനെയായിരുന്നു. എന്നാല്‍ അവസാന മാസങ്ങളില്‍ ആനന്ദ്- 63.4  , സൂരത്ത്- 74.3 , ജാം നഗര്‍ -100 ശതമാനം പേരുടെയും പെരുമാറ്റങ്ങളില്‍ ഭയം നിഴലിച്ചിരുന്നു.ആനന്ദില്‍ 26.7 ശതമാനം പേരില്‍ കടുത്ത ദു:ഖം പ്രകടമായി.സൂരത്തില്‍ 54.3, ജാം നഗര്‍-20 ശതമാനം പേരും ഇതേ വികാരം പ്രകടിപ്പിച്ചു.
പ്രസവ ശേഷം 80 ശതമാനം ഭര്‍ത്താക്കന്മാരും സന്തുഷ്ടരായിരുന്നു. 20 ശതമാനം പേര്‍ എതിര്‍ സ്വരം പ്രകടിപ്പിച്ചു. ഇവരുടെ കുടുംബത്തില്‍ അസ്വാരസ്യം പ്രകടമായി. മൂന്ന് ശതമാനം പേരില്‍ കുട്ടികള്‍ അകല്‍ച്ച കാണിച്ചു. 80 ശതമാനം വാടക അമ്മമാരുടെ സുഹൃത്തുക്കളും ബന്ധുക്കളും അകലം പാലിച്ചു. സമൂഹം വാടക അമ്മമാരെ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.‘അമ്മ വ്യവസായ’ത്തിന്‍െറ
 ഇരകള്‍

ജനിച്ച ഉടനെ അമ്മയില്‍ നിന്ന് വേര്‍പെടുത്തുമ്പോള്‍ കുഞ്ഞിന് നഷ്ടമാകുന്ന മുലപ്പാലിന് പകരം വെക്കാന്‍ മറ്റെന്താണുള്ളത്.  കുഞ്ഞിന്‍െറ അവകാശത്തിനുള്ള മനുഷ്യത്വരഹിതമായ കടന്നുകയറ്റമാണിത്. കുഞ്ഞിന് പാലുകൊടുക്കാനാകാതെ ദു:ഖത്തിലാകുന്ന മാതാവിന്‍െറ ദു:ഖമോ?. ഇരുകൂട്ടര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. 
മെഡിക്കല്‍ രംഗത്തെ ചൂഷക വ്യവസായ ലോബികളുടെ വിഹാരകേന്ദ്രം കൂടിയാണ് ഈ രംഗം. ഗര്‍ഭിണികളുടെ ശാരീരിക അവസ്ഥ കണക്കിലെടുത്ത് ക്ളിനിക്കുകളെ സ്വാധീനിച്ച് അനാവശ്യമരുന്നുകള്‍ അമ്മമാരെ തീറ്റിക്കുന്നതില്‍ അവര്‍ മത്സരിക്കുന്നു. വാടക ഗര്‍ഭധാരണത്തിന്‍െറ ഫലപ്രാപ്തി 40 ശതമാനമേ ഉള്ളൂവെന്ന് മേഖലയിലെ ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്‍െറ ദുരിതം അനുഭവിക്കുന്നത്  ഇരയാക്കപ്പെടുന്ന അമ്മമാരാണ്.ആരോഗ്യമുള്ള കുഞ്ഞിനെ നല്‍കിയാല്‍ മാത്രമേ കരാര്‍ പ്രകാരമുള്ള തുക ലഭിക്കൂ.ഗര്‍ഭഛിദ്രം നടത്തുകയോ മാതാപിതാക്കള്‍ കുട്ടിയെ സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍  പ്രതിഫലം പകുതിയാകും. പറഞ്ഞ തുകയുടെ രണ്ട് ശതമാനം മാത്രം നല്‍കി അമ്മമാരെ തിരിച്ചയക്കുന്ന പതിവുണ്ടെന്ന്  സെന്‍റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്‍െറ പഠനം വെളിപ്പെടുത്തുന്നു.കുഞ്ഞിന് ശാരീരിക വൈകല്യങ്ങളുണ്ടെങ്കില്‍ ഗര്‍ഭവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ രാസപ്രയോഗത്തിലൂടെ ഇല്ലാതാക്കുന്നു. ഇത് അമ്മയുടെ കുറ്റമാണെന്ന് വരുത്തിത്തീര്‍ക്കുന്ന ക്ളിനിക്കുകളാണ് അധികവും. ഭ്രൂണത്തിന്‍്റെ ലിംഗനിര്‍ണയം നടത്തി അനഭിലഷണീയമായതിനെ വേണ്ടാതാക്കുന്നതും പതിവാണ്.

ഇത് നിയമരഹിത മേഖല


മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിരോധിച്ചിട്ടുണ്ട്.അയര്‍ലണ്ടിലും ബ്രിട്ടനിലും വാടക അമ്മമാരുടെ കുട്ടികളിലുള്ള അധികാരം സാധൂകരിക്കാനുള്ള നടപടികളിലാണ്. ഉകൈന്‍, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) 2006ല്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നെങ്കിലും അവക്കൊന്നും ഇത്തരം ഐ വി എഫ് ക്ളിനിക്കുകളെ നിയന്ത്രിക്കാന്‍ പോന്നതായില്ല. മാതാപിതാക്കളുടെ ഡി.എന്‍.എ പരിശോധന,മാതാപിതാക്കള്‍ക്ക് സ്വാഭാവിക രീതിയില്‍ അച്ഛനമ്മമാരാകാനുള്ള ശാരീരിക-മാനസികമോ ആയോ ശേഷിയല്ളെന്ന മെഡിക്കല്‍ രേഖകള്‍ ,മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ വാടക ഗര്‍ഭധാരണം പാടില്ല,തുടങ്ങി പ്രധാന നിര്‍ദേശങ്ങളായിരുന്നു അത്. ഗര്‍ഭകാലത്ത് നടത്തുന്ന ചികിത്സ ഇന്ത്യന്‍  കൗണ്‍സില്‍  ഓഫ് മെഡിക്കല്‍  റിസര്‍ച്ച് അംഗീകരിച്ച ക്ളിനിക്കില്‍ തന്നെയായിരിക്കണമെന്നതായിരുന്നു മറ്റൊരു പ്രധാന നിര്‍ദേശം. എന്നാല്‍ മാര്‍ഗനിര്‍ദേശം കടലാസിലൊതുങ്ങി.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ( എ.ആര്‍.ടി) ക്ളിനിക്കുകളെ നിയന്ത്രിക്കാനും അക്രഡിറ്റേഷനും നിയന്ത്രണത്തിനുമായി അസിസ്റ്റന്‍്റ് റി¥്രപാഡക്റ്റീവ് ടെക്നോളജി (എ.ആര്‍.ടി) റഗുലേഷന്‍ ബില്‍ 2010ലാണ് കൊണ്ടുവന്നത്. ക്ളിനിക്കുകളുടെ പ്രവര്‍ത്തനം തടയിടാനും കര്‍ശന വ്യവസ്ഥകള്‍ക്കുമായി ദേശീയ ഉപദേശകബോര്‍ഡിനെ ചുമതലപ്പെടുത്തി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനായിരുന്നു അതിലെ ഒരു നിര്‍ദേശം.ഈയിടെ വിദേശികള്‍ വാടക അമ്മമാരെ തേടി ഇന്ത്യയിലത്തെുന്നത് നിയന്ത്രിക്കാന്‍ ഏതാനും നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അഛനമ്മമാരാകാനത്തെുന്നവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞവരായിരിക്കണം, തങ്ങളുടെ രാജ്യത്തിന്‍്റെ വിദേശകാര്യ വകുപ്പ് നല്‍കുന്ന അനുമതിപത്രം വിസയ്ക്കോപ്പം ഹാജരാക്കണം, ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നത് സ്വരാജ്യത്ത് അനുവദനീയമാണെന്നതിനുള്ള സാക്ഷ്യപത്രവും ജനിക്കുന്ന കുഞ്ഞിനെ സ്വന്തമായി കണക്കാക്കുമെന്നും വ്യക്തമാക്കുന്ന  നിബന്ധനയടങ്ങുന്ന രേഖയും ഹാജരാക്കണമെന്നതാണ് പുതുനിര്‍ദേശം.വേണ്ടത് ശക്തമായ നിയമനിര്‍മാണം


 വാടക ഗര്‍ഭധാരണത്തിന്‍െറ നൈതികത ചര്‍ച്ചചെയ്യുമ്പോഴും  ഇനിയും ചര്‍ച്ചചെയ്യാപ്പെടാത്ത ഇരകളുടെ കൂട്ടമായി  ‘ വാടക അമ്മമാര്‍ ’ എന്ന തൊഴില്‍വര്‍ഗം മാറിക്കഴിഞ്ഞു.ഇന്ത്യയിലേക്ക് മാത്രം വാടക അമ്മമാരെ കയറ്റി അയക്കാനായി  മുന്നൂറോളം വെബ് സൈറ്റ് സജീവം. ഇതുവഴി ആയിരത്തിലേറെ ഇടനിലക്കാരും വലയിട്ടിരിക്കുകയാണ്. വാടക ഗര്‍ഭധാരണം സംബന്ധിച്ച് യാതൊരു കണക്കുകളോ രേഖകളോ സര്‍ക്കാരിന്‍െറ പക്കലില്ല. ഗര്‍ഭിണികള്‍ക്ക് കൊടുക്കുന്ന മരുന്നുകളേ സംബന്ധിച്ചോ അവര്‍ക്ക് ലഭിക്കുന്ന പരിചരണത്തെ സംബന്ധിച്ചോ അവര്‍ക്കുവേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷയെ സംബന്ധിച്ചോ ഇവിടത്തുകാര്‍ക്കറിയില്ല. തികച്ചും ചൂഷണ മയമാണ് ഈ രംഗം. അഷ്ടിക്ക് വക കണ്ടത്തൊനൊരുങ്ങിയ വീട്ടമ്മമാരെ ചൂഷണം ചെയ്യാനുള്ള ഇടമായി മാറിയിരിക്കുന്നു ഈ ഐ.വി.എഫ് ക്ളിനിക്കുകള്‍. 
 ഗര്‍ഭപാത്രം വാടകക്ക് വില്‍ക്കപ്പെടുന്ന  ഐ വി എഫ് ക്ളിനിക്കുകളെ നിയന്ത്രിക്കാനോ മേല്‍നോട്ടം നയിക്കാനോ യാതൊരു നിയമ സംവിധാനവും ഇല്ല .ഇന്ത്യയില്‍ അവയവ വ്യാപാരം നിയന്ത്രിക്കുന്നപോലെ ഗര്‍ഭപാത്രങ്ങളെ വില്‍പന ചരക്കാക്കുന്ന വാടക ഗര്‍ഭധാരണവും നിയന്ത്രിക്കേണ്ടതല്ളേ എന്ന ചോദ്യമാണ് പ്രധാനമായി ഉയരുന്നത്.  നിലവിലെ വ്യവസ്ഥയെ അടിമുടി നവീകരിച്ച് നിയമ നിര്‍മാണമാണ് ആവശ്യം. സറോഗസി എന്നത് നിയമപരമോ, നിയമവിരുദ്ധമോ, ധാര്‍മ്മിക- സദാചാരപ്രകാരം അനുവദനീയമാണോ എന്നതിനെപ്പറ്റി കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയമോ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. വാടക അമ്മമാരെ സംരക്ഷിക്കാനും അവരുടെയും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍െറയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന   നിയമ നിര്‍മാണമെങ്കിലും ഉണ്ടാകേണ്ടതുണ്ട്.  . അമ്മമാരുടെ ഇന്‍ഷുന്‍സ്, ആരോഗ്യചെക്കപ്പ്,കുഞ്ഞിന്‍െറ ആരോഗ്യ  സംരക്ഷണം എന്നിവ ഉറപ്പുവരുത്തണം. ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തല്‍, കരാറുകളുടെ ലംഘനത്തെ പ്രതിരോധിക്കല്‍, പ്രതിഫലത്തിന്‍്റെ കാര്യത്തിലുള്ള ചൂഷണമില്ലാതാക്കല്‍ എന്നിവ  അനിവാര്യമാണ്. 


-------------------------------------------പി.പി.പ്രശാന്ത്


മാധ്യമം ആഴ്ചപ്പതിപ്പ് 
ജനുവരി 20