Tuesday, January 6, 2015



ഇടക്കയിലെ നോവിന്‍െറ നാദം

അര്‍ധനിമീലിത നേത്രനായ് സോപാനസന്നിധിയില്‍
മിശ്ര കണ്ഠ ത്രിപുട നടകള്‍ക്കുള്ളൊരഴകെല്ലാം.
പാട്ടിലേക്ക് പകര്‍ന്നുതന്നുടെ പാണി കൊട്ടുമ്പോള്‍
വൃദ്ധഗായകനീ പ്രപഞ്ചം വിസ്മരിക്കുന്നു
അഞ്ച് പെറ്റൊരു പഴവയര്‍ ഹാ കാത്തിരിക്കുന്നു,
മണ്‍കൂരയില്‍ എന്ന ദു$ഖം നെഞ്ചിലുറയുന്നു.

ഞരളത്ത് രാമപ്പൊതുവാളെപ്പറ്റി ഒ.എന്‍.വി
(സ്മൃതിതാളങ്ങള്‍)


 ആ പഴവയര്‍ പിന്നീട് രണ്ടുകൂടി പെറ്റു. ഏഴ് കുഞ്ഞുങ്ങള്‍. ആ സോപാന സംഗീതചക്രവര്‍ത്തി അമ്പലനടകളില്‍ മാത്രമല്ല, പൊതുവേദികളിലും കല്യാണച്ചടങ്ങുകളില്‍ വരെ  നിയോഗം തുടര്‍ന്നു. ഇടക്കയും തൂക്കിയുള്ള സഞ്ചാരിയുടെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്. സമ്പാദ്യം കൂട്ടിവെക്കുകയെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂടായിരുന്നു. ഇതറിഞ്ഞ് കുഞ്ഞുങ്ങളുടെ വിശപ്പടക്കാനായി ആ അമ്മ വാര്‍ക്കപണിക്ക് പോയി. പട്ടിണി രുചിച്ച് ആ കുഞ്ഞുങ്ങള്‍ വളര്‍ന്നു- അതിലൊരാള്‍ ഞാനായിരുന്നു. ഞരളത്ത് രാമപ്പൊതുവാളെ കണ്ട് അന്ന് ഒ.എന്‍.വി കവിതയെഴുതുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നില്ളെങ്കിലും പട്ടിണി എന്നത് എനിക്ക് അപരിചിതമായിരുന്നില്ല.

 തന്‍െറ ജീവിതം തന്‍െറ ഗ്രാമത്തിലുള്ളവര്‍ക്കോ കുടുംബത്തിനോ അല്ലാത്ത ഒരു പാട് പേര്‍ക്ക് ഞരളത്ത് പ്രചോദനമേകിയിട്ടുണ്ട്. പക്ഷേ തന്‍െറ  കുടുംബത്തിനെയോ, ഗ്രാമത്തിനേയൊ ബോധ്യപ്പെടുത്താനായി അദ്ദേഹം പെരുമാറിയിരുന്നില്ല. ഞാന്‍ ഇതൊന്നുമല്ല എന്ന ഭാവമായിരുന്നു അദ്ദേഹത്തിന് . അദ്ദേഹം  വീട്ടിലത്തെിയാല്‍ പട്ടയും പാളയും വെട്ടിക്കൊണ്ടുനടക്കും.തൊടിയിലെ വിറക് വെട്ടിക്കൊണ്ടിരിക്കും. വീട്ടിലെ പണികള്‍ ചെയ്യും. പാത്രം കഴുകും.ഒന്നോ രണ്ടോ ആഴ്ച. നാലുദിവസം നിന്നാല്‍ അസ്വസ്ഥതയായി. വീണ്ടും മാറാപ്പും ഇടക്കയും തൂക്കിയിറങ്ങും.ഒന്നിനോടും ഒട്ടി നില്‍ക്കാനാകില്ല, അദ്ദേഹത്തിന്. നാട്, കുടുംബം, ഭാര്യ, കുട്ടികള്‍ എല്ലാവരോടും. ആര്‍ക്കും തടയാനാകുമായിരുന്നില്ല, ആ സഞ്ചാരിയെ.


പട്ടിണിക്കാലം
പൂന്താനത്തിന്‍െറ നാട്ടുകാരാണല്ളോ. പൂന്താനത്തിന്‍െറ സ്വാധീനം അദ്ദേഹത്തില്‍ ഉണ്ടായെന്നിരിക്കാം. കൂടുതല്‍ പാടിയിരുന്നതും പൂന്താനം എഴുതിയ ഘനസംഘം ആണ്. തിരുമാന്ധാംകുന്നിലമ്മയെ കേശം മുതല്‍ പാദംവരെ വര്‍ണിക്കുന്നതാണ് ആ ശ്ളോകം. പൂന്താനം ജീവിതത്തെ കണ്ടതു പോലത്തെന്നെയായിരുന്നു ഞരളത്ത് സ്വന്തം ജീവിതത്തെ കണ്ടത്. പൂന്താനത്തിന്‍െറ ഭാര്യക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന്‍െറ കഴിവുകളെയും അറിയില്ലായിരുന്നു. അതുപോലത്തെന്നെയായിരുന്നു എന്‍െറ അമ്മയും. അച്ഛന്‍ വിലയുള്ള കലാകാരനാണെന്നോ കലയുടെ മൂല്യം എന്താണെന്നോ അമ്മക്ക് അറിയുമായിരുന്നില്ല. അമ്മയെ സംബന്ധിച്ച് അച്ഛന്‍ സമ്മാനിച്ച ഏഴുമക്കളെ വളര്‍ത്തുക എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നുമുണ്ടായിരുന്നില്ല. മക്കള്‍ക്ക് അസുഖം, വിദ്യാഭ്യാസം, ഭക്ഷണം. പണമേറെ ചെലവാണ്. ആറുവയസ്സുവരെ അസുഖം വിട്ടുമാറിയിരുന്നുമില്ല്ള എനിക്ക്. ഏതു ക്ളാസിലാണ് ഞങ്ങള്‍ പഠിക്കുന്നത് എന്നത് അച്ഛന്് അറിയുമായിരുന്നില്ല. അങ്ങനെ അച്ഛന്‍െറയും അമ്മയുടെയും വാത്സല്യമറിയാത്ത മക്കളായി ഞങ്ങള്‍ വളര്‍ന്നു.
1970 മുതല്‍ അമ്മ വാര്‍ക്കപ്പണിക്ക് പോയിത്തുടങ്ങിയിട്ടുണ്ട്. അതായത് വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷമത്തെുംമുമ്പുതന്നെ അമ്മക്ക് അദ്ദേഹത്തിന്‍െറ പ്രകൃതം പിടികിട്ടി. വീട്ടില്‍ കഞ്ഞിപുകയണമെങ്കില്‍ പണിയെടുത്തേ തീരൂവെന്ന് അമ്മക്ക് തോന്നിയിരിക്കണം. 1975ഓടെ പണിക്കു പോകുന്നത് നിര്‍ത്തിയെങ്കിലും വീടിന്‍െറ അകത്തളങ്ങളില്‍ മുറുമുറുപ്പുകള്‍ നിറഞ്ഞു.
75 വയസ്സുവരെ സ്വന്തം വീട്ടിലോ നാട്ടിലോ ഒരു തരത്തിലും ഞരളത്തിന് പരിഗണന കിട്ടിയില്ല.  വീടുകെട്ടി, സ്വന്തം കുടുംബം മാത്രം നോക്കിസംരക്ഷിക്കുന്നവരെയാണ് സമൂഹം കേമന്മാരെന്ന് പറയുന്നത്. അത്തരത്തില്‍ ഒരു പ്രാപ്തിയും ഇല്ലാത്തവനായിരുന്നു ഞരളത്ത് രാമപ്പൊതുവാള്‍. ആ കുറ്റബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അതോടൊപ്പം അമ്മയുടെ കുറ്റപ്പെടുത്തലുകളും. ഇതെല്ലാം അച്ചടക്കത്തോടെ കേട്ടുപോന്നു.
തന്‍െറ കഴിവുകള്‍ എന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ല, അദ്ദേഹം മാത്രമല്ല, ഭാര്യയും വീട്ടുകാരും. ആ കാരണംകൊണ്ടുതന്നെ വീട് അസ്വസ്ഥതകളുടെ കൂടാരമായി. വീട്ടിലെ നിരന്തരകലഹംകേട്ട് അച്ഛന്‍െറ കൂട്ടുകാര്‍ ചോദിച്ചിരുന്നു, എന്തിനാ ഇത് സഹിച്ച് ജീവിക്കണേന്ന്. ‘‘ആര്‍ക്കും വേണ്ടാത്തവനെ സ്വീകരിച്ചവളാണ് എച്ച്മ്മു (മാതാവ് ലക്ഷ്മിക്കുട്ടിയുടെ വിളിപ്പേര് ).’’ ഞാനിത് കേള്‍ക്കാന്‍ അര്‍ഹനാണ് എന്ന് ധ്വനിപ്പിക്കുമാറുള്ള മറുപടി. ആ കാരണംകൊണ്ട് കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന അമ്മയെ ബഹുമാനിച്ചുകൊണ്ടുനടന്നു.



വൃദ്ധനായ അച്ഛന്‍
കല്യാണം കഴിക്കുമ്പോള്‍ അച്ഛന് 41 വയസ്സായിരുന്നു, അമ്മക്ക് 19. അമ്മ നായര്‍സ്ത്രീയായിരുന്നു. അച്ഛന് അറുപതു വയസ്സുള്ളപ്പോള്‍ ഉണ്ടായ മകനാണ് ഞാന്‍. അദ്ദേഹം പാടിയ അപൂര്‍വ രാഗങ്ങളൊന്നും കേള്‍ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ല. ഞാന്‍ കാണാന്‍ തുടങ്ങിയപ്പോള്‍മുതല്‍ അച്ഛന്‍ നരച്ച മുടിയുള്ള ഒരു ‘അപ്പൂപ്പന’ായിരുന്നു. അച്ഛന്‍ ശാരീരികമായി അവശനായി എന്ന് അമ്മക്ക് തോന്നിത്തുടങ്ങിയപ്പോ, അതായത് എനിക്ക് എട്ടുവയസ്സുള്ളപ്പോള്‍മുതല്‍ സഹായിയായി അച്ഛനോടൊപ്പം എന്നെയും പറഞ്ഞുവിടും. അച്ഛന് വയ്യാണ്ടായി. വല്ലതും സംഭവിച്ചാല്‍ ആരും അറിയില്ലല്ളോ. എനിക്കാണെങ്കില്‍ പാടാന്‍ വാസനയുമുണ്ട്. അച്ഛന്‍ പാടുന്നത് കേട്ടുകേട്ട് എന്‍െറയുള്ളിലും സോപാനസംഗീതത്തിന്‍െറ ഈണം പതിഞ്ഞു. അച്ഛന്‍ നാമം ജപിക്കുന്നതും കൂട്ടത്തില്‍ കേട്ടുപഠിക്കുമായിരുന്നു. ആദ്യമായി ഇടക്ക തോളിലേറ്റുന്നത് തിരുവനന്തപുരത്ത് നടന്ന സാംസ്കാരിക ഘോഷയാത്രയില്‍ മലപ്പുറം ജില്ലക്കുവേണ്ടി അച്ഛനായി ഫ്ളോട്ടില്‍ വേഷം കെട്ടിയപ്പോഴാണ്. അച്ഛന്‍െറ പാട്ടു റെക്കോഡ് ചെയ്തുകേള്‍പ്പിച്ചാണ് ആ ഫ്ളോട്ട് അവതരിപ്പിച്ചത്. അച്ഛന്‍െറ കൂടെ യാത്രചെയ്ത് കേട്ടുകേട്ടുള്ള ശീലമാണ് എന്‍െറ പാട്ട്. മിക്ക ദിവസങ്ങളിലും ‘‘ഹരീ ഇങ്ങ്ട്ട് വാ’’ എന്നുപറഞ്ഞ് സ്റ്റേജിലേക്ക് കയറ്റിനിര്‍ത്തും. അങ്ങനെ കൂടെ പാടിച്ചിട്ടുണ്ട്. കേട്ട പാട്ടുകള്‍ പുനരാവിഷ്കരിക്കുക മാത്രമാണ് ആദ്യകാലങ്ങളില്‍ ഞാന്‍ ചെയ്തത്. പിന്നീട് എന്‍െറ ചിന്തകള്‍, ഈണങ്ങള്‍, ശൈലികള്‍ എല്ലാം അവയില്‍ കടന്നുവന്നു. അച്ഛന്‍െറയും എന്‍െറയും പാട്ട് തീര്‍ത്തും വ്യത്യസ്തമാണ്. 1995 നവംബറില്‍ എടപ്പാള്‍ കുളങ്ങര സംഗീതോത്സവത്തിലാണ് ഞാന്‍ അച്ഛന്‍െറ നിഴലില്‍നിന്നുമാറി ആദ്യമായി പാടിയത്.
എന്‍െറ നിര്‍ബന്ധപ്രകാരമാണ് ചിറ്റൂര്‍ കോളജില്‍ സംഗീതപഠനത്തിന് കൊണ്ടാക്കിയത്. ഹോസ്റ്റലില്‍ പണമടക്കാന്‍ പറ്റാതായപ്പോള്‍ സംഗീതപഠനം ഉപേക്ഷിച്ചു. പിന്നീട് ബി.എ മലയാളവും ബി.എഡും പഠിച്ചു. ഡിഗ്രിക്ക് പട്ടാമ്പി കോളജില്‍ പഠിക്കുന്നകാലത്തുപോലും അച്ഛന്‍ കൊണ്ടുതരാറുള്ള പഴയ കുപ്പായമിട്ടായിരുന്നു പോക്ക്.  ഒറ്റപ്പാലം എന്‍.എസ്.എസില്‍ ബി.എഡ് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സഹപാഠിയായിരുന്ന മായയാണ് എന്‍െറ ജീവിതസഖിയായത്. പിന്നീട് മഞ്ചേരിയിലെ ഒരു അണ്‍എയ്ഡഡ് സ്കൂളില്‍ അധ്യാപകനായി. പക്ഷേ, മിക്ക ദിവസവും പരിപാടി ഉള്ളതിനാല്‍ എനിക്ക് ക്ളാസില്‍ പോകാന്‍ കഴിയാറില്ല. അങ്ങനെ ജോലി രാജിവെച്ചു.


സമ്മാനപ്പൊതികള്‍

യാത്രകള്‍ പോയിവരുമ്പോള്‍ അച്ഛന്‍ പൊതിഞ്ഞുകെട്ടിക്കൊണ്ടുവരുന്നവക്കുവേണ്ടി ഞാന്‍ കാത്തിരിക്കാറുണ്ട്. ചെറുപ്പംമുതലേ ക്ഷീണപ്രകൃതി ആയതിനാല്‍ ചേട്ടന്മാരോടൊപ്പം പുറത്തൊന്നും പോയികളിക്കാന്‍ അനുവാദമില്ലായിരുന്നു. അപ്പോഴായിരിക്കും അച്ഛന്‍െറ വരവ്. എഴുതാന്‍ ലെറ്റര്‍പാഡ്, സാമ്പിള്‍ മരുന്നുകള്‍, പഴയ മാസികകള്‍ ഒക്കെ പൊതിക്കെട്ടിലുണ്ടാകും. ഉണ്ണിയപ്പം, അമ്പലത്തില്‍നിന്ന് കിട്ടിയ ചോറ്, പലഹാരങ്ങള്‍, കുട്ടികള്‍ക്ക് ഉപയോഗിക്കാം എന്നുപറഞ്ഞ് ആരെങ്കിലും കൊടുക്കുന്ന പഴയ വസ്ത്രങ്ങള്‍ ഇവയായിരിക്കും അധികവും. ഇതില്‍ പലതും കാണുന്നവര്‍ക്ക് അച്ഛന്‍തന്നെ കൊടുക്കും. എന്നാല്‍, വീട്ടില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ തന്‍െറ കൈയിലൂടെയല്ല്ളാതെ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് അമ്മക്ക് ഇഷ്ടമല്ല. അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും അച്ഛന്‍െറ വരവിന്‍െറകൂടെ പതിവാണ്. അച്ഛന് ആകെ കുറച്ചുപണമേ കിട്ടിയിട്ടുണ്ടാവുകയുള്ളൂ. വല്ലവരും ചോദിച്ചാല്‍ അതുപോലും കൊടുക്കും. നമുക്ക് വേണ്ടപ്പെട്ടതെന്ന് കരുതുന്നതൊന്നും അച്ഛന് വേണ്ടപ്പെട്ടതാവില്ല. ദക്ഷിണയായി കിട്ടിയ ഒരു മുണ്ടായിരിക്കും ചിലപ്പോള്‍ പൊന്നുപോലെ കൊണ്ടുവരുക. പാടാനായി ക്ഷണിച്ചുകൊണ്ടുപോയാലും പണം കണക്ക് പറഞ്ഞുവാങ്ങില്ല. എന്നിട്ട് പണം ചോദിച്ചാല്‍ തരും എന്ന് കരുതുന്ന ചില സ്ഥലങ്ങളില്‍ കയറിയിറങ്ങും. അവിടെ ചെല്ലുമ്പോള്‍ അവര്‍ ചില ചില്ലറകള്‍ കൊടുക്കും. ആ ചില്ലറകളാണ് അദ്ദേഹം വീട്ടില്‍ കൊണ്ടുവരുന്നുണ്ടാവുക, അല്ലാതെ പാട്ടുപാടിയ സമ്പാദ്യമാവില്ല. ആ കഴിവില്ലായ്മയാണ് അമ്മയെ അസ്വസ്ഥയാക്കിയത്. പിന്നപ്പിന്നെ വീട്ടിലെ അവസ്ഥ മനസ്സിലാക്കി ചിലരൊക്കെ വീട്ടിലേക്ക് പണം അയച്ചുതുടങ്ങി.
പലേടങ്ങളിലും ശല്യം ഒഴിഞ്ഞുപോയിക്കോട്ടെ എന്ന് കരുതി പ്രാകിക്കൊണ്ട്  ഇരുപത് രൂപ കൈയിലെറിഞ്ഞുകൊടുക്കുന്നതിന് ഞാന്‍തന്നെ പലതവണ സാക്ഷിയായിട്ടുണ്ട്. അതിനുവേണ്ടി ഒരു ദിവസം മുഴുവന്‍ അവിടെ ഒരുപക്ഷേ കാത്തുനില്‍ക്കേണ്ടിവന്നിട്ടുണ്ടാകും. എന്തെങ്കിലും പൈസ കിട്ടാനാണ് ഇയാള്‍ നില്‍ക്കുന്നത് എന്ന് അവര്‍ക്കുമറിയാം. തന്‍െറ പാട്ടിന്‍െറ വില എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. പാട്ടുപാടി കണക്കുപറയാനറിയില്ല. കണക്കു പറയാനറിഞ്ഞിരുന്നുവെങ്കില്‍ ആ ഭിക്ഷാടകന്‍െറ വേഷംകെട്ടേണ്ട ആവശ്യമില്ലായിരുന്നു എന്ന ബോധ്യവുമില്ല. തന്‍െറ കഴിവിനെക്കുറിച്ച്, തന്‍െറ കലയെക്കുറിച്ച് അറിവില്ലായിരുന്നു. തന്‍െറ കലാസപര്യ കടമയായിരുന്നു അദ്ദേഹത്തിന്. അതായിരുന്നു ആ ജീവിതം.

ദേശാടനം
കുട്ട്യോള്‍ക്ക് എന്തെങ്കിലും പറഞ്ഞുകൊടുത്തൂടെ എന്ന ചോദ്യം അലോസരമുണര്‍ത്തിയപ്പോള്‍ അദ്ദേഹം ഇടക്ക് അതിന് ശ്രമിച്ചിരുന്നു. ഞങ്ങള്‍ കുട്ടികളെ പാട്ടുപാടിക്കാന്‍ ശ്രമിക്കും. ഞങ്ങള്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍തന്നെ ഇവരൊന്നും ശര്യാവില്ല എന്ന തോന്നലുവരും. അതും പറഞ്ഞ് അദ്ദേഹം എണീറ്റ് പോവും. എന്നിട്ട് അസ്വസ്ഥനായി പശുവിന് പുല്ല് കൊടുക്കാന്‍ നില്‍ക്കും, ചാണകം വാരിക്കളയും. അദ്ദേഹത്തിന് പഠിപ്പിക്കാനുള്ള ഏകാഗ്രത ഉണ്ടായിരുന്നില്ളെന്നതാണ് സത്യം. ഞങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരണം എന്നൊക്കെ ആഗ്രഹിച്ചിരുന്നിരിക്കാം. ഒരു മകനെ കലാമണ്ഡലത്തില്‍ ചേര്‍ക്കാന്‍ ശ്രമം നടത്തി. മറ്റൊരാളെ കോട്ടക്കല്‍ പി.എസ്.വി നാട്യസംഘത്തില്‍ ചേര്‍ക്കാനും ശ്രമം നടത്തിയിട്ടുണ്ട്. അധികം വൈകാതെ അവര്‍ തിരിച്ചത്തെി.
എട്ടുവയസ്സുകഴിഞ്ഞപ്പോള്‍ മുതലാണ് എന്നെ കൂടെക്കൊണ്ടുപോകുന്നത്.  മക്കളില്‍ പലരെയും പലസമയം കൂടെക്കൂട്ടാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഓരോ ഘട്ടത്തിലും ഓരോ ചേട്ടന്മാരെ. പലരും സമ്മതിച്ചില്ല. കാരണം, അദ്ദേഹം കൃത്യസമയത്ത് ഭക്ഷണം കഴിക്കില്ല, കൃത്യസമയത്ത് ഉറങ്ങില്ല. യാത്രകള്‍ക്കുമില്ല കൃത്യത. പരമാവധി നടപ്പുതന്നെ. ഭാര്യയെന്നോ മക്കളെന്നോ ഉള്ള ചിന്തയൊന്നുമുണ്ടാകില്ല. പല സന്ദര്‍ഭങ്ങളിലും നമ്മള്‍ കൂടെയുണ്ടെന്ന കാര്യംപോലും മറന്നുപോകും. എന്നാല്‍, ഓര്‍മവരുമ്പോഴാകട്ടെ കൂടുതല്‍ വാത്സല്യത്തോടെ അടുത്തുവന്ന് കുശലംചോദിക്കും. സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു. എന്തിനാണ് എന്നറിയാതെ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യും. മുന്‍ശുണ്ഠിയും മറവിയും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തിന്‍െറ സംഗീതത്തോട് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന് കലയോടുമാത്രമായിരുന്നു താല്‍പര്യം. കുറെക്കാലം ഒരു നിഴലുപോലെ കൂടെയുണ്ടായിരുന്നതുകൊണ്ടുമാത്രം ഞരളത്ത് രാമപ്പൊതുവാളിന്‍െറ മഹത്ത്വം അറിയാന്‍ എനിക്കു സാധിച്ചു. അദ്ദേഹത്തിന്‍െറ അവതരണങ്ങള്‍ ആദ്യം അദ്ഭുതമാണ് സമ്മാനിച്ചത്. ഗൗരവമായി കലയെ കണ്ടുതുടങ്ങിയപ്പോഴായിരുന്നു ആ കഴിവ് തിരിച്ചറിഞ്ഞത്.
അച്ഛന് 80 വയസ്സുവരെ വീടുണ്ടായിരുന്നില്ല. നേരെ തിരിച്ചായിരുന്നു ഞാന്‍. 25 വയസ്സുമുമ്പേ വീടുവെച്ചു, കല്യാണം കഴിച്ചു. 41 വയസ്സിലാണ് അദ്ദേഹം കല്യാണം കഴിച്ചത്. ഞാന്‍ അച്ഛന്‍ ചെയ്തതിന്‍െറ വിപരീതമായാണ് ഭൗതികതലത്തില്‍ നിന്നുകൊണ്ട് ചെയ്തത്. എന്നാല്‍, ആത്മീയതലത്തില്‍ അദ്ദേഹം അനുഭവിച്ച അതേ പ്രശ്നങ്ങള്‍ ഞാനും നേരിടുന്നു.
കേരളത്തില്‍ പലേടത്തും പലരെയും ഞരളത്ത് സംഗീതം പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, അവ കുറച്ചുദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. സ്ഥിരമായി അങ്ങനെ ആ പ്രകിയ തുടരാനാവില്ല. അദ്ദേഹത്തിന്‍െറ സ്വഭാവമതായിരുന്നു. കേരളത്തില്‍ ശിഷ്യഗണമില്ലാതെ പോയ പ്രതിഭ ഞരളത്ത് മാത്രമായിരുന്നിരിക്കണം.

വിപ്ളവകാരിയായ
അച്ഛന്‍

മുഖ്യധാരയുടെ നിലവിലുള്ള നിയമങ്ങളെ ലംഘിക്കുക എന്നത് അദ്ദേഹത്തിന്‍െറ ശീലമാണ്. അനുസരിക്കുക എന്നത് അത്രയൊന്നും അദ്ദേഹത്തിന് സാധിക്കില്ല. അദ്ദേഹത്തിന്‍െറ മതിഭ്രമം എന്ന അവസ്ഥയാവാം അതിന് കാരണം. ഞാന്‍ ജനിക്കുന്ന കാലമാകുമ്പോഴേക്കും കാവാലം നാരായണപ്പണിക്കര്‍, ജി. അരവിന്ദന്‍, നെടുമുടി വേണു, ഡോ. കെ. അയ്യപ്പപ്പണിക്കര്‍, ജോണ്‍ എബ്രഹാം തുടങ്ങിയ കേരളത്തിലെ ഏറ്റവും മികച്ച കല-സാഹിത്യ പ്രവര്‍ത്തകരുടെ വലയത്തിലായിരുന്നു ഞരളത്ത് രാമപ്പൊതുവാള്‍. സോപാനസംഗീതം നട അടച്ചാല്‍ തുടങ്ങണം, നടതുറക്കുമ്പോള്‍ അവസാനിപ്പിക്കുകയും വേണം. എന്നാല്‍, ഞരളത്ത് തന്‍െറ ഇടക്കയുംകൊണ്ട് ക്ഷേത്രസോപാനംവിട്ടിറങ്ങിപ്പോയി. ക്ഷേത്രത്തിനകത്തല്ല, എവിടെയും പാടാനും കൊട്ടാനും തയാറുള്ള കലാകാരനായി പരിവര്‍ത്തനംചെയ്യപ്പെട്ടു. ജി. അരവിന്ദന്‍ കാവാലത്തിന് പരിചയപ്പെടുത്തിയതാണ് അച്ഛന്‍െറ ജീവിതത്തിലെ വഴിത്തിരിവായത്. കാവാലം നാടകങ്ങളിലും മറ്റു പരിപാടികളിലും സ്ഥിരസാന്നിധ്യമായിത്തീര്‍ന്നു അദ്ദേഹം. ‘തമ്പ്’ എന്ന സിനിമയിലും തിരുവരങ്ങ് നാടകസംഘത്തിലും സജീവമായിരുന്നു. സംഗീതോത്സവങ്ങള്‍മുതല്‍ കല്യാണങ്ങള്‍വരെ പാടാന്‍ അച്ഛന് മടിയുണ്ടായിരുന്നില്ല. ജാതീയത വേരോടിക്കൊണ്ടിരുന്ന സമയത്താണ് മതഭേദമില്ലാതെ എല്ലാ ചടങ്ങുകളിലും അദ്ദേഹം പാടിയിരുന്നത്.       പി.കെ.എ. റഹീം, ഏനദി ഹാജി എന്നിവരുടെ വീട്ടിലൊക്കെ പോയി പാടിയിട്ടുണ്ട്. സോപാനസംഗീതം എന്ന കലാരൂപത്തെ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി ലോകത്തിന് മുന്നിലത്തെിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിനുവേണ്ടി സ്വന്തം ജീവിതം നീക്കിവെച്ചു.
കളത്തിന് പുറത്ത്
ഒരാള്‍ വരച്ച കള്ളിയില്‍ നിര്‍ത്തി ജോലിചെയ്യിക്കാന്‍ പറ്റുമായിരുന്നില്ല. വാര്‍ധക്യത്തിലത്തെിയ ഞരളത്ത് രാമപ്പൊതുവാളിനെ മാത്രമേ ലോകത്തിനറിയൂ. 70 വയസ്സിനുശേഷമുള്ളയാള്‍. തായമ്പകയും മറ്റു മേളങ്ങളും അച്ഛനു വഴങ്ങുമായിരുന്നു. രാമന്‍െറ പ്രതിഭയനുസരിച്ച് ഇവിടെയൊന്നും എത്തിയാല്‍ പോരാ... പലരും പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ അച്ഛന്‍െറ ചെറുപ്പകാലം കണ്ടവരാണ്. ഏതുമേഖലയിലാണ് കഴിവ് എന്ന് രാമനും അറിവില്ലായിരുന്നു. ഒരു സ്ഥലത്തും ഉറച്ചുനില്‍ക്കില്ല. ഒന്നിനോടും പ്രതിപത്തിയും ഇല്ല. വീട്ടിലെ ഗതികേട് കണ്ടിട്ടാണ് ജി. ശങ്കരപ്പിള്ള സാര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ജോലികൊടുത്തത്. നാലുമാസത്തോളം അവിടെ മാസ്റ്ററായി ജീവിച്ച ആള്‍ പിന്നീട് എങ്ങനെയാണ് ജോലിയില്ലാത്തവനായി മാറിയത്? ഒരുകാലത്ത് ചെമ്പൈയുടെ അരുമ ശിഷ്യനുമായിരുന്നു. എന്നാല്‍ ‘‘മൂപ്പര് പോയാ വരൂല്യാ, വന്നാ പോവൂല്യാ’’ എന്നാണ് ചെമ്പൈ സ്വാമികള്‍ അച്ഛനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എവിടെയും നില്‍പുറക്കുമായിരുന്നില്ലല്ളോ, അദ്ദേഹത്തിന്.


പ്രശസ്ത ജീവിതം
ജീവിതത്തിന്‍െറ അവസാനകാലത്ത് 1985ഓടെയാണ് ഞരളത്ത് രാമപ്പൊതുവാള്‍ പ്രസിദ്ധനായത്. പുരസ്കാരങ്ങള്‍ കിട്ടിത്തുടങ്ങുകയും അവാര്‍ഡിന്‍െറ ഫോട്ടോകള്‍ പത്രങ്ങളില്‍ വന്നുതുടങ്ങുകയും ചെയ്തതോടെ ഇയാള്‍ ചില്ലറക്കാരനല്ളെന്ന് നാട്ടുകാര്‍ക്കും ബോധ്യപ്പെട്ടു. വൈകിവന്ന പ്രശസ്തിയില്‍ അമ്മക്കും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സന്തോഷമുണ്ടായിരുന്നു. അച്ഛന്‍ എന്തൊക്കെയോ ആണ് എന്ന തോന്നലുണ്ടായത് അതിനുശേഷമാണ്്. ഈ കാലഘട്ടത്തിലാണ് അച്ഛന് പരിപാടികള്‍ക്ക് പ്രതിഫലം ലഭിക്കാന്‍ തുടങ്ങിയത്. പത്രത്തില്‍ വാര്‍ത്തകള്‍ വരുകയും പണമൊന്നും ലഭിക്കാതിരിക്കുകയും ചെയ്ത കാലത്ത് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനം പ്രസിദ്ധമായിരുന്നു. ‘‘പത്രത്തിലും ചിത്രത്തിലും ഉണ്ട്, പാത്രത്തിലേക്ക് മാത്രം ഒന്നൂംല്യാ.’’ ജീവിതത്തിന്‍െറ അവസാനകാലത്ത് കൈവന്ന പ്രശസ്തിയും പണവും കുടുംബത്തിന് ആശ്വാസമേകിയിട്ടുണ്ട്. എന്‍െറ ബി.എഡ് പഠനം ആ കാലത്തായിരുന്നു.
1996ല്‍ അച്ഛന്‍െറ 80ാം പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ആദ്യം അദ്ദേഹം എതിര്‍ത്തു. എന്‍െറ പേരില്‍ ആഘോഷങ്ങളൊന്നുംവേണ്ടാ, എനിക്ക് പണ്ടേ ശീലല്യാന്ന് പറഞ്ഞാണ് എതിര്‍ത്തത്. എന്നിട്ടും ആഘോഷം ഗംഭീരമായി നടത്തി. സിനിമാതാരങ്ങളും സാംസ്കാരികലോകത്തെ പ്രമുഖരും ഒക്കെ പങ്കെടുത്ത ചടങ്ങ്, നാടിന്‍െറ ആഘോഷമായിരുന്നു അന്ന്. നാട്ടുകാര്‍ അച്ഛനെ അംഗീകരിച്ചെന്ന് തോന്നിപ്പിച്ച ആദ്യ സംഭവമായിരുന്നു അത്. അതേ വര്‍ഷംതന്നെയായിരുന്നു അദ്ദേഹത്തിന്‍െറ മരണവും.
വേര്‍പാട്
തൊണ്ണൂറുകളുടെ പകുതിയോടെ അദ്ദേഹം ഏറെ ക്ഷീണിതനായി. തലച്ചോറില്‍ രക്തം കട്ടപിടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയായിരുന്നു തുടക്കം. ആദ്യം കോട്ടക്കല്‍ ആര്യവൈദ്യശാലയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായിരുന്നു ചികിത്സ. ജീവിതത്തിലാദ്യമായി ആശുപത്രിയില്‍ കിടന്നത് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ബോധാബോധങ്ങളുടെ ഇടവേളകളില്‍, വേദനയുടെ മൂര്‍ധന്യത്തില്‍ അദ്ദേഹം ഉറക്കെ പാടും. ആ സംഗീതത്തിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. ആദ്യമൊക്കെ നഴ്സുമാര്‍ വഴക്കു പറയുമായിരുന്നു. അവസാനം ഡോക്ടര്‍ പാടാന്‍ അനുവദിച്ചു.
അല്‍പം രോഗശമനത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. മന്ത്രിയും മറ്റു പ്രമുഖരും അദ്ദേഹത്തെ അങ്ങാടിപ്പുറത്തെ വീട്ടിലേക്ക് കാണാനത്തെിയപ്പോഴാണ് വീട്ടിലെ ഇല്ലായ്മയറിയുന്നത്. വീട്ടില്‍ വൈദ്യുതിയത്തൊന്‍ ഇത് കാരണമായി. 80ാം പിറന്നാള്‍ ആഘോഷത്തിന് ശേഷം അദ്ദേഹത്തിന്‍െറ നില കൂടുതല്‍ വഷളായി.
കോട്ടക്കല്‍ ആര്യവൈദ്യശാല ആശുപത്രിയില്‍ കൂട്ടുകാരന് സഹായിയായി കൂട്ടിരിക്കുമ്പോഴാണ് അച്ഛന്‍ ഗുരുതര അവസ്ഥയിലാണെന്ന അറിയിപ്പ് ലഭിക്കുന്നത്. അധികം വൈകാതെ അദ്ദേഹം മരിച്ചു. കല-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലുള്ളവരുടെ വന്‍നിര തന്നെ വീട്ടിലത്തെി. അവസാന നാളുകളില്‍ വൈക്കം മുഹമ്മദ് ബഷീറിന്‍െറ പേരില്‍ പ്രവാസി സംഘടന പ്രഖ്യാപിച്ച പുരസ്കാരം വാങ്ങാന്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു അച്ഛന്‍. ചടങ്ങില്‍ പാടാന്‍  ‘ബാല്യകാലസഖി’യിലെ ‘‘താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളേ...’’ എന്ന ഗാനം പഠിക്കുകയും ചെയ്തു. എന്നാല്‍, അതിന് പോകാനായില്ല. പിന്നീട് സംഘടനയുടെ പ്രതിനിധികള്‍ വീട്ടിലത്തെി പുരസ്കാരം കൈമാറിയപ്പോള്‍ ആ ഗാനം ഞാന്‍ അവര്‍ക്കുവേണ്ടി പാടി.


ഞരളത്തിനുശേഷം
അച്ഛന്‍ വിടവാങ്ങിയതോടെ സംഗീതപാരമ്പര്യം നിലനിര്‍ത്തേണ്ടത് എന്‍െറ കടമയായി. അധികം വൈകാതെ എന്നെ പരിപാടികള്‍ക്ക് വിളിച്ചുതുടങ്ങി. അതിനുമുമ്പ് പല വേദികളിലും ഞാന്‍ പാടിയിട്ടുണ്ടെങ്കിലും വിശ്വാസക്കുറവ് ഉണ്ടായിരുന്നു. ഒരു ധൈര്യത്തില്‍ ഏറ്റെടുത്തു. കലതന്നെയാണ് ജീവിതം എന്ന തിരിച്ചറിവിലായിരുന്നു ഞാന്‍. ആദ്യമായി വിളിക്കുന്നത് സംഘ്പരിവാറിന്‍െറ സാംസ്കാരിക സംഘടനയായ ‘തപസ്യ’യാണ്. അന്ന് ‘തപസ്യ’യുടെ രാഷ്ട്രീയമൊന്നും എനിക്കറിയില്ല. അതോടെ എന്നെ ആന്‍റി കമ്യൂണിസ്റ്റായി മുദ്രകുത്തുകയായിരുന്നു. ഞാന്‍ ആരു വിളിക്കുന്ന വേദിയിലും പാടാന്‍ തുടങ്ങി. നായര്‍ സ്ത്രീയുടെ മകനായി ജനിച്ചതുകൊണ്ട് അമ്പലത്തില്‍ പാടാന്‍ കഴിയില്ല എന്നറിഞ്ഞപ്പോള്‍ അമ്പലത്തിന്‍െറ രീതികളെ വിമര്‍ശിച്ചത് പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തി. ആ ഘട്ടങ്ങളില്‍ സ്വാഭാവികമായി കമ്യൂണിസ്റ്റുകാര്‍ എനിക്ക് പിന്തുണ നല്‍കി. പിന്നീട് അവരുടെ വേദികളിലും ഞാന്‍ സജീവമായി.
സവര്‍ണനായിരുന്നിട്ടും ഒരു അവര്‍ണജീവിതം നയിച്ചയാളാണ് ഞരളത്ത് രാമപ്പൊതുവാള്‍.  ഈ അവര്‍ണജീവിതം മകനും ജീവിച്ചാല്‍ മതി എന്ന് കരുതുന്ന കുറെ ആളുകളുണ്ട്. ഞരളത്ത് രാമപ്പൊതുവാളിന്‍െറ മകന്‍ അത്ര വലിയ ആളൊന്നും ആവണ്ട എന്ന മനോഭാവം പലരിലുമുണ്ട്. ഇതൊന്നും ബാധകമാകാതെ സത്യസന്ധതയോടെ സ്നേഹിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഈ സഹൃദയരാണ് എന്‍െറ ശക്തി.


photos
from njaralath harigovindan
 0.ajith kumar
pavitran