Wednesday, February 5, 2014


പേറ്റുനോവിന്  

വിലയിടുമ്പോള്‍



സ്വപ്നത്തില്‍ നന്ദിനി  അരികില്‍ വന്ന് അയാളോട് ഇങ്ങനെ പറഞ്ഞു‘‘സുമംഗലയെ പ്രസവക്ളേശം അറിയിക്കാതിരിക്കാനാണ് ഞാന്‍ സംഭവിച്ചിട്ടുള്ളത് ’’...‘‘അയ്യോ അതെങ്ങനെ. ക്ളേശമില്ലാതെ മാതൃത്വമുണ്ടോ? - മൃത്യുഞ്ജയന്‍ ചോദിച്ചു....‘
പുതിയൊരു തുടക്കമാണ്. സംഭോഗത്തിന്‍െറ സ്വാര്‍ഥതകളില്ലാത്ത ഗര്‍ഭധാരണം. ഈ രാത്രി തൊട്ട് അമ്മയുടെ ഗര്‍ഭപാത്രം വിട്ട് അവള്‍ എന്‍െറ വയറ്റില്‍ ഉറങ്ങും. എന്നില്‍ നിന്ന് അവള്‍ പുറത്തുവരും; പ്രകൃതിയുടെ ശിശുവായി..’’
മധുരം ഗായതി- ഒ.വി.വിജയന്‍

````````````````````````````````

അവള്‍ക്ക് നാലാമത്തേത് ആണ്‍കുഞ്ഞായിരുന്നു. മൂന്നുപെണ്‍കുഞ്ഞിന് ശേഷമുള്ള സുന്ദരന്‍ വാവ.ഒരു നോക്കുപോലും കാണുംമുമ്പേ, ഒരിറുക്ക് പാലു കൊടുക്കും മുമ്പേ അവനെ പിടിച്ചുമാറ്റി.വില പറഞ്ഞ് വന്ന ‘മാതാപിതാക്കളില്‍’ നിന്ന്  ഡോക്ടറെന്ന കരാറുകാരന്‍ തന്‍െറ പേറ്റുനോവിന്‍െറ നോട്ടുകള്‍  എണ്ണിവാങ്ങുന്നു. മുലപ്പാലിനായി അവന്‍ പരതിയുണ്ടാവണം, അമ്മയുടെ ചൂടിനായി തപ്പിയിട്ടുണ്ടാകും.അവനാദ്യമറിഞ്ഞ മണം, ആദ്യം കേട്ട ശബ്ദം. അവനിപ്പോള്‍ മറ്റൊരു അമ്മയുടെ അടുത്ത്. പത്തുമാസത്തെ എന്‍െറ ഗര്‍ഭപാത്രത്തിലെ വാടക വീടിന്‍െറ കരാര്‍ കഴിഞ്ഞിരിക്കുന്നു.  ‘അത് എന്‍െറ കുഞ്ഞായിരുന്നില്ല’-പറഞ്ഞുപഠിപ്പിച്ച ആ വാക്കുകള്‍ അവള്‍  കണ്ണീരോടെ ഉരുവിട്ടുകൊണ്ടിരുന്നു.   ആ ദിനങ്ങളില്‍ മുലപ്പാല്‍ മുട്ടി നെഞ്ചുരുകിയപ്പോള്‍ അവള്‍ കുളിമുറിയില്‍ പിഴിഞ്ഞുകളഞ്ഞ ആ അമ്മിഞ്ഞപാലിനായി ആ പൊന്നു വാവ എവിടെയോ ഇരുന്ന് ഉറക്കെ കരഞ്ഞു...
----------


തീരെ ദരിദ്ര കുടുംബമായിരുന്നില്ല അവളുടെത്.വാര്‍പ്പ് പണിക്കാരനായ പിതാവ്.രണ്ട് സഹോദരിമാര്‍. പത്താംക്ളാസോടെ പഠനം നിറുത്തി.പിതാവിന് അസുഖം വന്നതോടെ തുടങ്ങിയ ദുരിത ജീവിതം.  17 ാം വയസില്‍ വിവാഹിതയായപ്പോഴാണ് പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചത്. ഒരുതുണ്ട് ഭൂമി,സ്വന്തമായി വീട്... എല്ലാവരെയും പോലെ അവളും സ്വപ്നം കണ്ടു.
വെള്‍ഡിങ് ജോലി ചെയ്തുവരികയായിരുന്നു ഭര്‍ത്താവ്.നെടുമ്പാശേരിക്കടുത്ത് ചെറു വാടകവീടിന്‍െറ ഇടുങ്ങിയ മുറിയില്‍ ജീവിതം. 18 വയസിലായിരുന്നു ആദ്യകുഞ്ഞ്.  അധികം വൈകാതെ രണ്ടുപേര്‍ കൂടി. മൂന്നും പെണ്‍കുഞ്ഞുങ്ങള്‍. കൈതാങ്ങാകാന്‍ ആണ്‍കുഞ്ഞിനെ തന്നില്ളെന്ന് അവള്‍ എപ്പോഴും പരിഭവം പറയുമായിരുന്നു.    ദൈവം കൈനിറയെ തന്നതൊക്കെ പെണ്‍കുഞ്ഞുങ്ങള്‍.   പ്രാരാബ്ദങ്ങളുടെ പേമാരിയില്‍ അവള്‍ ആടിയുലഞ്ഞു.ഭര്‍ത്താവിന്‍െറ കൂലി മുടങ്ങിയാല്‍ പിന്നെ വീട് നരകമായി.  വായ്പകളായി അഭയം.കടം വന്നുമുട്ടി. സ്വപ്നങ്ങള്‍ കൈപിടിയില്‍ നിന്നകന്നുപോകുന്നത് കണ്ടപ്പോള്‍ മനസ്സ് പിടച്ചു.  വീട്, പെണ്‍കുഞ്ഞുങ്ങളുടെ ഭാവി...ആധിയില്‍ ഒടുങ്ങുമായിരുന്നു ആ ജീവിതങ്ങള്‍. ഒരു പ്രസിദ്ധീകരണത്തില്‍ വന്ന പരസ്യമായിരുന്നു വഴി തിരിച്ചുവിട്ടത് .പത്തുമാസം കൊണ്ട് ലക്ഷങ്ങള്‍. കണ്ണ് മഞ്ഞളിച്ചുപോയി. അതിന് വായ്പയാകേണ്ടത് സ്വന്തം ഗര്‍ഭപാത്രമാണെന്നറിഞ്ഞപ്പോള്‍ അല്‍പം ശങ്കിച്ചു. ഒരുപാട് തവണ വേണ്ടെന്ന് വെച്ചു.പക്ഷേ ആ പരസ്യം മാടി വിളിക്കുകയായിരുന്നു.ഒരു നാള്‍ ആരോടും മിണ്ടാതെ വണ്ടികയറി, ആ ക്ളിനിക്കിലേക്ക്. 

------------

ആദ്യം ഞെട്ടിയത് ഭര്‍ത്താവാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം. ഇഷ്ടമുണ്ടായിരുന്നില്ല. പാതി സമ്മതത്തിലായിരുന്നു, അവസാനം വരെ. എതിര്‍പ്പ്, ആശങ്ക, നാട്ടുകാര്‍  എന്തുപറയും എന്നുള്ള ചിന്ത. സ്ഥലം, ഒരു കൊച്ചുവീട്, കുഞ്ഞുങ്ങളുടെ ഭാവി ...പണമില്ലാതെ ഒന്നും ചെയ്യാനാവില്ല.  സ്വപ്നങ്ങള്‍ പരസ്പരം പറഞ്ഞുപഠിപ്പിച്ച് അവസാനം അവര്‍ തീരുമാനിച്ചു,വാടക അമ്മയാകാന്‍. ആദ്യ രണ്ടാഴ്ച പരീക്ഷണ വസ്തുവായിരുന്നു.ആരോഗ്യവതിയായ അമ്മയാകാനാകുമോ എന്ന പരിശോധന. ഡോക്ടര്‍ തൃപ്തന്‍. പിന്നെ കരാറുടമ്പടിയായി. ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചില്ളെങ്കില്‍ കിട്ടുന്ന തുകയില്‍ കുറവുവരും. 25 ശതമാനം അഡ്വാന്‍സ് തുക  കൈപറ്റുമ്പോള്‍ കൈ വിറച്ചു. 



----
ഓപറേഷന്‍ തിയറ്റര്‍ കണ്ണ് തുറന്നു. പച്ച മുഖംമൂടികളത്തെി. സൂചി കയറുന്ന വേദന.പാതി മയക്കത്തില്‍ ഏതാനും മണിക്കൂറുകള്‍.അടിവയറ്റില്‍ എന്തൊക്കെയോ പരതലുകള്‍. ഗര്‍ഭപാത്രത്തിന്‍െറ ഉറപ്പുപരിശോധനയാണ്. സേവന സജ്ജമാകുകയാണ് അവളുടെ ഗര്‍ഭപാത്രം. തിക്കിത്തിരക്കി അതിഥിയത്തെി. ആരുടെതാണിതെന്നറിയാത്ത രണ്ടു മനുഷ്യജന്മങ്ങളുടെ മോഹഫലം.  താന്‍ ഗര്‍ഭിണിയാകുന്നുവെന്ന് അവളറിഞ്ഞു.  ഒരു പിഞ്ചു ഭ്രൂണം-കുഞ്ഞാണ്   ഉള്ളില്‍ തുടിക്കാന്‍ വെമ്പുന്നത്.തന്‍െറ കടിഞ്ഞൂല്‍ ഗര്‍ഭത്തെക്കുറിച്ചവളോര്‍ത്തു, മൂന്ന് പെണ്‍കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തു. താന്‍ കൊതിച്ചെങ്കിലും ദൈവം വിധിച്ചില്ലാത്ത ആണ്‍കുഞ്ഞാണെങ്കിലോ ഇത്...അവളുടെ ഉള്ളം തുടിച്ചു,വയര്‍ ചേര്‍ത്തുപിടിച്ചു. അങ്ങനെയാവരുതേ....അങ്ങനെ പ്രാര്‍ഥിക്കാനാണവള്‍ക്ക് തോന്നിയത്.

ഇതെന്‍െറ കുഞ്ഞല്ല... അവള്‍ ഉരുവിട്ടുകൊണ്ടിരുന്നു.ആറുമാസം വരെ വേണമെങ്കില്‍ വീട്ടില്‍ നില്‍ക്കാമെന്നാണ് കരാര്‍.വീട്ടില്‍ പോയി കുറച്ചുനാള്‍ കഴിഞ്ഞ് തിരിച്ചുവരാമെന്ന ധാരണയില്‍ ക്ളിനിക്ക് വിട്ടു. അധികം വൈകാതെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. വീര്‍ത്തുതുടങ്ങിയ വയര്‍ നാട്ടുകാരുടെ മുമ്പില്‍ ഒളിപ്പിച്ചുതുടങ്ങി. നാട്ടുകാരുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടല്‍. ഇനിയും ഉള്‍കൊള്ളാനാവാത്ത വിധമായിരുന്നു ഭര്‍ത്താവിന്‍െറ പെരുമാറ്റം.ഇടക്കിടെ വേറൊരാളുടെ ഗര്‍ഭം ധരിച്ച് ഭാര്യയെ കാണാനിഷ്ടപ്പെടുന്നില്ളെന്ന് തോന്നിയതോടെ ക്ളിനിക്കിലേക്ക് മടക്കം. മക്കളെ പിരിഞ്ഞിരിക്കലായിരുന്നു ഏറെ വിഷമം. 


ദേഷ്യം,സങ്കടം..എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുതീര്‍ത്ത ദിനങ്ങള്‍. മണിക്കൂറുകള്‍ തോറും എത്തിനോക്കുന്ന നഴ്സുമാര്‍. ചുറ്റിലും നിറവയറുമായത്തെിയവര്‍ക്ക് ഒരേ കഥകളാണ്. ഓരോ മൂലയിലും കണ്ണീരുണങ്ങാത്ത ജീവിതങ്ങള്‍.വീര്‍ത്തുവരുന്ന വയറില്‍ ആളനക്കം വന്നുതുടങ്ങി. കൂട്ടിനുള്ള ആ ആളനക്കത്തെ സ്നേഹിക്കാന്‍ പാടില്ളെന്നാണാണ് കര്‍ശന നിര്‍ദേശം. തന്‍െറതല്ലാതെ തന്നിലുള്ളില്‍ വളരുന്ന തുടിപ്പുകള്‍. ഇടക്കേല്‍ക്കുന്ന തലോടലുകള്‍.വയറിന്നുള്ളില്‍ വരഞ്ഞുതീര്‍ക്കുന്ന ആ കുഞ്ഞുകൈകളെ സ്നേഹത്തോടെ തലോടാന്‍ പോലും ആകുന്നില്ലല്ളോ... എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപ്പെടണം -അവള്‍ പൊട്ടിത്തെറിച്ചു തുടങ്ങി. മക്കളെ കാണാതെ നിലവിളിച്ചു. അവരത്തെിയപ്പോള്‍ പൊട്ടിക്കരഞ്ഞു, അവര്‍ തിരിച്ചുപോകുമ്പോഴും.‘‘പ്ളീസ് ഡോക്ടര്‍ , പെട്ടന്നൊന്ന് ഇതൊന്ന് അവസാനിപ്പിച്ചുതന്നേ പറ്റൂ’’ മനോനില തെറ്റിയപോലെ ഒരു നാള്‍ അവള്‍ ഡോക്ടറോട് കേണപേക്ഷിച്ചു. മാസമത്തൊന്‍ ഇനിയും ദിനങ്ങള്‍ ബാക്കി. ഡോക്ടര്‍ പരിശോധനക്ക് ശേഷം പറഞ്ഞു, ആയിട്ടില്ല, കാത്തിരുന്നേ പറ്റൂ. കുറച്ചുനാള്‍ കൂടി... മറുപടി കേട്ട് മടുത്ത് അവള്‍ പുറത്തേക്കോടി. നഴ്സുമാര്‍ കൂട്ടിക്കൊണ്ടുവന്നു. പിന്നെ വീണ്ടും കാത്തിരിപ്പ് .. വയറ്റില്‍ വളരുന്ന കുരുന്നിനോട് അവള്‍ വിഷമങ്ങള്‍ പറഞ്ഞുതീര്‍ത്തു. ദേഷ്യപ്പെടാന്‍ തോന്നിയില്ല. തന്‍്റെ മൂന്ന് മക്കളുടെയും സുഖപ്രസവമായിരുന്നു . പ്രസവത്തിന് തൊട്ടുമുമ്പ് അവസാന നാളുകളില്‍ പോലും സന്തോഷം തിരതല്ലിയിയ നിമിഷങ്ങള്‍. ഭര്‍ത്താവിന്‍െറ പുഞ്ചിരി, അമ്മയുടെ വാല്‍സല്യം, മക്കളുടെ കുശലാന്വേഷണം.ഇവയൊന്നുമില്ലാതെ ഇതാ പൂര്‍ണഗര്‍ഭിണിയായി താന്‍ ഈ തുരുത്തില്‍ ഒറ്റപ്പെട്ട്. വീര്‍ത്ത വയറില്‍ കൈചുറ്റിപ്പിടിച്ച് അവള്‍ കിടന്നു.പെറ്റമ്മയുടെ താരാട്ടുകേള്‍ക്കാന്‍ കഴിയാത്ത അവനെയോര്‍ത്ത് അവള്‍ രണ്ടുവരി പതിയെ മൂളി. 



സന്തോഷം ഏറെ തോന്നിയ ദിവസമായിരുന്നു അന്ന്. അമ്മയാകാന്‍ തയ്യാറെടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു. അന്ന് നാളുകള്‍ക്ക് ശേഷം അവള്‍ ഉള്ളുതുറന്ന് ചിരിച്ചു.  ടെന്‍ഷന്‍ വിട്ടിരുന്നില്ല.  വീണ്ടും അരണ്ട വെളിച്ചത്തിലേക്ക്. ഡോക്ടറത്തെി കുത്തിവെച്ചു.  പതിഞ്ഞ ശബ്ദങ്ങള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി... കണ്ണുകളടഞ്ഞു.ഇടക്കെപ്പോഴോ ഒരു വലിച്ചെടുക്കലിന്‍െറ ആയാസം.കരച്ചില്‍ കേട്ടോ.. പിന്നെ ഹൃദയത്തില്‍ നിന്നെന്തോ മുറിച്ചിട്ട പോലെ.. .കണ്ണ് തുറന്നപ്പോള്‍ ഡോക്ടറുടെ ചിരിക്കുന്ന മുഖം. അഭിനന്ദനം. വയറ്റില്‍ തലോടി..അവനില്ല. തൊട്ടടുത്ത് അവന്‍  അല്ല അവള്‍ കിടപ്പുണ്ടോ...ഇല്ല..‘ഡോക്ടര്‍ അവനോ അതോ അവളോ....’ ചോദ്യം ചങ്കില്‍ മുട്ടി നിന്നു.പാടില്ല... ‘നീ സ്വതന്ത്രയാണ്്.’-ഡോക്ടര്‍ പറഞ്ഞു.കുഞ്ഞിനെ ഒന്ന് കാണാമോ..അവള്‍ ചോദിച്ചു.മറുപടി പറയാതെ ഡോക്ടറൊഴിഞ്ഞു. തൊട്ടടുത്ത് നിന്ന അമ്മയോടും ഇതേ ചോദ്യം ....ആര്‍ക്കും മറുപടിയില്ല.  ചോരയും നീരും നല്‍കി താലോലിച്ചുണ്ടാക്കിയ സൃഷ്ടി വിറ്റഴിഞ്ഞിരിക്കുന്നു, തിരിച്ചുചോദിക്കാനാകാത്ത വിധം.

പിന്നീട് ആദ്യമായി അവരെ കണ്ടു. തന്‍െറ കുഞ്ഞിന്‍െറ ‘അച്ഛനമ്മമാരെ...’ ,സന്തോഷപ്പൊതികളുമായി. വെളുത്തുകൊലുന്നനെയുള്ളയാളും തടിച്ച സ്ത്രീയും.തന്‍െറ കുഞ്ഞും ഇവരെപ്പോലെ വെളുത്തതായിരിക്കും. പേരും വിലാസവും അവര്‍ പറഞ്ഞില്ല.ഏതായാലും കേരളക്കാരല്ല . അവര്‍ പിരിഞ്ഞപ്പോള്‍ എന്തോ പോലെ. തന്‍െറ കുഞ്ഞുമായിരിക്കും അവരുടെ യാത്ര. അവന് വിശക്കുന്നുണ്ടാകുമോ. മുലപ്പാല്‍ പോലും നുണയാതെ എന്‍െറ കുഞ്ഞ്. അവള്‍ തേങ്ങി.  കണ്ണീരറിഞ്ഞപ്പോള്‍ വയറ്റില്‍ തലോടി ആശ്വസിപ്പിച്ച ആ  കുഞ്ഞുവിരലുകള്‍...ഒരു പക്ഷേ ആ കുഞ്ഞ് അവനായിരിക്കുമോ...മൂന്ന് പ്രസവത്തിലും താന്‍ കാത്തിരുന്ന ആ ആണ്‍തരി.. അമ്മേ എന്ന അവന്‍െറ  കൊഞ്ചല്‍ ഒരിക്കലെങ്കിലും.......



ഗര്‍ഭസേവനത്തിന്‍െറ മറവിലെ കങ്കാണിപ്പണി


പുറത്തുനിന്ന് നോക്കിയാല്‍ അടച്ചിട്ട സൗധം. കാറ്റും വെളിച്ചവും അധികമേല്‍ക്കാത്ത മുറികള്‍. എന്തോ ഒളിപ്പിക്കാനുണ്ടെന്ന് വിളിച്ചുപറയുന്നതായിരുന്നു ഓരോന്നും. ആശുപത്രിയുടെ മുകള്‍ നിലയിലാണ് അമ്മമാര്‍ക്കുവേണ്ട സൗകര്യങ്ങള്‍.ഇന്‍പേഷ്യന്‍റിന് നല്‍കുന്ന സൗകര്യങ്ങളില്‍ കൂടുതല്‍ കാണാനായില്ല.  ടി.വി ഉള്‍പ്പെടെ കോമണ്‍ ഹാള്‍. തയ്യില്‍ മെഷീനും മറ്റും..കോമണ്‍ കിച്ചണ്‍. ക്ളിനിക്കിന്‍െറ കൗണ്ടറിലേക്കുള്ളതല്ലാതെ ഇവര്‍ക്ക് പുറത്തിറങ്ങാനുള്ള വഴി മാത്രം കണ്ടില്ല.ഏതാനും നഴ്സുമാര്‍ വട്ടമിട്ടു പറക്കുന്നു. മുറികളിലായി പത്തോളം പൂര്‍ണ ഗര്‍ഭിണികള്‍.ചിരി നഷ്ടപ്പെട്ട പോലെ അവര്‍ മുറികളുടെ വരമ്പുകള്‍ നടന്നു തീര്‍ക്കുന്നു.
‘‘  വസുദേവരുടെയും ദേവകിയുടെയും ഏഴാം പുത്രനെ രോഹിണിയുടെ വാടക ഗര്‍ഭത്തിലേക്കാണ് ആവാഹിച്ചത്. അതാണ് ബലരാമന്‍.  പുത്രന്മാരുണ്ടാകുന്നതിന് പകരം അണ്ഡം പ്രസവിച്ചതാണ്  ഗാന്ധാരി. പിന്നീട് മഹാമുനികള്‍ ഈ അണ്ഡത്തില്‍ നിന്നാണ് നൂറു കൗരവന്മാരെ സൃഷ്ടിച്ചത്. ആ അണ്ഡങ്ങളില്‍ നിന്ന് കൗരവര്‍ പിറവിയെടുത്തത് വാടക അമ്മമാരിലൂടെയാവില്ളേ...ഇത് പുതിയ ഏര്‍പ്പാടൊന്നുമല്ല, പിന്നെ എന്തിനാണീ വിവാദങ്ങള്‍ ’’വാടക ഗര്‍ഭങ്ങളുടെ ഒൗട്ട് സോഴ്സ് കരാറുകാരനായ ഡോക്ടര്‍ പുരാണത്തെ കൂട്ടുപിടിച്ച് പറഞ്ഞു.‘ദേ കണ്ടില്ളേ’-എന്‍െറ മുമ്പില്‍ ഡോക്ടര്‍ നീട്ടിത്തന്നത് അദ്ദേഹത്തിന്‍െറ  മൊബൈലിലെ ചിത്രങ്ങളാണ്.കഴിഞ്ഞ ദിവസം ബാംഗ്ളൂരില്‍ കുഞ്ഞിന് ജന്മം കൊടുത്ത വാടക അമ്മ  ബെഡില്‍ ഇരിക്കുന്ന ചിത്രം. കുഞ്ഞാണെന്ന് കരുതി, മടിയില്‍ എന്തോ ഇരുത്തിയത്് കണ്ടപ്പോള്‍ ജിജ്ഞാസയോടെ ഡോക്ടറുടെ കൈയില്‍ നിന്ന് മൊബൈല്‍ വാങ്ങി നോക്കി.മടിയില്‍ ഒരു കുഞ്ഞിന്‍െറ വലിപ്പമുള്ള ഒരു സമ്മാനപ്പൊതി. അതിലെന്താണെന്ന് ചോദിക്കാന്‍ വന്നതായിരുന്നു. ഡോക്ടര്‍ അടുത്ത ചിത്രം കാണാന്‍ സ്ക്രീന്‍ നിരക്കിത്തന്നു.തുറന്നുവെച്ച പൊതി അതില്‍ ആഭരണങ്ങള്‍.പിന്നെ മറ്റൊരു പൊതി. ‘കുഞ്ഞിന്‍െറ അഛനമ്മമാര്‍ സമ്മാനമായി കൊടുത്തതാണവര്‍ക്ക്- അത്യാഗ്രഹ കൊതിയുള്ള കണ്ണുകളോടെ ഡോക്ടര്‍ പറഞ്ഞു. തങ്ങളുടെ കുഞ്ഞിന്‍െറ പേറ്റുനോവിനുള്ള സമ്മാനം.  ദേഷ്യമാണ് തോന്നിയത്. ലക്ഷങ്ങള്‍ക്ക് പുറമെ കേടുകൂടാതെ പ്രസവിച്ചവര്‍ക്കുള്ള ഈ സമ്മാനങ്ങള്‍ ഡോക്ടറുടെ മൊബൈലില്‍ കണ്ട് എത്ര വാടക അമ്മമാര്‍ കണ്ണഞ്ചിപ്പോയീട്ടുണ്ടാകും. എത്രപേര്‍ ഇതും പ്രതീക്ഷിച്ച് തങ്ങളുടെ വീര്‍ത്ത വയറിനെ താലോലിക്കുന്നുണ്ടാകും. മാതൃത്വത്തെ വില്‍പനചരക്കായി മാത്രം കാണുന്ന കങ്കാണി. യാഥാസ്ഥിതികമായ കേരള സമൂഹത്തില്‍ വാടക ഗര്‍ഭധാരണമെന്നത് പാവപ്പെട്ടവരുടെ ലോട്ടറിയായി എങ്ങനെ മാറ്റാമെന്നത് ആരും അദ്ദേഹത്തെ പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല.കാരണം  കേരളത്തില്‍ നിന്നുതന്നെ നൂറോളം പേര്‍ വാടക അമ്മമാരാകാനുള്ള അദ്ദേഹത്തിന്‍െറ വെയിറ്റിങ് ലിസ്റ്റില്‍ നിരന്നിരിപ്പാണ്. വിവാഹ ബന്ധം വേര്‍പെടുത്തിയവരുടെയും  മദ്യപാനം തകര്‍ത്ത ജീവിതങ്ങളുടെയും നിത്യവൃത്തിക്ക് വകയില്ലാതെ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നവരുടെയും നീണ്ട നിരയുണ്ടതില്‍. പത്തുമാസം കൊണ്ട് മൂന്നോ നാലോ ലക്ഷം. ആ മോഹ വലയം കൊണ്ടത്തെിച്ചതാണവരെ. 20 ഓ 30 ഓ തങ്ങളുടെതല്ലാത്ത കുട്ടികളെ വീട്ടമ്മമാര്‍ ഇദ്ദേഹത്തിന്‍െറ ക്ളിനിക്കുകളുടെ  ഇരുണ്ട മൂലകളില്‍  എപ്പോഴും ‘ഗര്‍ഭ സേവനം’ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.അദ്ദേഹത്തിന്‍െറ ഭാഷയില്‍ സര്‍ക്കാര്‍ വകുപ്പുകളെപ്പോലത്തെന്നെ ഇത് സര്‍വിസ് സെക്ടറാണ്. ഒരു സേവന ശൃംഖല,പണം കൊടുത്താല്‍  മാതൃത്വം ചില്ലറക്ക് വില്‍ക്കുന്ന കൗണ്ടറുകള്‍ . അതാണീ ‘സേവന വ്യവസായം’.
കേരളത്തില്‍ വാടക ഗര്‍ഭധാരണത്തിന് അമ്മമാരെ കിട്ടാന്‍ ആദ്യം വലിയ പ്രശ്നമായിരുന്നു- ഡോക്ടര്‍ പറയുന്നു. കേരള സമൂഹം ഇപ്പോള്‍ ഏറെ മാറി.ഏതാണ്ട് എല്ലാ ജില്ലകളിലും ഞങ്ങള്‍ക്ക് ശാഖകളുണ്ട്. അമ്മമാരാകാന്‍ തയ്യാറായി നാനൂറോളം പേര്‍ ഞങ്ങളുടെ ലിസ്റ്റില്‍ കാത്തുകെട്ടി കിടക്കുന്നു. ഒരിക്കല്‍ വാടക അമ്മയായവരെ ഞങ്ങള്‍ വീണ്ടും എടുക്കാറില്ല. മറ്റു പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കേണ്ട. അവരുടെ ജീവിതവും കരുപിടിപ്പിക്കേണ്ടേ- മഹാമനസ്കതയോടെ ഡോക്ടര്‍ ചിരിച്ചു.
പ്രായവും ആരോഗ്യവും കണക്കിലെടുത്ത് മൂന്നുമുതല്‍ നാലുലക്ഷം വരെയാണ് ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുന്നവര്‍ക്കുള്ള ഫീസ്. ഇതില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. ഭര്‍ത്താവിന്‍െറ സമ്മതം നിര്‍ബന്ധം. വിധവകളോ വിവാഹമോചിതരോ ആണെങ്കില്‍ കുടുംബത്തിലെ ഉത്തരവാദപ്പെട്ടവരുടെ സമ്മതം ഹാജരാക്കണം.അവരുടെ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.വേണമെങ്കില്‍  ഭ്രൂണം നിക്ഷേപിക്കുന്നത് മുതല്‍ ആശുപത്രിയില്‍ താമസിക്കാം. അല്ലങ്കെില്‍ ആറാം മാസം പ്രവേശനം തേടാം. പ്രസവംകഴിഞ്ഞാല്‍  രണ്ടാഴ്ച വിശ്രമം . ഒരു മാസത്തേക്കുളള മരുന്നുമായി വീട്ടിലേക്ക് മടങ്ങാം. അതോടെ വാടക മാതാവും ദമ്പതികളുമായുളള കരാര്‍ കഴിയും.അവസാന മാസങ്ങള്‍ വളരെ കണിശമാണ്. ചിലപ്പോള്‍ ബാംഗ്ളൂരിലെ ക്ളിനിക്കില്‍ വെച്ചാകും പ്രസവം.സന്ദര്‍ശകരില്‍ നിന്ന് രക്ഷനേടാനാണിത്.ആസ്ട്രേലിയ, യു.കെ, യു.എസ്.എ,റഷ്യ എന്നിവിടങ്ങളില്‍ നിന്നും ആവശ്യക്കാരേറെയുണ്ട്. മികച്ച സര്‍വിസാണിവിടെ. ഏഷ്യയിലെ ഏറ്റവും മികച്ച സൗകര്യമുള്ള ക്ളിനിക്കുകളിലൊന്നാണിതെന്ന് മാസങ്ങള്‍ക്ക് മുമ്പത്തെിയ ആസ്ട്രേലയന്‍ സംഘം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്- ഡോക്ടര്‍  പരസ്യ വാചകം ചൊല്ലിപ്പിരിഞ്ഞു.




 പ്രത്യുല്‍പാദന
ടൂറിസം
എന്ന വ്യവസായം


ആഗോള വന്ധ്യതാ മഹാമാരിക്ക് ആശ്വാസമാണ് ഇന്ത്യയെന്ന മൂന്നാം ലോക രാജ്യത്തിന്‍െറ ഇടം.  പ്രത്യുല്‍പാദന ടൂറിസത്തിന്‍െറ സുവര്‍ണ ഭൂമി. ലോകത്തിന്‍െറ  ആട്ടുതൊട്ടിലെന്നാണ് ഇപ്പോള്‍ നമ്മുടെ രാജ്യം അറിയപ്പെടുന്നത്. അതിന്‍െറ പ്രധാന കേന്ദ്രമാകട്ടെ ‘വികസിത ഗുജറാത്തി’ലെ ആനന്ദ് എന്ന വ്യവസായകേന്ദ്രവും. അമേരിക്കന്‍ മാസികയായ മദര്‍ജോണ്‍സില്‍ ഈയിടെ വന്ന ലേഖനമനുസരിച്ച് 2.3 ബില്യണ്‍ ഡോളറിന്‍്റെ കച്ചവടമാണ് ഇന്ത്യയില്‍ ഈ  രംഗത്ത് നടക്കുന്നത്. ഓരോ വര്‍ഷവും വിദേശത്ത് നിന്ന് 25000ത്തോളം ദമ്പതികളാണ് വാടക അമ്മമാരെ അന്വേഷിച്ച് ഇന്ത്യയില്‍ എത്തുന്നത്. ഓരോ വര്‍ഷവും രണ്ടായിരത്തോളം പ്രസവങ്ങള്‍.   40-60 ഉം ലക്ഷത്തിനിടെയാണ് വിദേശത്ത് വാടക അമ്മമാര്‍ക്ക് നല്‍കേണ്ടിവരിക. എന്നാല്‍ 10 മുതല്‍25 ലക്ഷം മുടക്കിയാല്‍ ഇന്ത്യയില്‍ നിന്ന് അമ്മമാരെ എളുപ്പത്തില്‍ കിട്ടും. ഒരൊറ്റ ഇരയില്‍ നിന്ന് 12-15 ലക്ഷം വരെ ഉണ്ടാക്കാമെന്നിടത്താണ് ഇടനിലക്കാരായത്തെുന്ന ക്ളിനിക്കുകളുടെ ലാഭക്കൊതി വെളിപ്പെടുന്നത്. 

ആസ്ത്രേലിയക്കാരാണ് ഇന്ത്യക്കാരെ ഇക്കാര്യത്തില്‍ ആശ്രയിക്കുന്ന പ്രധാന രാജ്യം. 2012ല്‍ ആസ്ത്രേലിയക്കാരായ ദമ്പതികള്‍ക്കായി 200ഓളം പ്രസവങ്ങളാണ് നടന്നതെന്ന് ഒരു പഠന റിപോര്‍ട്ട് പറയുന്നു. 2011ല്‍ ഇത് 179 ഉം 2010 ല്‍ ഇത് 86 ഉം ആയിരുന്നു. ഇന്ത്യയുടെ ദാരിദ്രം തന്നെയാണ് വാടക അമ്മമാരിലൂടെ വികസിത രാജ്യങ്ങള്‍ കച്ചവടകേന്ദ്രമായി മറ്റുന്നത്.
പ്രത്യുല്‍പാദന ടൂറിസം ഇനത്തില്‍   കോടികളാണ് രാജ്യത്തത്തെുന്നത്.ഇന്ത്യയിലെ മെഡിക്കല്‍ രംഗം ഇതുകൊണ്ടുതന്നെ തഴച്ചുവളരുന്നു. 450 മില്യണ്‍ ഡോളര്‍ ബിസിനസാണ് പ്രതിവര്‍ഷം ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസം രംഗത്തുണ്ടാകുന്നത്. ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത് പ്രത്യുല്‍പാദന ടൂറിസമാണ്.  പ്രധാനമായും ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ളാദേശ്,തായ്ലന്‍റ്, സിംഗപൂര്‍ രാജ്യങ്ങളാണ്  ഇന്ത്യയുമായി  മത്സരിക്കുന്നത്. 





വാടക ഗര്‍ഭധാരണത്തിന്‍െറ
 ധാര്‍മികത

അഹമ്മദാബാദിലെ ഫെര്‍ട്ടിലിറ്റി ക്ളിനിക്കില്‍ എട്ടുമാസമായ  പ്രമീള വഗേല എന്ന യുവതിയുടെ മരണം തുറന്നുവിട്ടത് വാടക ഗര്‍ഭധാരണത്തിന്‍െറ ഇരുണ്ടവശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. വയറ്റിലെ കുഞ്ഞിനുവേണ്ടി ജീവന്‍ നഷ്ടപ്പെട്ട ഹതഭാഗ്യയായിരുന്നു അവര്‍. വാടക അമ്മക്ക് പ്രസവസംബന്ധിയായ പ്രശ്നം വന്നാല്‍ ഡോക്ടര്‍ മുന്‍ഗണന നല്‍കേണ്ടത് കുഞ്ഞിനാണെന്ന കരാറിന്‍െറ ബലിയാട്.പ്രസവത്തിലൂടെ അവരുടെ വയറ്റിലെ കുഞ്ഞിനെ പുറത്തെടുത്ത് കരാറുകാരന്‍ ഡോക്ടര്‍ തന്‍െറ ലാഭം കൈപിടിയിലൊതുക്കി. സ്വന്തം കുടുംബത്തെ പോറ്റാനുള്ള തത്രപ്പാടില്‍ അവര്‍ ഒപ്പുവെക്കുന്ന കരാറിലെ വ്യവസ്ഥകള്‍ ആരുനോക്കാന്‍. ബോംബെ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ വിദേശിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.തന്‍െറ കുഞ്ഞിന്വേണ്ട അവയവം ലഭിക്കാന്‍ വേണ്ടിയായിരുന്നു അയാള്‍ വാടക അമ്മമാരെ തേടിയത്തെിയത്.  പ്രത്യുല്‍പാദന ടൂറിസത്തെ തടയിടേണ്ടതല്ളേ എന്ന ചര്‍ച്ച  ഇനിയും തുടങ്ങിയീട്ടില്ല. ഇന്ത്യയുടെ യാഥാസ്ഥിക സമൂഹം അന്യപുരുഷന്‍െറ ഗര്‍ഭം വഹിക്കുന്ന ഭാര്യയെ ഉള്‍കൊള്ളാന്‍ ഇനിയും തയ്യാറായിട്ടില്ല. വാടക അമ്മമാരായവരെ സമൂഹം ഉള്‍കൊണ്ടില്ളെന്നാണ് മേഖലയില്‍ നടത്തിയ പഠനങ്ങളും തെളിയിക്കുന്നത്.
മറ്റൊരു ദമ്പതിമാരുടെ ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ വഹിച്ചു പ്രസവിച്ച് കുഞ്ഞിനെ അവര്‍ക്ക് തന്നെ നല്‍കുന്നതാണ് ‘സറോഗസി' (വാടക ഗര്‍ഭധാരണം) . രണ്ട് തരത്തിലുണ്ട് ഇത്. 'പരമ്പരാഗത സറോഗസി' യില്‍ വാടകയ്ക്കെടുക്കപ്പെടുന്ന സ്ത്രീയുടേത് തന്നെയായിരിക്കും അണ്ഡം. ബീജം, കുഞ്ഞ് ആവശ്യമുള്ളയാളുടേതും. മറ്റൊരു രീതിയായ ‘ഗെസ്റ്റഷേണല്‍ സറോഗസി’യില്‍  ആവശ്യക്കാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ചശേഷം അവ വാടകഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ അണ്ഡവും  വാടകസ്ത്രീയില്‍ നിന്നും സ്വീകരിക്കും. ഇന്ത്യയിലെ വാടക അമ്മമാരില്‍ ഗെസ്റ്റേഷണല്‍ സറോഗസി യാണ് ചെയ്തുവരുന്നത്.  ഗര്‍ഭപാത്രത്തില്‍ ലിംഗസംയോജനത്തിന് ശേഷമുള്ള ഭ്രൂണം ചെറു ഉപകരണത്തിന്‍െറ സഹായത്തോടെ നിക്ഷേപിക്കുകയാണ്. ഗര്‍ഭിണിയാകാനുള്ള ശാരീരിക വഴക്കത്തിനായി ഹോര്‍മോണുകള്‍ നേരത്തെ കുത്തിവെച്ച് ഒരുക്കിയിട്ടുണ്ടാകും.



സി.എസ്.ആര്‍ പഠനം


വാടക അമ്മമാര്‍ എന്ന തൊഴില്‍ വര്‍ഗത്തെക്കുറിച്ച് ആഴത്തില്‍ പഠനം നടന്നിട്ടില്ലാത്തതിനാല്‍ അവര്‍ നേരിടുന്ന മാനസിക- സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് പുറം ലോകത്തിന് വളരെ കുറച്ച് മാത്രമേ അറിയൂ.  നിയമനിര്‍മാണത്തിന്‍െറ അഭാവത്തില്‍ വാടക അമ്മമാര്‍ അമിതമായ ചൂഷണത്തിരയാകുന്നുവെന്നാണ് മേഖലയില്‍ നടന്ന ഏതാനും പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. സെന്‍റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് (സി.എസ്.ആര്‍) എന്ന സ്ഥാപനമാണ് ലോകത്തിന്‍െറ വാടകത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഗുജറാത്തിലെ ആനന്ദ്, സൂരത്ത്, ജാംനഗര്‍ മേഖലയിലെ വാടകഅമ്മമാരെ കേന്ദ്രീകരിച്ച  പഠനം നടത്തിയത് .
100 വാടക മാതാക്കളെയും 50 ദമ്പതികളെയും സര്‍വെയില്‍ പങ്കെടുപ്പിച്ചു. കണ്ടത്തെലുകളില്‍ പലതും ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല വന്ധ്യതാ ക്ളിനിക്കുകളും നിയമപരമായും ശാസ്ത്രീയമായും അംഗീകരിച്ചവയല്ല. വാടക അമ്മമാര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് കൃത്യമായ വ്യവസ്ഥകളില്ല. ദല്‍ഹിയില്‍ ശിശുക്ഷേമ മന്ത്രാലയത്തിന്‍െറ സര്‍വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേരും മുംബൈയിലെ 44 ശതമാനം പേര്‍ക്കും മൂന്നു മുതല്‍ 3.99 ലക്ഷം രൂപവരെ പ്രതിഫലം ലഭിച്ചുവെന്നാണ് രേഖപ്പെടുത്തിയത്. വാടക അമ്മമാരും യഥാര്‍ഥ മാതാപിതാക്കളും ഡോക്ടറും തമ്മില്‍ ഒപ്പുവെക്കുന്ന കരാറിന്‍െറ പകര്‍പ്പ് വാടക അമ്മമാര്‍ക്ക് നല്‍കാറുമില്ല. 
26നും 35 നും മധ്യേയാണ് വാടക അമ്മമാരുടെ ശരാശരി വയസ്.ഹിന്ദു സമുദായത്തില്‍ പെട്ടവരാണ് ഏറെയും .(ആനന്ദ്- 86.7 ശതമാനം, സൂരത്ത്-85.7 , ജാം നഗര്‍- 100 ). ആനന്ദില്‍ 97 ശതമാനം പേര്‍ ഭര്‍ത്താവിനോടൊപ്പം കഴിയുന്നവരാണ്. ഈ നിരക്ക്   സൂരത്തില്‍ 94.3 ശതമാനമാണ്.ആനന്ദില്‍ വാടക അമ്മമാരില്‍ കൂടുതലും കൃഷിപണി ചെയ്തിരുന്നവരാണ് . ഭര്‍ത്താക്കന്മാര്‍ കുടിയന്‍മാരോ ജോലിയില്ലാത്തവരോ ആയിരുന്നു. കടം  ഭീഷണിയായി അവര്‍ക്കുമുമ്പിലുണ്ടായിരുന്നു. കുട്ടികളുടെ പഠനത്തിനാണ് അവര്‍ കിട്ടുന്ന പണം ചെലവിടുന്നതില്‍ പ്രാധാന്യം കൊടുക്കുന്നത്.
 കൂടുതല്‍ പേരും വാടക വീട്ടിലാണ് താമസം. സൂറത്തില്‍ 71.4 പേരും ആനന്ദില്‍ 45 ശതമാനം പേരും ജാം നഗര്‍ എല്ലാവരും വാടക വീട്ടില്‍ ജീവിക്കുന്നവരാണ്. 
പ്രസവത്തിന് മുമ്പുള്ള മാസങ്ങളില്‍ ഏറെ ആശങ്കാകുലരായിരുന്നു അമ്മമാര്‍. ഭയം, ദു: ഖം. പ്രതീക്ഷ എന്നീ വികാരങ്ങളാണ് കൂടുതല്‍ പ്രകടിപ്പിച്ചത്. ആത്മവിശ്വാസം പ്രകടമായത് 65 ശതമാനം -ആനന്ദ്, സുറത്ത് -11.4 ശതമാനം എന്നിങ്ങനെയായിരുന്നു. എന്നാല്‍ അവസാന മാസങ്ങളില്‍ ആനന്ദ്- 63.4  , സൂരത്ത്- 74.3 , ജാം നഗര്‍ -100 ശതമാനം പേരുടെയും പെരുമാറ്റങ്ങളില്‍ ഭയം നിഴലിച്ചിരുന്നു.ആനന്ദില്‍ 26.7 ശതമാനം പേരില്‍ കടുത്ത ദു:ഖം പ്രകടമായി.സൂരത്തില്‍ 54.3, ജാം നഗര്‍-20 ശതമാനം പേരും ഇതേ വികാരം പ്രകടിപ്പിച്ചു.
പ്രസവ ശേഷം 80 ശതമാനം ഭര്‍ത്താക്കന്മാരും സന്തുഷ്ടരായിരുന്നു. 20 ശതമാനം പേര്‍ എതിര്‍ സ്വരം പ്രകടിപ്പിച്ചു. ഇവരുടെ കുടുംബത്തില്‍ അസ്വാരസ്യം പ്രകടമായി. മൂന്ന് ശതമാനം പേരില്‍ കുട്ടികള്‍ അകല്‍ച്ച കാണിച്ചു. 80 ശതമാനം വാടക അമ്മമാരുടെ സുഹൃത്തുക്കളും ബന്ധുക്കളും അകലം പാലിച്ചു. സമൂഹം വാടക അമ്മമാരെ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.



‘അമ്മ വ്യവസായ’ത്തിന്‍െറ
 ഇരകള്‍

ജനിച്ച ഉടനെ അമ്മയില്‍ നിന്ന് വേര്‍പെടുത്തുമ്പോള്‍ കുഞ്ഞിന് നഷ്ടമാകുന്ന മുലപ്പാലിന് പകരം വെക്കാന്‍ മറ്റെന്താണുള്ളത്.  കുഞ്ഞിന്‍െറ അവകാശത്തിനുള്ള മനുഷ്യത്വരഹിതമായ കടന്നുകയറ്റമാണിത്. കുഞ്ഞിന് പാലുകൊടുക്കാനാകാതെ ദു:ഖത്തിലാകുന്ന മാതാവിന്‍െറ ദു:ഖമോ?. ഇരുകൂട്ടര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. 
മെഡിക്കല്‍ രംഗത്തെ ചൂഷക വ്യവസായ ലോബികളുടെ വിഹാരകേന്ദ്രം കൂടിയാണ് ഈ രംഗം. ഗര്‍ഭിണികളുടെ ശാരീരിക അവസ്ഥ കണക്കിലെടുത്ത് ക്ളിനിക്കുകളെ സ്വാധീനിച്ച് അനാവശ്യമരുന്നുകള്‍ അമ്മമാരെ തീറ്റിക്കുന്നതില്‍ അവര്‍ മത്സരിക്കുന്നു. വാടക ഗര്‍ഭധാരണത്തിന്‍െറ ഫലപ്രാപ്തി 40 ശതമാനമേ ഉള്ളൂവെന്ന് മേഖലയിലെ ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്‍െറ ദുരിതം അനുഭവിക്കുന്നത്  ഇരയാക്കപ്പെടുന്ന അമ്മമാരാണ്.ആരോഗ്യമുള്ള കുഞ്ഞിനെ നല്‍കിയാല്‍ മാത്രമേ കരാര്‍ പ്രകാരമുള്ള തുക ലഭിക്കൂ.ഗര്‍ഭഛിദ്രം നടത്തുകയോ മാതാപിതാക്കള്‍ കുട്ടിയെ സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍  പ്രതിഫലം പകുതിയാകും. പറഞ്ഞ തുകയുടെ രണ്ട് ശതമാനം മാത്രം നല്‍കി അമ്മമാരെ തിരിച്ചയക്കുന്ന പതിവുണ്ടെന്ന്  സെന്‍റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്‍െറ പഠനം വെളിപ്പെടുത്തുന്നു.കുഞ്ഞിന് ശാരീരിക വൈകല്യങ്ങളുണ്ടെങ്കില്‍ ഗര്‍ഭവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ രാസപ്രയോഗത്തിലൂടെ ഇല്ലാതാക്കുന്നു. ഇത് അമ്മയുടെ കുറ്റമാണെന്ന് വരുത്തിത്തീര്‍ക്കുന്ന ക്ളിനിക്കുകളാണ് അധികവും. ഭ്രൂണത്തിന്‍്റെ ലിംഗനിര്‍ണയം നടത്തി അനഭിലഷണീയമായതിനെ വേണ്ടാതാക്കുന്നതും പതിവാണ്.

ഇത് നിയമരഹിത മേഖല


മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിരോധിച്ചിട്ടുണ്ട്.അയര്‍ലണ്ടിലും ബ്രിട്ടനിലും വാടക അമ്മമാരുടെ കുട്ടികളിലുള്ള അധികാരം സാധൂകരിക്കാനുള്ള നടപടികളിലാണ്. ഉകൈന്‍, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) 2006ല്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നെങ്കിലും അവക്കൊന്നും ഇത്തരം ഐ വി എഫ് ക്ളിനിക്കുകളെ നിയന്ത്രിക്കാന്‍ പോന്നതായില്ല. മാതാപിതാക്കളുടെ ഡി.എന്‍.എ പരിശോധന,മാതാപിതാക്കള്‍ക്ക് സ്വാഭാവിക രീതിയില്‍ അച്ഛനമ്മമാരാകാനുള്ള ശാരീരിക-മാനസികമോ ആയോ ശേഷിയല്ളെന്ന മെഡിക്കല്‍ രേഖകള്‍ ,മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ വാടക ഗര്‍ഭധാരണം പാടില്ല,തുടങ്ങി പ്രധാന നിര്‍ദേശങ്ങളായിരുന്നു അത്. ഗര്‍ഭകാലത്ത് നടത്തുന്ന ചികിത്സ ഇന്ത്യന്‍  കൗണ്‍സില്‍  ഓഫ് മെഡിക്കല്‍  റിസര്‍ച്ച് അംഗീകരിച്ച ക്ളിനിക്കില്‍ തന്നെയായിരിക്കണമെന്നതായിരുന്നു മറ്റൊരു പ്രധാന നിര്‍ദേശം. എന്നാല്‍ മാര്‍ഗനിര്‍ദേശം കടലാസിലൊതുങ്ങി.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ( എ.ആര്‍.ടി) ക്ളിനിക്കുകളെ നിയന്ത്രിക്കാനും അക്രഡിറ്റേഷനും നിയന്ത്രണത്തിനുമായി അസിസ്റ്റന്‍്റ് റി¥്രപാഡക്റ്റീവ് ടെക്നോളജി (എ.ആര്‍.ടി) റഗുലേഷന്‍ ബില്‍ 2010ലാണ് കൊണ്ടുവന്നത്. ക്ളിനിക്കുകളുടെ പ്രവര്‍ത്തനം തടയിടാനും കര്‍ശന വ്യവസ്ഥകള്‍ക്കുമായി ദേശീയ ഉപദേശകബോര്‍ഡിനെ ചുമതലപ്പെടുത്തി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനായിരുന്നു അതിലെ ഒരു നിര്‍ദേശം.ഈയിടെ വിദേശികള്‍ വാടക അമ്മമാരെ തേടി ഇന്ത്യയിലത്തെുന്നത് നിയന്ത്രിക്കാന്‍ ഏതാനും നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അഛനമ്മമാരാകാനത്തെുന്നവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞവരായിരിക്കണം, തങ്ങളുടെ രാജ്യത്തിന്‍്റെ വിദേശകാര്യ വകുപ്പ് നല്‍കുന്ന അനുമതിപത്രം വിസയ്ക്കോപ്പം ഹാജരാക്കണം, ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നത് സ്വരാജ്യത്ത് അനുവദനീയമാണെന്നതിനുള്ള സാക്ഷ്യപത്രവും ജനിക്കുന്ന കുഞ്ഞിനെ സ്വന്തമായി കണക്കാക്കുമെന്നും വ്യക്തമാക്കുന്ന  നിബന്ധനയടങ്ങുന്ന രേഖയും ഹാജരാക്കണമെന്നതാണ് പുതുനിര്‍ദേശം.



വേണ്ടത് ശക്തമായ നിയമനിര്‍മാണം


 വാടക ഗര്‍ഭധാരണത്തിന്‍െറ നൈതികത ചര്‍ച്ചചെയ്യുമ്പോഴും  ഇനിയും ചര്‍ച്ചചെയ്യാപ്പെടാത്ത ഇരകളുടെ കൂട്ടമായി  ‘ വാടക അമ്മമാര്‍ ’ എന്ന തൊഴില്‍വര്‍ഗം മാറിക്കഴിഞ്ഞു.ഇന്ത്യയിലേക്ക് മാത്രം വാടക അമ്മമാരെ കയറ്റി അയക്കാനായി  മുന്നൂറോളം വെബ് സൈറ്റ് സജീവം. ഇതുവഴി ആയിരത്തിലേറെ ഇടനിലക്കാരും വലയിട്ടിരിക്കുകയാണ്. വാടക ഗര്‍ഭധാരണം സംബന്ധിച്ച് യാതൊരു കണക്കുകളോ രേഖകളോ സര്‍ക്കാരിന്‍െറ പക്കലില്ല. ഗര്‍ഭിണികള്‍ക്ക് കൊടുക്കുന്ന മരുന്നുകളേ സംബന്ധിച്ചോ അവര്‍ക്ക് ലഭിക്കുന്ന പരിചരണത്തെ സംബന്ധിച്ചോ അവര്‍ക്കുവേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷയെ സംബന്ധിച്ചോ ഇവിടത്തുകാര്‍ക്കറിയില്ല. തികച്ചും ചൂഷണ മയമാണ് ഈ രംഗം. അഷ്ടിക്ക് വക കണ്ടത്തൊനൊരുങ്ങിയ വീട്ടമ്മമാരെ ചൂഷണം ചെയ്യാനുള്ള ഇടമായി മാറിയിരിക്കുന്നു ഈ ഐ.വി.എഫ് ക്ളിനിക്കുകള്‍. 
 ഗര്‍ഭപാത്രം വാടകക്ക് വില്‍ക്കപ്പെടുന്ന  ഐ വി എഫ് ക്ളിനിക്കുകളെ നിയന്ത്രിക്കാനോ മേല്‍നോട്ടം നയിക്കാനോ യാതൊരു നിയമ സംവിധാനവും ഇല്ല .ഇന്ത്യയില്‍ അവയവ വ്യാപാരം നിയന്ത്രിക്കുന്നപോലെ ഗര്‍ഭപാത്രങ്ങളെ വില്‍പന ചരക്കാക്കുന്ന വാടക ഗര്‍ഭധാരണവും നിയന്ത്രിക്കേണ്ടതല്ളേ എന്ന ചോദ്യമാണ് പ്രധാനമായി ഉയരുന്നത്.  നിലവിലെ വ്യവസ്ഥയെ അടിമുടി നവീകരിച്ച് നിയമ നിര്‍മാണമാണ് ആവശ്യം. സറോഗസി എന്നത് നിയമപരമോ, നിയമവിരുദ്ധമോ, ധാര്‍മ്മിക- സദാചാരപ്രകാരം അനുവദനീയമാണോ എന്നതിനെപ്പറ്റി കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയമോ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. വാടക അമ്മമാരെ സംരക്ഷിക്കാനും അവരുടെയും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍െറയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന   നിയമ നിര്‍മാണമെങ്കിലും ഉണ്ടാകേണ്ടതുണ്ട്.  . അമ്മമാരുടെ ഇന്‍ഷുന്‍സ്, ആരോഗ്യചെക്കപ്പ്,കുഞ്ഞിന്‍െറ ആരോഗ്യ  സംരക്ഷണം എന്നിവ ഉറപ്പുവരുത്തണം. ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തല്‍, കരാറുകളുടെ ലംഘനത്തെ പ്രതിരോധിക്കല്‍, പ്രതിഫലത്തിന്‍്റെ കാര്യത്തിലുള്ള ചൂഷണമില്ലാതാക്കല്‍ എന്നിവ  അനിവാര്യമാണ്. 


-------------------------------------------



പി.പി.പ്രശാന്ത്


മാധ്യമം ആഴ്ചപ്പതിപ്പ് 
ജനുവരി 20





Monday, August 5, 2013

മരണം മണക്കുന്ന മണ്ണ്



ഈ നാട്ടില്‍ വിഷം നിറക്കാനാണ് രാസ കമ്പനി വരുന്നതെന്ന് കാതിക്കുടത്തെ നാട്ടുകാരോട് അയ്യപ്പന്‍ നായര്‍ വിളിച്ചുപറഞ്ഞപ്പോള്‍ നാട്ടുകാര്‍ അയാളെ ഭ്രാന്തനെന്ന് വിളിച്ചു.ആ കാതിക്കുടം സ്വദേശിയെ മന്ത്രിമാര്‍ കളിയാക്കി പറഞ്ഞുവിട്ടു.ആരും ചെവികൊടുക്കാതെ പോയ ആ ശബ്ദം മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍  വിലയിരുത്തപ്പെടുന്നത്  ഒരു രാസവള നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ആ ദീര്‍ഘദര്‍ശിയുടെ മൊഴിമുത്തുകളായാണ്...വിഷം തിന്നു മടുത്ത ഒരു നാടിന്‍െറ മനസ്സാക്ഷിക്കുത്തിന്‍െറ ഓര്‍മയും.
അയ്യപ്പന്‍ നായര്‍ കാതിക്കുടത്തിന് ‘തൊഴില്‍ നേട്ടം’ സമ്മാനിച്ച കേരള കെമിക്കല്‍സ് ആന്‍്റ് ¤്രപാട്ടീന്‍സ് ലിമിറ്റഡ് (കെ.സി.പി.എല്‍) എന്ന സ്ഥാപനത്തിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍  അനില്‍ കുമാര്‍  ട്രൗസറിട്ട് നടക്കുന്ന പ്രായമായിരുന്നു. സ്കൂള്‍ വിട്ട് കളികഴിഞ്ഞ് ചാലക്കുടിപ്പുഴയിലെ മണല്‍പ്പരപ്പിലെ കണ്ണീര്‍ തുള്ളി കണക്കേയുള്ള വെള്ളത്തില്‍ കൂട്ടുകാരുമായി ഊളയിട്ടുല്ലസിക്കുമ്പോള്‍ അയ്യപ്പന്‍ നായര്‍ ചിരിച്ചുതള്ളിയ ചര്‍ച്ചാ വിഷയമായി. കെ.സി.പി.എല്‍ നിറ്റാ ജലാറ്റിന്‍ കമ്പനിയായതും അനില്‍കുമാര്‍ അവിടെത്തെ ജീവനക്കാരനായതും പിന്നീട് കാതിക്കുടം സമരപോരാളിയായതും പിന്നീടുള്ള ചരിത്രം. ശുദ്ധമായ വായുവിനും ജലത്തിനും വേണ്ടിയുള്ള ഗ്രാമത്തിന്‍െറ പോരാട്ടത്തെിനെതിരെയുള്ള സര്‍ക്കാരിന്‍െറയും കമ്പനിയുടെയും  ശ്രമങ്ങളെ തന്‍െറയും ചങ്ങാതിമാരുടെയും കൈതണലില്‍ നിറുത്തുന്ന ഒരു മതില്‍ കൂടിയാണ് ഇന്ന് സമരസമിതി കണ്‍വീനറായ അനില്‍കുമാര്‍.


വിഷക്കാലം

ചാലക്കുടി പുഴയുടെ കണ്ണീരുപോലത്തെ വെള്ളം കൈകുമ്പിളില്‍ കോരിക്കുടിക്കാന്‍ എന്തുല്‍സാഹമായിരുന്നെന്നോ....കളിച്ചുതളര്‍ന്നത്തെുന്ന ഞങ്ങളേറെയും ആ പുഴയില്‍തന്നെയായിരുന്നു. ഒരു ഭാഗത്ത് പുഴവെള്ളം കുടിക്കാന്‍കൊണ്ടുപോകാന്‍ കുടവുമായത്തെുന്ന വീട്ടമ്മമാര്‍.അന്ന് വെള്ളത്തില്‍ പൂളാന്‍ മത്സ്യങ്ങള്‍ തുള്ളിക്കളിച്ചിരുന്നു. ഉത്സവം കണക്കേ നൂറുകണക്കിന് പേരുണ്ടാകും ദിവസവും പുഴക്കരകളില്‍...ഇന്ന് കാളകൂടത്തിന്‍െറ നിറമാണതിന്.കലക്കിയ നഞ്ചില്‍ ജീവന്‍ കൊരുത്തപോലെ  ചത്തുപൊന്തിയ മത്സ്യക്കൂട്ടങ്ങള്‍.അര്‍ബുദബാധിതരായവരുടെ തേങ്ങലും നീട്ടി വലിക്കുന്ന ശ്വാസവും ഇരമ്പുന്ന ഇരു കരകള്‍..ഇനിയും  ഇങ്ങനെ ചത്തുകൊടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല-  അനില്‍കുമാര്‍ പറയുന്നു.
കമ്പനിയുടെ വിഷപ്പുകയില്‍ എരിഞ്ഞുതീര്‍ന്ന അമ്മ ഗൗരിയുടെ തളര്‍ന്ന ശരീരം അനില്‍കുമാറിന്‍െറ ഓര്‍മകളിലിന്നും കനലായി അവശേഷിക്കുന്നു.കമ്പനിയുടെ ഗേറ്റിനോട് തൊട്ട് ചേര്‍ന്നാണ് അനിലിന്‍െറ തറവാട്.  കമ്പനി വന്ന് നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ തുടങ്ങി അമ്മയുടെ ശ്വാസം മുട്ടല്‍.വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും അമ്മയെ പരിചരിച്ച് ആശുപത്രിയില്‍ തന്നെയായിരുന്നു അനില്‍.കാതിക്കുടത്തുനിന്ന് വിട്ടു നിന്നാല്‍ അസുഖം ഭേദമാകുമായിരുന്നു. എന്നാല്‍ പിതാവ് ചായക്കടനടത്തി വരുന്നതിനാല്‍ മാറാനുമായില്ല. വൃക്കയുടെ  പ്രവര്‍ത്തനശേഷി കുറഞ്ഞ മാതാവ് 10 ഓളം ശസ്ത്രക്രിയകള്‍ക്ക് ശേഷം മരിച്ചു. 
ചുറ്റുപാടും കാന്‍സര്‍രോഗികള്‍, ശ്വാസം മുട്ട്. സമര നേതാവ് ജോജിയുടെ അച്ഛനും കാന്‍സര്‍ വന്നാണ് മരിച്ചത്. മറ്റൊരുപ്രവര്‍ത്തകന്‍ തങ്കച്ചന്‍്റെ മാതാപിതാക്കളും കാന്‍സര്‍ ബാധിച്ച് മരിച്ചു.കമ്പനിയോട് തൊട്ടടുത്തുള്ള 15 വീട്ടില്‍ 12 വീടുകളിലും അര്‍ബുദ ബാധിതരേറെയാണെന്ന് പഠനം തെളിയിക്കുന്നു.കമ്പനിവളപ്പില്‍ നിന്ന് സമീപപ്രദേശത്തെ കിണറുകളിലും പാടശേഖരങ്ങളിലും വിഷാംശം അരിച്ചിറങ്ങിയതോടെ ഖരമാലിന്യങ്ങള്‍ കുഴിച്ചിടുന്നത് അവസാനിപ്പിച്ചു. പിന്നെ മൂന്നടി വ്യാസമുള്ള കുഴല്‍ മുഖേന ചാലക്കുടിപുഴയില്‍ ഉപേക്ഷിക്കലായി ഇത്. ഇതിന് സാക്ഷിയാകാനുള്ള യോഗവുണ്ടായി അനില്‍കുമാറിന്.

 ഞെട്ടലിന്‍െറ ഓര്‍മ


പിതാവിന്‍െറ സ്വാധീനത്തില്‍ 20 ാം വയസിലാണ് അണ്‍സ്കില്‍ഡ് വര്‍ക്കറായി നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ ചേരുന്നത്. ചിലര്‍ക്കായി മാത്രം നീക്കിവെച്ച എഫ്ളുവന്‍റ് ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ രാത്രിഷിഫ്റ്റില്‍ ഒരു ദിവസം ജോലിക്ക് നിയോഗിക്കപ്പെട്ടതാണ് വഴിത്തിരിവായത്.രാത്രി ഏറെ വൈകി   വലിയ മാലിന്യപൈപ്പിന്‍െറ പുഴയിലേക്കുള്ള വാല്‍വ് തുറക്കാന്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയ  അനില്‍കുമാര്‍ അതിന് വിസമ്മതിച്ചു.‘‘ഇത് എല്ലാ ദിവസവും ചെയ്യുന്നതാണ്’’ ഓപറേറ്റര്‍ പറഞ്ഞു.പറ്റില്ളെന്ന് തീര്‍ത്തുപറഞ്ഞ അനില്‍കുമാര്‍ സസ്പെന്‍ഷന്‍ ഉറപ്പാക്കിയിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ എഞ്ചിനീയര്‍ എത്തി. വാല്‍വ് തുറക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ലോഗ് ഷീറ്റില്‍ എഴുതിത്തരണമെന്നായി അനില്‍.അതിന് സമ്മതിച്ച ശേഷം വാല്‍വ് തുറന്നു.ആ ലോഗ് ഷീറ്റിന്‍െറ കോപ്പിയും അനില്‍കുമാര്‍ കൈക്കലാക്കി. 
പിറ്റേന്ന് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ വിളിച്ച് സസ്പെന്‍ഷന്‍ ഉത്തരവ് തന്നു. കൈക്കലാക്കിയ ലോഗ് ബുക്കിന്‍െറ കോപ്പി കാണിച്ച് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞതോടെ സസ്പെന്‍ഷന്‍ ഒരു ദിവസമായി ചുരുക്കി. വിവരം സുഹൃത്തുക്കളായ നാട്ടുകാരോട് പറഞ്ഞു. രാത്രി വ്യാപകമായി പോസ്റ്റര്‍ എഴുതി ഒട്ടിച്ചു.പിന്നീട് പോരാട്ടത്തിന്‍െറ ദിനങ്ങളായിരുന്നു. ചുരുങ്ങിയ കാലയളവില്‍ 33 മെമ്മോയും മൂന്നു സസ്പെന്‍ഷനും കിട്ടി.തൊഴിലാളി ശേഷി കൂടുതലുള്ള സ്വതന്ത്ര ട്രേഡ് യൂനിയന്‍ ഭാരവാഹിയായ അനിലിനെ പ്രതിരോധിക്കാന്‍ മറ്റുയൂനിയനുകളെയായിരുന്നു കമ്പനി നിയോഗിച്ചത്. കമ്പനിയുടെ മാലിന്യത്തിനെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാരുടെ പ്രക്ഷോഭത്തെയും അനില്‍ സഹായിച്ചുപോന്നു. കൈയൂക്കിന്‍െറ ബലത്തില്‍ മറ്റുയൂനിയന്‍ നേതാക്കള്‍ നിരന്തരം തലവേദന സൃഷ്ടിച്ചു.കമ്പനിയില്‍ നിന്ന് പുറത്താക്കിയ അഞ്ചുപേരെ സഹായിക്കാന്‍ പിരിവെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തിന്‍െറ വക്കിലത്തെി. കമ്പനിയുടെ സ്വാധീനത്തില്‍പ്പെട്ട് സ്വതന്ത്ര ട്രേഡ് യൂനിയന്‍ നേതാക്കള്‍ മറ്റുയൂനിയനുകളിലേക്ക് ചേക്കേറി. ജോലി രാജി വെച്ച് സുഹൃത്തിനൊപ്പം ഗള്‍ഫില്‍ ജോലിക്ക് കയറി.

വീണ്ടും പ്രക്ഷോഭ ജീവിതം

ചാലക്കുടിപ്പുഴ കൂടുതല്‍ ഇരുണ്ടു. മത്സ്യങ്ങള്‍ ഇടക്കിടെ  ചത്തുപൊന്തിത്തുടങ്ങി. അര്‍ബുധവും ശ്വാസകോശ ബാധിതരും കൂടുതലായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിത്തുടങ്ങി.പുഴയില്‍ മാടിനെ കുളിപ്പിക്കാന്‍ പറ്റാതായി.സമീപ പ്രദേശങ്ങള്‍ മാലിന്യ നിക്ഷേപത്തില്‍ കൃഷി യോഗ്യമല്ലാതായി. കമ്പനിയുടെ  ഉല്‍പാദനം 18 ടണ്ണില്‍ നിന്ന് 35 ടണ്ണാക്കി ഉയര്‍ത്തിയതായി കമ്പനി അവകാശപ്പെട്ടു.  (യഥാര്‍ഥ ഉല്‍പാദനം 140 ആണെന്ന് സമരസമിതി ). 2008ല്‍ നാട്ടില്‍ തിരിച്ചത്തെിയപ്പോള്‍ അനിലിനെ വരവേറ്റത് ഈ ദുരന്ത കാഴ്ചകളായിരുന്നു. അനില്‍കുമാറിന് വീണ്ടും പോകാനായില്ല. വീണ്ടും കമ്പനിക്കെതിരെ നാട്ടുകാരെ സംഘടിപ്പിച്ച് മലിനീകരണ വിരുദ്ധ സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. യൂനിയന്‍ നേതാക്കളുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ വരെയത്തെി. ലോറി തല്ലിപ്പൊളിച്ചു, പൈപ്പ് തല്ലിപ്പൊളിച്ചു തുടങ്ങി കള്ളക്കേസുകള്‍ അനിലിന്‍െറ പേരിലത്തെിയതോടെ മടക്കയാത്ര മുടങ്ങി.പിന്നീട് മുഴുവന്‍ സമയ പ്രവര്‍ത്തകനെന്ന വിലാസം ഏറ്റെടുത്തത്  സി.ആര്‍ നീലകണ്ഠന്‍ ഉള്‍പ്പെട്ട മീറ്റിങില്‍ എന്‍.ജി.ഐ.എല്‍ നാഷനല്‍ കൗണ്‍സില്‍ രജിസ്ട്രര്‍ ചെയതതോടെയാണ്. സമര സമിതി കണ്‍വീനറായി. പഴയ സുഹൃത്തുക്കളുമൊത്തായിരുന്നു ആദ്യ കാലത്ത് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടിറങ്ങിയത്. മുഴുവന്‍ സമയ ആക്ടിവിസത്തിലേക്ക് തിരിഞ്ഞപ്പോള്‍ ചെലവ് കൂടി. പണിയില്ലാതായതോടെ തുടങ്ങിവെച്ച വീട് നിര്‍മാണം മുടങ്ങി. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസത്തെി. ആ വീട് വിറ്റാണ് തുടര്‍ന്ന് ബാങ്കിലെ കടം വീട്ടാനായത്.
 ഈ പ്രശ്നങ്ങള്‍ക്കിടയിലും കാതിക്കുടം സമരം പുതിയ തലത്തിലേക്ക് ഉയരുകയായിരുന്നു.
തൃശൂരില്‍  2008 ല്‍ വിളിച്ചുകൂട്ടിയ ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ .സുകുമാര്‍ അഴീക്കോട് പങ്കെടുത്തത് സമരത്തിന് വഴിത്തിരിവായി. വലിയ ഊര്‍ജമായിരുന്നു അത് നല്‍കിയത്.
പിന്നീട് സമരവേദിയിലേക്ക് പ്രമുഖരുടെ  വരവായിരുന്നു.  മേധാ പട്കര്‍, ദയാബായി,ബിനായക് സെന്‍, ചാരു നിവേദിത,സാറ ജോസഫ്,ഗോവിന്ദാചാര്യ,വരവരറാവു തുടങ്ങി ഇവിടെയത്തൊത്ത രാജ്യത്തെ പ്രമുഖര്‍ വിരളം. സൗഹൃദങ്ങള്‍ , മാധ്യമങ്ങളുടെ പങ്ക്, തൃശൂരില്‍ ഐക്യദാര്‍ഡ്യ സമിതി എന്നിവയാണ് സമരചരിത്രത്തില്‍ വഴിത്തിരിവായതെന്ന് അനില്‍കുമാര്‍ പറയുന്നു.



മരണ ഗന്ധവുമായി കാതിക്കുടം


നീറ്റ ജലാറ്റിന്‍ കമ്പനിയിലെ  15 ജീവനക്കാര്‍ ഇപ്പോള്‍ കാന്‍സര്‍ ബാധിതരാണ്. സമീപത്തെ 15 വീടുകളില്‍ 12 പേരെങ്കിലും കാന്‍സര്‍ വന്നു മരിച്ചിച്ചുണ്ട്. പന്ത്രണ്ട് വര്‍ഷത്തിനിടെ കമ്പനി പരിസരത്ത് 65 പേര്‍ കാന്‍സര്‍ ബാധിച്ച് മരിച്ചതായാണ് ആക്ഷന്‍കൗണ്‍സില്‍ പറയുന്ന കണക്ക്. കൂടാതെ ശ്വാസ കോശ രോഗങ്ങളും വ്യാപകമായുണ്ടെന്ന് അനില്‍കുമാര്‍ പറയുന്നു. ജനനീതി നടത്തിയ പഠനത്തില്‍ പ്രദേശത്തെ 10 ശതമാനം പേര്‍ മെന്‍റലി ഡിപ്രസ്ഡ് ആണെന്ന് പറയുന്നുണ്ട്.ചാലക്കുടി പുഴയുടെ തൊട്ടടുത്ത തീരങ്ങളായ അന്നമനട,പോത്തുശേരി,മൂഴിക്കുളം,പാറക്കടവ് സ്ഥലങ്ങളിലാണ് കൂടുതല്‍ കാന്‍സര്‍ രോഗികളുള്ളത്.ഇതിന് പുഴയിലേക്കൊഴുക്കി വിടുന്ന മാലിന്യമാണ് കാരണം.
  രാസമയമാണ് കാതിക്കുടം ഗ്രാമത്തിലെ ജലം.കിണര്‍ വെള്ളമായാലും പുഴവെള്ളമായാലും പാടത്തെ വെള്ളമായാലും രാസ സാന്നിധ്യം അമിതമാണ്. ഹൈഡ്രോക്ളോറിക് ആസിഡ് കലര്‍ന്ന വെള്ളം, ഭീമമായ അളവില്‍ പുറത്തേക്കു തള്ളുന്ന മജ്ജയും മാംസാവശിഷ്ടങ്ങളും, ഗ്രീസ്, എണ്ണ ഇവയൊക്കെയാണ് പ്രതിദിനം കമ്പനി ചാലക്കുടിപുഴക്കും കാതിക്കുടത്തിനും സമ്മാനിക്കുന്നത്. മൂന്നടി വ്യാസമുള്ള പൈപ്പ് ചട്ടങ്ങള്‍ കാറ്റില്‍പറത്തിയാണ് ചാലക്കുടി പുഴയിലേക്ക് വെച്ചിട്ടുള്ളത്. 24 മണിക്കൂറും അതിലൂടെ രാസമാലിന്യം പുഴയിലേക്ക് ഒഴുക്കുന്നു. ശുദ്ധീകരിച്ച വെള്ളമാണെന്ന് പറയുന്നുണ്ടെങ്കിലും രാവിലെ ഒഴുക്കുന്ന വെള്ളത്തില്‍ ലെഡ്, നിക്കല്‍,കാഡ്മിയം സാന്നിധ്യം വളരെ ക്കൂടുതലാണെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പഠനം തെളിയിക്കുന്നു.രാത്രികാലങ്ങളില്‍ ശുദ്ധീകരണ പ്രക്രിയ പോലും നടത്താതെ അനിയന്ത്രിതമായാണ് മാലിന്യമൊഴുക്ക്.ചാലക്കുടി പുഴയിലെ വെള്ളം ഉപയോഗിക്കുന്ന നിരവധി ഗ്രാമപഞ്ചായത്തുകളും സ്ഥാപനങ്ങളും വിഷം ഏറ്റുവാങ്ങുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസുകള്‍ വഴി കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ പ്രദേശത്തും മാള, പൊയ്യ കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, പഞ്ചായത്തുകളിലും രാസമാലിന്യമത്തെുന്നുണ്ട്.
 2009ല്‍ പുഴയിലേക്കുള്ള വലിയ പൈപ്പ് അത് പോകുന്നിടത്ത് പൊട്ടി 25 ടണ്ണോളം മാലിന്യം പാടത്ത് നിറഞ്ഞു.സമര സമിതിയുടെ പ്രക്ഷോഭത്തത്തെുടര്‍ന്ന് പാടത്തൊഴുക്കിയ ഖരമാലിന്യം തൊഴിലാളികള്‍ കോരി പ്ളാന്‍റിലേക്ക് കൊണ്ടുപോയി.അതേവര്‍ഷം തന്നെ കമ്പനിയുടെ പച്ചക്കറി വിതരവുമായി നിസ്സഹരിക്കാനാവശ്യപ്പെട്ടപ്പോള്‍   യൂനിയന്‍ നേതാക്കള്‍ ഭീകര മര്‍ദനം അഴിച്ചുവിട്ടു. അനില്‍കുമാറിനെയും മറ്റു സമരസമിതി പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.2010 ഡിസംബറിലാണ് ബയോഗ്യസ് പ്ളാന്‍റ് പൊട്ടിയതിനത്തെുടര്‍ന്ന് കുട്ടികളും വീട്ടമ്മമാരും അടങ്ങുന്ന 13 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്ളാന്‍റിന്‍െറ അവശിഷ്ടം പരിശോധന നടത്തിയപ്പോള്‍ ശരീരത്തിന് ഹാനികരമായ മാരക രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടത്തെി. കൂടാതെ കിണര്‍ വെള്ളത്തില്‍ അമിതമായി കാല്‍സ്യ സാന്നിധ്യം പഠനത്തില്‍ കണ്ടത്തെി.കുടിക്കാന്‍ പറ്റില്ല.തോട്ടുവെള്ളത്തില്‍ ഉയര്‍ന്ന കാല്‍സ്യം. അസിഡിക്. കുടിക്കാനും കൃഷിക്കും പറ്റില്ല.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് വലിയ ചതിയാണ്  കാതിക്കുടത്തുകാരോട് കാട്ടിയത്. പഞ്ചായത്ത് സമ്മതമില്ളെങ്കിലും കമ്പനി പ്രവര്‍ത്തിക്കുന്നത് മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ അനുമതിയുടെ ബലത്തിലാണ്. ഇസെഡ് കാറ്റഗറിയില്‍പ്പെടുന്ന ഹസാര്‍ഡസ് ഇന്‍ഡസ്ട്രിയായതിനാല്‍  നൂറുമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ പാടില്ല  ്.ഇതു പറഞ്ഞാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനോട് അംഗീകരത്തിന് അപേക്ഷിച്ചത്.ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തു. ഞങ്ങള്‍ കമീഷനെ നിയോഗിച്ചു. 46 വീടുകളുണ്ടെന്ന് കണ്ടത്തെി.തുടര്‍ന്ന് ചാലക്കുടി മജിസ്ട്രേറ്റ് കോടതി കമീഷനെ വെച്ചു.ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. 

പൊലീസ് വേട്ടയുടെ ഓര്‍മകളില്‍


ജൂലൈ 21 നായിരുന്നു നിറ്റാജലാറ്റിന്‍ കമ്പനിയുടെ ചാലക്കുടി പുഴയിലേക്ക് തുറക്കുന്ന മാലിന്യപൈപ്പ്  എടുത്തുമാറ്റാനായി കാതിക്കുടം ഐക്യദാര്‍ഡ്യ സമര സമിതിയുടെ നേതൃത്വത്തില്‍ മൂവായിരത്തോളം പേര്‍ ഒത്തുകൂടിയത്.സംഘടിച്ചത്തെിയവരെ പൊലീസ് തടഞ്ഞതിനത്തെുടര്‍ന്ന് കമ്പനിക്കുമുമ്പില്‍ അവര്‍ കുത്തിയിരുന്നു.മൂന്നുമണി വരെ സമാധാനപരം.3.45ഓടെ പൊടുന്നനെയാണ് കമ്പനി ഗേറ്റ് കടന്ന് പുറകിലൂടെ എണ്ണൂറോളം വരുന്ന പൊലീസുകാര്‍ സമരക്കാര്‍ക്കുനേരെ വേട്ടപ്പട്ടികളെപ്പോലെ കുതിച്ചു വന്നത്. 
‘‘ അസഭ്യവര്‍ഷത്തോടെ എന്നെ നിലത്ത് വലിച്ചിട്ട് മൂന്നുപേര്‍ചേര്‍ന്ന് നട്ടെല്ലിന് ബൂട്ടിട്ട് ചവിട്ടി.ഒന്നും രണ്ടുമല്ല കുറത്തേവണ.തലക്കടിച്ച ലാത്തി ഒടിഞ്ഞുപോയി’’അനില്‍ കുമാര്‍ പറയുന്നു.പിറകില്‍ ലാത്തികൊണ്ടുള്ള അടിയേറ്റ് പ്രവര്‍ത്തകര്‍ വീണു. മറ്റൊരു പ്രവര്‍ത്തകന്‍ ജോജിയെ ഒരേ കൈയില്‍ നിരവധി തവണ ലാത്തിയടിയേറ്റു. വയനാട്ടില്‍ നിന്നുള്ള ഡോ. ഹരിക്കും പോളിടെക്നിക് വിദ്യാര്‍ഥി സൂര്യനും പുറത്ത് നിരവധി അടിയേറ്റു. അവര്‍ അവശരായി റോഡില്‍ കിടന്നു.ഷിനി എന്ന എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിനിയെ ആണ്‍പോലീസ് വട്ടം കൂടി നിന്ന് തല്ലിച്ചതച്ചു. കമ്പനിയോട് തൊട്ടടുത്ത എന്‍െറ തറവാട്ടില്‍ കയറി മരിച്ച അഛന്‍െറ അമ്മയുടെഫോട്ടോ അടക്കം  തല്ലിപ്പൊട്ടിച്ചു.കിടക്ക അടക്കം വലിച്ചിട്ടു. ലാപ്ടോപും കംപ്യൂട്ടറും കിണറ്റിലിട്ടു. അനിയന്‍ സുനില്‍കുമാറിനെ തല്ലിച്ചതച്ചു.തറവാട്ടില്‍ പെങ്ങളും അളിയനും വന്ന സമയമായിരുന്നു. അവര്‍ക്കും മര്‍ദനമേറ്റു.അളിയനെ വീടിനകത്തിട്ട് തല്ലി.കട്ടില്‍ തല്ലിപ്പൊട്ടിച്ചു.  കല്ളേറില്‍ വീടിന്‍െറ ചില്ല് തകര്‍ന്നു.അലമാരി വലിച്ചിട്ടു. അതിലുണ്ടായിരുന്ന അനിയന്‍െറ സ്വര്‍ണം കാണാനില്ല. തൊട്ടടുത്തുള്ള നാലുവീടുകളിലും കയറി സ്ത്രീകളുള്‍പ്പെടുന്ന വീട്ടുകാരെ മര്‍ദിച്ചു. മറ്റൊരു സമരക്കാരനെ ഓടിച്ചു വീടിന്‍െറ ടെറസില്‍ കയറ്റി. പിന്നീട് താഴേക്ക് ചാടിപ്പിച്ചു.അയാള്‍ക്ക് ഗുരുതര പരിക്കേറ്റു.
ജീപ്പില്‍ കയറ്റിയ ശേഷവും മര്‍ദനമായിരുന്നു.ഒരു സമരസമിതി നേതാവിന്‍െറ വീട് സംഭവ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു.പൊലീസ് അവിടെയുമത്തെി . സമരപ്പന്തലും കൊടിതോരണങ്ങളും പൊളിച്ചു . 40 ഓളം ബൈക്കുകള്‍ ടിപ്പറില്‍ കൊണ്ടുപോയി നിലത്ത് തട്ടി കേടുവരുത്തി.പൊലീസ് വാഹനങ്ങളിലിട്ടും സ്റ്റേഷനിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു.അറുപതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. അന്നത്തെ പൊലീസ് വേട്ടയുടെ  പേടി ഇനിയും നാട്ടുകാരില്‍ നിന്നു മാറിയിട്ടില്ല.- അനില്‍കുമാര്‍ പറയുന്നു. പരിക്കിനത്തെുടര്‍ന്ന് നട്ടെല്ലിനുണ്ടായ ഗുരുതര പരിക്കിനത്തെുടര്‍ന്ന് ബെല്‍റ്റിട്ടിരിക്കുകയാണ് അനില്‍കുമാര്‍. വേച്ചുവേച്ചു തന്നെയാണ് നടത്തം.


വൈകിയുണര്‍ന്ന ജനരോഷം


വിഷപ്പുകയിലും വിഷജലത്തിലും മുക്കി ഒരു ഗ്രാമത്തെ കാര്‍ന്നു തിന്ന കമ്പനിക്കെതിരെ വൈകിയുണര്‍ന്ന ജനതയാണ് തൃശൂര്‍ നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ കാതിക്കുടത്തേത്.ട്രേഡ് യൂനിയന്‍ നേതാക്കളെയും രാഷ്ട്രീയക്കാരെയും വിലക്കെടുത്ത് കാലാകാലങ്ങളിലുണ്ടായ പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യുകയായിരുന്നു നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ മേളാളന്‍മാര്‍.കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും നിറ്റ ജലാറ്റിന്‍ എന്ന ജപ്പാനീസ് കമ്പനിയും ചേര്‍ന്ന സംയുക്ത സംരംഭമായാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം ഓഹരികളും  ജപ്പാന്‍ കമ്പനികളായ നിറ്റജലാറ്റിന്‍ കമ്പനിക്കും മിത്സുബിഷി കോര്‍പറേഷനുമാണ്. ആരംഭിച്ചത്. ജെലാറ്റിന്‍ ഉണ്ടാക്കാന്‍ ആവശ്യമായ ഓസീന്‍ എന്ന പ്രോട്ടീന്‍ മൃഗങ്ങളുടെ എല്ലില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രക്രിയയാണ് കാതിക്കൂടത്തെ ഫാക്ടറിയില്‍ നടക്കുന്നത്. കമ്പനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ യൂനിയന്‍ നേതാക്കളെ ഇളക്കി വിട്ട് പ്രതിരോധിച്ചും നാട്ടുകാരായ പ്രതിഷേധക്കാരുടെ നേതാക്കളെ കമ്പനിയില്‍ ജോലി നല്‍കിയും സ്വാധീനിച്ചും അടവുകളാണ് കമ്പനി പയറ്റിയിരുന്നത്.ഇത്തരത്തില്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെയുള്ള സമരങ്ങളെ ‘കാര്യം കാണല്‍’ സമരങ്ങളായി അധപതിച്ച സമയത്താണ് അനില്‍കുമാറിന്‍െറയും കൂട്ടാളികളുടെയും രംഗപ്രവേശം.


ഇരട്ടത്താപ്പിന്‍െറ രാഷ്ട്രീയം


43 കേസുകളാണ് സമര സമിതി കണ്‍വീനറായ അനില്‍ കുമാറിന്‍െറ പേരിലുള്ളത്.  കാതിക്കുടം സമരം പുതിയ തലത്തിലത്തെുമ്പോള്‍ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനും സമരസമിതിക്കാവുന്നില്ല. ഭീകരവാദികളാണ്, വിഘടനവാദികളാണ്, തീവ്രവാദി ഫണ്ട് കിട്ടുന്നു തുടങ്ങി ആരോപണങ്ങളുയരുന്നുണ്ട്.ചില രാഷ്ട്രീയ നേതാക്കളെ  കമ്പനി വിലക്കെടുത്ത് സമരസമിതിക്കെതിരെ വ്യാപക പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്.  വി.ഡി സതീശന്‍ ഇതിനുദാഹരണമാണെന്ന് അനില്‍കുമാര്‍ പറയുന്നു. വി.ഡി സതീശന്‍,എം.എല്‍.എയെ ഒരു പാട് ബോധ്യപ്പെടുത്തിയതാണ്. ആകെ മുപ്പതുപേരടങ്ങുന്ന ഐ.എന്‍.ടി.യു.സി യൂനിയന്‍െറ പേരില്‍ കമ്പനിക്കനുകൂലമായി സതീശന്‍ സമരസമിതിക്കെതിരെ രംഗത്തു വരുന്നതില്‍ ദുരൂഹതയുണ്ട്. ഇടതുപക്ഷത്തെ  അണികള്‍  പ്രതിസന്ധിയിലാണ്്. പാര്‍ട്ടി വ്യക്തമായി നിലപാടെടുക്കുന്നില്ല. അവര്‍ വേറെ സമരം നടത്താണ് തീരുമാനിച്ചിരിക്കുന്നത്.ആ സമരങ്ങളെ ബലപ്പെടുത്താനും അവര്‍ തയ്യാറല്ല. എന്നാല്‍ സി.പി.എം നേതാക്കള്‍ ആക്ഷന്‍ കൗണ്‍സിലില്‍ ഉണ്ട് താനും.  കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് അടക്കം നേതാക്കള്‍ ആക്ഷന്‍ കൗണ്‍സിലില്‍ ഉണ്ട്.സാഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി ആദ്യം തൊട്ടേ ഉണ്ടായിരുന്നു. കമ്പനിക്കനുകൂലമായ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധിച്ച് കാതിക്കുടം സമരസമിതി നാലു വാര്‍ഡുകളില്‍ മത്സരിച്ചു. ഒരു വാര്‍ഡില്‍ അട്ടിമറി വിജയം നേടിയ കാതിക്കുടം സമരസമിതി മറ്റിടങ്ങളില്‍ രണ്ടാംസ്ഥാനത്തുമത്തെിയിരുന്നു.

ചെറുത്തു നില്‍പ് 


‘‘ഇത് ഞങ്ങളുടെ അവസാനഘട്ട സമരമാണ്. കേരള ജനത ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. മാധ്യമങ്ങള്‍ ലോകത്തോട് വിളിച്ചുപറയണം. ഒരു നാടും ജനതയും പുഴയും വംശനാശത്തിന്‍െറ വക്കിലാണ്. മറ്റൊരു വഴിയും ഞങ്ങള്‍ക്കുമുന്നിലില്ല. പ്രവര്‍ത്തിക്കുക അല്ളെങ്കില്‍ മരിക്കുക...’’- കാതിക്കുടം സമരസമിതി പുറത്തിറക്കിയ നോട്ടിസിലെ വാചകങ്ങളാണിത്. മൂന്നര പതിറ്റാണ്ടായി  വഞ്ചിച്ചതിനെതിരെയുള്ള ജനതയുടെ ചെറുത്തു നില്‍പാണ്.  വായു മലിനമാക്കി, വെള്ളം മലിനമാക്കി, ജനതയെ അസുഖങ്ങള്‍ക്കിരയാക്കി. എന്നിട്ടും പ്രതിഷേധവുമായത്തെുന്ന ഇരകളെ അടിച്ചൊതുക്കുകയാണ് ഭരണകൂടം. പോരാട്ടങ്ങള്‍ ഉയിര്‍ക്കുന്നതും പോരാളികളാകുന്നതും ജീവിതം ഗതിമുട്ടുമ്പോഴാണ്. വീട് മാറിപ്പോകാന്‍ പോലുമാകാതെ മരണം സ്വയം വരിക്കാന്‍ തയ്യാറായി കമ്പനിക്കെതിരെ പടപൊരുതുന്നത് ഹൃദ്രോഗികൂടിയായായ അനില്‍കുമാര്‍ മാത്രമല്ല, തങ്കച്ചന്‍,ജോജി, സന്തോഷ്, പ്രകാശന്‍, ബിനോജ്, സതീഷ്,റോസി, ത്രേസ്യ, സിന്ദു, ഗിരിജ, മിനി തുടങ്ങി നൂറുകണക്കിന് പേരുടെ ചെറുത്തുനില്‍പ്പും പോരാട്ടവും കൂടിയാണ് കാതിക്കുടത്തിന്‍െറത്.ഓരോരുത്തര്‍ക്കുമുണ്ട് കമ്പനി കാര്‍ന്നുതിന്ന  ജീവിതത്തിന്‍െറ കഥകള്‍.



പി.പി.പ്രശാന്ത്


വാരാദ്യ മാധ്യമത്തില്‍ ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചത്

Monday, February 18, 2013





മൃതദേഹത്തിന് പറയാനുള്ളത്


‘ആത്മഹത്യയെന്നു കരുതി എഴുതിത്തള്ളിയ കേസ് മൃതദേഹം റീ പോസ്റ്റുമാര്‍ട്ടം നടത്തിയപ്പോള്‍ കൊലപാതകമായി. സംഭവത്തില്‍ നാലു പ്രതികളെ പൊലിസ് പിടികൂടി. അടിമാലി കാഞ്ഞിരവേലി പടിഞ്ഞാറേക്കുടി രവി പാപ്പി (50)യുടെ ദുരൂഹ മരണമാണ് കൊലപാതകമായത്. സംഭവത്തില്‍ കാഞ്ഞിരവേലി സ്വദേശികളായ കുളത്തൂട്ടു വീട്ടില്‍ രാജന്‍ (54), പുത്തന്‍പുരയ്ക്കല്‍ ബിജു (33), പുനത്തില്‍കുടിയില്‍ ചന്ദ്രന്‍ (42), വെട്ടിപ്ളാക്കല്‍ രവി  എന്നിവരേയാണ് അടിമാലി പൊലീസ് അറസ്റ്റു ചെയ്തത്.’....(പത്രവാര്‍ത്ത)

പോസ്റ്റ് മോര്‍ട്ടം അങ്ങനെയാണ് .ഒട്ടേറെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാവുന്ന ‘മാജിക് ’. ഒരോ മൃതശരീരത്തിനും ഒട്ടേറെ കാര്യങ്ങള്‍ സംസാരിക്കാനുണ്ടാവും തന്നെ പോസ്റ്റ് മോര്‍ട്ടം ചെയ്യാനത്തെുന്നവരോട്.സ്വാഭാവിക മരണം അല്ലാതെ വരുമ്പോഴാണല്ളോ പോസ്റ്റ് മോര്‍ട്ടം വേണ്ടിവരിക.നിയമപരമായ തെളിവുകള്‍ക്കാണിത്.മൃതശരീരം സംസാരിക്കുന്നത് എങ്ങനെയൊക്കെയെന്ന് നോക്കാം.



സമയം

മരണം നടന്നാല്‍ ശരീരം തണുത്തിരിക്കുമെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് ചൂട് നഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഇത് നിശ്ചിത സമയത്തിന് ശേഷം ക്രമേണയാണ് നഷ്ടപ്പെടുന്നത്.മലദ്വാരത്തിനുള്ളില്‍ തെര്‍മോ മീറ്റര്‍ കടത്തിവെച്ച് ആന്തരിക ഭാഗങ്ങളിലെ ചൂടളക്കാം.മരണ സമയം കണ്ടത്തൊം.

നിറം
ശരീരത്തിലെ രക്തചംക്രമണം നിലക്കുമ്പോഴാണ് നിറവ്യത്യാസം അനുഭവപ്പെടുന്നത്.നിലത്തുതൊടുന്ന ഭാഗത്തെ രക്തോട്ടമാണ് ആദ്യം നിലച്ച് രക്തം കട്ടയാകുക.ചുവന്ന പാടുകളായി നില്‍ക്കും.കിടക്കുന്ന ആളുടെ പുറം ഭാഗത്തും തൂങ്ങിക്കിടക്കുന്നയാളുടെ കൈ,കാല്‍ഭാഗത്തും രക്തം കെട്ടിനില്‍ക്കും.മൂന്നുമണിക്കൂറിനകം നിറവ്യത്യാസം മനസിലാകും.ആറ് മണിക്കൂറിനുള്ളില്‍ നിറവ്യത്യാസം പൂര്‍ണമാകും.
മരിച്ച് രണ്ട് ദിവസം കഴിയുമ്പോള്‍ മൃതദേഹത്തിന്‍െറ ചുവപ്പുനിറം പച്ചയാകും. ശ്വാസം മുട്ടിയാണ് മരിക്കുന്നതെങ്കില്‍ ചെവിക്ക് ചുവപ്പുനിറമുണ്ടാകും. കാര്‍ബണ്‍ മോണോക്സൈഡ് കാരണമാണെങ്കില്‍ തിളങ്ങുന്ന ചുവപ്പിലോ, ഇളം ചുവപ്പിലോ ആകും.പൊട്ടാസ്യം ക്ളോറേറ്റ്: ചോക്കലേറ്റ് നിറം,ഫോസ്ഫേറ്റ് മൂലം: കടും നീല,നൈട്രേറ്റ്: തവിട്ട് എന്നീ നിറങ്ങളിലായിരിക്കും .

ദൃഡത
തലച്ചോറ്,ഹൃദയം,ശ്വാസകോശം എന്നിവയിലെ സ്തംഭനാവസ്ഥയേ ശാരീരിക മരണമായി കണക്കാക്കുന്നുള്ളൂ.കണ്ണ്,ഹൃദയം,വൃക്ക,കരള്‍ തുടങ്ങിയ അവയവങ്ങളിലെ കോശങ്ങള്‍ നശിക്കുന്നില്ല. ശാരീരിക മരണം നടന്ന് മൂന്നോ നാലോ മണിക്കൂറിനുശേഷമേ ഇവയുടെ പ്രവര്‍ത്തനം നിലക്കൂ.കോശങ്ങളിലെ സ്തംഭനം പൂര്‍ത്തിയായാല്‍ മാംസപേശികള്‍ ദൃഡമാകും.ആദ്യം കണ്ണകളിലെ പേശികള്‍,പിന്നീട് പിന്‍കഴുത്ത്,മുഖം,കീഴ്ത്താടി,കൈകള്‍,മാറിടം,വയറ് എന്നിവിടങ്ങളിലെ പേശികള്‍  നിലക്കും.രണ്ട് മണിക്കൂറിനുള്ളില്‍ മുഖത്തേയും  കഴുത്തിലേയും പേശികള്‍ ദൃഡമാകും.ആറ് മണിക്കൂറിനുള്ളില്‍  ശരീരം പൂര്‍ണമായും ദൃഡമാകും.18-20 മണിക്കൂര്‍ കഴിയുമ്പോള്‍ ദൃഡത കുറഞ്ഞുവരും.

ജീര്‍ണനം
കോശങ്ങളുടെ മരണം പൂര്‍ത്തിയായാല്‍ ജീര്‍ണിച്ചുതുടങ്ങും.മരണത്തോടെ ശരീരത്തില്‍ നിന്ന് പല എന്‍സൈമുകളും പുറത്തുവരുന്നുണ്ട്.ഇവയും കുടലിലെ അണുജീവികളുമാണ് ശരീരം ജീര്‍ണിപ്പിക്കുന്നത്.ചര്‍മത്തില്‍ നിറവ്യത്യാസമുണ്ടാകും.രക്തത്തിന് ചുവപ്പുനിറം കൊടുക്കുന്ന ഹീമോഗ്ളോബിനുണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണം.നീല നിറമാകും.തൊലിയില്‍ കറുപ്പു വ്യാപിക്കും.ശരീരം വീര്‍ക്കും. കണ്ണും നാക്കും പുറത്തേക്ക് തള്ളും.ചുണ്ടുള്‍പ്പെടെ ശരീരം വീര്‍ക്കും.ശരീരത്തിനകത്ത് വാതകങ്ങള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തത്തെുടര്‍ന്നാണ്  ഈ മാറ്റം. വായില്‍ നിന്ന് കുമിളകളും ചുവപ്പു പതയും വരുന്നു.മരിച്ച് 38 മണിക്കൂര്‍ കഴിയുമ്പോഴാണിത് .

പുഴുക്കള്‍ പ്യൂപ്പകള്‍
ഉഷ്ണകാലത്ത് ഒരു ദിവസത്തിനകം ശരീരത്തില്‍  പുഴുക്കളത്തെും. അഞ്ച് ദിവസത്തിനകം അവ പ്യൂപ്പയാകും.ഏഴ് മുതല്‍ പത്തുദിവസത്തിനകം അവ ഷഡ്പദങ്ങളാകും. ഇവയുടെ സാന്നിധ്യം കണ്ടാല്‍ വളരെ എളുപ്പത്തില്‍ മരിച്ച് എത്ര ദിവസമായെന്ന് മനസിലാക്കാനാകും.
---------------------------------------------------------------------------------------------------------------------------------------------------



അസ്ഥികൂടം

അസ്ഥികൂടമോ എല്ലിന്‍ കഷണമോ കിട്ടിയാല്‍ നമുക്ക് മരിച്ചയാള്‍െ സ്ത്രീയോ,പുരുഷനോ,പ്രായം ഉയരം,തൂക്കം,തടി എന്നീ വിവരങ്ങളറിയാനാകും.സ്ത്രീ പുരുഷന്മാരുടെ എല്ലുകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്.സ്ത്രീകളുടെ അസ്ഥി ചെറുതും ഭാരം കുറഞ്ഞതുമാണ്.തലയോട് ചെറുതും ഭാരം കുറഞ്ഞതുമാണ്.ചതുരത്തിലും ചെറുതുമാണ് പുരുഷന്‍മാരുടെ കുഴികള്‍.സ്ത്രീകളുടെത് വലുതും വൃത്താകൃതിയിലുള്ളതുമാണ്.ദീര്‍ഘവൃത്താകൃതിയിലുള്ളതും ഭാരം കുറവുള്ളതുമായ ഇടുപ്പെല്ലാണ് സ്ത്രീകള്‍ക്ക്.പുരുഷന്മാരുടെത് ഹാര്‍ട്ട് ഷേപ്പിലാണ്.ആഴവും ഭാരവും കൂടുതലാണ് ഇവക്ക്.തലയോട് മാത്രമാണ് കിട്ടിയിട്ടുള്ളതെങ്കില്‍ അതിന്‍െറ മുന്‍-പിന്‍ വ്യാസത്തിന്‍െറ എട്ട് ഇരട്ടിയായിരിക്കും ഉയരം. ഇതുപോലെ അനേകം മാനദണ്ഡങ്ങളും അളവുകോലുമുണ്ട് ഉയരവും പ്രായവും മറ്റു കണക്കാക്കാന്‍.

മുറിവ്
മരത്തിനുമുമ്പുള്ള മുറിവും ശേഷമുള്ള മുറിവും എളുപ്പത്തില്‍ തിരിച്ചറിയാം. ജീവനുള്ള ശരീരത്തിന് മുറിവേല്‍ ശുദ്ധരക്തക്കുഴലില്‍ നിന്നാണ് ര്കതം ഒഴുകുക.രക്തം കട്ടയായ ലക്ഷണങ്ങള്‍ കാണാം.മരിച്ചുകഴിഞ്ഞ് മുറിപ്പെടുത്തിയാല്‍ അശുദ്ധ രക്തക്കുഴലില്‍ നിന്നാണ് രക്തമൊഴുകുക.ര്കതം കട്ടയായ ലക്ഷണങ്ങള്‍ കാണില്ല.മരിക്കുന്നതിനു മുമ്പുണ്ടായ മുറിവുകളില്‍ ഉണങ്ങാന്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണും.കൂടാതെ രക്തകണികകള്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകും.മരണത്തിന് മുമ്പുള്ള ഒടിവുകള്‍ക്ക് ചുറ്റും രക്തത്തിന്‍െറ പാടുണ്ടായിരിക്കും.



പൊള്ളല്‍
ഒരാള്‍ക്ക് തീപിടിക്കുന്ന സമയം ജീവനുണ്ടായിരുന്നുവെങ്കില്‍ ശ്വാസനാളത്തില്‍ കരിയുടെ അംശമുണ്ടാകും. കാര്‍ബോക്സീ ഹീമോഗ്ളോബിന്‍െറ അളവും കൂടുതലുണ്ടാകും.കൂടാതെ പൊളളലേറ്റാണോ കൊന്ന് കത്തിച്ചതാണോ എന്നറിയാന്‍ വേറെയും  മാര്‍ഗങ്ങളുണ്ട്.

ശ്വസം മുട്ടി മരിക്കല്‍
ശ്വാസം മുട്ടി മരിച്ചാല്‍ ചര്‍മം വിളറിവെളുത്തിരിക്കും.ര്കതകണികകള്‍ കണ്ണില്‍ കാണാം.കണ്‍പോള പാതി തുറന്നിരിക്കും. വായ പകുതി തുറന്നിരിക്കും.കൃഷ്ണമണി വികസിക്കും.നാക്കും പുറത്തേക്ക് വരും.വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം കലര്‍ന്ന പത വരും.ഹൃദയത്തിന്‍െറ വലതു പകുതിയില്‍ ര്കതം നിറഞ്ഞിരിക്കും.ധമനിയില്‍ രക്തം കട്ടപിടിക്കില്ല.

വിഷം
സയനൈഡ് കഴിച്ച് മരിച്ചവരുടെ ചര്‍മ്മത്തിലും നഖത്തിലുംനീലയും ചുവപ്പും കാണാം.വായില്‍ പത,കൈ ചുരുട്ടിപ്പിടിച്ചിരിക്കും.ബദാം കുരുവിന്‍െറ മണം കാണും. ആന്തരീയാവയവങ്ങള്‍ പരിശോധിച്ചാണ് വിഷമേതെന്ന് മനസിലാക്കുന്നത്.ആമാശയം ,കരള്‍,വൃക്ക,ചെറുകുടല്‍ എല്ല.,നഖം,പല്ല.,മുടി,ശ്വാസകോശം ,തലച്ചോറ് എന്നിവ ചില സാഹചര്യത്തില്‍ പരിശോധിക്കാറുണ്ട്.



മുങ്ങിമരണം
ഭാഗിക മുങ്ങിമരണം,പൂര്‍ണ മുങ്ങിമരണം,വെള്ളം അകത്തുകയറാതെ മരണം,വെള്ളം അകത്തുകയറി മരണം എന്നിങ്ങനെ നാലുതരമുണ്ട്.വെള്ളത്തില്‍ വീണ് മരിക്കാന്‍ ശരീരം മുഴുവന്‍ മുങ്ങിയിരിക്കണമെന്ന് നിര്‍ബന്ധമില്ല.വെള്ളത്തിലുള്ള വീഴ്ചയുടെ ശക്തിയനുസരിച്ച് ശരീരം താഴ്ന്ന് 2-10 മിനിട്ടിനകം മരിക്കും. ഉള്ളിലുള്ള വാതകങ്ങളുടെ സമ്മര്‍ദ്ദത്തിലാണ് ശരീരം പൊങ്ങിവരുന്നത്.18-24 മണിക്കൂറിനകം ശരീരം പൊന്തിവരും.മുഖത്തും കൈകാലുകളുടെ മുന്‍ഭാഗത്തും നിറവ്യത്യാസം കാണും.ജീര്‍ണിച്ച ശരീരത്തിന് ഇളം ചുവപ്പുനിറമായിരിക്കും.12-18 മണിക്കൂര്‍ വെള്ളത്തില്‍ കിടന്നാല്‍ ചര്‍മ്മം ചുക്കിച്ചുളിയും.ശ്വസകോശം വെള്ളം നിറഞ്ഞ് വലുതായീട്ടുണ്ടാകും.
ജലാശയങ്ങളില്‍ സിലിക്ക അടങ്ങിയ ഡയറ്റം എന്ന സൂക്ഷ്മജീവികളാണ് മുങ്ങിമരത്തെപ്പറ്റി വിവരം തരുന്നത്.ഇവ മുങ്ങിമരിച്ചയാളുടെ ശ്വാസകോശത്തിലും രക്തക്കുഴലിലും എത്തും.അസ്ഥിയിലെ മജ്ജ,വൃക്ക,കരള്‍ ,തലച്ചോര്‍ എന്നിവയില്‍ ഡയറ്റം ഉണ്ടെങ്കില്‍ മുങ്ങിമരണം ഉറപ്പാക്കാം.ഹൃദയ രക്തത്തിലെ ക്ളോറൈഡിന്‍െറ തോത് പരിശോധിച്ചാലും  മുങ്ങിമരണം വ്യക്തമാകും. കടല്‍വെള്ളത്തില്‍ മുങ്ങിമരിച്ചാല്‍ ക്ളോറൈഡിന്‍െറ തോത് 30-40 ശതമാനം കൂടും.ശുദ്ധജലത്തില്‍ വീണുമരിച്ചാല്‍ 50 ശതമാനം കുറയും.


(കുടുംബ മാധ്യമം)




Monday, October 22, 2012



ആ വാക്കുകള്‍ പ്രകോപിപ്പിച്ചേക്കാം,

 ഞാന്‍ ന്യായീകരിക്കുന്നു

‘ഓരോ ദിവസവും രണ്ട് ദലിത് സ്ത്രീകള്‍ മാനഭംഗത്തിരയാവുന്നുണ്ട്; മൂന്ന് പേര്‍ കൊല്ലപ്പെടുന്നുണ്ട’് .ഈ കണക്കുകള്‍ക്ക് പിന്നിലെ ജീവിതം 14 വര്‍ഷമെടുത്ത് ആനന്ദ്പട്വര്‍ധന്‍ ‘ജയ് ഭീം കോമ്രേഡ്’ എന്ന മൂന്ന് മണിക്കൂര്‍ ഇരുപത് മിനുട്ട് ഡോക്യുമെന്‍ററിയിലൂടെ കാമറയില്‍ പകര്‍ത്തിയപ്പോള്‍ ഞെട്ടിയത് ഇന്ത്യന്‍ സമൂഹമാണ്.മുംബൈയിലെ രമാഭായി നഗര്‍ കോളനി  1997 ജൂലൈ 11. പൊലീസുകാരാല്‍ കൊല്ലപ്പെട്ട 10 ദലിതര്‍.അംബേദ്കറുടെ പ്രതിമയില്‍ ചെരിപ്പ് മാലയിട്ടതില്‍ പ്രതിഷേധിക്കാനത്തെിയതായിരുന്നു അവര്‍.സവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം.സംഭവം കഴിഞ്ഞ്  അഞ്ചാം നാളായിരുന്നു ദലിത് ഗായകന്‍ വിലാസ് ഗോഗ്രേ വിഷമം താങ്ങാനാകാതെ തൂങ്ങിമരിച്ചത്.തന്‍െറ സമൂഹത്തിന് വേണ്ടി ഗോഗ്രേ കുറിച്ചുവച്ച അവസാന വാക്കുകള്‍ തേടി കാമറ യാത്ര തുടങ്ങി.‘
‘‘ഗോഗ്രെ മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.1985 ലെ ‘ബോംബെ അവര്‍ സിറ്റി’എന്ന ഡോക്യുമെന്‍ററിയില്‍ ദലിതന്‍െറ അവസ്ഥ വിവരിക്കാന്‍ ഉപയോഗിച്ചത് ഗോഗ്രെയുടെ പാട്ടുകളായിരുന്നു.ദലിതന്‍െറ അമര്‍ഷം വിവരിക്കുന്ന അതി ശക്തമായ പാട്ടുകളായിരുന്നു അത്.ഗോഗ്രെയുമായി കൂടുതല്‍ അടുക്കാനാവാഞ്ഞതില്‍ ദു:ഖമുണ്ട്.’’-തൃശൂരില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രോത്സവത്തിലത്തെിയ പട്വര്‍ധന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
പട്വര്‍ധന്‍െറ കാമറ ചലിക്കുകയാണ്,തുടര്‍സംഭവങ്ങളിലൂടെ ദലിതന്‍െറ പാട്ടിലെ വിപ്ളവം തേടിയ യാത്രയില്‍ തുടക്കം.ജാതിവ്യവസ്ഥയെ തിരസ്കരിച്ച അംബേദ്കറിന്‍െറ അഹ്വാനം മാറ്റിമറിച്ച ദലിത ജീവിതത്തെക്കുറിച്ച്,അംബേദ്കറൈറ്റ്സ്,ബുദ്ധിസ്റ്റ്സുകളായ ദലിത് ജനതയുടെ നിലനില്‍പ്പിനെപ്പറ്റി,ശിവസേന-ഹിന്ദുത്വ വാദികളുടെ അവഗണന ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പാവപ്പെട്ടവരെപ്പറ്റി ഡോക്യുമെന്‍റി വിവരിക്കുന്നു.90കളുടെ അവസാനത്തിലെ രമാഭായി നഗര്‍ കോളനിയിലെ വെടിവെപ്പില്‍ തുടങ്ങി 2010 ല്‍ മാവോയിസ്റ്റുകളായി മുദ്രകുത്തപ്പെട്ട  കബീര്‍ കലാ മഞ്ചിലെ ശീതള്‍ അടങ്ങുന്ന പ്രവര്‍ത്തകര്‍ ഒളിവില്‍പോയതുവരെ പട്വര്‍ധന്‍ പറഞ്ഞ് നിറുത്തുന്നു.14 വര്‍ഷത്തിന്ശേഷം പറഞ്ഞുതുടങ്ങിയവയിലേക്ക് പട്വര്‍ധന്‍ ഡോക്യുമെന്‍ററിയിലൂടെ തിരിഞ്ഞുനടക്കുന്നു.ഗോഗ്രെയുടെ വീട്ടിലേക്ക്,സുഹൃത്തുക്കളിലേക്ക്,സമൂഹത്തിലേക്ക്. കാലം ഏറെ മാറി. 97ല്‍ ദലിതര്‍ക്കെതിരെ കൊലവിളി നടത്തിയ ഹിന്ദുത്വശക്തികള്‍ ദലിത് നേതാക്കളുടെ ചിത്രങ്ങളുമായി പ്രചാരണത്തിലാണ്.പണ്ട് ശിവസേനക്കാരെയും സവര്‍ണരെയും തെറിവിളിച്ചുനടന്നിരുന്ന നേതാക്കള്‍ ഇപ്പോള്‍ അവരുമായി ചങ്ങാത്തത്തിലാണ്.അന്ന് സജീവമായിരുന്ന ദലിത് പാന്തര്‍ പോലുള്ള സംഘടനകള്‍ ഇല്ലാതായി.ഇന്നും സവര്‍ണര്‍ക്കെതിരെ പോരാട്ടവീര്യവുമായി എത്തുന്ന ഗായക സംഘം ഇപ്പോള്‍ നക്സലൈറ്റുകളായി മുദ്രകുത്തി വേട്ടയാടപ്പെടുകയാണ്. പണ്ട് ഗോഗ്രയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് പറഞ്ഞവര്‍ക്ക് ഇന്ന് വാക്കുകള്‍ കിട്ടുന്നില്ല.അംബേദ്കര്‍ ജയന്തി ദിനാഘോഷങ്ങളില്‍ മുഴങ്ങുന്നത് ‘ബോളിവുഡ് മസാല’പാട്ടുകളും സിനിമാറ്റിക് ഡാന്‍സുകളുടെ കാട്ടിക്കൂട്ടലുകളുമാണ്.10 ദലിതരെ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവ് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് നിസാരശിക്ഷ ലഭിച്ചു.എങ്കിലും അദ്ദേഹം പോയത് ജയിലിലേക്കല്ല, ആശുപത്രിയിലേക്കായിരുന്നു.ശേഷം ജാമ്യത്തിലിറങ്ങി.
‘‘97 മുതലേ എന്‍െറ കാമറ രമാബായി നഗര്‍ കോളനിയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. തീര്‍ച്ചയായും ഭാവിയില്‍ എനിക്കിത് ഉപയോഗിക്കാനാകും എന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു.വെടിവെപ്പുമായി ബന്ധപ്പെട്ട കേസ് കഴിയും വരെ കാത്തിരുന്നു.പക്ഷേ സാഹചര്യങ്ങള്‍ മാറുന്നത് സംബന്ധിച്ച മുന്‍വിധി എനിക്കില്ലായിരുന്നു.മൂന്നുമണിക്കൂര്‍ ഇരുപത് മിനുട്ട് ഡോക്യുമെന്‍ററി ഉണ്ടാക്കുന്ന പ്രേക്ഷകന്‍െറ വികാരം എനിക്കറിയാം.പക്ഷേ ഞാന്‍ ഷൂട്ട് ചെയ്തവ കളയാന്‍ മനസുവന്നില്ല.’’പട്വര്‍ധന്‍ പറഞ്ഞു.

ബോംബെ അവര്‍ സിറ്റി,വാര്‍ ആന്‍റ് പീസ് എന്നീ ഡോക്യുമെന്‍ററിയില്‍ കാണുന്നപോലെ ജനങ്ങളുമായി സംസാരിക്കുന്ന ‘പട്വര്‍ധന്‍ നമ്പര്‍’ ഈ ഡോക്യുമെന്‍ററിയിലുമുണ്ട്.ഹോളിയും ദസറയും വഴിനീളെ ആഘോഷിക്കുന്ന മുംബൈ പ്രതിനിധികള്‍ ശിവജി പാര്‍ക്കിലെ അംബേദ്കര്‍ മരണദിന ചടങ്ങുകള്‍ നിരോധിക്കണമെന്ന് പട്വര്‍ധന്‍െറ കാമറയോട് ദേഷ്യപ്പെട്ടു പറയുന്നു.റിസര്‍വേഷന്‍ പാടില്ളെന്ന് പറയുന്ന ഇന്നിന്‍െറ പ്രതിനിധികള്‍ ദലിത് സുഹൃത്തുക്കളെ കോളജില്‍ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം പറയുന്നില്ല.റോഡില്‍ മാലിന്യം കോരുന്നവരെ നാറുന്നുവെന്ന് പറയുന്ന  മുബൈ നിവാസി മാലിന്യമാരുടെതാണ് എന്ന ചോദ്യത്തിന് ഉത്തരം പറയുന്നില്ല.പിന്നെ ആര് മാലിന്യം കോരുമെന്നതിന് മറുപടിയില്ല. സവര്‍ണ രക്തത്തില്‍ ഊറ്റം കൊള്ളുന്ന പ്രതിനിധി പട്വര്‍ധനോട് പറയുന്നുണ്ട്,തങ്ങളുടെ ജീനിന്‍െറ മഹദ് പാരമ്പര്യത്തെപ്പറ്റി.

ജാതിയെ തിരസ്കരിക്കാനാവശ്യപ്പെട്ട അംബേദ്കറുടെ അനുയായികളാണ് രമാബായി നഗര്‍ കോളനി നിവാസികള്‍.മനുസ്മൃതിയെ ചുട്ടെരിച്ച അംബേദ്കറിന്‍െറ പാരമ്പര്യം പേറുന്നവര്‍.ദുരിതം പാട്ടുകളിലേക്ക് പടര്‍ത്തിയവര്‍.‘ഞങ്ങളുടെ ഓരോ വീട്ടിലും ഓരോ ഗായകരുണ്ട്’ഡോക്യൂമെന്‍ററിയില്‍ ഒരു ഗായകന്‍ പറയുന്നു.ഇതിലൊരുവനായിരുന്നു ഗോഗ്രെ.സവര്‍ണര്‍ക്കെതിരെ ശക്തമായി പോരാടിയവന്‍.ഇന്ത്യയുടെ ഭരണഘടനയില്‍ ദലിതന്‍െറ അവകാശം ഉയര്‍ത്തിപ്പറഞ്ഞ തങ്ങളുടെ ‘ഭീം’എന്ന അംബേദ്കറുടെ സ്വപ്നങ്ങള്‍ മണ്ണിലേക്കിറങ്ങിവരാന്‍ പ്രയത്നിച്ചവന്‍.അദ്ദേഹത്തിന്‍െറ പ്രകോപനപരമായ പ്രസംഗം എഡിറ്റിങ്ങ് കൂടാതെതന്നെ പട്വര്‍ധന്‍ ഡോക്യുമെന്‍ററിയില്‍ കാണിക്കുന്നുണ്ട്.‘‘ആയിരക്കണക്കിന് വര്‍ഷങ്ങളായി അടക്കിവെച്ച വികാരം ദലിതന്‍ വാക്കുകളിലൂടെ പ്രകടിപ്പിക്കുമ്പോള്‍ എത് എഡിറ്റ് ചെയ്യാന്‍ മനസുവന്നില്ല.പ്രകോപനപരമായേക്കാം പക്ഷേ അത് ന്യായീകരിക്കത്തതാണ്’’-പട്വര്‍ധന്‍ പറഞ്ഞു.
‘‘തീര്‍ച്ചയായും എന്‍െറത് രാഷ്ട്രീയ സിനിമകളാണ് .അതിനെക്കാളുപരി യുക്തിക്ക് ചേരുന്ന കോമണ്‍സെന്‍സ് സിനിമകളാണവ എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുക.ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഇന്ത്യന്‍ ജനത ഇനിയും മുക്തിനേടിയീട്ടില്ല.ദൈവം തന്നതാണ് ജാതിയെന്ന് പറഞ്ഞ് നമ്മള്‍ കൊണ്ടുനടക്കുന്നു. ജാതിവ്യവസ്ഥയെ നിരാകരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മിശ്രവിവാഹമാണ്.ഈ തലമുറയിലല്ളെങ്കിലും വരും തലമുറകളില്‍ ആ വ്യവസ്ഥയെ ഇല്ലാതാക്കാന്‍ മിശ്രവിവാഹങ്ങള്‍കൊണ്ടാകും.രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വ്യവസ്ഥ മാറാന്‍ ഇടപെടുന്നില്ല,ഇടതു പാര്‍ട്ടികളുള്‍പ്പെടെ.അവരുടെ  കുറ്റകരമായ മൗനമാണ് അവരുടെത് ’’ പട്വര്‍ധന്‍ പറഞ്ഞു.

 

വാരാദ്യമാധ്യമം 2012 മാര്‍ച്ച് നാല്





Saturday, October 20, 2012




സമര വേദി


ഉയിര്‍തേടും ഊരിലൂടെ 
രാമന്‍െറ പാദസ്പര്‍ശമേറ്റപ്പോള്‍ ഇരുട്ടുമാറി വെളിച്ചമത്തെിയ നാടാണ് ഇടിന്തകരൈ എന്ന തമിഴ്നാട്ടിലെ തീരദേശ ഗ്രാമമെന്ന് പഴമക്കാര്‍ പറയുന്നു.വിടിന്ത കരൈ എന്നായിരുന്നത്രേ പേര്.മതപ്രചാരണത്തിന് സെന്‍റ് സേവിയര്‍ ഗ്രാമത്തിലത്തെിയപ്പോഴാണ് വെളിച്ചമത്തെിയതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.ഇരുട്ടുബാധിച്ച ജനതയെ പ്രകാശത്തിലേക്ക് നയിച്ച ഒരു  ശക്തി എന്നും കൂടെയുണ്ടെന്ന് ആ മുക്കുവ ഗ്രാമം വിശ്വസിക്കുന്നു.കടലില്‍ പോവുമ്പോള്‍ അവര്‍ക്ക് തുണയായി എന്നും കൂടെയുള്ള ശക്തി.ഉപജീവന മാര്‍ഗമായ മീന്‍ പിടിത്തം ആണവ പ്ളാന്‍റ് വരുമ്പോള്‍ നഷ്ടമാകുമ്പോള്‍ സ്വന്തം ജീവിതം കൂടെ അതില്‍പ്പെടാതിരിക്കാന്‍ പൊരുതുന്ന ജനത, അവര്‍ക്കൊപ്പം പൊരുതുന്ന നേതാവിനെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്ന ശക്തിയായി കാണുന്നെങ്കില്‍ അല്‍ഭുതപ്പെടാനില്ല. ഇടിന്തകരൈ ഗ്രാമത്തില്‍ കൂടങ്കുളം സമരനേതാവ് ഡോ. ഉദയകുമാര്‍ തദ്ദേശീയര്‍ക്ക് അങ്ങിനെയാണ്.‘ഉയിര്‍ കാക്കും കടവുള്‍’..‘‘അദ്ദേഹത്തെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല.ഞങ്ങളുടെ നെഞ്ചത്ത് വെടിവെച്ചിട്ടേ അദ്ദേഹത്തെ തൊടൂ-  മെല്‍റെഡ് എന്ന വീട്ടമ്മ  ഉയിര് വിറക്കുന്ന സ്വരത്തില്‍ പറയുമ്പോള്‍ നമുക്കത് മനസിലാകും.





 ‘‘എന്തിനാണ് സാര്‍ ഇടിന്തകരൈ പോകുന്നത്.കൂടങ്കുളം വരെ പോണമെന്ന് പറഞ്ഞാണല്ളോ സാര്‍ വിളിച്ചത്.പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല’’.ഇടിന്തകരൈയിലേക്കാണ് കാറുപോകേണ്ടതെന്ന് പറഞ്ഞപ്പോള്‍ പേടിയോടെ ഡ്രൈവറുടെ  പ്രതികരണം.ഞങ്ങള്‍ സമ്മതിച്ചില്ല.‘പോകുന്നതുവരെ കാറ് പോട്ടെ’ ഞങ്ങള്‍ പറഞ്ഞു.കൂടെ അഞ്ചുപേരുണ്ട്,കോലഴി വായനശാലയിലെ സുഹൃത്തുക്കള്‍.കൂടംകുളമെന്ന് പറഞ്ഞാണ് കാറ് വിളിച്ചത്.കൂടങ്കുളത്തുനിന്ന് ഇടിന്തകരൈയിലേക്ക് ആറ് കിലോമീറ്റര്‍. തിരുനെല്‍വേലി മുപ്പന്തല്‍ കാറ്റാടിപ്പാടമാണ്.നിരപ്പായ ഭൂമിയില്‍ കൂറ്റര്‍ കാറ്റാടികള്‍.ഭൂമി ഇനിയും ബാക്കിയുണ്ട്.അവിടെ വില്‍പനക്ക് തയ്യാറെന്ന് എഴുതിവെച്ചിരിക്കുന്നു. കൂടംകുളം നിലയത്തിലെ ഇപ്പോഴത്തെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഈ കാറ്റാടിപ്പാടം ആണത്രേ. കൂടംകുളം ടൗണ്‍ഷിപ്പിലെക്കുള്ള വൈദ്യുതിയും ഇവിടെ നിന്ന് തന്നെ.
ഇടിന്തകരൈയിലേക്കുള്ള വഴിചോദിച്ച് കാറ്റാടിപ്പാടത്ത് പലതവണ വണ്ടി നിന്നു.ആര്‍ക്കും ഒരു നിശ്ചയവുമില്ല..ഇടിന്തകരൈയെന്നാല്‍ പ്രശ്നമുള്ള പ്രദേശമാണെന്ന് മാത്രം അറിയാം. പട്ടാളക്കാര്‍ റോന്തുചുറ്റുന്നുണ്ടെന്നും.അവര്‍ ആകാംക്ഷയോടെ ചോദിച്ചു-‘പത്രികൈയില്‍ നിന്നാണോ’...
ഇടിന്തകരൈയിലേക്കുള്ള തിരിവില്‍ പൊലീസ് ബാരിക്കേഡ്.ചോദ്യം വന്നപ്പോള്‍ മനസില്‍വെച്ച ഉത്തരം‘‘വിജയപതി ചര്‍ച്ച്’’.വണ്ടി വീണ്ടും ചലിച്ചു.ഇടിന്തകരൈ ശാന്തമായിരുന്നു.പൊലീസ് പരിശോധന മറ്റുദിവസങ്ങളെ അപേക്ഷിച്ച് കുറവ്.വണ്ടി ഇടിന്തകരൈ ലൂര്‍ദ് ചര്‍ച്ചിന് മുമ്പില്‍ നിന്നു.ആ ചെറിയ നടവഴി ചെന്ന് കയറിയത് പള്ളി മുറ്റത്തേക്ക്. ഓല മേഞ്ഞ വിശാലമായ മുറ്റം. അതിനൊരു വശത്ത് ലൂര്‍ദ് മാതാ പള്ളി.




 സമര രക്തസാക്ഷിപ്പട്ടികയിലെ ആന്‍റണി ജോണും സഹായവും

പത്തുമണിയാവുന്നതേയുള്ളൂ.ലൂര്‍ദ് ചര്‍ച്ചിലെ സമരവേദിയില്‍  പൊലീസ് വെടിവെപ്പില്‍ മരിച്ച ആന്‍റണി ജോണിന്‍െറയും ഹെലികോപ്റ്ററിടിച്ച് മരിച്ച സഹായത്തിന്‍െറയും ആന്‍റണി ജോണിന്‍െറയും ഫോട്ടോ.സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15 ന് നിരാഹാര സത്യാഗ്രഹം തുടങ്ങിയതാണ്.മെല്‍റെഡ് എന്ന സമരത്തിന്‍െറ മുന്നണിപ്പോരാളിയായ വീട്ടമ്മ ഞങ്ങളെ സ്വീകരിച്ചു.സന്ദര്‍ശകരുടെ രജിസ്റ്ററില്‍ പേരെഴുതിച്ചു.അല്‍പനേരം അവിടെ ചെലവഴിച്ചപ്പോള്‍ സെപ്തംബര്‍ പത്തിന് പെലീസിന് കീഴടങ്ങാതെ യന്ത്രബോട്ടില്‍ കടലിലേക്ക് പാഞ്ഞുപോയ ഉദയകുമാറിനെപ്പറ്റി ചോദിച്ചു.‘ആളുണ്ട്.കുറച്ചുകഴിഞ്ഞ് കാണാം.’-പതിഞ്ഞ സ്വരത്തില്‍ മെല്‍റെഡ് പറഞ്ഞു.


മണ്‍വീടുകള്‍ അടുക്കിവെച്ച തെരുവ്. .പുറത്ത് നിരത്തിവെച്ചിരിക്കുന്ന വര്‍ണാഭമായ പ്ളാസ്റ്റിക് കുടങ്ങള്‍.കൂടങ്കുളം അണുനിലയത്തിന് സമീപത്തേക്ക് നടന്നപ്പോള്‍ പിന്നിട്ട ഇടിന്തകരൈയിലെ തെരുവുകാഴ്ചയാണിത്.കുടങ്ങള്‍ കാത്തിരിക്കുന്നത് കന്യാകുമാരിയില്‍ നിന്നുള്ള വെള്ളം കൊണ്ടുവരുന്ന ലോറിയെയാണ്.ഒരു കുടത്തിന് 2.50 രൂപ .ഇവിടെത്തെ വെള്ളം ഉപയോഗിക്കാനാവില്ല.രണ്ട് ദശാബ്ദം മുമ്പ് ഉപയോഗിക്കാറുണ്ടായിരുന്നത്രേ. കൂടംകുളം നിലയത്തിന്‍്റെ മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷം പേര്‍ താമസിക്കുന്നു.വീടുകള്‍ക്ക് പുറത്ത് സമരസമിതി ആഹ്വാനപ്രകാരം കറുത്ത കൊടി കെട്ടിയിരിക്കുന്നു. കൂലിപ്പണി ചെയ്തും മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടുമാണ് ഗ്രാമത്തിലെ ഭൂരിഭാഗം പേരും ജീവിക്കാനുള്ള വക കണ്ടത്തെുന്നത്.ഗൃഹനാഥന്മാര്‍ പലരും ചീട്ടുകളിച്ചിരിപ്പുണ്ട്.വൈദ്യുതിയുണ്ടെങ്കിലും കാര്യമില്ല.ദിവസം 14-16  മണിക്കൂറിലധികം കറന്‍റ് കട്ടാണ്.ഇവിടെ.കൂടങ്കുളം ആണവനിലയത്തിനുവേണ്ടി ‘സ്പോണ്‍സര്‍ ’ ചെയ്ത കരണ്ട് കട്ട്.കടലിരമ്പം കേള്‍ക്കാം.വരിവരിയായി നിറുത്തിയിട്ട വള്ളങ്ങള്‍, വഞ്ചികള്‍.തീരത്തുനിന്ന് കടലിലേക്ക് നിരത്തിയിട്ട കരിങ്കല്‍ക്കൂട്ടത്തില്‍ പാറിക്കളിക്കുന്ന കറുത്ത കൊടി.ഇവിടെ നിന്നാണ് ഉദയകുമാര്‍ അറസ്റ്റ് വരിക്കാതെ സെപ്തംബര്‍ പത്തിന് കടലിലേക്ക്   ചെറുബോട്ടില്‍ പാഞ്ഞ് പോയത്.

അധികം അകലെയല്ലാതെ കൂടങ്കുളം പ്ളാന്‍റ്.ചൊരിമണലില്‍ ചിതറിത്തെറിച്ച ചെരിപ്പുകള്‍.സെപ്തംബര്‍ പത്തിലെ പൊലീസ് അഴിഞ്ഞാട്ടത്തിന്‍െറ ബാക്കിപത്രമാണത്.ഞങ്ങളോടൊപ്പം വന്ന മെല്‍റെഡും തമിഴരശിയും അതില്‍ തങ്ങളുടെ ചെരിപ്പ് തേടുകയാണ്.മണലില്‍ പൂഴ്ന്നിറങ്ങിയ ചെരിപ്പുകള്‍.അതില്‍ കുഞ്ഞുകുട്ടികളുടെതുമുണ്ട്.മണലില്‍ നിന്ന് തമിഴരരശിക്ക് എന്തോ കിട്ടി.തന്‍െറ കൊച്ചുകുട്ടിക്ക് പാല് കൊടുത്തുകൊണ്ടിരുന്ന ചെറുപാത്രം.അന്ന് പൊലീസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ നഷ്ടപ്പെട്ടതാണ്.അകലെ ചെറു ചതുപ്പില്‍ പൂണ്ട കൊച്ചുകുട്ടിയുടെ പൊട്ടിത്തകര്‍ന്ന കസേര..സ്ത്രീകള്‍ തമ്പടിച്ച കഞ്ഞിവെച്ച സ്ഥത്ത് ചിതറിക്കിടക്കുന്ന പാത്രങ്ങള്‍.‘‘ദുഷ്ടന്മാര്‍ ,കുഞ്ഞുമക്കളെപോലും അവര്‍ അന്ന് വെറുതെവിട്ടില്ല’’ തമിഴരരശിക്ക്   ദേഷ്യം വാക്കുകളായി .എട്ട് മക്കളാണ് തമിഴരശിക്ക്.സുനാമികോളനിയില്‍ താമസം.പോരാട്ട വീര്യം ഇനിയും വിട്ടിട്ടില്ല.സമരത്തിന്‍െറ മുന്നണിയില്‍ തന്നെയുണ്ട്.സെപ്തംബര്‍ പത്തിന്‍െറ ഭീതിപ്പെടുത്തുന്ന ഓര്‍മകളില്‍ നിന്ന് ഇനിയും ഇവര്‍ വിട്ടുപോയീട്ടില്ല.
സെപ്തംബര്‍ ഒന്‍പതിനായിരുന്നു പ്ളാന്‍റ് ഉപരോധിച്ചത്.രാത്രി അവിടെ പ്ളാന്‍റിന് അഞ്ഞൂറ് മീറ്റര്‍ അകലെയായി കഞ്ഞിവെച്ച് പിഞ്ചുകുട്ടികളൊടൊത്ത് ഉറങ്ങി .അയ്യായിരത്തോളം പേര്‍.പിന്നേന്ന് പതിനൊന്ന് മണിയോടെയാണ് പൊലീസ് മര്‍ദനം അഴിച്ചുവിട്ടത്. ടിയര്‍ഗ്യാസുകള്‍ വര്‍ഷിച്ചു.ഗ്രാമീണരുടെ മുഖവും പുറവും പൊട്ടിപ്പൊളിഞ്ഞു.അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്ന് ആശുപത്രിയില്‍ പോയി ചികിത്സതേടാന്‍ പോലും പുറത്തേക്കിറങ്ങിയില്ല.കുഞ്ഞുങ്ങളേയുമെടുത്ത് അവര്‍ ഓടി.വീട്ടിലുമത്തെി അവര്‍.ഇടിന്തകരൈയിലെ സമരപ്പന്തലിനോട് ചേര്‍ന്ന് ലൂര്‍ദ് മാതാ പള്ളിയിലെ തിരുരൂപം തകര്‍ത്തു.പള്ളിയില്‍ കയറി.സ്ത്രീകളുടെ പിന്നാലെ പോയി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്.16 വയസുള്ള ബാലന്മാരും 65 വയസുള്ള വൃദ്ധരുമുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.ശേഷം സമരപ്പന്തലിലാണ് കിടന്നുറങ്ങാറ്.അവര്‍ മാത്രമല്ല.ഗ്രാമം മുഴുവനും.ഗ്രാമത്തിലെ കണ്ടാലറിയാവുന്ന ഒന്നര ലക്ഷത്തിലധികം പേര്‍ക്കെതിരായി 350 ലേറെ കേസുണ്ട്.ഒരാള്‍ക്ക് തന്നെ രണ്ടിലധികം കേസുകള്‍.52 പേര്‍ ഇപ്പോഴും ജയിലിലാണ്.
അണുനിലത്തിന് സമീപത്തെ വാച്ച് ടവറില്‍ നിന്നുള്ള വെളിച്ചം ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു.സുരക്ഷാ സേനക്ക് തൊട്ടടുത്ത് വരെ ഞങ്ങളത്തെി.തോക്കുധാരികളായ നീലപടച്ചട്ടയണിഞ്ഞധ്രുതകര്‍മസേനക്കാര്‍ ഞങ്ങള്‍ മടങ്ങുമ്പോള്‍ ഞങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് പരിശോധന നടത്തുന്നുണ്ടായിരുന്നു. 

മെല്‍റെഡിനോടൊപ്പം

അവങ്ക ഊര് വല്ലരസാകണണാ എങ്ക ഊര് സുടുകാടാകണമാ......’.(അവരുടെ സാമ്രാജ്യത്വം അരക്കിട്ട് ഉറപ്പിക്കണമെങ്കില്‍ ഞങ്ങളുടെ നാട് ശവപറമ്പാക്കിയിട്ട് വേണോ )മെല്‍റെഡിന് ദേഷ്യം അടക്കാനാകുന്നില്ല.‘‘അണുനിലയം വേണം എന്നുണ്ടെങ്കില്‍ അത് മന്‍മോഹന്‍സിങ്ങോ,നാരായണ സ്വാമിയോ,ജയലളിതയോ  വീട്ടിനടുത്ത് വെക്കട്ടെ.അല്ളെങ്കില്‍ അവര്‍ ഇവിടെ വന്ന് താമസിക്കട്ടെ.’’
‘അതിന് ഞങ്ങളെ  കൊന്ന് കുഴിച്ചുമൂടണമാ’-ഈ പറഞ്ഞത് മെല്‍റെഡല്ലാ..തൊട്ടടുത്ത് നിന്ന കെല്‍പിന്‍ എന്ന പത്തുവയസുകാരന്‍ കൂട്ടിച്ചേര്‍ത്തു.ഇവിടെത്തെ ഓരോ കുട്ടിക്കും അണുനിലയത്തിന്‍െറ ദുരിത മുഖമറിയാം.‘ഇവരോരോരുത്തരും ഉദയകുമാറാണ്’ മെല്‍റെഡ് പറഞ്ഞു.മെല്‍റെഡ് സമരത്തിന്‍െറ മുന്നണിപ്പോരാളികളിരൊളാണ്.15ാം വയസില്‍ സമരത്തില്‍ അണിചേര്‍ന്നതാണ് .98ല്‍.മാതാവ് സുരണത്തോടൊപ്പം  അണുനിലയം വരുന്നതിനെതിരെ കന്യാകുമാരിയില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജില്‍ കൈമുട്ടിന്‍െറ എല്ല് പൊട്ടി.സ്ഥലത്ത് ബോധം കെട്ടുവീണുപോയി.മൂന്ന് മാസം ആശുപത്രിയിലായിരുന്നു.തുടര്‍ന്ന് വിവാഹശേഷവും പേരാട്ടം നിറുത്തിയില്ല.ഇപ്പോഴും ഉദയകുമാറിന്‍െറ സംഘത്തിന്‍െറ അവിഭാജ്യ ഘടകമായി  അവരുണ്ട്. ‘‘അണു ഉലൈ മൂടി വിട് ” എന്ന് അവര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അവര്‍ ഞങ്ങളുടെ സംഘത്തില്‍ പങ്കുകൊണ്ടു.





തമിഴരശിയുടെ വീട്ടില്‍

 2004 ല്‍ സുനാമി തീരത്ത് ദുരന്തനൃത്തമാടിയപ്പോള്‍ എല്ലാം വിട്ടോടിപ്പോയവരാണ് ജനങ്ങള്‍.അതിന്‍െറ ബാക്കിപത്രമായി സുനാമി കോളനി ഇന്ന് ഇടിന്തകരൈയിലുണ്ട്.സെപ്തംബര്‍ പത്തിന് ശേഷം ഇവിടെ ഇപ്പോഴും സമരക്കാരെ തേടി പൊലീസത്തെിക്കൊണ്ടിരിക്കുന്നു.കോളനിയിലെ വീടുകളിലേറെയും ഇതിനാല്‍ പൂട്ടിക്കിടപ്പാണ്.സമരപ്പന്തലിലാണ് പലരും.ഇവിടെയാണ് ഞങ്ങളോടൊപ്പം കൂടിയ തമിഴരശിയുടെ വീട്.അവര്‍  സന്തോഷത്തിലായിരുന്നു.ഒരു മാഗസിനില്‍ അവര്‍ കരഞ്ഞ് ഉദയകുമാറിനെ ആലിംഗനം ചെയ്യുന്ന മുഖചിത്രം.‘അവര്‍ എനിക്ക് അണ്ണന്‍ മാതിരി’’-അവര്‍ ചിത്രം കാണിച്ച് പറഞ്ഞു.
വീടിനടുത്തത്തെിയപ്പോള്‍ തമിഴരശിയുടെ വീട്ടില്‍ കയറി ചായ കുടിക്കാന്‍ ക്ഷണം .നിരസിച്ചാല്‍ അവര്‍ക്ക് വിഷമമാകുമെന്ന് തോന്നി.അവര്‍ അകത്തുകയറി നിലത്ത് പായവിരിച്ചു.ഏലക്ക രുചിയുള്ള ചായ പെട്ടന്ന് തയ്യാറായി.വീട് നിറഞ്ഞ്  കുട്ടിപ്പട്ടാളമുണ്ട്.പലഹാരം നല്‍കിയതിന് പിന്നാലെ തേളി മീന്‍ കൂട്ടി ഉച്ചയൂണ് കഴിച്ച് പോയാ മതിയെന്ന് അവര്‍.വേണ്ടെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഏറെ ബുദ്ധിമുട്ടി.



സുനാമി നഗറില്‍ നിന്നുള്ള ഇന്‍ക്വിലാബ് സംഘത്തോടൊപ്പം സമരപ്പന്തലിലേക്ക്.. ‘‘കേരളത്തില്‍ നിന്നത്തെിയ സംഘത്തിന് അഭിവാദ്യങ്ങള്‍’’-സമരപ്പന്തലിലെ മൈക്കില്‍ നിന്നുംഅനൗണ്‍സ്മെന്‍റ്.പള്ളിയിലെ വിശാലമായ വേദിയില്‍ എഴുന്നേറ്റ് നിന്ന് നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന ആതിഥേയന്‍. എസ്.പി ഉദയകുമാര്‍.കൈതന്ന് സ്വീകരണം.പരിചയപ്പെടല്‍.മലയാളത്തില്‍ തന്നെ.പിടികൊടുക്കാതിരിക്കാന്‍ നിയമത്തിന്‍െറ സാധ്യതകളുടെ അവസാനം വരെ തേടിയ ശേഷമേ പിടികൊടുക്കൂവെന്നാണ് തീരുമാനം.രാജ്യത്തിനെതിരെ കലാപമുണ്ടാക്കിയെന്ന അര ഡസനോളം കേസുകളാണ് ഡോ.ഉദയകുമാറിനെതിരെയുള്ളത്.
കേരളത്തില്‍ ബിരുദാനന്തര ബിരുദത്തിന്  പഠിച്ച അനുഭവം പറഞ്ഞു.സമരം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍.ജനങ്ങളുടെ ദുരിതം....ഇതിനിടെ  നാട്ടുകാരുടെ ഇടയിലത്തെി വിശേഷം പങ്കുവെക്കുന്നു.നാട്ടുകാരില്‍ ഓരോരുത്തരേയും പേരെടുത്തുപറഞ്ഞറിയാം ഉദയകുമാറിന്.പത്തുവര്‍ഷത്തിലേറെയായി ഇടിന്തകരൈയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്‍െറ ഫലം.ഉദയകുമാര്‍ നാട്ടുകാര്‍ക്ക് സ്വന്തം കൂടെപ്പിറപ്പാണ് .തനി തങ്കത്തമിഴില്‍ പേശല്‍.രണ്ട് ദശാബ്ദക്കാലത്തോളം ഇന്ത്യക്ക് പുറത്ത് ജോലിചെയ്ത ‘പരിഷ്കാരങ്ങളൊന്നും’ ഭാഷയില്‍ ലവലേശമില്ല.സമരത്തിന്‍െറ നട്ടെല്ലാണിന്ന് ഉദയകുമാര്‍ .അതുകൊണ്ടുതന്നെയാണ് രാജദ്രോഹകുറ്റത്തില്‍ ‘ഒളിവിലായ’ പ്രതി പൊലീസില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാവാത്തതും.സമരം ഇനിയും ശക്തമായി തുടരണം.ഇന്നത്തെ  സാഹചര്യത്തില്‍ ഞാന്‍ കൂടിയേതീരൂ-അദ്ദേഹം പറയുന്നു.സംഭാഷണത്തിനിടെ ഞങ്ങള്‍ക്ക് ഉച്ചഭക്ഷണമായോ എന്ന് ഇടക്കിടെ സഹായികളോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു.അടുത്തുനിന്നുള്ള ഗ്രാമങ്ങളില്‍ നിന്നുമത്തെുന്ന വിഭവങ്ങള്‍ കൊണ്ട് കമ്യൂണിറ്റി കിച്ചണൊരുക്കുകയാണ് ദിവസവും സമരക്കാര്‍.‘‘നിങ്ങളെങ്ങനെയാണ് വന്നത്’ -ചോദ്യം.അകത്തുകടക്കാനുള്ള പേടിയോടെ പുറത്തുനില്‍ക്കുന്ന കാര്‍ഡ്രൈവറെക്കുറിച്ചു പറഞ്ഞു.അയാള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ.നമ്പര്‍ തരൂ-ഉദയകുമാര്‍‘‘ഭക്ഷണം കഴിക്കാന്‍ വരൂ,പേടിക്കണ്ട ഇവിടെ തയ്യാറാക്കിയീട്ടുണ്ട്’’-ആ നമ്പറില്‍ ഉദയകുമാര്‍ വിളിച്ച് പറഞ്ഞു.എന്നാല്‍ ഡ്രൈവര്‍ വരാന്‍ കൂട്ടാക്കിയില്ല.സമരപന്തലിലെ ജനങ്ങള്‍ പാരിഷ് കോമ്പൗണ്ടില്‍ തയ്യാറാക്കിയ ഭക്ഷണം കഴിക്കാനത്തെിക്കൊണ്ടിരുന്നു.ഒഴിയാത്ത തിരക്കുണ്ടെങ്കിലും ആ ഒറ്റമുണ്ടെടുത്ത 53 കാരന്‍ ഓടിനടക്കുന്നു.ഗ്രാമീണരോട് കുശലം ചോദിക്കുന്നു.വിട്ടൊഴിയാത്ത ശാന്തതയോടെ.പൊലീസ് ഇനിയും അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന പിടികിട്ടാപ്പുള്ളി.ഞങ്ങള്‍ തിരിച്ചുവരുന്നതിനിടയിലും ഈ മനുഷ്യനെക്കുറിച്ചായിരുന്നു ചിന്ത.ലക്ഷങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് അവര്‍ക്ക് കാവലിരിക്കുന്ന ആ ആതിഥേയനെപ്പറ്റി.



പി.പി.പ്രശാന്ത്

ചിത്രങ്ങള്‍ : ആനന്ദ്






വാരാദ്യ മാധ്യമം 21.10.2012






Friday, September 21, 2012




വടിത്തല്ലുകാര്‍ അഥവാ നീതിക്കായുള്ള പെണ്‍കൂട്ടം

ഉത്തര്‍ പ്രദേശിലെ ബുന്ദേല്‍ഘണ്ഠ് പ്രവിശ്യയിലെ ബാന്ദയെന്ന കുഗ്രാമത്തിലത്തെിയാല്‍ ഒരു പക്ഷേ ആ മധ്യവയസ്കയെ എവിടെയെങ്കിലും വെച്ചു കണ്ടേക്കും; പഴയ തുരുമ്പിച്ച സൈക്കിളില്‍ ഇളം ചുവപ്പ് (പിങ്ക്) സാരിയുടുത്ത് കഴുത്തില്‍ ഞാത്തിയിട്ട പഴയ ‘നോക്കിയ’ മൊബൈലുമായി പോകുന്ന സ്ത്രീയെ.തിരിച്ചറിയാന്‍ മറ്റൊന്നും വേണ്ട.ഇവര്‍ എവിടെയത്തെിയാലും പിങ്കു സാരിയുടുത്ത യുവതികളും മധ്യവയസ്കയുമായ സ്ത്രീകള്‍ ഓടിയത്തെും.സംശയിക്കണ്ട.പേര് സംപത് പാല്‍.മാധ്യമങ്ങള്‍ ആണിനെ തല്ലുന്ന കൂട്ടമെന്നും നിയമലംഘകരെന്നും പ്രഖ്യാപിച്ച   ഗുലാബി ഗാങ് അഥവാ ഇളം ചുവപ്പ് ഗാങിന്‍െറ കമാന്‍ഡര്‍. സ്റ്റേഷനില്‍ കയറി പൊലീസുകാരെ തല്ലിയും  ഉദ്യോഗസ്ഥരെ തല്ലിയും നടുറോഡില്‍ ആണുങ്ങളെ തല്ലിയും കുഴപ്പമുണ്ടാക്കുന്നവരെന്ന് പേരുകേട്ടവരാണ് ഇളംചുവപ്പു സേനക്കാര്‍.നല്ല തയമ്പുണ്ടിവരുടെ കൈകള്‍ക്ക്, പ്രത്യേകിച്ച് ആണുങ്ങളെ തല്ലി.ഫെമിനിസ്റ്റുകളൊന്നുമല്ല.അനാചാരങ്ങള്‍ക്കും അഴിമതിക്കും ആണ്‍മേല്‍കോയ്മക്കുമെതിരെ ജീവിക്കാന്‍ വേണ്ടിയുള്ള സമരം മാത്രമാണിതെന്ന് ഇളം ചുവപ്പു സ്ത്രീ പോരാളികളുടെ സാക്ഷ്യം.

ദുരിതപ്പേമാരിയിലെ സ്ത്രീ ജീവിതം


ദാരിദ്ര്യത്തില്‍ കരുവാളിച്ച ഗ്രാമമാണ് ബാന്ദ . ഉത്തര്‍ പ്രദേശിലെ ജനസാന്ദ്രതയേറിയ വികസനമത്തൊത്ത ജില്ല.അഷ്ടിക്ക് വകയില്ലാത്ത ദലിതര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടം.വരള്‍ച്ചയില്‍ എരിപൊള്ളുന്ന ജനത.കാര്‍ഷിക ജനതയാണെങ്കിലും ഒരൊറ്റ വിള കൃഷി മാത്രമേ ഈ വരണ്ട ഭൂമിയില്‍ നിന്ന് ലഭിക്കൂ. രാഷ്ട്രീയ-പൊലീസ്-ഉദ്യേഗസ്ഥ കൂട്ടുകെട്ടില്‍ ഫ്യൂഡല്‍ പ്രഭുക്കള്‍ നാടുവാഴുന്ന സ്ഥലം.അതിലുപരി ആണ്‍ വാക്കുകള്‍ക്ക് മറുവാക്കില്ലാത്ത, ശൈശവവിവാഹവും ബാല പീഡനവും സ്ത്രീധന പീഡനവും നടമാടുന്ന ഗ്രാമം. ഈ ജീവിതസാഹചര്യങ്ങളില്‍ സ്ത്രീയായി ജീവിക്കുകയെന്നതുതന്നെ ഒരു സമരമാണ്.വാക്കുകള്‍ക്കുപരിയായ സഹനത്തിന്‍െറ മറുപേര് .പ്രതികരണം മറവിയിലൊതുക്കിയ ആ ജനതയില്‍ സംപത് പാല്‍ എന്ന സ്ത്രീ ഒരു പതിറ്റാണ്ട് മുമ്പ് കോരിയിട്ട പ്രതികരണത്തിന്‍െറ അഗ്നി  കെടാതെ ഇന്നും ഗ്രാമങ്ങള്‍ സൂക്ഷിക്കുന്നു.ഇന്ന് അവരുടെ ഇളം ചുവപ്പ് സേനയുടെ കാവലിലാണ് ഇപ്പോള്‍ ഗ്രാമങ്ങള്‍.





ഒരേയൊരു കമാന്‍ഡര്‍

ജീവിതാനുഭവങ്ങള്‍ ഉരുകിയുറഞ്ഞ  ഉരുക്കുവനിതയാണ് സംപത് പാല്‍ ദേവി.ഐസ്ക്രീം കച്ചവടക്കാരന്‍െറ മകള്‍.ദലിതയായതിനാല്‍ ബാല്യം തളച്ചിട്ട വീട്ടുചുമരുകളില്‍ കരികൊണ്ടെഴുതി അവള്‍ പ്രതിഷേധിച്ചു.ആ പ്രതിഷേധ എഴുത്ത് വീട്ടകത്ത് നിന്ന് വീട്ടുമുറ്റത്തും അയല്‍വീടുകളിലെ ചുമരിലും നാട്ടുവഴികളിലുമത്തെി.അവസാനം വീട്ടുകാര്‍ക്ക് സ്കൂളില്‍ കൊണ്ടുചെന്നുവിടേണ്ടിവന്നു.എന്നാല്‍ ഒന്‍പത് വയസില്‍ വിവാഹത്തോടെ പഠനം അവസാനിപ്പിച്ചു.12 ാം വയസില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചുതുടങ്ങി.13 ാം വയസില്‍ മാതാവായി.അഞ്ച് കുട്ടികള്‍.വീട്ടില്‍ അടുപ്പ് പുകയാതായതോടെ ജോലി തേടിപ്പുറപ്പെട്ടു.ഗ്രാമത്തിലെ ഹെല്‍ത്ത് വര്‍ക്കറായി.സഹജീവികളുടെ കഷ്ടപ്പാടും ദാരിദ്രവും പ്രയാസങ്ങളും അറിയാനിടയായി.ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന തോന്നലുണ്ടായത് അപ്പോഴാണെന്ന് സംപത്പാല്‍ പറയുന്നു.2002ല്‍ ജോലി വിട്ട് സാമൂഹിക പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചു.അതിന് കാരണമായത് ഒരു സംഭവമായിരുന്നു.
 ഭര്‍ത്താവിന്‍െറ മര്‍ദനമേറ്റ് അയല്‍ക്കാരി വീട്ടില്‍ തളര്‍ന്നുകിടക്കുന്ന വിവരമറിഞ്ഞ സംപത് അവരുടെ വീട്ടിലത്തെി.മദ്യപിച്ച് ലക്കുകെട്ട അവരുടെ ഭര്‍ത്താവ് സംപതിനെ അപമാനിച്ച് പറഞ്ഞുവിട്ടു.തിരികെ വീട്ടിലത്തെിയ സംപത് സുഹൃത്തുക്കളായ സ്ത്രീകളെകൂട്ടി മദ്യപാനിയുടെ വീട്ടിലത്തെി അയാളെ വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചു.നാട്ടുവഴികളിലൂടെ നാട്ടുകാര്‍ കാണ്‍കെയായിരുന്നു മര്‍ദനം.ഈയൊരു സംഭവത്തിലൂടെയാണ് കൂട്ടായ്മയുടെയും പ്രതികരണത്തിന്‍െറയും വില സംഘാംഗങ്ങള്‍ ആദ്യമായി തിരിച്ചറിഞ്ഞത്.പൊതുജനങ്ങളുടെ ഇടയില്‍ വളരെപ്പെട്ടന്ന് മതിപ്പുളവാക്കാനും സംഘത്തിന്‍െറ ഇടപെടലുകള്‍ക്കായി.

സ്ത്രീകരുത്തിന്‍െറ പോരാട്ടമുഖങ്ങള്‍

പാവപ്പെട്ടവര്‍ക്ക് അരി നല്‍കുന്നത് നിഷേധിച്ചപ്പോള്‍ 2007 ലാണ് നിര്‍ണായക മുന്നേറ്റം സംഘം നടത്തിയത്.2007 ല്‍ അയിരുന്നു അത്.ബി.പി.എല്‍ അരി പൊതുവിപണിയിലേക്ക്  മറിച്ചുവില്‍ക്കുന്ന റേഷന്‍ കടയുടമക്കെതിരെ തെളിവ് സഹിതം പൊലീസിനും സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി.കടയുടമയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.എന്നിട്ടും കേസെടുക്കാനോ നടപടിക്കോ അധികൃതര്‍ തയ്യാറായില്ല.ഗ്രാമമടക്കം പ്രതിഷേധ സ്വരമുയര്‍ത്തി രംഗത്തത്തെി.ഇളം ചുവപ്പുസേനക്കാര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി സ്റ്റേഷനില്‍ കയറി പൊലീസുകാരനെ കൈയേറ്റം ചെയ്തു.
പിന്നെ ഒരിക്കല്‍കൂടി ഇത്തരം സംഭവം ആവര്‍ത്തിച്ചു.ദലിതനെ കേസ് പോലും രജിസ്ട്രര്‍ ചെയ്യാതെ  രണ്ടാഴ്ച പൊലീസ് കസ്റ്റഡിയില്‍ വെച്ചപ്പോഴായിരുന്നു അത്.അതിന് ശേഷം കൈക്കൂലി കൊടുക്കാത്തതിന്‍െറ പേരില്‍ ഒരാളുടെ വീട്ടിലെ കറന്‍റ് വിഛേദിച്ചപ്പോള്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ കയറി ജീവനക്കാരെ കൈകാര്യം ചെയ്തു.സംഭവശേഷം പൊലീസ് നടപടിയുണ്ടായി.2011ല്‍ 17 വയസായ ദലിത് യുവതി കൂട്ട ബലാല്‍സംഘത്തിനിരയായതുമായി ബന്ധപ്പെട്ടാണ് മറ്റൊരു പ്രതിഷേധം അരങ്ങേറിയത്.രാഷ്ട്രീയ നേതാവും ഉള്‍പ്പെട്ട കേസ് രജിസ്ട്രര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ല.കേസെടുക്കുന്നതിനുപകരം മോഷണകേസില്‍ യുവതിയെ അറസ്റ്റ് ചെയ്തു.യുവതിയുടെ പിതാവ് സംപത് പാലിനെ സമീപിച്ച് സഹായം അഭ്യര്‍ഥിച്ചു.തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പൊലീസിന് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടിവന്നു.സംഭവം വിവാദമായതോടെ രാഹുല്‍ ഗാന്ധി ബുന്ദേല്‍ഖണ്ഡിലത്തെി ഇരയായ യുവതിയെ സന്ദര്‍ശിച്ചു.ഇത്തരം അനേകം സംഭവങ്ങളാണ് ഇവരെ ഹീറോയാക്കിയതും നിയമലംഘകരുമാക്കിയതെന്ന് ഗ്രാമീണര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഒരുനാള്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് സഹായം തേടിയത്തെി.20000 രൂപ പിതാവില്‍ നിന്ന് വാങ്ങാനാവശ്യപ്പെട്ട് ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റുവാങ്ങിയ സ്ത്രീ.പണത്തിനുവേണ്ടിയാണ് ഭര്‍ത്താവ് കല്യാണം കഴിച്ചതെന്ന് കരഞ്ഞറയിച്ചു.ഗുലാബി ഗാങ്ങ് മുന്നേിട്ടിറങ്ങി.ഭര്‍ത്താവിന്‍െറ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.ഭാര്യയെ നന്നായി നോക്കിയില്ളെങ്കില്‍ വിവരമറിയുമെന്ന ഭീഷണി.ഭര്‍ത്താവ് വഴങ്ങി.ഇത്തരത്തില്‍ 20ഓളം സ്ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാരുമായി ബന്ധം പുന:സ്ഥാപിച്ച് കൊടുത്തിട്ടുണ്ടെന്ന് സംഘം  അവകാശപ്പെടുന്നു.ഭാര്യമാരെ കൈവെക്കുന്നവര്‍ക്കും ഇട്ടുപോവുന്നവര്‍ക്കും പാവങ്ങള്‍ക്കുള്ള അരി മറിച്ചുവില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പേടിസ്വപ്നമാണ് ഗുലാബി ഗാങ്.ഇന്നിപ്പോള്‍ ബാന്ദയിലും സമീപ പ്രദേശങ്ങളിലുമായി 20,000 അനുയായികള്‍ സംഘടനക്കുണ്ട്.ഭൂരിഭാഗവും ദലിത് സ്ത്രീകള്‍.തൊഴില്‍ രഹിതരും ചെറുകിട കര്‍ഷകരുമാണ് അധികവും.


നാട്ടുവഴിയിലെ പെണ്‍തല്ല്

നടുവഴിയില്‍ വെച്ച് വടികൊണ്ടുള്ള തല്ല് ഏല്‍ക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ല.പ്രത്യേകിച്ച് പെണ്‍സേനയുടെ.പൊലീസുകാരായാലും ഉദ്യോഗസ്ഥരായാലും പൊതുജനങ്ങള്‍ക്ക് അന്നമത്തെിക്കുന്ന റേഷന്‍ കടക്കാരനായാലും അതൊഴിവാക്കും.അതുകൊണ്ടുതന്നെ അഴിമതിയും സ്ത്രീപീഡനവും ഗ്രാമത്തില്‍ കുറഞ്ഞെന്ന് നാട്ടുകാര്‍ പറയുന്നു.‘‘ആരും ഞങ്ങളെ സഹായിക്കാനുണ്ടായിരുന്നില്ല; ഉദ്യോഗസ്ഥര്‍,പൊലീസുകാര്‍,രാഷ്ട്രീയക്കാള്‍ ആരും.എല്ലാവരും അഴിമതിക്കാരായിരുന്നു; അവരുടെ സ്വരം എല്ലാം ഒരേപോലെ; ഞങ്ങള്‍ നിസ്സഹായര്‍.ഇന്ന് അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ സേന സ്ത്രീകളെ പഠിപ്പിക്കുന്നു.ലാത്തി പ്രയോഗം,മുളകുപൊടിയെറിയല്‍ എന്നിവ അവയില്‍ ചിലതാണ്.അവരെ അത് പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരുണ്ട്.അക്രമമുണ്ടാക്കാനല്ല; ഞങ്ങളുടെ സ്വയം രക്ഷക്ക് വേണ്ടിയാണ് പരിശീലനം-സംപത് പാല്‍ പറഞ്ഞു.അഴിമതിക്കാരുടെയും സ്ത്രീ പീഡകരുടെയും മനസില്‍ ഭയത്തിന്‍െറ വിത്തുപാകാന്‍ പെണ്‍കൂട്ടായ്മക്കായി. എന്തുകൊണ്ട് പിങ്ക് സാരി എന്ന് ചോദിച്ചാല്‍ സംപതിന്‍െറ ഉത്തരം ഇങ്ങനെ.‘‘തിരക്കേറിയ നഗരങ്ങളില്‍പ്പെട്ടാല്‍  സംഘാംഗങ്ങളെ എളുപ്പം തിരിച്ചറിയാനുള്ള മാര്‍ഗമാണ് പിങ്ക് സാരി.അധികം പേര്‍ ഉപയോഗിക്കാത്ത തിളക്കം കൂടിയതിനാലാണ് ആ നിറം തെരഞ്ഞെടുത്തത്.ജീവിതത്തിന്‍െറ നിറമാണത്.’’

വെറുതെയല്ലാത്ത കൂടിയിരിപ്പുകള്‍

സംപതിന്‍െറ വീട്ടില്‍ ചായയും സമോസയും വാതില്‍പ്പടിയില്‍ തന്നെയുണ്ടാകും. കുശലവര്‍ത്തമാനങ്ങളില്‍ തുടങ്ങി ഗൗരവ വിഷയങ്ങളിലത്തെും.രാത്രി ഏറെ വൈകിയാണ് പിരിയുക.അവരുടെ കൈയിലെ പരിഗണനാ ലിസ്റ്റ് വായിക്കും .വിഷയം ഏറ്റെടുക്കുന്ന പ്രദേശത്ത് അറിയിപ്പ് നല്‍കും.പിന്നെയാണ് പ്രക്ഷോഭം തുടങുക.
പരാതിയത്തെിയാല്‍ ആദ്യം പൊലീസിനെ സമീപിച്ച് സംഭവത്തില്‍ ഇടപെടാന്‍ അഭ്യര്‍ഥിക്കും.അവരില്‍ നിന്ന് നടപടിയില്ലാതിരിക്കുമ്പോഴാണ് ഞങ്ങള്‍ ഇടപെടുക.സ്ത്രീപീഡനമെങ്കില്‍ പുരുഷനെ കണ്ട് നിലപാട് മാറ്റാന്‍ ആവശ്യപ്പെടും. സഹകരിച്ചില്ളെങ്കില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീയോട് ഗുലാബി ഗാങ്ങില്‍ അംഗമാകാന്‍  പറയും.തുടര്‍ന്ന് ഞങ്ങള്‍ ആ വീട്ടിലത്തെി പ്രതിഷേധം തുടങ്ങും.പലപ്പോഴും സംഘ ബലം കാണിക്കേണ്ടിവരാറുണ്ട്.സ്ത്രീ കോടതിയില്‍ പരാതിയുമായി പോയി ശേഷിക്കുന്ന കാലം അതില്‍പ്പെട്ടുഴലുന്നതില്‍ നല്ലതാണല്ളോ ഒരു പരിഹാരം.അതിനായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്-സംഘാംഗമായ ആരതി ദേവി പറയുന്നു

വടിത്തല്ല് മാത്രമല്ല
 സ്ത്രീ ശാക്തീകരണത്തിന് പുതിയ മാനമാണ് ഈ പെണ്‍കൂട്ടം ഗ്രാമത്തിന് സംഭാവന നല്‍കിയത്.ചെറുകിട വ്യവസായ യൂനിറ്റുകള്‍ ഗ്രാമത്തിലത്തെിക്കാന്‍ മുന്‍കൈയെടുത്തത് സംഘമാണ്.ജൈവ വളം,മെഴുകുതിരി നിര്‍മാണ യൂനിറ്റുകള്‍,ആയുര്‍വേദ മരുന്നു നിര്‍മാണം,അച്ചാര്‍ നിര്‍മാണം എന്നിവ ബാന്ദയിലത്തെി.
ഭരണത്തലവന്‍മാര്‍ തിരിഞ്ഞുനോക്കാതിരുന്ന ഗ്രാമത്തില്‍ ഒട്ടേറെകാര്യങ്ങള്‍ ചെയ്യാനായി.കുടിവെള്ള പദ്ധതി,വികസന പദ്ധതികള്‍,ആരോഗ്യ പദ്ധതികള്‍ എന്നിവയുടെ പ്രചാരകരായി.കുട്ടികളെ വിദ്യാലയങ്ങളിലേക്കയക്കാന്‍ സംഘം  വീടുകളിലുമത്തെി ബോധവത്കരണം നടത്തുന്നു.തെരുവുനാടകങ്ങള്‍,മദ്യപാനത്തിനെതിരെ കാമ്പയിനുകള്‍,വീടുകളിലത്തെി ആരോഗ്യ ബോധവല്‍ക്കരണം എന്നിവ നടത്തുന്നു.ബി.പി.എല്‍ കാര്‍ഡ് ഗ്രാമീണര്‍ക്ക് നേടിക്കൊടുക്കാന്‍ ഇടപെടുന്നു.അവര്‍ക്ക് ന്യായവിലഷോപ്പില്‍ നിന്ന് ലഭിക്കേണ്ട സൗജന്യ അരി കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നു.ഫണ്ട് കിട്ടിയാല്‍ തയ്യല്‍ സെന്‍റര്‍ കൂടി ആരംഭിക്കണമെന്നാണ് സംപതിന്‍െറ ആഗ്രഹം.

രാഷ്ട്രീയം,നിലനില്‍പ്

പാര്‍ട്ടി രാഷ്ട്രീയത്തിനതീതരായിരുന്നു സംഘം.ഇത് രാഷ്ട്രീയക്കാരെ കുറച്ചൊന്നമല്ല ചൊടിപ്പിച്ചത്.സംപതും മറ്റ് കൂട്ടാളികളും നിരവധിതവണ തലനാരിഴക്ക്  മരണത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.ഭീഷണി,അസഭ്യം പറച്ചിലുകള്‍ എല്ലാം സഹിച്ചുകൊണ്ടേയിരിക്കുന്നു.എന്നിട്ടും പിന്മാറിയില്ല.സാമൂഹികാടിത്തറയിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സെക്യുലര്‍ കോണ്‍ഗ്രസ് പാര്‍ടിയിലേക്ക് സംപത് പാലിനെ വിളിച്ചിരുന്നു.താല്‍പര്യം കാട്ടിയില്ല.2012ല്‍ ബി.എസ്.പിയെ നേരിടാനായിരുന്നു ഇത്.ബഹുജന്‍ സമാജ് വാദി പാര്‍ടിയുടെ നേതാവ് മായാവതിയുടെ പ്രഭാവലയവും  ഇവരെ ആകര്‍ഷിച്ചില്ല.ഇതിനിടെ നിരവധി പ്രശ്നങ്ങളില്‍ ഇടപെട്ടു.അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കുമെതിരായുള്ള പോരാട്ടം ജനപ്രിയരാക്കി.ഇത്തരം പോരാട്ടങ്ങളാണ് യുവാക്കളെ പോലും സംഘത്തില്‍ ചേരാന്‍ പ്രേരണയായത്.
ഗുലാബി ഗാങ്ങ് രക്ഷിച്ച സ്ത്രീകളുടെ ബന്ധുക്കളും പ്രചാരകരായി.സാമൂഹിക പരമായും സാമ്പത്തികമായും ഗുലാബി ഗാങ്ങിലുള്ളവരെയും കുടുംബത്തെയും ഗ്രാമീണര്‍ സഹായിച്ചുപോന്നു.
നിരന്തരമായ പ്രതിരോധങ്ങള്‍,ജനകീയമായ പ്രത്യാക്രമണങ്ങള്‍... അവസാനം ഇളം ചുവപ്പു സേന തെരഞ്ഞെടുപ്പിലും പങ്കാളികളായി.സംപത്പാല്‍ 2006 ഒക്ടോബറില്‍  നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. 2800 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.2010ല്‍  തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പില്‍ 21 ഗുലാബി അംഗങ്ങള്‍ വിജയിച്ചു.‘‘വെറും കാഴ്ചക്കാരായി നിന്നുകൊണ്ടുള്ള പോരാട്ടത്തേക്കാള്‍ നല്ലതാണ് സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും ഗുണം കിട്ടുന്ന പദ്ധതികള്‍ കൊണ്ടുവരാനുള്ള അവസരം കൈവരിക എന്നത്.പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോട് ചേരാതെ തന്നെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായപ്പോള്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ പരിഗണന കിട്ടുന്നുണ്ട്’’-സംപത്പാല്‍ പറയുന്നു.
ഇതിനിടെ ബുന്ദേല്‍ഖണ്ഠ് എന്ന പ്രത്യേക സംസ്ഥാനത്തിന് വേണ്ടി ദെല്‍ഹിയില്‍ നടന്ന പ്രകടനത്തിലും പങ്കാളികളായി.ന്യൂയോര്‍ക്കില്‍ നടന്ന ഗ്ളോബല്‍ വിമന്‍സ് കോണ്‍ഫറന്‍സിലും ഫ്രാന്‍സിലെ ഡ്യുവില്ളെയില്‍ എല്ലാവര്‍ഷവും നടക്കാറുള്ള വിമന്‍സ് ഫോറത്തിലും പങ്കെടുക്കാന്‍ സംപത്പാലിന് അവസരം ലഭിച്ചു.ഗ്രാമീണ സ്ത്രീകള്‍ക്ക് അവരുടെ പോരാട്ടങ്ങളെക്കുറിച്ച്  സംസാരിക്കാനുള്ള വേദികളായിരുന്നു അത്.

സഹായം തേടുന്നു

ആദ്യം പുറം സഹായം വാങ്ങില്ളെന്ന് പ്രഖ്യാപിച്ചിരുന്ന സംഘം അടുത്തിടെ നിലപാട് മാറ്റി.‘‘ഞങ്ങള്‍ക്ക് സഹായം വേണം .സര്‍ക്കാരില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ .അതിനായുള്ള ശ്രമത്തിലാണ്.വെബ് സൈറ്റ് തുടങ്ങി,ഫേസ് ബുക്കില്‍ പേജ് തുടങ്ങി. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ ചിലര്‍ സമീപിച്ചതോടെയാണ് ഇവ തുടങ്ങാന്‍ അനുവാദം നല്‍കിയത്.‘‘ഇപ്പോള്‍ത്തന്നെ ബസ് യാത്രക്കും മാര്‍ച്ച് സംഘടിപ്പിക്കാനും  മറ്റുമായി ധാരാളം പണം ചെലവാകുന്നു.210 രൂപ മാത്രമാണ്  അംഗത്തില്‍ നിന്ന് ഫീസായി ഈടാക്കുന്നത്.പിങ്ക് സാരിക്കുള്ള തുക മാത്രമാണിത്.’’-സംഘാംഗമായ ചന്ദാനിയ ദേവി പറയുന്നു.

ഇവര്‍ നിയമ ലംഘകര്‍
നിയമം കൈയിലെടുക്കുന്നവള്‍,അക്രമകാരി,സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവര്‍ .സംഘാംഗങ്ങള്‍ക്കെതിരെ കേസുകള്‍ അനവധിയാണ്.പലപ്പോഴും അവരെ ക്രിമിനലുകളായി മുദ്രകുത്തുന്നു.അനിവാര്യമാകുന്ന ജീവിത സാഹചര്യങ്ങളില്‍ സ്ത്രീ അല്ളെങ്കില്‍ സ്ത്രീ സമൂഹം അവസാന ആശ്രയമായി അക്രമത്തെയും കടുത്ത പ്രതികരണത്തെയും കൈയിലെടുക്കേണ്ടിവന്നതാണ് ഈ പെണ്‍സേനയുടെ കൂട്ടായ്മക്കിടയാക്കിയത്.മാധ്യമങ്ങളും പൊലീസും  അവരെ ആയുധ ധാരികളായും മാവോ വാദികളായും മുദ്ര കുത്തി.വെറുമൊരു ഗാങ്ങല്ല; നീതിക്കായുള്ള കൂട്ടായ്മയും നിലനില്‍ക്കാനുള്ള പോരാട്ടവും  മാത്രമാണെന്ന്  ആവര്‍ത്തിക്കുമ്പോഴും  ‘നിയമലംഘക’രെന്ന നിര്‍വചനത്തില്‍ നിന്നൊഴിഞ്ഞുപോകാന്‍ ഈ പെണ്‍കൂട്ടത്തിനാവില്ല.




കുടുംബമാധ്യമം സെപ്തംബര്‍ 21 ന് പ്രസിദ്ധീകരിച്ചത്





Tuesday, June 5, 2012

അടുക്കളയില്‍ നിന്നൊഴിഞ്ഞ പാലട മധുരം

നഗരഹൃദയത്തിലാണ് ആ വീട്.തൃശൂര്‍ എം.ജി റോഡ് കരിക്കത്ത് ലെയിന്‍.ഒരു ഭാഗത്ത് തീവണ്ടിപ്പാത,തൃശൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത്. ചുറ്റു മതില്‍ ഉയര്‍ത്തി പണിത് മറച്ചിട്ടുണ്ട്.എന്തിനാണെന്ന് ചോദിക്കേണ്ട കാര്യമേയില്ല.പശുക്കളുടെ അമറല്‍ കേള്‍ക്കാം. ഒന്നും രണ്ടുമല്ല, മുപ്പത് ഒന്നാം തരം പശുക്കളുണ്ടവിടെ.വീടിന് മുമ്പില്‍ അത്യാവശ്യം തിരക്ക്.പാലട പായസം വാങ്ങാനുള്ളവരാണ്.വീട് മറ്റാരുടെയുമല്ല.മലയാളികളെ പാലടയുടെ രുചിയെന്താണെന്ന് പഠിപ്പിച്ച അമ്പിസ്വാമിയുടെതാണ് വീട്.വീടിനോട് ചേര്‍ന്ന് പാചകപ്പുര.
മലയാളിയുടെ പാചകപ്പുരയുടെ ചൂടില്‍ അമ്പിസ്വാമി വന്നു നിന്നിട്ട് അമ്പതുകൊല്ലം കഴിഞ്ഞു,മലയാളികളുടെ നാവില്‍ ആ മാന്ത്രിക രസക്കൂട്ട് വന്നു കൊതിപ്പിച്ചിട്ടും. ആ രുചിയുടെ തമ്പുരാനാണ് ഞായറാഴ്ച രാത്രി 11.30 ഓടെ വിടവാങ്ങിയത്.
 അമ്പിസ്വാമി കുറച്ചു നാളായി സജീവമായിരുന്നില്ല.79 വയസായി.മക്കളാണ് കൂടുതലും കൈകാര്യം ചെയ്യുന്നത്.എന്നാലും വൈകീട്ട് വീടിന്‍െറ വരാന്തയിലെ ഫോണിനടുത്ത് വന്നിരിക്കുന്ന മണിക്കൂറുകള്‍ മതി സദ്യയുടെ ഓര്‍ഡറുളത്തൊന്‍.മുമ്പിലെ പുസ്തകത്തില്‍ അവ കുറിച്ചുവെക്കും. ഇതൊരു പതിവാണ്.
14 ാം വയസിലാണ് ദഹണ്ണപ്പണിയായിരുന്ന പിതാവിന്‍െറ പാതയില്‍ അമ്പി നടന്നുതുടങ്ങിയത്.എന്നാല്‍ ശിഷ്യത്വം സ്വീകരിച്ചതോ അദ്ദേഹത്തെ വിട്ട് പാചക വിദഗ്ദനായിരുന്ന അടാട്ട് കൃഷ്ണയ്യരുടെ കീഴിലും അതൊരു വാശിപോലെയായിരുന്നു.24 വയസില്‍ വിവാഹിതനായ ശേഷമായിരുന്നു സ്വന്തമായി തൊഴില്‍ ഏറ്റെടുത്ത് തുടങ്ങിയത്.പാലട പായസത്തിന്‍െറ സാധ്യതയറിഞ്ഞ് സ്പെഷല്‍ പാലട തന്നെയുണ്ടാക്കി. ‘എട്ട് വിഭവങ്ങളോടെ വെജിറ്റേറിയന്‍ സദ്യ. ഒരു സ്പെഷല്‍ പാലട പായസവും’.ഇതായിരുന്നു സ്വാമിയുടെ സദ്യ വട്ടം.ദിവസം 17-18 സദ്യവരെ നടത്തിയ കാലമുണ്ടായിരുന്നു സ്വാമിക്ക്.ഒല്ലൂര്‍ പള്ളിപ്പെരുന്നാളിന് 70,000 പേരെയും ,പാവറട്ടി പെരുന്നാളിന് രണ്ട് ലക്ഷം പേരെയും സ്വാമി ഊട്ടിയീട്ടുണ്ട്.സ്കൂള്‍ കലോല്‍സവങ്ങളില്‍ സ്ഥിരപരിചിത മുഖമാണ് സ്വാമി.11ഓളം സ്കൂള്‍ കലോല്‍സവങ്ങളില്‍  ഭക്ഷണചുമതല ഏറ്റെടുത്തു.സി.അച്യുതമേനോന്‍,കെ.കരുണാകരന്‍,ഇ.കെ.നായനാര്‍ ,എ.കെ.ആന്‍റണി,കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു.കെ.കരുണാകരന്‍െറ വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലെ സദ്യയിലും ഊട്ടുപുരയില്‍ സ്വാമിയുണ്ടായിരുന്നുവെന്നത് വ്യക്തി ബന്ധം കൊണ്ടുതന്നെയായിരുന്നു.
ദിവസവും പാലട പ്രഥമന്‍ വിതരണം സ്വാമിയുടെ വീട്ടിലുണ്ടാവും.പ്രതിദിനം 100ലിറ്ററിലധികം പാലട വില്‍ക്കുന്നു. ലിറ്ററിന് 100 രൂപയാണ് വില. ഞായറാഴ്ച 500 ലിറ്റര്‍ വരെയാവും ചെലവ്.ഫെസ്റ്റിവല്‍ സീസണില്‍ 15,0000 ലിറ്റര്‍ വരെ.വീടിനോട് ചേര്‍ന്നാണ് പാചകപ്പുര.പാത്രങ്ങളും ഉരുളികളും ഉരുപ്പടികളുമായി ഒരു പ്രപഞ്ചം.സഹായികളായി മക്കളേക്കൂടാതെ എന്തിനും ഏതിനും പോന്ന പണിക്കാരും.
‘‘ഊട്ടുക എന്നതുതന്നെ പുണ്യമാണ്,ഇത്രയും കാലം അതിനായി എന്നത് തന്നെ ദൈവാനുഗ്രഹം’’-ഒരു മാസം മുമ്പ് വീട്ടിലത്തെിയ എന്നോട് അമ്പി സ്വാമി പറഞ്ഞു.‘‘ദൂര യാത്രകള്‍ ഒഴിവാക്കി. ഓടി നടന്ന് പണി ചെയ്യാന്‍ വയ്യ...ഇപ്പോ ആള്‍ക്കാര്‍ കലോത്സവത്തിനും പരിപാടികള്‍ക്കും മറ്റും സദ്യയൊരുക്കാന്‍ കൂട്ട്ണ കളികള്‍ കാണുമ്പോ ചിരിയാണ്.ഞാന്‍ ഇങ്ങനെയുള്ള അഭ്യാസമൊന്നും കാട്ടീട്ടില്ല്യാ...ചെയ്യുന്ന പ്രവൃത്തിയില്‍ സത്യസന്ധത പുലര്‍ത്തുക,പിന്നെ ദൈവാനുഗ്രഹം ഉണ്ടാവ്വാ..ഇതൊക്കെയുണ്ടായാ മതി.അതേ എനിക്കൂള്ളോ..അദ്ദേഹത്തിന്‍െറ പ്രശസ്തമായ പാലടയുടെ രുചിക്കൂട്ടുകള്‍ പറഞ്ഞു തരുന്നതിനിടെ അദ്ദേഹം പറഞ്ഞു.


photo p.b. biju