Sunday, January 29, 2012

വായ്ക്കരി

''എനിക്ക് വയ്യ. ഇനി എത്ര കാലമെന്നാ..ഈ പുസ്തക ശേഖരം എന്തുചെയ്യുമെന്നാ ഇപ്പോ ചിന്ത... സാഹിത്യ അക്കാദമിക്കോ മറ്റോ കൊടുക്കണം...''ഇഷ്ടമില്ലാത്തതെന്തോ മുന്നില്‍കണ്ടപോലെ മാഷ് നെടുവീര്‍പ്പോടെ പറഞ്ഞു.വല്ലാതെ ക്ഷീണിച്ചിരുന്നു.കണ്ണുകള്‍ക്ക് താഴെ മഴവില്ല് തിരിച്ചിട്ടപോലെ ചുളിവുകള്‍ . ദുര്‍ബലമായ  കൈകള്‍. ഡിസംബര്‍ തുടക്കത്തിലായിരുന്നു മാഷെ കാണാന്‍ ഇരവി മംഗലത്തെ വീട്ടിലെത്തിയത്.
വീട്ടിലെത്തിയപ്പോള്‍ മാഷ് തൃശൂര്‍ ഹോളി ഫാമിലി സ്കൂളിലെ പരിപാടി കഴിഞ്ഞ് എത്തിയിരുന്നില്ല. മാധ്യമം ഗൃഹത്തിലേക്കുള്ള കൂടിക്കാഴ്ചക്കായി പോയതായിരുന്നു.വീടിന് പുറത്ത് അര മണിക്കൂര്‍ കാത്തുനിന്നു.ചുവന്ന സൂസുക്കി വിറ്റാറ കാറില്‍ സുരേഷിനോടൊപ്പം മാഷ് എത്തി.കുറേ നേരമായോ...കയറി ഇരിക്കാമായിരുന്നല്ലോ...മാഷ് ചോദിച്ചു.കോലായിലിരുന്ന് അധികം വൈകാതെ മാഷ്  വാതില്‍ തുറന്ന് അകത്തേക്ക് ക്ഷണിച്ചു.മാഷ് സംസാരിച്ചു തുടങ്ങി ; പുസ്തകമുറിയെപ്പറ്റി. വീട്ടിലെ മുറികളെപ്പറ്റി, പുസ്തക പ്രപഞ്ചത്തെപ്പറ്റി. അതിനിടെ ഏകാന്ത എന്നത് വിഷയമായി.
സംസാരം തുടര്‍ന്നുകൊണ്ടിരിക്കേ അഴീക്കോട് മാഷ് മനസിലെ ഒരു ചിത്രമായി.വലിയ വീട്ടില്‍ തനിച്ചായിപ്പോയ ഒരു വൃദ്ധന്‍,വീട്ടിലെ കുടുസുമുറിയിലെ പുസ്തകപ്പുരയില്‍ മുഖം പൂണ്ടിരിക്കുന്ന വൃദ്ധന്‍.ഏകാന്തത അല്ലെങ്കില്‍ നിശബ്ദത മനം മടുപ്പിക്കുന്നുണ്ടാകണം അവസാന കാലങ്ങളില്‍.പ്രസംഗം അതിനുള്ള ആശ്വാസമായിരുന്നു.ചുറ്റുമുള്ള ജനക്കൂട്ടമായിരുന്നു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒറ്റപ്പെടല്‍, ഏകാന്തത എന്നിവയില്‍ നിന്നുള്ള രക്ഷപ്പെടല്‍ കൂടിയായിരുന്നു വിവാദങ്ങള്‍.അതുകൊണ്ട് ജീവിതം തുടരാനുള്ള ഉല്‍പ്രേരകമായി വിവാദങ്ങള്‍ മാറിയെന്നിരിക്കണം.
വേദന അല്‍പ്പം കൂടുതലുണ്ട്.പരിപാടികള്‍ക്ക് പോകരുതെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്.നമുക്ക് പോകാതിരിക്കാന്‍ പറ്റ്വോ^മാഷ് ചിരിയോടെ പറഞ്ഞു.

എരവിമംഗലത്തെ  മാഷ് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.എരവിമംഗലത്തുകാര്‍ മാഷിനെയും..   നിര്‍മലരായ ജനങ്ങള്‍.എരവിമംഗലത്തുകാരെപ്പറ്റി മാഷ് പറയുന്നതിങ്ങനെ^'ഐഡിയല്‍ വില്ലേജ്;ശാന്ത സുന്ദര പ്രകൃതി, ശല്യങ്ങളില്ല..ഏറെ ഇഷ്ടപ്പെട്ടുപോയി .ഇവിടെത്തെ ശാന്തതയാണ് ഏറെ ഇഷ്ടമായത്. ഇവിടെത്തെ കോഴികള്‍ പോലും കൂവാനായി അടുത്ത ഗ്രാമത്തില്‍ പോവുമെന്ന് തോന്നുന്നു'.ഗ്രാമത്തില്‍ എന്ത് വിശേഷങ്ങളുണ്ടെങ്കിലും വീട്ടില്‍ വിഭവമെത്തും. ആഴ്ചയില്‍ രണ്ടും മൂന്നും പിറന്നാളുകളുണ്ടാകും. പായസം കഴിച്ച് ശരീരത്തില്‍ മധുരം കൂടുമോന്നാ സംശയം.''^മാഷ് അന്ന് പറഞ്ഞു.അവസാനകാലത്ത് പ്രദേശത്തെ കുട്ടികളുമായി ചെലവിടാന്‍ സമയം കണ്ടെത്തി.ആദ്യം നാട്ടുകാര്‍ഗേറ്റിന് മുമ്പില്‍ നിന്നുകൊണ്ട് മാത്രമേ ബഹുമാനത്തോടെ കുശലം പറയുമായിരുന്നുള്ളൂ.പിന്നെ 'കുഴപ്പക്കാരനല്ലെന്ന് 'മനസിലായതോടെ വീട്ടിലെത്തിത്തുടങ്ങി.മാഷ് വീട് വാങ്ങിയപ്പോള്‍ ചെളി നിറഞ്ഞ ഇടവഴിമാത്രമായിരുന്നു.അബ്ദുല്‍ വാഹാബ് എം.പി ഫണ്ടില്‍ നിന്ന് റോഡിനായി ഫണ്ട് അനുവദിച്ചു.ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഞാന്‍ കാരണം ഒരു റോഡായി^മാഷ് പറഞ്ഞു.
മണലിപ്പുഴയുടെ തീരത്തെ വലിയ രണ്ടുനില വീട്.വല്ലാത്ത നിശബ്ദമായ ഒരിടം..വീട് നിര്‍മിച്ചപ്പോള്‍ ഒരു വ്യവസായ പ്രമുഖന്‍ സമ്മാനിച്ചതാണെന്ന ആരോപണമുയര്‍ന്നിരുന്നു,പക്ഷേ മാഷത് സമ്മതിക്കില്ല.ഒരു ചിരിയായിരുന്നു അന്ന് ആ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴുള്ള മറുപടി.' മനുഷ്യായുസിന്റെ അവസാനത്തില്‍ 82ാം വയസിലാണ് ഞാന്‍ സ്വന്തമായി വീടുണ്ടാക്കിത്.എന്നിട്ടും അതിന്റെ ബാധ്യത എന്നെ പിന്തുടരുകയാണ്.  വിയ്യൂരില്‍  22 കൊല്ലമാണ് താമസിച്ചത്. ശാന്തമായിരുന്നു അന്ന് വിയ്യൂര്‍.അവിടെ നഗരവല്‍കരണത്തോടൊപ്പം ശബ്ദകോലാഹലങ്ങളും കൂടിയതോടെ സ്വസ്ഥമായ സ്ഥലം നോക്കാന്‍ സുരേഷിനൊട്(അഴീക്കോടിന്റെ ഡ്രൈവറും 25 വര്‍ഷമായുള്ള സഹായിയും) പറയുകയായിരുന്നു.അങ്ങനെയായിരുന്നു  ഗ്രാമമായ എരവിമംഗലത്തെത്തിയത്.
സെന്റിന് മൂന്ന് ലക്ഷം വിയ്യൂരിലെ സ്ഥലത്തിന് വിലപറഞ്ഞു.സ്ഥലവും വീടും വിറ്റപ്പോള്‍ 48 ലക്ഷം കൈയില്‍ കിട്ടി.എരവിമംഗലത്ത് മണലിപ്പുഴക്കരികെ 22 സെന്റ് സ്ഥലം കണ്ടെത്തിയതും മാനോഹരമായ രണ്ടു നില കോണ്‍ക്രീറ്റ് വീട് പണിതതും സുരേഷിന്റെ മേല്‍നോട്ടത്തിലായിരുന്നു.നട്ടെല്ലിന് ആയാസമുണ്ടാക്കരുതെന്ന ഡോക്ടറിന്റെ നിര്‍ദേശ പ്രകാരം യാത്രചെയ്യാന്‍ ആയാസമില്ലാത്ത കാറും  വാങ്ങി.ബാങ്കില്‍ നിന്ന് കുറച്ചുപണം ലോണെടുത്തു.ആ അടവ് വീട്ടിക്കൊണ്ടിരിക്കുകയാണ്'^മാഷ് പറഞ്ഞു.

ഇരവിമംഗലത്തെ രണ്ടുനില വീട്ടിലെ പുസ്തകപേമാരി ബാധിച്ച ആ കുടുസുമുറിയിലെ പഴകിയ ചാരുകസേല തേടി പ്രസംഗകലയുടെ ആചാര്യന്‍ ഇപ്പോഴില്ല. അഴീക്കോട് തന്റെ  വായനാമുറിയില്‍  നിധിപോലെ അഴീക്കോട് കാത്തതാണീ  ചാരുകസേര .60 കൊല്ലം മുമ്പ് പിതാവ് സമ്മാനിച്ചതാണ് ആ മരക്കസേര. വായനയും എഴുത്തും ആ കസേരയിലിരുന്നാണ്.പിതാവിന്റെ ദീപ്തമായ ഓര്‍മയാണിത്.രണ്ടു നില വീട്.അഞ്ചോ ആറോ മുറികള്‍,എങ്കിലും അഴീക്കോട് വീടിലെത്തിയാല്‍ ഒരാള്‍ക്ക് നിന്ന് തിരിയാന്‍ മാത്രം സ്ഥലം അനുവദിച്ച  കുടുസ്സുമുറിയിലെ ആ ചാരുകസേരയിലുണ്ടാകും.അവിടെയിരുന്നാണ് വായന.എപ്പോഴും കൂടെ വേണമെന്ന് ആഗ്രഹിക്കുന്നവയിലൊന്നാണ് ആ കസേര^അഴീക്കേട് പറയുമായിരുന്നു.ഇതുമാത്രമല്ല പഴമയുടെ ഗന്ധം പേറി മറ്റൊന്നു കൂടിയുണ്ട് മുറിയില്‍.ഒരു ഘടികാരം.65 കൊല്ലം മുമ്പ് അഞ്ച് രൂപക്ക് വാങ്ങിയതാണിത്.മുറിയില്‍പച്ചപെയിന്റടിച്ച ഭദ്രമായി അടച്ചുവെച്ച രണ്ട് ട്രങ്കുകള്‍.മുറിയിലെ റാക്കില്‍ ഇവ രണ്ടിനും മാത്രമാണ് സ്ഥാനം.ഇതേക്കുറിച്ചും മാഷിനോട് ചോദിച്ചിരുന്നു'പഴയ പുസ്തകങ്ങളാണ്' ^മാഷിന്റെ അലസ മറുപടി.
നല്ല മൂഡിലായിരുന്ന അഴീക്കോട് മാഷ് പറഞ്ഞുകൊണ്ടിരുന്നു,ഭക്ഷണം തയ്യാറായി എന്ന സുരേഷിന്റെ വിളി വരുംവരെ


ചിത്രങ്ങള്‍: പി.ബി. ബിജു