Tuesday, June 5, 2012

അടുക്കളയില്‍ നിന്നൊഴിഞ്ഞ പാലട മധുരം

നഗരഹൃദയത്തിലാണ് ആ വീട്.തൃശൂര്‍ എം.ജി റോഡ് കരിക്കത്ത് ലെയിന്‍.ഒരു ഭാഗത്ത് തീവണ്ടിപ്പാത,തൃശൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത്. ചുറ്റു മതില്‍ ഉയര്‍ത്തി പണിത് മറച്ചിട്ടുണ്ട്.എന്തിനാണെന്ന് ചോദിക്കേണ്ട കാര്യമേയില്ല.പശുക്കളുടെ അമറല്‍ കേള്‍ക്കാം. ഒന്നും രണ്ടുമല്ല, മുപ്പത് ഒന്നാം തരം പശുക്കളുണ്ടവിടെ.വീടിന് മുമ്പില്‍ അത്യാവശ്യം തിരക്ക്.പാലട പായസം വാങ്ങാനുള്ളവരാണ്.വീട് മറ്റാരുടെയുമല്ല.മലയാളികളെ പാലടയുടെ രുചിയെന്താണെന്ന് പഠിപ്പിച്ച അമ്പിസ്വാമിയുടെതാണ് വീട്.വീടിനോട് ചേര്‍ന്ന് പാചകപ്പുര.
മലയാളിയുടെ പാചകപ്പുരയുടെ ചൂടില്‍ അമ്പിസ്വാമി വന്നു നിന്നിട്ട് അമ്പതുകൊല്ലം കഴിഞ്ഞു,മലയാളികളുടെ നാവില്‍ ആ മാന്ത്രിക രസക്കൂട്ട് വന്നു കൊതിപ്പിച്ചിട്ടും. ആ രുചിയുടെ തമ്പുരാനാണ് ഞായറാഴ്ച രാത്രി 11.30 ഓടെ വിടവാങ്ങിയത്.
 അമ്പിസ്വാമി കുറച്ചു നാളായി സജീവമായിരുന്നില്ല.79 വയസായി.മക്കളാണ് കൂടുതലും കൈകാര്യം ചെയ്യുന്നത്.എന്നാലും വൈകീട്ട് വീടിന്‍െറ വരാന്തയിലെ ഫോണിനടുത്ത് വന്നിരിക്കുന്ന മണിക്കൂറുകള്‍ മതി സദ്യയുടെ ഓര്‍ഡറുളത്തൊന്‍.മുമ്പിലെ പുസ്തകത്തില്‍ അവ കുറിച്ചുവെക്കും. ഇതൊരു പതിവാണ്.
14 ാം വയസിലാണ് ദഹണ്ണപ്പണിയായിരുന്ന പിതാവിന്‍െറ പാതയില്‍ അമ്പി നടന്നുതുടങ്ങിയത്.എന്നാല്‍ ശിഷ്യത്വം സ്വീകരിച്ചതോ അദ്ദേഹത്തെ വിട്ട് പാചക വിദഗ്ദനായിരുന്ന അടാട്ട് കൃഷ്ണയ്യരുടെ കീഴിലും അതൊരു വാശിപോലെയായിരുന്നു.24 വയസില്‍ വിവാഹിതനായ ശേഷമായിരുന്നു സ്വന്തമായി തൊഴില്‍ ഏറ്റെടുത്ത് തുടങ്ങിയത്.പാലട പായസത്തിന്‍െറ സാധ്യതയറിഞ്ഞ് സ്പെഷല്‍ പാലട തന്നെയുണ്ടാക്കി. ‘എട്ട് വിഭവങ്ങളോടെ വെജിറ്റേറിയന്‍ സദ്യ. ഒരു സ്പെഷല്‍ പാലട പായസവും’.ഇതായിരുന്നു സ്വാമിയുടെ സദ്യ വട്ടം.ദിവസം 17-18 സദ്യവരെ നടത്തിയ കാലമുണ്ടായിരുന്നു സ്വാമിക്ക്.ഒല്ലൂര്‍ പള്ളിപ്പെരുന്നാളിന് 70,000 പേരെയും ,പാവറട്ടി പെരുന്നാളിന് രണ്ട് ലക്ഷം പേരെയും സ്വാമി ഊട്ടിയീട്ടുണ്ട്.സ്കൂള്‍ കലോല്‍സവങ്ങളില്‍ സ്ഥിരപരിചിത മുഖമാണ് സ്വാമി.11ഓളം സ്കൂള്‍ കലോല്‍സവങ്ങളില്‍  ഭക്ഷണചുമതല ഏറ്റെടുത്തു.സി.അച്യുതമേനോന്‍,കെ.കരുണാകരന്‍,ഇ.കെ.നായനാര്‍ ,എ.കെ.ആന്‍റണി,കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു.കെ.കരുണാകരന്‍െറ വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലെ സദ്യയിലും ഊട്ടുപുരയില്‍ സ്വാമിയുണ്ടായിരുന്നുവെന്നത് വ്യക്തി ബന്ധം കൊണ്ടുതന്നെയായിരുന്നു.
ദിവസവും പാലട പ്രഥമന്‍ വിതരണം സ്വാമിയുടെ വീട്ടിലുണ്ടാവും.പ്രതിദിനം 100ലിറ്ററിലധികം പാലട വില്‍ക്കുന്നു. ലിറ്ററിന് 100 രൂപയാണ് വില. ഞായറാഴ്ച 500 ലിറ്റര്‍ വരെയാവും ചെലവ്.ഫെസ്റ്റിവല്‍ സീസണില്‍ 15,0000 ലിറ്റര്‍ വരെ.വീടിനോട് ചേര്‍ന്നാണ് പാചകപ്പുര.പാത്രങ്ങളും ഉരുളികളും ഉരുപ്പടികളുമായി ഒരു പ്രപഞ്ചം.സഹായികളായി മക്കളേക്കൂടാതെ എന്തിനും ഏതിനും പോന്ന പണിക്കാരും.
‘‘ഊട്ടുക എന്നതുതന്നെ പുണ്യമാണ്,ഇത്രയും കാലം അതിനായി എന്നത് തന്നെ ദൈവാനുഗ്രഹം’’-ഒരു മാസം മുമ്പ് വീട്ടിലത്തെിയ എന്നോട് അമ്പി സ്വാമി പറഞ്ഞു.‘‘ദൂര യാത്രകള്‍ ഒഴിവാക്കി. ഓടി നടന്ന് പണി ചെയ്യാന്‍ വയ്യ...ഇപ്പോ ആള്‍ക്കാര്‍ കലോത്സവത്തിനും പരിപാടികള്‍ക്കും മറ്റും സദ്യയൊരുക്കാന്‍ കൂട്ട്ണ കളികള്‍ കാണുമ്പോ ചിരിയാണ്.ഞാന്‍ ഇങ്ങനെയുള്ള അഭ്യാസമൊന്നും കാട്ടീട്ടില്ല്യാ...ചെയ്യുന്ന പ്രവൃത്തിയില്‍ സത്യസന്ധത പുലര്‍ത്തുക,പിന്നെ ദൈവാനുഗ്രഹം ഉണ്ടാവ്വാ..ഇതൊക്കെയുണ്ടായാ മതി.അതേ എനിക്കൂള്ളോ..അദ്ദേഹത്തിന്‍െറ പ്രശസ്തമായ പാലടയുടെ രുചിക്കൂട്ടുകള്‍ പറഞ്ഞു തരുന്നതിനിടെ അദ്ദേഹം പറഞ്ഞു.


photo p.b. biju

No comments:

Post a Comment