Monday, August 5, 2013

മരണം മണക്കുന്ന മണ്ണ്ഈ നാട്ടില്‍ വിഷം നിറക്കാനാണ് രാസ കമ്പനി വരുന്നതെന്ന് കാതിക്കുടത്തെ നാട്ടുകാരോട് അയ്യപ്പന്‍ നായര്‍ വിളിച്ചുപറഞ്ഞപ്പോള്‍ നാട്ടുകാര്‍ അയാളെ ഭ്രാന്തനെന്ന് വിളിച്ചു.ആ കാതിക്കുടം സ്വദേശിയെ മന്ത്രിമാര്‍ കളിയാക്കി പറഞ്ഞുവിട്ടു.ആരും ചെവികൊടുക്കാതെ പോയ ആ ശബ്ദം മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍  വിലയിരുത്തപ്പെടുന്നത്  ഒരു രാസവള നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ആ ദീര്‍ഘദര്‍ശിയുടെ മൊഴിമുത്തുകളായാണ്...വിഷം തിന്നു മടുത്ത ഒരു നാടിന്‍െറ മനസ്സാക്ഷിക്കുത്തിന്‍െറ ഓര്‍മയും.
അയ്യപ്പന്‍ നായര്‍ കാതിക്കുടത്തിന് ‘തൊഴില്‍ നേട്ടം’ സമ്മാനിച്ച കേരള കെമിക്കല്‍സ് ആന്‍്റ് ¤്രപാട്ടീന്‍സ് ലിമിറ്റഡ് (കെ.സി.പി.എല്‍) എന്ന സ്ഥാപനത്തിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍  അനില്‍ കുമാര്‍  ട്രൗസറിട്ട് നടക്കുന്ന പ്രായമായിരുന്നു. സ്കൂള്‍ വിട്ട് കളികഴിഞ്ഞ് ചാലക്കുടിപ്പുഴയിലെ മണല്‍പ്പരപ്പിലെ കണ്ണീര്‍ തുള്ളി കണക്കേയുള്ള വെള്ളത്തില്‍ കൂട്ടുകാരുമായി ഊളയിട്ടുല്ലസിക്കുമ്പോള്‍ അയ്യപ്പന്‍ നായര്‍ ചിരിച്ചുതള്ളിയ ചര്‍ച്ചാ വിഷയമായി. കെ.സി.പി.എല്‍ നിറ്റാ ജലാറ്റിന്‍ കമ്പനിയായതും അനില്‍കുമാര്‍ അവിടെത്തെ ജീവനക്കാരനായതും പിന്നീട് കാതിക്കുടം സമരപോരാളിയായതും പിന്നീടുള്ള ചരിത്രം. ശുദ്ധമായ വായുവിനും ജലത്തിനും വേണ്ടിയുള്ള ഗ്രാമത്തിന്‍െറ പോരാട്ടത്തെിനെതിരെയുള്ള സര്‍ക്കാരിന്‍െറയും കമ്പനിയുടെയും  ശ്രമങ്ങളെ തന്‍െറയും ചങ്ങാതിമാരുടെയും കൈതണലില്‍ നിറുത്തുന്ന ഒരു മതില്‍ കൂടിയാണ് ഇന്ന് സമരസമിതി കണ്‍വീനറായ അനില്‍കുമാര്‍.


വിഷക്കാലം

ചാലക്കുടി പുഴയുടെ കണ്ണീരുപോലത്തെ വെള്ളം കൈകുമ്പിളില്‍ കോരിക്കുടിക്കാന്‍ എന്തുല്‍സാഹമായിരുന്നെന്നോ....കളിച്ചുതളര്‍ന്നത്തെുന്ന ഞങ്ങളേറെയും ആ പുഴയില്‍തന്നെയായിരുന്നു. ഒരു ഭാഗത്ത് പുഴവെള്ളം കുടിക്കാന്‍കൊണ്ടുപോകാന്‍ കുടവുമായത്തെുന്ന വീട്ടമ്മമാര്‍.അന്ന് വെള്ളത്തില്‍ പൂളാന്‍ മത്സ്യങ്ങള്‍ തുള്ളിക്കളിച്ചിരുന്നു. ഉത്സവം കണക്കേ നൂറുകണക്കിന് പേരുണ്ടാകും ദിവസവും പുഴക്കരകളില്‍...ഇന്ന് കാളകൂടത്തിന്‍െറ നിറമാണതിന്.കലക്കിയ നഞ്ചില്‍ ജീവന്‍ കൊരുത്തപോലെ  ചത്തുപൊന്തിയ മത്സ്യക്കൂട്ടങ്ങള്‍.അര്‍ബുദബാധിതരായവരുടെ തേങ്ങലും നീട്ടി വലിക്കുന്ന ശ്വാസവും ഇരമ്പുന്ന ഇരു കരകള്‍..ഇനിയും  ഇങ്ങനെ ചത്തുകൊടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല-  അനില്‍കുമാര്‍ പറയുന്നു.
കമ്പനിയുടെ വിഷപ്പുകയില്‍ എരിഞ്ഞുതീര്‍ന്ന അമ്മ ഗൗരിയുടെ തളര്‍ന്ന ശരീരം അനില്‍കുമാറിന്‍െറ ഓര്‍മകളിലിന്നും കനലായി അവശേഷിക്കുന്നു.കമ്പനിയുടെ ഗേറ്റിനോട് തൊട്ട് ചേര്‍ന്നാണ് അനിലിന്‍െറ തറവാട്.  കമ്പനി വന്ന് നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ തുടങ്ങി അമ്മയുടെ ശ്വാസം മുട്ടല്‍.വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും അമ്മയെ പരിചരിച്ച് ആശുപത്രിയില്‍ തന്നെയായിരുന്നു അനില്‍.കാതിക്കുടത്തുനിന്ന് വിട്ടു നിന്നാല്‍ അസുഖം ഭേദമാകുമായിരുന്നു. എന്നാല്‍ പിതാവ് ചായക്കടനടത്തി വരുന്നതിനാല്‍ മാറാനുമായില്ല. വൃക്കയുടെ  പ്രവര്‍ത്തനശേഷി കുറഞ്ഞ മാതാവ് 10 ഓളം ശസ്ത്രക്രിയകള്‍ക്ക് ശേഷം മരിച്ചു. 
ചുറ്റുപാടും കാന്‍സര്‍രോഗികള്‍, ശ്വാസം മുട്ട്. സമര നേതാവ് ജോജിയുടെ അച്ഛനും കാന്‍സര്‍ വന്നാണ് മരിച്ചത്. മറ്റൊരുപ്രവര്‍ത്തകന്‍ തങ്കച്ചന്‍്റെ മാതാപിതാക്കളും കാന്‍സര്‍ ബാധിച്ച് മരിച്ചു.കമ്പനിയോട് തൊട്ടടുത്തുള്ള 15 വീട്ടില്‍ 12 വീടുകളിലും അര്‍ബുദ ബാധിതരേറെയാണെന്ന് പഠനം തെളിയിക്കുന്നു.കമ്പനിവളപ്പില്‍ നിന്ന് സമീപപ്രദേശത്തെ കിണറുകളിലും പാടശേഖരങ്ങളിലും വിഷാംശം അരിച്ചിറങ്ങിയതോടെ ഖരമാലിന്യങ്ങള്‍ കുഴിച്ചിടുന്നത് അവസാനിപ്പിച്ചു. പിന്നെ മൂന്നടി വ്യാസമുള്ള കുഴല്‍ മുഖേന ചാലക്കുടിപുഴയില്‍ ഉപേക്ഷിക്കലായി ഇത്. ഇതിന് സാക്ഷിയാകാനുള്ള യോഗവുണ്ടായി അനില്‍കുമാറിന്.

 ഞെട്ടലിന്‍െറ ഓര്‍മ


പിതാവിന്‍െറ സ്വാധീനത്തില്‍ 20 ാം വയസിലാണ് അണ്‍സ്കില്‍ഡ് വര്‍ക്കറായി നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ ചേരുന്നത്. ചിലര്‍ക്കായി മാത്രം നീക്കിവെച്ച എഫ്ളുവന്‍റ് ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ രാത്രിഷിഫ്റ്റില്‍ ഒരു ദിവസം ജോലിക്ക് നിയോഗിക്കപ്പെട്ടതാണ് വഴിത്തിരിവായത്.രാത്രി ഏറെ വൈകി   വലിയ മാലിന്യപൈപ്പിന്‍െറ പുഴയിലേക്കുള്ള വാല്‍വ് തുറക്കാന്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയ  അനില്‍കുമാര്‍ അതിന് വിസമ്മതിച്ചു.‘‘ഇത് എല്ലാ ദിവസവും ചെയ്യുന്നതാണ്’’ ഓപറേറ്റര്‍ പറഞ്ഞു.പറ്റില്ളെന്ന് തീര്‍ത്തുപറഞ്ഞ അനില്‍കുമാര്‍ സസ്പെന്‍ഷന്‍ ഉറപ്പാക്കിയിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ എഞ്ചിനീയര്‍ എത്തി. വാല്‍വ് തുറക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ലോഗ് ഷീറ്റില്‍ എഴുതിത്തരണമെന്നായി അനില്‍.അതിന് സമ്മതിച്ച ശേഷം വാല്‍വ് തുറന്നു.ആ ലോഗ് ഷീറ്റിന്‍െറ കോപ്പിയും അനില്‍കുമാര്‍ കൈക്കലാക്കി. 
പിറ്റേന്ന് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ വിളിച്ച് സസ്പെന്‍ഷന്‍ ഉത്തരവ് തന്നു. കൈക്കലാക്കിയ ലോഗ് ബുക്കിന്‍െറ കോപ്പി കാണിച്ച് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞതോടെ സസ്പെന്‍ഷന്‍ ഒരു ദിവസമായി ചുരുക്കി. വിവരം സുഹൃത്തുക്കളായ നാട്ടുകാരോട് പറഞ്ഞു. രാത്രി വ്യാപകമായി പോസ്റ്റര്‍ എഴുതി ഒട്ടിച്ചു.പിന്നീട് പോരാട്ടത്തിന്‍െറ ദിനങ്ങളായിരുന്നു. ചുരുങ്ങിയ കാലയളവില്‍ 33 മെമ്മോയും മൂന്നു സസ്പെന്‍ഷനും കിട്ടി.തൊഴിലാളി ശേഷി കൂടുതലുള്ള സ്വതന്ത്ര ട്രേഡ് യൂനിയന്‍ ഭാരവാഹിയായ അനിലിനെ പ്രതിരോധിക്കാന്‍ മറ്റുയൂനിയനുകളെയായിരുന്നു കമ്പനി നിയോഗിച്ചത്. കമ്പനിയുടെ മാലിന്യത്തിനെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാരുടെ പ്രക്ഷോഭത്തെയും അനില്‍ സഹായിച്ചുപോന്നു. കൈയൂക്കിന്‍െറ ബലത്തില്‍ മറ്റുയൂനിയന്‍ നേതാക്കള്‍ നിരന്തരം തലവേദന സൃഷ്ടിച്ചു.കമ്പനിയില്‍ നിന്ന് പുറത്താക്കിയ അഞ്ചുപേരെ സഹായിക്കാന്‍ പിരിവെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തിന്‍െറ വക്കിലത്തെി. കമ്പനിയുടെ സ്വാധീനത്തില്‍പ്പെട്ട് സ്വതന്ത്ര ട്രേഡ് യൂനിയന്‍ നേതാക്കള്‍ മറ്റുയൂനിയനുകളിലേക്ക് ചേക്കേറി. ജോലി രാജി വെച്ച് സുഹൃത്തിനൊപ്പം ഗള്‍ഫില്‍ ജോലിക്ക് കയറി.

വീണ്ടും പ്രക്ഷോഭ ജീവിതം

ചാലക്കുടിപ്പുഴ കൂടുതല്‍ ഇരുണ്ടു. മത്സ്യങ്ങള്‍ ഇടക്കിടെ  ചത്തുപൊന്തിത്തുടങ്ങി. അര്‍ബുധവും ശ്വാസകോശ ബാധിതരും കൂടുതലായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിത്തുടങ്ങി.പുഴയില്‍ മാടിനെ കുളിപ്പിക്കാന്‍ പറ്റാതായി.സമീപ പ്രദേശങ്ങള്‍ മാലിന്യ നിക്ഷേപത്തില്‍ കൃഷി യോഗ്യമല്ലാതായി. കമ്പനിയുടെ  ഉല്‍പാദനം 18 ടണ്ണില്‍ നിന്ന് 35 ടണ്ണാക്കി ഉയര്‍ത്തിയതായി കമ്പനി അവകാശപ്പെട്ടു.  (യഥാര്‍ഥ ഉല്‍പാദനം 140 ആണെന്ന് സമരസമിതി ). 2008ല്‍ നാട്ടില്‍ തിരിച്ചത്തെിയപ്പോള്‍ അനിലിനെ വരവേറ്റത് ഈ ദുരന്ത കാഴ്ചകളായിരുന്നു. അനില്‍കുമാറിന് വീണ്ടും പോകാനായില്ല. വീണ്ടും കമ്പനിക്കെതിരെ നാട്ടുകാരെ സംഘടിപ്പിച്ച് മലിനീകരണ വിരുദ്ധ സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. യൂനിയന്‍ നേതാക്കളുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ വരെയത്തെി. ലോറി തല്ലിപ്പൊളിച്ചു, പൈപ്പ് തല്ലിപ്പൊളിച്ചു തുടങ്ങി കള്ളക്കേസുകള്‍ അനിലിന്‍െറ പേരിലത്തെിയതോടെ മടക്കയാത്ര മുടങ്ങി.പിന്നീട് മുഴുവന്‍ സമയ പ്രവര്‍ത്തകനെന്ന വിലാസം ഏറ്റെടുത്തത്  സി.ആര്‍ നീലകണ്ഠന്‍ ഉള്‍പ്പെട്ട മീറ്റിങില്‍ എന്‍.ജി.ഐ.എല്‍ നാഷനല്‍ കൗണ്‍സില്‍ രജിസ്ട്രര്‍ ചെയതതോടെയാണ്. സമര സമിതി കണ്‍വീനറായി. പഴയ സുഹൃത്തുക്കളുമൊത്തായിരുന്നു ആദ്യ കാലത്ത് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടിറങ്ങിയത്. മുഴുവന്‍ സമയ ആക്ടിവിസത്തിലേക്ക് തിരിഞ്ഞപ്പോള്‍ ചെലവ് കൂടി. പണിയില്ലാതായതോടെ തുടങ്ങിവെച്ച വീട് നിര്‍മാണം മുടങ്ങി. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസത്തെി. ആ വീട് വിറ്റാണ് തുടര്‍ന്ന് ബാങ്കിലെ കടം വീട്ടാനായത്.
 ഈ പ്രശ്നങ്ങള്‍ക്കിടയിലും കാതിക്കുടം സമരം പുതിയ തലത്തിലേക്ക് ഉയരുകയായിരുന്നു.
തൃശൂരില്‍  2008 ല്‍ വിളിച്ചുകൂട്ടിയ ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ .സുകുമാര്‍ അഴീക്കോട് പങ്കെടുത്തത് സമരത്തിന് വഴിത്തിരിവായി. വലിയ ഊര്‍ജമായിരുന്നു അത് നല്‍കിയത്.
പിന്നീട് സമരവേദിയിലേക്ക് പ്രമുഖരുടെ  വരവായിരുന്നു.  മേധാ പട്കര്‍, ദയാബായി,ബിനായക് സെന്‍, ചാരു നിവേദിത,സാറ ജോസഫ്,ഗോവിന്ദാചാര്യ,വരവരറാവു തുടങ്ങി ഇവിടെയത്തൊത്ത രാജ്യത്തെ പ്രമുഖര്‍ വിരളം. സൗഹൃദങ്ങള്‍ , മാധ്യമങ്ങളുടെ പങ്ക്, തൃശൂരില്‍ ഐക്യദാര്‍ഡ്യ സമിതി എന്നിവയാണ് സമരചരിത്രത്തില്‍ വഴിത്തിരിവായതെന്ന് അനില്‍കുമാര്‍ പറയുന്നു.മരണ ഗന്ധവുമായി കാതിക്കുടം


നീറ്റ ജലാറ്റിന്‍ കമ്പനിയിലെ  15 ജീവനക്കാര്‍ ഇപ്പോള്‍ കാന്‍സര്‍ ബാധിതരാണ്. സമീപത്തെ 15 വീടുകളില്‍ 12 പേരെങ്കിലും കാന്‍സര്‍ വന്നു മരിച്ചിച്ചുണ്ട്. പന്ത്രണ്ട് വര്‍ഷത്തിനിടെ കമ്പനി പരിസരത്ത് 65 പേര്‍ കാന്‍സര്‍ ബാധിച്ച് മരിച്ചതായാണ് ആക്ഷന്‍കൗണ്‍സില്‍ പറയുന്ന കണക്ക്. കൂടാതെ ശ്വാസ കോശ രോഗങ്ങളും വ്യാപകമായുണ്ടെന്ന് അനില്‍കുമാര്‍ പറയുന്നു. ജനനീതി നടത്തിയ പഠനത്തില്‍ പ്രദേശത്തെ 10 ശതമാനം പേര്‍ മെന്‍റലി ഡിപ്രസ്ഡ് ആണെന്ന് പറയുന്നുണ്ട്.ചാലക്കുടി പുഴയുടെ തൊട്ടടുത്ത തീരങ്ങളായ അന്നമനട,പോത്തുശേരി,മൂഴിക്കുളം,പാറക്കടവ് സ്ഥലങ്ങളിലാണ് കൂടുതല്‍ കാന്‍സര്‍ രോഗികളുള്ളത്.ഇതിന് പുഴയിലേക്കൊഴുക്കി വിടുന്ന മാലിന്യമാണ് കാരണം.
  രാസമയമാണ് കാതിക്കുടം ഗ്രാമത്തിലെ ജലം.കിണര്‍ വെള്ളമായാലും പുഴവെള്ളമായാലും പാടത്തെ വെള്ളമായാലും രാസ സാന്നിധ്യം അമിതമാണ്. ഹൈഡ്രോക്ളോറിക് ആസിഡ് കലര്‍ന്ന വെള്ളം, ഭീമമായ അളവില്‍ പുറത്തേക്കു തള്ളുന്ന മജ്ജയും മാംസാവശിഷ്ടങ്ങളും, ഗ്രീസ്, എണ്ണ ഇവയൊക്കെയാണ് പ്രതിദിനം കമ്പനി ചാലക്കുടിപുഴക്കും കാതിക്കുടത്തിനും സമ്മാനിക്കുന്നത്. മൂന്നടി വ്യാസമുള്ള പൈപ്പ് ചട്ടങ്ങള്‍ കാറ്റില്‍പറത്തിയാണ് ചാലക്കുടി പുഴയിലേക്ക് വെച്ചിട്ടുള്ളത്. 24 മണിക്കൂറും അതിലൂടെ രാസമാലിന്യം പുഴയിലേക്ക് ഒഴുക്കുന്നു. ശുദ്ധീകരിച്ച വെള്ളമാണെന്ന് പറയുന്നുണ്ടെങ്കിലും രാവിലെ ഒഴുക്കുന്ന വെള്ളത്തില്‍ ലെഡ്, നിക്കല്‍,കാഡ്മിയം സാന്നിധ്യം വളരെ ക്കൂടുതലാണെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പഠനം തെളിയിക്കുന്നു.രാത്രികാലങ്ങളില്‍ ശുദ്ധീകരണ പ്രക്രിയ പോലും നടത്താതെ അനിയന്ത്രിതമായാണ് മാലിന്യമൊഴുക്ക്.ചാലക്കുടി പുഴയിലെ വെള്ളം ഉപയോഗിക്കുന്ന നിരവധി ഗ്രാമപഞ്ചായത്തുകളും സ്ഥാപനങ്ങളും വിഷം ഏറ്റുവാങ്ങുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസുകള്‍ വഴി കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ പ്രദേശത്തും മാള, പൊയ്യ കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, പഞ്ചായത്തുകളിലും രാസമാലിന്യമത്തെുന്നുണ്ട്.
 2009ല്‍ പുഴയിലേക്കുള്ള വലിയ പൈപ്പ് അത് പോകുന്നിടത്ത് പൊട്ടി 25 ടണ്ണോളം മാലിന്യം പാടത്ത് നിറഞ്ഞു.സമര സമിതിയുടെ പ്രക്ഷോഭത്തത്തെുടര്‍ന്ന് പാടത്തൊഴുക്കിയ ഖരമാലിന്യം തൊഴിലാളികള്‍ കോരി പ്ളാന്‍റിലേക്ക് കൊണ്ടുപോയി.അതേവര്‍ഷം തന്നെ കമ്പനിയുടെ പച്ചക്കറി വിതരവുമായി നിസ്സഹരിക്കാനാവശ്യപ്പെട്ടപ്പോള്‍   യൂനിയന്‍ നേതാക്കള്‍ ഭീകര മര്‍ദനം അഴിച്ചുവിട്ടു. അനില്‍കുമാറിനെയും മറ്റു സമരസമിതി പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.2010 ഡിസംബറിലാണ് ബയോഗ്യസ് പ്ളാന്‍റ് പൊട്ടിയതിനത്തെുടര്‍ന്ന് കുട്ടികളും വീട്ടമ്മമാരും അടങ്ങുന്ന 13 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്ളാന്‍റിന്‍െറ അവശിഷ്ടം പരിശോധന നടത്തിയപ്പോള്‍ ശരീരത്തിന് ഹാനികരമായ മാരക രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടത്തെി. കൂടാതെ കിണര്‍ വെള്ളത്തില്‍ അമിതമായി കാല്‍സ്യ സാന്നിധ്യം പഠനത്തില്‍ കണ്ടത്തെി.കുടിക്കാന്‍ പറ്റില്ല.തോട്ടുവെള്ളത്തില്‍ ഉയര്‍ന്ന കാല്‍സ്യം. അസിഡിക്. കുടിക്കാനും കൃഷിക്കും പറ്റില്ല.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് വലിയ ചതിയാണ്  കാതിക്കുടത്തുകാരോട് കാട്ടിയത്. പഞ്ചായത്ത് സമ്മതമില്ളെങ്കിലും കമ്പനി പ്രവര്‍ത്തിക്കുന്നത് മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ അനുമതിയുടെ ബലത്തിലാണ്. ഇസെഡ് കാറ്റഗറിയില്‍പ്പെടുന്ന ഹസാര്‍ഡസ് ഇന്‍ഡസ്ട്രിയായതിനാല്‍  നൂറുമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ പാടില്ല  ്.ഇതു പറഞ്ഞാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനോട് അംഗീകരത്തിന് അപേക്ഷിച്ചത്.ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തു. ഞങ്ങള്‍ കമീഷനെ നിയോഗിച്ചു. 46 വീടുകളുണ്ടെന്ന് കണ്ടത്തെി.തുടര്‍ന്ന് ചാലക്കുടി മജിസ്ട്രേറ്റ് കോടതി കമീഷനെ വെച്ചു.ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. 

പൊലീസ് വേട്ടയുടെ ഓര്‍മകളില്‍


ജൂലൈ 21 നായിരുന്നു നിറ്റാജലാറ്റിന്‍ കമ്പനിയുടെ ചാലക്കുടി പുഴയിലേക്ക് തുറക്കുന്ന മാലിന്യപൈപ്പ്  എടുത്തുമാറ്റാനായി കാതിക്കുടം ഐക്യദാര്‍ഡ്യ സമര സമിതിയുടെ നേതൃത്വത്തില്‍ മൂവായിരത്തോളം പേര്‍ ഒത്തുകൂടിയത്.സംഘടിച്ചത്തെിയവരെ പൊലീസ് തടഞ്ഞതിനത്തെുടര്‍ന്ന് കമ്പനിക്കുമുമ്പില്‍ അവര്‍ കുത്തിയിരുന്നു.മൂന്നുമണി വരെ സമാധാനപരം.3.45ഓടെ പൊടുന്നനെയാണ് കമ്പനി ഗേറ്റ് കടന്ന് പുറകിലൂടെ എണ്ണൂറോളം വരുന്ന പൊലീസുകാര്‍ സമരക്കാര്‍ക്കുനേരെ വേട്ടപ്പട്ടികളെപ്പോലെ കുതിച്ചു വന്നത്. 
‘‘ അസഭ്യവര്‍ഷത്തോടെ എന്നെ നിലത്ത് വലിച്ചിട്ട് മൂന്നുപേര്‍ചേര്‍ന്ന് നട്ടെല്ലിന് ബൂട്ടിട്ട് ചവിട്ടി.ഒന്നും രണ്ടുമല്ല കുറത്തേവണ.തലക്കടിച്ച ലാത്തി ഒടിഞ്ഞുപോയി’’അനില്‍ കുമാര്‍ പറയുന്നു.പിറകില്‍ ലാത്തികൊണ്ടുള്ള അടിയേറ്റ് പ്രവര്‍ത്തകര്‍ വീണു. മറ്റൊരു പ്രവര്‍ത്തകന്‍ ജോജിയെ ഒരേ കൈയില്‍ നിരവധി തവണ ലാത്തിയടിയേറ്റു. വയനാട്ടില്‍ നിന്നുള്ള ഡോ. ഹരിക്കും പോളിടെക്നിക് വിദ്യാര്‍ഥി സൂര്യനും പുറത്ത് നിരവധി അടിയേറ്റു. അവര്‍ അവശരായി റോഡില്‍ കിടന്നു.ഷിനി എന്ന എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിനിയെ ആണ്‍പോലീസ് വട്ടം കൂടി നിന്ന് തല്ലിച്ചതച്ചു. കമ്പനിയോട് തൊട്ടടുത്ത എന്‍െറ തറവാട്ടില്‍ കയറി മരിച്ച അഛന്‍െറ അമ്മയുടെഫോട്ടോ അടക്കം  തല്ലിപ്പൊട്ടിച്ചു.കിടക്ക അടക്കം വലിച്ചിട്ടു. ലാപ്ടോപും കംപ്യൂട്ടറും കിണറ്റിലിട്ടു. അനിയന്‍ സുനില്‍കുമാറിനെ തല്ലിച്ചതച്ചു.തറവാട്ടില്‍ പെങ്ങളും അളിയനും വന്ന സമയമായിരുന്നു. അവര്‍ക്കും മര്‍ദനമേറ്റു.അളിയനെ വീടിനകത്തിട്ട് തല്ലി.കട്ടില്‍ തല്ലിപ്പൊട്ടിച്ചു.  കല്ളേറില്‍ വീടിന്‍െറ ചില്ല് തകര്‍ന്നു.അലമാരി വലിച്ചിട്ടു. അതിലുണ്ടായിരുന്ന അനിയന്‍െറ സ്വര്‍ണം കാണാനില്ല. തൊട്ടടുത്തുള്ള നാലുവീടുകളിലും കയറി സ്ത്രീകളുള്‍പ്പെടുന്ന വീട്ടുകാരെ മര്‍ദിച്ചു. മറ്റൊരു സമരക്കാരനെ ഓടിച്ചു വീടിന്‍െറ ടെറസില്‍ കയറ്റി. പിന്നീട് താഴേക്ക് ചാടിപ്പിച്ചു.അയാള്‍ക്ക് ഗുരുതര പരിക്കേറ്റു.
ജീപ്പില്‍ കയറ്റിയ ശേഷവും മര്‍ദനമായിരുന്നു.ഒരു സമരസമിതി നേതാവിന്‍െറ വീട് സംഭവ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു.പൊലീസ് അവിടെയുമത്തെി . സമരപ്പന്തലും കൊടിതോരണങ്ങളും പൊളിച്ചു . 40 ഓളം ബൈക്കുകള്‍ ടിപ്പറില്‍ കൊണ്ടുപോയി നിലത്ത് തട്ടി കേടുവരുത്തി.പൊലീസ് വാഹനങ്ങളിലിട്ടും സ്റ്റേഷനിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു.അറുപതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. അന്നത്തെ പൊലീസ് വേട്ടയുടെ  പേടി ഇനിയും നാട്ടുകാരില്‍ നിന്നു മാറിയിട്ടില്ല.- അനില്‍കുമാര്‍ പറയുന്നു. പരിക്കിനത്തെുടര്‍ന്ന് നട്ടെല്ലിനുണ്ടായ ഗുരുതര പരിക്കിനത്തെുടര്‍ന്ന് ബെല്‍റ്റിട്ടിരിക്കുകയാണ് അനില്‍കുമാര്‍. വേച്ചുവേച്ചു തന്നെയാണ് നടത്തം.


വൈകിയുണര്‍ന്ന ജനരോഷം


വിഷപ്പുകയിലും വിഷജലത്തിലും മുക്കി ഒരു ഗ്രാമത്തെ കാര്‍ന്നു തിന്ന കമ്പനിക്കെതിരെ വൈകിയുണര്‍ന്ന ജനതയാണ് തൃശൂര്‍ നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ കാതിക്കുടത്തേത്.ട്രേഡ് യൂനിയന്‍ നേതാക്കളെയും രാഷ്ട്രീയക്കാരെയും വിലക്കെടുത്ത് കാലാകാലങ്ങളിലുണ്ടായ പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യുകയായിരുന്നു നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ മേളാളന്‍മാര്‍.കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും നിറ്റ ജലാറ്റിന്‍ എന്ന ജപ്പാനീസ് കമ്പനിയും ചേര്‍ന്ന സംയുക്ത സംരംഭമായാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം ഓഹരികളും  ജപ്പാന്‍ കമ്പനികളായ നിറ്റജലാറ്റിന്‍ കമ്പനിക്കും മിത്സുബിഷി കോര്‍പറേഷനുമാണ്. ആരംഭിച്ചത്. ജെലാറ്റിന്‍ ഉണ്ടാക്കാന്‍ ആവശ്യമായ ഓസീന്‍ എന്ന പ്രോട്ടീന്‍ മൃഗങ്ങളുടെ എല്ലില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രക്രിയയാണ് കാതിക്കൂടത്തെ ഫാക്ടറിയില്‍ നടക്കുന്നത്. കമ്പനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ യൂനിയന്‍ നേതാക്കളെ ഇളക്കി വിട്ട് പ്രതിരോധിച്ചും നാട്ടുകാരായ പ്രതിഷേധക്കാരുടെ നേതാക്കളെ കമ്പനിയില്‍ ജോലി നല്‍കിയും സ്വാധീനിച്ചും അടവുകളാണ് കമ്പനി പയറ്റിയിരുന്നത്.ഇത്തരത്തില്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെയുള്ള സമരങ്ങളെ ‘കാര്യം കാണല്‍’ സമരങ്ങളായി അധപതിച്ച സമയത്താണ് അനില്‍കുമാറിന്‍െറയും കൂട്ടാളികളുടെയും രംഗപ്രവേശം.


ഇരട്ടത്താപ്പിന്‍െറ രാഷ്ട്രീയം


43 കേസുകളാണ് സമര സമിതി കണ്‍വീനറായ അനില്‍ കുമാറിന്‍െറ പേരിലുള്ളത്.  കാതിക്കുടം സമരം പുതിയ തലത്തിലത്തെുമ്പോള്‍ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനും സമരസമിതിക്കാവുന്നില്ല. ഭീകരവാദികളാണ്, വിഘടനവാദികളാണ്, തീവ്രവാദി ഫണ്ട് കിട്ടുന്നു തുടങ്ങി ആരോപണങ്ങളുയരുന്നുണ്ട്.ചില രാഷ്ട്രീയ നേതാക്കളെ  കമ്പനി വിലക്കെടുത്ത് സമരസമിതിക്കെതിരെ വ്യാപക പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്.  വി.ഡി സതീശന്‍ ഇതിനുദാഹരണമാണെന്ന് അനില്‍കുമാര്‍ പറയുന്നു. വി.ഡി സതീശന്‍,എം.എല്‍.എയെ ഒരു പാട് ബോധ്യപ്പെടുത്തിയതാണ്. ആകെ മുപ്പതുപേരടങ്ങുന്ന ഐ.എന്‍.ടി.യു.സി യൂനിയന്‍െറ പേരില്‍ കമ്പനിക്കനുകൂലമായി സതീശന്‍ സമരസമിതിക്കെതിരെ രംഗത്തു വരുന്നതില്‍ ദുരൂഹതയുണ്ട്. ഇടതുപക്ഷത്തെ  അണികള്‍  പ്രതിസന്ധിയിലാണ്്. പാര്‍ട്ടി വ്യക്തമായി നിലപാടെടുക്കുന്നില്ല. അവര്‍ വേറെ സമരം നടത്താണ് തീരുമാനിച്ചിരിക്കുന്നത്.ആ സമരങ്ങളെ ബലപ്പെടുത്താനും അവര്‍ തയ്യാറല്ല. എന്നാല്‍ സി.പി.എം നേതാക്കള്‍ ആക്ഷന്‍ കൗണ്‍സിലില്‍ ഉണ്ട് താനും.  കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് അടക്കം നേതാക്കള്‍ ആക്ഷന്‍ കൗണ്‍സിലില്‍ ഉണ്ട്.സാഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി ആദ്യം തൊട്ടേ ഉണ്ടായിരുന്നു. കമ്പനിക്കനുകൂലമായ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധിച്ച് കാതിക്കുടം സമരസമിതി നാലു വാര്‍ഡുകളില്‍ മത്സരിച്ചു. ഒരു വാര്‍ഡില്‍ അട്ടിമറി വിജയം നേടിയ കാതിക്കുടം സമരസമിതി മറ്റിടങ്ങളില്‍ രണ്ടാംസ്ഥാനത്തുമത്തെിയിരുന്നു.

ചെറുത്തു നില്‍പ് 


‘‘ഇത് ഞങ്ങളുടെ അവസാനഘട്ട സമരമാണ്. കേരള ജനത ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. മാധ്യമങ്ങള്‍ ലോകത്തോട് വിളിച്ചുപറയണം. ഒരു നാടും ജനതയും പുഴയും വംശനാശത്തിന്‍െറ വക്കിലാണ്. മറ്റൊരു വഴിയും ഞങ്ങള്‍ക്കുമുന്നിലില്ല. പ്രവര്‍ത്തിക്കുക അല്ളെങ്കില്‍ മരിക്കുക...’’- കാതിക്കുടം സമരസമിതി പുറത്തിറക്കിയ നോട്ടിസിലെ വാചകങ്ങളാണിത്. മൂന്നര പതിറ്റാണ്ടായി  വഞ്ചിച്ചതിനെതിരെയുള്ള ജനതയുടെ ചെറുത്തു നില്‍പാണ്.  വായു മലിനമാക്കി, വെള്ളം മലിനമാക്കി, ജനതയെ അസുഖങ്ങള്‍ക്കിരയാക്കി. എന്നിട്ടും പ്രതിഷേധവുമായത്തെുന്ന ഇരകളെ അടിച്ചൊതുക്കുകയാണ് ഭരണകൂടം. പോരാട്ടങ്ങള്‍ ഉയിര്‍ക്കുന്നതും പോരാളികളാകുന്നതും ജീവിതം ഗതിമുട്ടുമ്പോഴാണ്. വീട് മാറിപ്പോകാന്‍ പോലുമാകാതെ മരണം സ്വയം വരിക്കാന്‍ തയ്യാറായി കമ്പനിക്കെതിരെ പടപൊരുതുന്നത് ഹൃദ്രോഗികൂടിയായായ അനില്‍കുമാര്‍ മാത്രമല്ല, തങ്കച്ചന്‍,ജോജി, സന്തോഷ്, പ്രകാശന്‍, ബിനോജ്, സതീഷ്,റോസി, ത്രേസ്യ, സിന്ദു, ഗിരിജ, മിനി തുടങ്ങി നൂറുകണക്കിന് പേരുടെ ചെറുത്തുനില്‍പ്പും പോരാട്ടവും കൂടിയാണ് കാതിക്കുടത്തിന്‍െറത്.ഓരോരുത്തര്‍ക്കുമുണ്ട് കമ്പനി കാര്‍ന്നുതിന്ന  ജീവിതത്തിന്‍െറ കഥകള്‍.പി.പി.പ്രശാന്ത്


വാരാദ്യ മാധ്യമത്തില്‍ ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചത്

No comments:

Post a Comment