Monday, October 22, 2012ആ വാക്കുകള്‍ പ്രകോപിപ്പിച്ചേക്കാം,

 ഞാന്‍ ന്യായീകരിക്കുന്നു

‘ഓരോ ദിവസവും രണ്ട് ദലിത് സ്ത്രീകള്‍ മാനഭംഗത്തിരയാവുന്നുണ്ട്; മൂന്ന് പേര്‍ കൊല്ലപ്പെടുന്നുണ്ട’് .ഈ കണക്കുകള്‍ക്ക് പിന്നിലെ ജീവിതം 14 വര്‍ഷമെടുത്ത് ആനന്ദ്പട്വര്‍ധന്‍ ‘ജയ് ഭീം കോമ്രേഡ്’ എന്ന മൂന്ന് മണിക്കൂര്‍ ഇരുപത് മിനുട്ട് ഡോക്യുമെന്‍ററിയിലൂടെ കാമറയില്‍ പകര്‍ത്തിയപ്പോള്‍ ഞെട്ടിയത് ഇന്ത്യന്‍ സമൂഹമാണ്.മുംബൈയിലെ രമാഭായി നഗര്‍ കോളനി  1997 ജൂലൈ 11. പൊലീസുകാരാല്‍ കൊല്ലപ്പെട്ട 10 ദലിതര്‍.അംബേദ്കറുടെ പ്രതിമയില്‍ ചെരിപ്പ് മാലയിട്ടതില്‍ പ്രതിഷേധിക്കാനത്തെിയതായിരുന്നു അവര്‍.സവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം.സംഭവം കഴിഞ്ഞ്  അഞ്ചാം നാളായിരുന്നു ദലിത് ഗായകന്‍ വിലാസ് ഗോഗ്രേ വിഷമം താങ്ങാനാകാതെ തൂങ്ങിമരിച്ചത്.തന്‍െറ സമൂഹത്തിന് വേണ്ടി ഗോഗ്രേ കുറിച്ചുവച്ച അവസാന വാക്കുകള്‍ തേടി കാമറ യാത്ര തുടങ്ങി.‘
‘‘ഗോഗ്രെ മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.1985 ലെ ‘ബോംബെ അവര്‍ സിറ്റി’എന്ന ഡോക്യുമെന്‍ററിയില്‍ ദലിതന്‍െറ അവസ്ഥ വിവരിക്കാന്‍ ഉപയോഗിച്ചത് ഗോഗ്രെയുടെ പാട്ടുകളായിരുന്നു.ദലിതന്‍െറ അമര്‍ഷം വിവരിക്കുന്ന അതി ശക്തമായ പാട്ടുകളായിരുന്നു അത്.ഗോഗ്രെയുമായി കൂടുതല്‍ അടുക്കാനാവാഞ്ഞതില്‍ ദു:ഖമുണ്ട്.’’-തൃശൂരില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രോത്സവത്തിലത്തെിയ പട്വര്‍ധന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
പട്വര്‍ധന്‍െറ കാമറ ചലിക്കുകയാണ്,തുടര്‍സംഭവങ്ങളിലൂടെ ദലിതന്‍െറ പാട്ടിലെ വിപ്ളവം തേടിയ യാത്രയില്‍ തുടക്കം.ജാതിവ്യവസ്ഥയെ തിരസ്കരിച്ച അംബേദ്കറിന്‍െറ അഹ്വാനം മാറ്റിമറിച്ച ദലിത ജീവിതത്തെക്കുറിച്ച്,അംബേദ്കറൈറ്റ്സ്,ബുദ്ധിസ്റ്റ്സുകളായ ദലിത് ജനതയുടെ നിലനില്‍പ്പിനെപ്പറ്റി,ശിവസേന-ഹിന്ദുത്വ വാദികളുടെ അവഗണന ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പാവപ്പെട്ടവരെപ്പറ്റി ഡോക്യുമെന്‍റി വിവരിക്കുന്നു.90കളുടെ അവസാനത്തിലെ രമാഭായി നഗര്‍ കോളനിയിലെ വെടിവെപ്പില്‍ തുടങ്ങി 2010 ല്‍ മാവോയിസ്റ്റുകളായി മുദ്രകുത്തപ്പെട്ട  കബീര്‍ കലാ മഞ്ചിലെ ശീതള്‍ അടങ്ങുന്ന പ്രവര്‍ത്തകര്‍ ഒളിവില്‍പോയതുവരെ പട്വര്‍ധന്‍ പറഞ്ഞ് നിറുത്തുന്നു.14 വര്‍ഷത്തിന്ശേഷം പറഞ്ഞുതുടങ്ങിയവയിലേക്ക് പട്വര്‍ധന്‍ ഡോക്യുമെന്‍ററിയിലൂടെ തിരിഞ്ഞുനടക്കുന്നു.ഗോഗ്രെയുടെ വീട്ടിലേക്ക്,സുഹൃത്തുക്കളിലേക്ക്,സമൂഹത്തിലേക്ക്. കാലം ഏറെ മാറി. 97ല്‍ ദലിതര്‍ക്കെതിരെ കൊലവിളി നടത്തിയ ഹിന്ദുത്വശക്തികള്‍ ദലിത് നേതാക്കളുടെ ചിത്രങ്ങളുമായി പ്രചാരണത്തിലാണ്.പണ്ട് ശിവസേനക്കാരെയും സവര്‍ണരെയും തെറിവിളിച്ചുനടന്നിരുന്ന നേതാക്കള്‍ ഇപ്പോള്‍ അവരുമായി ചങ്ങാത്തത്തിലാണ്.അന്ന് സജീവമായിരുന്ന ദലിത് പാന്തര്‍ പോലുള്ള സംഘടനകള്‍ ഇല്ലാതായി.ഇന്നും സവര്‍ണര്‍ക്കെതിരെ പോരാട്ടവീര്യവുമായി എത്തുന്ന ഗായക സംഘം ഇപ്പോള്‍ നക്സലൈറ്റുകളായി മുദ്രകുത്തി വേട്ടയാടപ്പെടുകയാണ്. പണ്ട് ഗോഗ്രയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് പറഞ്ഞവര്‍ക്ക് ഇന്ന് വാക്കുകള്‍ കിട്ടുന്നില്ല.അംബേദ്കര്‍ ജയന്തി ദിനാഘോഷങ്ങളില്‍ മുഴങ്ങുന്നത് ‘ബോളിവുഡ് മസാല’പാട്ടുകളും സിനിമാറ്റിക് ഡാന്‍സുകളുടെ കാട്ടിക്കൂട്ടലുകളുമാണ്.10 ദലിതരെ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവ് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് നിസാരശിക്ഷ ലഭിച്ചു.എങ്കിലും അദ്ദേഹം പോയത് ജയിലിലേക്കല്ല, ആശുപത്രിയിലേക്കായിരുന്നു.ശേഷം ജാമ്യത്തിലിറങ്ങി.
‘‘97 മുതലേ എന്‍െറ കാമറ രമാബായി നഗര്‍ കോളനിയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. തീര്‍ച്ചയായും ഭാവിയില്‍ എനിക്കിത് ഉപയോഗിക്കാനാകും എന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു.വെടിവെപ്പുമായി ബന്ധപ്പെട്ട കേസ് കഴിയും വരെ കാത്തിരുന്നു.പക്ഷേ സാഹചര്യങ്ങള്‍ മാറുന്നത് സംബന്ധിച്ച മുന്‍വിധി എനിക്കില്ലായിരുന്നു.മൂന്നുമണിക്കൂര്‍ ഇരുപത് മിനുട്ട് ഡോക്യുമെന്‍ററി ഉണ്ടാക്കുന്ന പ്രേക്ഷകന്‍െറ വികാരം എനിക്കറിയാം.പക്ഷേ ഞാന്‍ ഷൂട്ട് ചെയ്തവ കളയാന്‍ മനസുവന്നില്ല.’’പട്വര്‍ധന്‍ പറഞ്ഞു.

ബോംബെ അവര്‍ സിറ്റി,വാര്‍ ആന്‍റ് പീസ് എന്നീ ഡോക്യുമെന്‍ററിയില്‍ കാണുന്നപോലെ ജനങ്ങളുമായി സംസാരിക്കുന്ന ‘പട്വര്‍ധന്‍ നമ്പര്‍’ ഈ ഡോക്യുമെന്‍ററിയിലുമുണ്ട്.ഹോളിയും ദസറയും വഴിനീളെ ആഘോഷിക്കുന്ന മുംബൈ പ്രതിനിധികള്‍ ശിവജി പാര്‍ക്കിലെ അംബേദ്കര്‍ മരണദിന ചടങ്ങുകള്‍ നിരോധിക്കണമെന്ന് പട്വര്‍ധന്‍െറ കാമറയോട് ദേഷ്യപ്പെട്ടു പറയുന്നു.റിസര്‍വേഷന്‍ പാടില്ളെന്ന് പറയുന്ന ഇന്നിന്‍െറ പ്രതിനിധികള്‍ ദലിത് സുഹൃത്തുക്കളെ കോളജില്‍ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം പറയുന്നില്ല.റോഡില്‍ മാലിന്യം കോരുന്നവരെ നാറുന്നുവെന്ന് പറയുന്ന  മുബൈ നിവാസി മാലിന്യമാരുടെതാണ് എന്ന ചോദ്യത്തിന് ഉത്തരം പറയുന്നില്ല.പിന്നെ ആര് മാലിന്യം കോരുമെന്നതിന് മറുപടിയില്ല. സവര്‍ണ രക്തത്തില്‍ ഊറ്റം കൊള്ളുന്ന പ്രതിനിധി പട്വര്‍ധനോട് പറയുന്നുണ്ട്,തങ്ങളുടെ ജീനിന്‍െറ മഹദ് പാരമ്പര്യത്തെപ്പറ്റി.

ജാതിയെ തിരസ്കരിക്കാനാവശ്യപ്പെട്ട അംബേദ്കറുടെ അനുയായികളാണ് രമാബായി നഗര്‍ കോളനി നിവാസികള്‍.മനുസ്മൃതിയെ ചുട്ടെരിച്ച അംബേദ്കറിന്‍െറ പാരമ്പര്യം പേറുന്നവര്‍.ദുരിതം പാട്ടുകളിലേക്ക് പടര്‍ത്തിയവര്‍.‘ഞങ്ങളുടെ ഓരോ വീട്ടിലും ഓരോ ഗായകരുണ്ട്’ഡോക്യൂമെന്‍ററിയില്‍ ഒരു ഗായകന്‍ പറയുന്നു.ഇതിലൊരുവനായിരുന്നു ഗോഗ്രെ.സവര്‍ണര്‍ക്കെതിരെ ശക്തമായി പോരാടിയവന്‍.ഇന്ത്യയുടെ ഭരണഘടനയില്‍ ദലിതന്‍െറ അവകാശം ഉയര്‍ത്തിപ്പറഞ്ഞ തങ്ങളുടെ ‘ഭീം’എന്ന അംബേദ്കറുടെ സ്വപ്നങ്ങള്‍ മണ്ണിലേക്കിറങ്ങിവരാന്‍ പ്രയത്നിച്ചവന്‍.അദ്ദേഹത്തിന്‍െറ പ്രകോപനപരമായ പ്രസംഗം എഡിറ്റിങ്ങ് കൂടാതെതന്നെ പട്വര്‍ധന്‍ ഡോക്യുമെന്‍ററിയില്‍ കാണിക്കുന്നുണ്ട്.‘‘ആയിരക്കണക്കിന് വര്‍ഷങ്ങളായി അടക്കിവെച്ച വികാരം ദലിതന്‍ വാക്കുകളിലൂടെ പ്രകടിപ്പിക്കുമ്പോള്‍ എത് എഡിറ്റ് ചെയ്യാന്‍ മനസുവന്നില്ല.പ്രകോപനപരമായേക്കാം പക്ഷേ അത് ന്യായീകരിക്കത്തതാണ്’’-പട്വര്‍ധന്‍ പറഞ്ഞു.
‘‘തീര്‍ച്ചയായും എന്‍െറത് രാഷ്ട്രീയ സിനിമകളാണ് .അതിനെക്കാളുപരി യുക്തിക്ക് ചേരുന്ന കോമണ്‍സെന്‍സ് സിനിമകളാണവ എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുക.ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഇന്ത്യന്‍ ജനത ഇനിയും മുക്തിനേടിയീട്ടില്ല.ദൈവം തന്നതാണ് ജാതിയെന്ന് പറഞ്ഞ് നമ്മള്‍ കൊണ്ടുനടക്കുന്നു. ജാതിവ്യവസ്ഥയെ നിരാകരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മിശ്രവിവാഹമാണ്.ഈ തലമുറയിലല്ളെങ്കിലും വരും തലമുറകളില്‍ ആ വ്യവസ്ഥയെ ഇല്ലാതാക്കാന്‍ മിശ്രവിവാഹങ്ങള്‍കൊണ്ടാകും.രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വ്യവസ്ഥ മാറാന്‍ ഇടപെടുന്നില്ല,ഇടതു പാര്‍ട്ടികളുള്‍പ്പെടെ.അവരുടെ  കുറ്റകരമായ മൗനമാണ് അവരുടെത് ’’ പട്വര്‍ധന്‍ പറഞ്ഞു.

 

വാരാദ്യമാധ്യമം 2012 മാര്‍ച്ച് നാല്

Saturday, October 20, 2012
സമര വേദി


ഉയിര്‍തേടും ഊരിലൂടെ 
രാമന്‍െറ പാദസ്പര്‍ശമേറ്റപ്പോള്‍ ഇരുട്ടുമാറി വെളിച്ചമത്തെിയ നാടാണ് ഇടിന്തകരൈ എന്ന തമിഴ്നാട്ടിലെ തീരദേശ ഗ്രാമമെന്ന് പഴമക്കാര്‍ പറയുന്നു.വിടിന്ത കരൈ എന്നായിരുന്നത്രേ പേര്.മതപ്രചാരണത്തിന് സെന്‍റ് സേവിയര്‍ ഗ്രാമത്തിലത്തെിയപ്പോഴാണ് വെളിച്ചമത്തെിയതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.ഇരുട്ടുബാധിച്ച ജനതയെ പ്രകാശത്തിലേക്ക് നയിച്ച ഒരു  ശക്തി എന്നും കൂടെയുണ്ടെന്ന് ആ മുക്കുവ ഗ്രാമം വിശ്വസിക്കുന്നു.കടലില്‍ പോവുമ്പോള്‍ അവര്‍ക്ക് തുണയായി എന്നും കൂടെയുള്ള ശക്തി.ഉപജീവന മാര്‍ഗമായ മീന്‍ പിടിത്തം ആണവ പ്ളാന്‍റ് വരുമ്പോള്‍ നഷ്ടമാകുമ്പോള്‍ സ്വന്തം ജീവിതം കൂടെ അതില്‍പ്പെടാതിരിക്കാന്‍ പൊരുതുന്ന ജനത, അവര്‍ക്കൊപ്പം പൊരുതുന്ന നേതാവിനെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്ന ശക്തിയായി കാണുന്നെങ്കില്‍ അല്‍ഭുതപ്പെടാനില്ല. ഇടിന്തകരൈ ഗ്രാമത്തില്‍ കൂടങ്കുളം സമരനേതാവ് ഡോ. ഉദയകുമാര്‍ തദ്ദേശീയര്‍ക്ക് അങ്ങിനെയാണ്.‘ഉയിര്‍ കാക്കും കടവുള്‍’..‘‘അദ്ദേഹത്തെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല.ഞങ്ങളുടെ നെഞ്ചത്ത് വെടിവെച്ചിട്ടേ അദ്ദേഹത്തെ തൊടൂ-  മെല്‍റെഡ് എന്ന വീട്ടമ്മ  ഉയിര് വിറക്കുന്ന സ്വരത്തില്‍ പറയുമ്പോള്‍ നമുക്കത് മനസിലാകും.

 ‘‘എന്തിനാണ് സാര്‍ ഇടിന്തകരൈ പോകുന്നത്.കൂടങ്കുളം വരെ പോണമെന്ന് പറഞ്ഞാണല്ളോ സാര്‍ വിളിച്ചത്.പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല’’.ഇടിന്തകരൈയിലേക്കാണ് കാറുപോകേണ്ടതെന്ന് പറഞ്ഞപ്പോള്‍ പേടിയോടെ ഡ്രൈവറുടെ  പ്രതികരണം.ഞങ്ങള്‍ സമ്മതിച്ചില്ല.‘പോകുന്നതുവരെ കാറ് പോട്ടെ’ ഞങ്ങള്‍ പറഞ്ഞു.കൂടെ അഞ്ചുപേരുണ്ട്,കോലഴി വായനശാലയിലെ സുഹൃത്തുക്കള്‍.കൂടംകുളമെന്ന് പറഞ്ഞാണ് കാറ് വിളിച്ചത്.കൂടങ്കുളത്തുനിന്ന് ഇടിന്തകരൈയിലേക്ക് ആറ് കിലോമീറ്റര്‍. തിരുനെല്‍വേലി മുപ്പന്തല്‍ കാറ്റാടിപ്പാടമാണ്.നിരപ്പായ ഭൂമിയില്‍ കൂറ്റര്‍ കാറ്റാടികള്‍.ഭൂമി ഇനിയും ബാക്കിയുണ്ട്.അവിടെ വില്‍പനക്ക് തയ്യാറെന്ന് എഴുതിവെച്ചിരിക്കുന്നു. കൂടംകുളം നിലയത്തിലെ ഇപ്പോഴത്തെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഈ കാറ്റാടിപ്പാടം ആണത്രേ. കൂടംകുളം ടൗണ്‍ഷിപ്പിലെക്കുള്ള വൈദ്യുതിയും ഇവിടെ നിന്ന് തന്നെ.
ഇടിന്തകരൈയിലേക്കുള്ള വഴിചോദിച്ച് കാറ്റാടിപ്പാടത്ത് പലതവണ വണ്ടി നിന്നു.ആര്‍ക്കും ഒരു നിശ്ചയവുമില്ല..ഇടിന്തകരൈയെന്നാല്‍ പ്രശ്നമുള്ള പ്രദേശമാണെന്ന് മാത്രം അറിയാം. പട്ടാളക്കാര്‍ റോന്തുചുറ്റുന്നുണ്ടെന്നും.അവര്‍ ആകാംക്ഷയോടെ ചോദിച്ചു-‘പത്രികൈയില്‍ നിന്നാണോ’...
ഇടിന്തകരൈയിലേക്കുള്ള തിരിവില്‍ പൊലീസ് ബാരിക്കേഡ്.ചോദ്യം വന്നപ്പോള്‍ മനസില്‍വെച്ച ഉത്തരം‘‘വിജയപതി ചര്‍ച്ച്’’.വണ്ടി വീണ്ടും ചലിച്ചു.ഇടിന്തകരൈ ശാന്തമായിരുന്നു.പൊലീസ് പരിശോധന മറ്റുദിവസങ്ങളെ അപേക്ഷിച്ച് കുറവ്.വണ്ടി ഇടിന്തകരൈ ലൂര്‍ദ് ചര്‍ച്ചിന് മുമ്പില്‍ നിന്നു.ആ ചെറിയ നടവഴി ചെന്ന് കയറിയത് പള്ളി മുറ്റത്തേക്ക്. ഓല മേഞ്ഞ വിശാലമായ മുറ്റം. അതിനൊരു വശത്ത് ലൂര്‍ദ് മാതാ പള്ളി.
 സമര രക്തസാക്ഷിപ്പട്ടികയിലെ ആന്‍റണി ജോണും സഹായവും

പത്തുമണിയാവുന്നതേയുള്ളൂ.ലൂര്‍ദ് ചര്‍ച്ചിലെ സമരവേദിയില്‍  പൊലീസ് വെടിവെപ്പില്‍ മരിച്ച ആന്‍റണി ജോണിന്‍െറയും ഹെലികോപ്റ്ററിടിച്ച് മരിച്ച സഹായത്തിന്‍െറയും ആന്‍റണി ജോണിന്‍െറയും ഫോട്ടോ.സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15 ന് നിരാഹാര സത്യാഗ്രഹം തുടങ്ങിയതാണ്.മെല്‍റെഡ് എന്ന സമരത്തിന്‍െറ മുന്നണിപ്പോരാളിയായ വീട്ടമ്മ ഞങ്ങളെ സ്വീകരിച്ചു.സന്ദര്‍ശകരുടെ രജിസ്റ്ററില്‍ പേരെഴുതിച്ചു.അല്‍പനേരം അവിടെ ചെലവഴിച്ചപ്പോള്‍ സെപ്തംബര്‍ പത്തിന് പെലീസിന് കീഴടങ്ങാതെ യന്ത്രബോട്ടില്‍ കടലിലേക്ക് പാഞ്ഞുപോയ ഉദയകുമാറിനെപ്പറ്റി ചോദിച്ചു.‘ആളുണ്ട്.കുറച്ചുകഴിഞ്ഞ് കാണാം.’-പതിഞ്ഞ സ്വരത്തില്‍ മെല്‍റെഡ് പറഞ്ഞു.


മണ്‍വീടുകള്‍ അടുക്കിവെച്ച തെരുവ്. .പുറത്ത് നിരത്തിവെച്ചിരിക്കുന്ന വര്‍ണാഭമായ പ്ളാസ്റ്റിക് കുടങ്ങള്‍.കൂടങ്കുളം അണുനിലയത്തിന് സമീപത്തേക്ക് നടന്നപ്പോള്‍ പിന്നിട്ട ഇടിന്തകരൈയിലെ തെരുവുകാഴ്ചയാണിത്.കുടങ്ങള്‍ കാത്തിരിക്കുന്നത് കന്യാകുമാരിയില്‍ നിന്നുള്ള വെള്ളം കൊണ്ടുവരുന്ന ലോറിയെയാണ്.ഒരു കുടത്തിന് 2.50 രൂപ .ഇവിടെത്തെ വെള്ളം ഉപയോഗിക്കാനാവില്ല.രണ്ട് ദശാബ്ദം മുമ്പ് ഉപയോഗിക്കാറുണ്ടായിരുന്നത്രേ. കൂടംകുളം നിലയത്തിന്‍്റെ മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷം പേര്‍ താമസിക്കുന്നു.വീടുകള്‍ക്ക് പുറത്ത് സമരസമിതി ആഹ്വാനപ്രകാരം കറുത്ത കൊടി കെട്ടിയിരിക്കുന്നു. കൂലിപ്പണി ചെയ്തും മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടുമാണ് ഗ്രാമത്തിലെ ഭൂരിഭാഗം പേരും ജീവിക്കാനുള്ള വക കണ്ടത്തെുന്നത്.ഗൃഹനാഥന്മാര്‍ പലരും ചീട്ടുകളിച്ചിരിപ്പുണ്ട്.വൈദ്യുതിയുണ്ടെങ്കിലും കാര്യമില്ല.ദിവസം 14-16  മണിക്കൂറിലധികം കറന്‍റ് കട്ടാണ്.ഇവിടെ.കൂടങ്കുളം ആണവനിലയത്തിനുവേണ്ടി ‘സ്പോണ്‍സര്‍ ’ ചെയ്ത കരണ്ട് കട്ട്.കടലിരമ്പം കേള്‍ക്കാം.വരിവരിയായി നിറുത്തിയിട്ട വള്ളങ്ങള്‍, വഞ്ചികള്‍.തീരത്തുനിന്ന് കടലിലേക്ക് നിരത്തിയിട്ട കരിങ്കല്‍ക്കൂട്ടത്തില്‍ പാറിക്കളിക്കുന്ന കറുത്ത കൊടി.ഇവിടെ നിന്നാണ് ഉദയകുമാര്‍ അറസ്റ്റ് വരിക്കാതെ സെപ്തംബര്‍ പത്തിന് കടലിലേക്ക്   ചെറുബോട്ടില്‍ പാഞ്ഞ് പോയത്.

അധികം അകലെയല്ലാതെ കൂടങ്കുളം പ്ളാന്‍റ്.ചൊരിമണലില്‍ ചിതറിത്തെറിച്ച ചെരിപ്പുകള്‍.സെപ്തംബര്‍ പത്തിലെ പൊലീസ് അഴിഞ്ഞാട്ടത്തിന്‍െറ ബാക്കിപത്രമാണത്.ഞങ്ങളോടൊപ്പം വന്ന മെല്‍റെഡും തമിഴരശിയും അതില്‍ തങ്ങളുടെ ചെരിപ്പ് തേടുകയാണ്.മണലില്‍ പൂഴ്ന്നിറങ്ങിയ ചെരിപ്പുകള്‍.അതില്‍ കുഞ്ഞുകുട്ടികളുടെതുമുണ്ട്.മണലില്‍ നിന്ന് തമിഴരരശിക്ക് എന്തോ കിട്ടി.തന്‍െറ കൊച്ചുകുട്ടിക്ക് പാല് കൊടുത്തുകൊണ്ടിരുന്ന ചെറുപാത്രം.അന്ന് പൊലീസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ നഷ്ടപ്പെട്ടതാണ്.അകലെ ചെറു ചതുപ്പില്‍ പൂണ്ട കൊച്ചുകുട്ടിയുടെ പൊട്ടിത്തകര്‍ന്ന കസേര..സ്ത്രീകള്‍ തമ്പടിച്ച കഞ്ഞിവെച്ച സ്ഥത്ത് ചിതറിക്കിടക്കുന്ന പാത്രങ്ങള്‍.‘‘ദുഷ്ടന്മാര്‍ ,കുഞ്ഞുമക്കളെപോലും അവര്‍ അന്ന് വെറുതെവിട്ടില്ല’’ തമിഴരരശിക്ക്   ദേഷ്യം വാക്കുകളായി .എട്ട് മക്കളാണ് തമിഴരശിക്ക്.സുനാമികോളനിയില്‍ താമസം.പോരാട്ട വീര്യം ഇനിയും വിട്ടിട്ടില്ല.സമരത്തിന്‍െറ മുന്നണിയില്‍ തന്നെയുണ്ട്.സെപ്തംബര്‍ പത്തിന്‍െറ ഭീതിപ്പെടുത്തുന്ന ഓര്‍മകളില്‍ നിന്ന് ഇനിയും ഇവര്‍ വിട്ടുപോയീട്ടില്ല.
സെപ്തംബര്‍ ഒന്‍പതിനായിരുന്നു പ്ളാന്‍റ് ഉപരോധിച്ചത്.രാത്രി അവിടെ പ്ളാന്‍റിന് അഞ്ഞൂറ് മീറ്റര്‍ അകലെയായി കഞ്ഞിവെച്ച് പിഞ്ചുകുട്ടികളൊടൊത്ത് ഉറങ്ങി .അയ്യായിരത്തോളം പേര്‍.പിന്നേന്ന് പതിനൊന്ന് മണിയോടെയാണ് പൊലീസ് മര്‍ദനം അഴിച്ചുവിട്ടത്. ടിയര്‍ഗ്യാസുകള്‍ വര്‍ഷിച്ചു.ഗ്രാമീണരുടെ മുഖവും പുറവും പൊട്ടിപ്പൊളിഞ്ഞു.അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്ന് ആശുപത്രിയില്‍ പോയി ചികിത്സതേടാന്‍ പോലും പുറത്തേക്കിറങ്ങിയില്ല.കുഞ്ഞുങ്ങളേയുമെടുത്ത് അവര്‍ ഓടി.വീട്ടിലുമത്തെി അവര്‍.ഇടിന്തകരൈയിലെ സമരപ്പന്തലിനോട് ചേര്‍ന്ന് ലൂര്‍ദ് മാതാ പള്ളിയിലെ തിരുരൂപം തകര്‍ത്തു.പള്ളിയില്‍ കയറി.സ്ത്രീകളുടെ പിന്നാലെ പോയി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്.16 വയസുള്ള ബാലന്മാരും 65 വയസുള്ള വൃദ്ധരുമുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.ശേഷം സമരപ്പന്തലിലാണ് കിടന്നുറങ്ങാറ്.അവര്‍ മാത്രമല്ല.ഗ്രാമം മുഴുവനും.ഗ്രാമത്തിലെ കണ്ടാലറിയാവുന്ന ഒന്നര ലക്ഷത്തിലധികം പേര്‍ക്കെതിരായി 350 ലേറെ കേസുണ്ട്.ഒരാള്‍ക്ക് തന്നെ രണ്ടിലധികം കേസുകള്‍.52 പേര്‍ ഇപ്പോഴും ജയിലിലാണ്.
അണുനിലത്തിന് സമീപത്തെ വാച്ച് ടവറില്‍ നിന്നുള്ള വെളിച്ചം ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു.സുരക്ഷാ സേനക്ക് തൊട്ടടുത്ത് വരെ ഞങ്ങളത്തെി.തോക്കുധാരികളായ നീലപടച്ചട്ടയണിഞ്ഞധ്രുതകര്‍മസേനക്കാര്‍ ഞങ്ങള്‍ മടങ്ങുമ്പോള്‍ ഞങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് പരിശോധന നടത്തുന്നുണ്ടായിരുന്നു. 

മെല്‍റെഡിനോടൊപ്പം

അവങ്ക ഊര് വല്ലരസാകണണാ എങ്ക ഊര് സുടുകാടാകണമാ......’.(അവരുടെ സാമ്രാജ്യത്വം അരക്കിട്ട് ഉറപ്പിക്കണമെങ്കില്‍ ഞങ്ങളുടെ നാട് ശവപറമ്പാക്കിയിട്ട് വേണോ )മെല്‍റെഡിന് ദേഷ്യം അടക്കാനാകുന്നില്ല.‘‘അണുനിലയം വേണം എന്നുണ്ടെങ്കില്‍ അത് മന്‍മോഹന്‍സിങ്ങോ,നാരായണ സ്വാമിയോ,ജയലളിതയോ  വീട്ടിനടുത്ത് വെക്കട്ടെ.അല്ളെങ്കില്‍ അവര്‍ ഇവിടെ വന്ന് താമസിക്കട്ടെ.’’
‘അതിന് ഞങ്ങളെ  കൊന്ന് കുഴിച്ചുമൂടണമാ’-ഈ പറഞ്ഞത് മെല്‍റെഡല്ലാ..തൊട്ടടുത്ത് നിന്ന കെല്‍പിന്‍ എന്ന പത്തുവയസുകാരന്‍ കൂട്ടിച്ചേര്‍ത്തു.ഇവിടെത്തെ ഓരോ കുട്ടിക്കും അണുനിലയത്തിന്‍െറ ദുരിത മുഖമറിയാം.‘ഇവരോരോരുത്തരും ഉദയകുമാറാണ്’ മെല്‍റെഡ് പറഞ്ഞു.മെല്‍റെഡ് സമരത്തിന്‍െറ മുന്നണിപ്പോരാളികളിരൊളാണ്.15ാം വയസില്‍ സമരത്തില്‍ അണിചേര്‍ന്നതാണ് .98ല്‍.മാതാവ് സുരണത്തോടൊപ്പം  അണുനിലയം വരുന്നതിനെതിരെ കന്യാകുമാരിയില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജില്‍ കൈമുട്ടിന്‍െറ എല്ല് പൊട്ടി.സ്ഥലത്ത് ബോധം കെട്ടുവീണുപോയി.മൂന്ന് മാസം ആശുപത്രിയിലായിരുന്നു.തുടര്‍ന്ന് വിവാഹശേഷവും പേരാട്ടം നിറുത്തിയില്ല.ഇപ്പോഴും ഉദയകുമാറിന്‍െറ സംഘത്തിന്‍െറ അവിഭാജ്യ ഘടകമായി  അവരുണ്ട്. ‘‘അണു ഉലൈ മൂടി വിട് ” എന്ന് അവര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അവര്‍ ഞങ്ങളുടെ സംഘത്തില്‍ പങ്കുകൊണ്ടു.

തമിഴരശിയുടെ വീട്ടില്‍

 2004 ല്‍ സുനാമി തീരത്ത് ദുരന്തനൃത്തമാടിയപ്പോള്‍ എല്ലാം വിട്ടോടിപ്പോയവരാണ് ജനങ്ങള്‍.അതിന്‍െറ ബാക്കിപത്രമായി സുനാമി കോളനി ഇന്ന് ഇടിന്തകരൈയിലുണ്ട്.സെപ്തംബര്‍ പത്തിന് ശേഷം ഇവിടെ ഇപ്പോഴും സമരക്കാരെ തേടി പൊലീസത്തെിക്കൊണ്ടിരിക്കുന്നു.കോളനിയിലെ വീടുകളിലേറെയും ഇതിനാല്‍ പൂട്ടിക്കിടപ്പാണ്.സമരപ്പന്തലിലാണ് പലരും.ഇവിടെയാണ് ഞങ്ങളോടൊപ്പം കൂടിയ തമിഴരശിയുടെ വീട്.അവര്‍  സന്തോഷത്തിലായിരുന്നു.ഒരു മാഗസിനില്‍ അവര്‍ കരഞ്ഞ് ഉദയകുമാറിനെ ആലിംഗനം ചെയ്യുന്ന മുഖചിത്രം.‘അവര്‍ എനിക്ക് അണ്ണന്‍ മാതിരി’’-അവര്‍ ചിത്രം കാണിച്ച് പറഞ്ഞു.
വീടിനടുത്തത്തെിയപ്പോള്‍ തമിഴരശിയുടെ വീട്ടില്‍ കയറി ചായ കുടിക്കാന്‍ ക്ഷണം .നിരസിച്ചാല്‍ അവര്‍ക്ക് വിഷമമാകുമെന്ന് തോന്നി.അവര്‍ അകത്തുകയറി നിലത്ത് പായവിരിച്ചു.ഏലക്ക രുചിയുള്ള ചായ പെട്ടന്ന് തയ്യാറായി.വീട് നിറഞ്ഞ്  കുട്ടിപ്പട്ടാളമുണ്ട്.പലഹാരം നല്‍കിയതിന് പിന്നാലെ തേളി മീന്‍ കൂട്ടി ഉച്ചയൂണ് കഴിച്ച് പോയാ മതിയെന്ന് അവര്‍.വേണ്ടെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഏറെ ബുദ്ധിമുട്ടി.സുനാമി നഗറില്‍ നിന്നുള്ള ഇന്‍ക്വിലാബ് സംഘത്തോടൊപ്പം സമരപ്പന്തലിലേക്ക്.. ‘‘കേരളത്തില്‍ നിന്നത്തെിയ സംഘത്തിന് അഭിവാദ്യങ്ങള്‍’’-സമരപ്പന്തലിലെ മൈക്കില്‍ നിന്നുംഅനൗണ്‍സ്മെന്‍റ്.പള്ളിയിലെ വിശാലമായ വേദിയില്‍ എഴുന്നേറ്റ് നിന്ന് നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന ആതിഥേയന്‍. എസ്.പി ഉദയകുമാര്‍.കൈതന്ന് സ്വീകരണം.പരിചയപ്പെടല്‍.മലയാളത്തില്‍ തന്നെ.പിടികൊടുക്കാതിരിക്കാന്‍ നിയമത്തിന്‍െറ സാധ്യതകളുടെ അവസാനം വരെ തേടിയ ശേഷമേ പിടികൊടുക്കൂവെന്നാണ് തീരുമാനം.രാജ്യത്തിനെതിരെ കലാപമുണ്ടാക്കിയെന്ന അര ഡസനോളം കേസുകളാണ് ഡോ.ഉദയകുമാറിനെതിരെയുള്ളത്.
കേരളത്തില്‍ ബിരുദാനന്തര ബിരുദത്തിന്  പഠിച്ച അനുഭവം പറഞ്ഞു.സമരം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍.ജനങ്ങളുടെ ദുരിതം....ഇതിനിടെ  നാട്ടുകാരുടെ ഇടയിലത്തെി വിശേഷം പങ്കുവെക്കുന്നു.നാട്ടുകാരില്‍ ഓരോരുത്തരേയും പേരെടുത്തുപറഞ്ഞറിയാം ഉദയകുമാറിന്.പത്തുവര്‍ഷത്തിലേറെയായി ഇടിന്തകരൈയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്‍െറ ഫലം.ഉദയകുമാര്‍ നാട്ടുകാര്‍ക്ക് സ്വന്തം കൂടെപ്പിറപ്പാണ് .തനി തങ്കത്തമിഴില്‍ പേശല്‍.രണ്ട് ദശാബ്ദക്കാലത്തോളം ഇന്ത്യക്ക് പുറത്ത് ജോലിചെയ്ത ‘പരിഷ്കാരങ്ങളൊന്നും’ ഭാഷയില്‍ ലവലേശമില്ല.സമരത്തിന്‍െറ നട്ടെല്ലാണിന്ന് ഉദയകുമാര്‍ .അതുകൊണ്ടുതന്നെയാണ് രാജദ്രോഹകുറ്റത്തില്‍ ‘ഒളിവിലായ’ പ്രതി പൊലീസില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാവാത്തതും.സമരം ഇനിയും ശക്തമായി തുടരണം.ഇന്നത്തെ  സാഹചര്യത്തില്‍ ഞാന്‍ കൂടിയേതീരൂ-അദ്ദേഹം പറയുന്നു.സംഭാഷണത്തിനിടെ ഞങ്ങള്‍ക്ക് ഉച്ചഭക്ഷണമായോ എന്ന് ഇടക്കിടെ സഹായികളോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു.അടുത്തുനിന്നുള്ള ഗ്രാമങ്ങളില്‍ നിന്നുമത്തെുന്ന വിഭവങ്ങള്‍ കൊണ്ട് കമ്യൂണിറ്റി കിച്ചണൊരുക്കുകയാണ് ദിവസവും സമരക്കാര്‍.‘‘നിങ്ങളെങ്ങനെയാണ് വന്നത്’ -ചോദ്യം.അകത്തുകടക്കാനുള്ള പേടിയോടെ പുറത്തുനില്‍ക്കുന്ന കാര്‍ഡ്രൈവറെക്കുറിച്ചു പറഞ്ഞു.അയാള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ.നമ്പര്‍ തരൂ-ഉദയകുമാര്‍‘‘ഭക്ഷണം കഴിക്കാന്‍ വരൂ,പേടിക്കണ്ട ഇവിടെ തയ്യാറാക്കിയീട്ടുണ്ട്’’-ആ നമ്പറില്‍ ഉദയകുമാര്‍ വിളിച്ച് പറഞ്ഞു.എന്നാല്‍ ഡ്രൈവര്‍ വരാന്‍ കൂട്ടാക്കിയില്ല.സമരപന്തലിലെ ജനങ്ങള്‍ പാരിഷ് കോമ്പൗണ്ടില്‍ തയ്യാറാക്കിയ ഭക്ഷണം കഴിക്കാനത്തെിക്കൊണ്ടിരുന്നു.ഒഴിയാത്ത തിരക്കുണ്ടെങ്കിലും ആ ഒറ്റമുണ്ടെടുത്ത 53 കാരന്‍ ഓടിനടക്കുന്നു.ഗ്രാമീണരോട് കുശലം ചോദിക്കുന്നു.വിട്ടൊഴിയാത്ത ശാന്തതയോടെ.പൊലീസ് ഇനിയും അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന പിടികിട്ടാപ്പുള്ളി.ഞങ്ങള്‍ തിരിച്ചുവരുന്നതിനിടയിലും ഈ മനുഷ്യനെക്കുറിച്ചായിരുന്നു ചിന്ത.ലക്ഷങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് അവര്‍ക്ക് കാവലിരിക്കുന്ന ആ ആതിഥേയനെപ്പറ്റി.പി.പി.പ്രശാന്ത്

ചിത്രങ്ങള്‍ : ആനന്ദ്


വാരാദ്യ മാധ്യമം 21.10.2012


Friday, September 21, 2012
വടിത്തല്ലുകാര്‍ അഥവാ നീതിക്കായുള്ള പെണ്‍കൂട്ടം

ഉത്തര്‍ പ്രദേശിലെ ബുന്ദേല്‍ഘണ്ഠ് പ്രവിശ്യയിലെ ബാന്ദയെന്ന കുഗ്രാമത്തിലത്തെിയാല്‍ ഒരു പക്ഷേ ആ മധ്യവയസ്കയെ എവിടെയെങ്കിലും വെച്ചു കണ്ടേക്കും; പഴയ തുരുമ്പിച്ച സൈക്കിളില്‍ ഇളം ചുവപ്പ് (പിങ്ക്) സാരിയുടുത്ത് കഴുത്തില്‍ ഞാത്തിയിട്ട പഴയ ‘നോക്കിയ’ മൊബൈലുമായി പോകുന്ന സ്ത്രീയെ.തിരിച്ചറിയാന്‍ മറ്റൊന്നും വേണ്ട.ഇവര്‍ എവിടെയത്തെിയാലും പിങ്കു സാരിയുടുത്ത യുവതികളും മധ്യവയസ്കയുമായ സ്ത്രീകള്‍ ഓടിയത്തെും.സംശയിക്കണ്ട.പേര് സംപത് പാല്‍.മാധ്യമങ്ങള്‍ ആണിനെ തല്ലുന്ന കൂട്ടമെന്നും നിയമലംഘകരെന്നും പ്രഖ്യാപിച്ച   ഗുലാബി ഗാങ് അഥവാ ഇളം ചുവപ്പ് ഗാങിന്‍െറ കമാന്‍ഡര്‍. സ്റ്റേഷനില്‍ കയറി പൊലീസുകാരെ തല്ലിയും  ഉദ്യോഗസ്ഥരെ തല്ലിയും നടുറോഡില്‍ ആണുങ്ങളെ തല്ലിയും കുഴപ്പമുണ്ടാക്കുന്നവരെന്ന് പേരുകേട്ടവരാണ് ഇളംചുവപ്പു സേനക്കാര്‍.നല്ല തയമ്പുണ്ടിവരുടെ കൈകള്‍ക്ക്, പ്രത്യേകിച്ച് ആണുങ്ങളെ തല്ലി.ഫെമിനിസ്റ്റുകളൊന്നുമല്ല.അനാചാരങ്ങള്‍ക്കും അഴിമതിക്കും ആണ്‍മേല്‍കോയ്മക്കുമെതിരെ ജീവിക്കാന്‍ വേണ്ടിയുള്ള സമരം മാത്രമാണിതെന്ന് ഇളം ചുവപ്പു സ്ത്രീ പോരാളികളുടെ സാക്ഷ്യം.

ദുരിതപ്പേമാരിയിലെ സ്ത്രീ ജീവിതം


ദാരിദ്ര്യത്തില്‍ കരുവാളിച്ച ഗ്രാമമാണ് ബാന്ദ . ഉത്തര്‍ പ്രദേശിലെ ജനസാന്ദ്രതയേറിയ വികസനമത്തൊത്ത ജില്ല.അഷ്ടിക്ക് വകയില്ലാത്ത ദലിതര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടം.വരള്‍ച്ചയില്‍ എരിപൊള്ളുന്ന ജനത.കാര്‍ഷിക ജനതയാണെങ്കിലും ഒരൊറ്റ വിള കൃഷി മാത്രമേ ഈ വരണ്ട ഭൂമിയില്‍ നിന്ന് ലഭിക്കൂ. രാഷ്ട്രീയ-പൊലീസ്-ഉദ്യേഗസ്ഥ കൂട്ടുകെട്ടില്‍ ഫ്യൂഡല്‍ പ്രഭുക്കള്‍ നാടുവാഴുന്ന സ്ഥലം.അതിലുപരി ആണ്‍ വാക്കുകള്‍ക്ക് മറുവാക്കില്ലാത്ത, ശൈശവവിവാഹവും ബാല പീഡനവും സ്ത്രീധന പീഡനവും നടമാടുന്ന ഗ്രാമം. ഈ ജീവിതസാഹചര്യങ്ങളില്‍ സ്ത്രീയായി ജീവിക്കുകയെന്നതുതന്നെ ഒരു സമരമാണ്.വാക്കുകള്‍ക്കുപരിയായ സഹനത്തിന്‍െറ മറുപേര് .പ്രതികരണം മറവിയിലൊതുക്കിയ ആ ജനതയില്‍ സംപത് പാല്‍ എന്ന സ്ത്രീ ഒരു പതിറ്റാണ്ട് മുമ്പ് കോരിയിട്ട പ്രതികരണത്തിന്‍െറ അഗ്നി  കെടാതെ ഇന്നും ഗ്രാമങ്ങള്‍ സൂക്ഷിക്കുന്നു.ഇന്ന് അവരുടെ ഇളം ചുവപ്പ് സേനയുടെ കാവലിലാണ് ഇപ്പോള്‍ ഗ്രാമങ്ങള്‍.

ഒരേയൊരു കമാന്‍ഡര്‍

ജീവിതാനുഭവങ്ങള്‍ ഉരുകിയുറഞ്ഞ  ഉരുക്കുവനിതയാണ് സംപത് പാല്‍ ദേവി.ഐസ്ക്രീം കച്ചവടക്കാരന്‍െറ മകള്‍.ദലിതയായതിനാല്‍ ബാല്യം തളച്ചിട്ട വീട്ടുചുമരുകളില്‍ കരികൊണ്ടെഴുതി അവള്‍ പ്രതിഷേധിച്ചു.ആ പ്രതിഷേധ എഴുത്ത് വീട്ടകത്ത് നിന്ന് വീട്ടുമുറ്റത്തും അയല്‍വീടുകളിലെ ചുമരിലും നാട്ടുവഴികളിലുമത്തെി.അവസാനം വീട്ടുകാര്‍ക്ക് സ്കൂളില്‍ കൊണ്ടുചെന്നുവിടേണ്ടിവന്നു.എന്നാല്‍ ഒന്‍പത് വയസില്‍ വിവാഹത്തോടെ പഠനം അവസാനിപ്പിച്ചു.12 ാം വയസില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചുതുടങ്ങി.13 ാം വയസില്‍ മാതാവായി.അഞ്ച് കുട്ടികള്‍.വീട്ടില്‍ അടുപ്പ് പുകയാതായതോടെ ജോലി തേടിപ്പുറപ്പെട്ടു.ഗ്രാമത്തിലെ ഹെല്‍ത്ത് വര്‍ക്കറായി.സഹജീവികളുടെ കഷ്ടപ്പാടും ദാരിദ്രവും പ്രയാസങ്ങളും അറിയാനിടയായി.ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന തോന്നലുണ്ടായത് അപ്പോഴാണെന്ന് സംപത്പാല്‍ പറയുന്നു.2002ല്‍ ജോലി വിട്ട് സാമൂഹിക പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചു.അതിന് കാരണമായത് ഒരു സംഭവമായിരുന്നു.
 ഭര്‍ത്താവിന്‍െറ മര്‍ദനമേറ്റ് അയല്‍ക്കാരി വീട്ടില്‍ തളര്‍ന്നുകിടക്കുന്ന വിവരമറിഞ്ഞ സംപത് അവരുടെ വീട്ടിലത്തെി.മദ്യപിച്ച് ലക്കുകെട്ട അവരുടെ ഭര്‍ത്താവ് സംപതിനെ അപമാനിച്ച് പറഞ്ഞുവിട്ടു.തിരികെ വീട്ടിലത്തെിയ സംപത് സുഹൃത്തുക്കളായ സ്ത്രീകളെകൂട്ടി മദ്യപാനിയുടെ വീട്ടിലത്തെി അയാളെ വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചു.നാട്ടുവഴികളിലൂടെ നാട്ടുകാര്‍ കാണ്‍കെയായിരുന്നു മര്‍ദനം.ഈയൊരു സംഭവത്തിലൂടെയാണ് കൂട്ടായ്മയുടെയും പ്രതികരണത്തിന്‍െറയും വില സംഘാംഗങ്ങള്‍ ആദ്യമായി തിരിച്ചറിഞ്ഞത്.പൊതുജനങ്ങളുടെ ഇടയില്‍ വളരെപ്പെട്ടന്ന് മതിപ്പുളവാക്കാനും സംഘത്തിന്‍െറ ഇടപെടലുകള്‍ക്കായി.

സ്ത്രീകരുത്തിന്‍െറ പോരാട്ടമുഖങ്ങള്‍

പാവപ്പെട്ടവര്‍ക്ക് അരി നല്‍കുന്നത് നിഷേധിച്ചപ്പോള്‍ 2007 ലാണ് നിര്‍ണായക മുന്നേറ്റം സംഘം നടത്തിയത്.2007 ല്‍ അയിരുന്നു അത്.ബി.പി.എല്‍ അരി പൊതുവിപണിയിലേക്ക്  മറിച്ചുവില്‍ക്കുന്ന റേഷന്‍ കടയുടമക്കെതിരെ തെളിവ് സഹിതം പൊലീസിനും സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി.കടയുടമയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.എന്നിട്ടും കേസെടുക്കാനോ നടപടിക്കോ അധികൃതര്‍ തയ്യാറായില്ല.ഗ്രാമമടക്കം പ്രതിഷേധ സ്വരമുയര്‍ത്തി രംഗത്തത്തെി.ഇളം ചുവപ്പുസേനക്കാര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി സ്റ്റേഷനില്‍ കയറി പൊലീസുകാരനെ കൈയേറ്റം ചെയ്തു.
പിന്നെ ഒരിക്കല്‍കൂടി ഇത്തരം സംഭവം ആവര്‍ത്തിച്ചു.ദലിതനെ കേസ് പോലും രജിസ്ട്രര്‍ ചെയ്യാതെ  രണ്ടാഴ്ച പൊലീസ് കസ്റ്റഡിയില്‍ വെച്ചപ്പോഴായിരുന്നു അത്.അതിന് ശേഷം കൈക്കൂലി കൊടുക്കാത്തതിന്‍െറ പേരില്‍ ഒരാളുടെ വീട്ടിലെ കറന്‍റ് വിഛേദിച്ചപ്പോള്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ കയറി ജീവനക്കാരെ കൈകാര്യം ചെയ്തു.സംഭവശേഷം പൊലീസ് നടപടിയുണ്ടായി.2011ല്‍ 17 വയസായ ദലിത് യുവതി കൂട്ട ബലാല്‍സംഘത്തിനിരയായതുമായി ബന്ധപ്പെട്ടാണ് മറ്റൊരു പ്രതിഷേധം അരങ്ങേറിയത്.രാഷ്ട്രീയ നേതാവും ഉള്‍പ്പെട്ട കേസ് രജിസ്ട്രര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ല.കേസെടുക്കുന്നതിനുപകരം മോഷണകേസില്‍ യുവതിയെ അറസ്റ്റ് ചെയ്തു.യുവതിയുടെ പിതാവ് സംപത് പാലിനെ സമീപിച്ച് സഹായം അഭ്യര്‍ഥിച്ചു.തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പൊലീസിന് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടിവന്നു.സംഭവം വിവാദമായതോടെ രാഹുല്‍ ഗാന്ധി ബുന്ദേല്‍ഖണ്ഡിലത്തെി ഇരയായ യുവതിയെ സന്ദര്‍ശിച്ചു.ഇത്തരം അനേകം സംഭവങ്ങളാണ് ഇവരെ ഹീറോയാക്കിയതും നിയമലംഘകരുമാക്കിയതെന്ന് ഗ്രാമീണര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഒരുനാള്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് സഹായം തേടിയത്തെി.20000 രൂപ പിതാവില്‍ നിന്ന് വാങ്ങാനാവശ്യപ്പെട്ട് ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റുവാങ്ങിയ സ്ത്രീ.പണത്തിനുവേണ്ടിയാണ് ഭര്‍ത്താവ് കല്യാണം കഴിച്ചതെന്ന് കരഞ്ഞറയിച്ചു.ഗുലാബി ഗാങ്ങ് മുന്നേിട്ടിറങ്ങി.ഭര്‍ത്താവിന്‍െറ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.ഭാര്യയെ നന്നായി നോക്കിയില്ളെങ്കില്‍ വിവരമറിയുമെന്ന ഭീഷണി.ഭര്‍ത്താവ് വഴങ്ങി.ഇത്തരത്തില്‍ 20ഓളം സ്ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാരുമായി ബന്ധം പുന:സ്ഥാപിച്ച് കൊടുത്തിട്ടുണ്ടെന്ന് സംഘം  അവകാശപ്പെടുന്നു.ഭാര്യമാരെ കൈവെക്കുന്നവര്‍ക്കും ഇട്ടുപോവുന്നവര്‍ക്കും പാവങ്ങള്‍ക്കുള്ള അരി മറിച്ചുവില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പേടിസ്വപ്നമാണ് ഗുലാബി ഗാങ്.ഇന്നിപ്പോള്‍ ബാന്ദയിലും സമീപ പ്രദേശങ്ങളിലുമായി 20,000 അനുയായികള്‍ സംഘടനക്കുണ്ട്.ഭൂരിഭാഗവും ദലിത് സ്ത്രീകള്‍.തൊഴില്‍ രഹിതരും ചെറുകിട കര്‍ഷകരുമാണ് അധികവും.


നാട്ടുവഴിയിലെ പെണ്‍തല്ല്

നടുവഴിയില്‍ വെച്ച് വടികൊണ്ടുള്ള തല്ല് ഏല്‍ക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ല.പ്രത്യേകിച്ച് പെണ്‍സേനയുടെ.പൊലീസുകാരായാലും ഉദ്യോഗസ്ഥരായാലും പൊതുജനങ്ങള്‍ക്ക് അന്നമത്തെിക്കുന്ന റേഷന്‍ കടക്കാരനായാലും അതൊഴിവാക്കും.അതുകൊണ്ടുതന്നെ അഴിമതിയും സ്ത്രീപീഡനവും ഗ്രാമത്തില്‍ കുറഞ്ഞെന്ന് നാട്ടുകാര്‍ പറയുന്നു.‘‘ആരും ഞങ്ങളെ സഹായിക്കാനുണ്ടായിരുന്നില്ല; ഉദ്യോഗസ്ഥര്‍,പൊലീസുകാര്‍,രാഷ്ട്രീയക്കാള്‍ ആരും.എല്ലാവരും അഴിമതിക്കാരായിരുന്നു; അവരുടെ സ്വരം എല്ലാം ഒരേപോലെ; ഞങ്ങള്‍ നിസ്സഹായര്‍.ഇന്ന് അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ സേന സ്ത്രീകളെ പഠിപ്പിക്കുന്നു.ലാത്തി പ്രയോഗം,മുളകുപൊടിയെറിയല്‍ എന്നിവ അവയില്‍ ചിലതാണ്.അവരെ അത് പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരുണ്ട്.അക്രമമുണ്ടാക്കാനല്ല; ഞങ്ങളുടെ സ്വയം രക്ഷക്ക് വേണ്ടിയാണ് പരിശീലനം-സംപത് പാല്‍ പറഞ്ഞു.അഴിമതിക്കാരുടെയും സ്ത്രീ പീഡകരുടെയും മനസില്‍ ഭയത്തിന്‍െറ വിത്തുപാകാന്‍ പെണ്‍കൂട്ടായ്മക്കായി. എന്തുകൊണ്ട് പിങ്ക് സാരി എന്ന് ചോദിച്ചാല്‍ സംപതിന്‍െറ ഉത്തരം ഇങ്ങനെ.‘‘തിരക്കേറിയ നഗരങ്ങളില്‍പ്പെട്ടാല്‍  സംഘാംഗങ്ങളെ എളുപ്പം തിരിച്ചറിയാനുള്ള മാര്‍ഗമാണ് പിങ്ക് സാരി.അധികം പേര്‍ ഉപയോഗിക്കാത്ത തിളക്കം കൂടിയതിനാലാണ് ആ നിറം തെരഞ്ഞെടുത്തത്.ജീവിതത്തിന്‍െറ നിറമാണത്.’’

വെറുതെയല്ലാത്ത കൂടിയിരിപ്പുകള്‍

സംപതിന്‍െറ വീട്ടില്‍ ചായയും സമോസയും വാതില്‍പ്പടിയില്‍ തന്നെയുണ്ടാകും. കുശലവര്‍ത്തമാനങ്ങളില്‍ തുടങ്ങി ഗൗരവ വിഷയങ്ങളിലത്തെും.രാത്രി ഏറെ വൈകിയാണ് പിരിയുക.അവരുടെ കൈയിലെ പരിഗണനാ ലിസ്റ്റ് വായിക്കും .വിഷയം ഏറ്റെടുക്കുന്ന പ്രദേശത്ത് അറിയിപ്പ് നല്‍കും.പിന്നെയാണ് പ്രക്ഷോഭം തുടങുക.
പരാതിയത്തെിയാല്‍ ആദ്യം പൊലീസിനെ സമീപിച്ച് സംഭവത്തില്‍ ഇടപെടാന്‍ അഭ്യര്‍ഥിക്കും.അവരില്‍ നിന്ന് നടപടിയില്ലാതിരിക്കുമ്പോഴാണ് ഞങ്ങള്‍ ഇടപെടുക.സ്ത്രീപീഡനമെങ്കില്‍ പുരുഷനെ കണ്ട് നിലപാട് മാറ്റാന്‍ ആവശ്യപ്പെടും. സഹകരിച്ചില്ളെങ്കില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീയോട് ഗുലാബി ഗാങ്ങില്‍ അംഗമാകാന്‍  പറയും.തുടര്‍ന്ന് ഞങ്ങള്‍ ആ വീട്ടിലത്തെി പ്രതിഷേധം തുടങ്ങും.പലപ്പോഴും സംഘ ബലം കാണിക്കേണ്ടിവരാറുണ്ട്.സ്ത്രീ കോടതിയില്‍ പരാതിയുമായി പോയി ശേഷിക്കുന്ന കാലം അതില്‍പ്പെട്ടുഴലുന്നതില്‍ നല്ലതാണല്ളോ ഒരു പരിഹാരം.അതിനായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്-സംഘാംഗമായ ആരതി ദേവി പറയുന്നു

വടിത്തല്ല് മാത്രമല്ല
 സ്ത്രീ ശാക്തീകരണത്തിന് പുതിയ മാനമാണ് ഈ പെണ്‍കൂട്ടം ഗ്രാമത്തിന് സംഭാവന നല്‍കിയത്.ചെറുകിട വ്യവസായ യൂനിറ്റുകള്‍ ഗ്രാമത്തിലത്തെിക്കാന്‍ മുന്‍കൈയെടുത്തത് സംഘമാണ്.ജൈവ വളം,മെഴുകുതിരി നിര്‍മാണ യൂനിറ്റുകള്‍,ആയുര്‍വേദ മരുന്നു നിര്‍മാണം,അച്ചാര്‍ നിര്‍മാണം എന്നിവ ബാന്ദയിലത്തെി.
ഭരണത്തലവന്‍മാര്‍ തിരിഞ്ഞുനോക്കാതിരുന്ന ഗ്രാമത്തില്‍ ഒട്ടേറെകാര്യങ്ങള്‍ ചെയ്യാനായി.കുടിവെള്ള പദ്ധതി,വികസന പദ്ധതികള്‍,ആരോഗ്യ പദ്ധതികള്‍ എന്നിവയുടെ പ്രചാരകരായി.കുട്ടികളെ വിദ്യാലയങ്ങളിലേക്കയക്കാന്‍ സംഘം  വീടുകളിലുമത്തെി ബോധവത്കരണം നടത്തുന്നു.തെരുവുനാടകങ്ങള്‍,മദ്യപാനത്തിനെതിരെ കാമ്പയിനുകള്‍,വീടുകളിലത്തെി ആരോഗ്യ ബോധവല്‍ക്കരണം എന്നിവ നടത്തുന്നു.ബി.പി.എല്‍ കാര്‍ഡ് ഗ്രാമീണര്‍ക്ക് നേടിക്കൊടുക്കാന്‍ ഇടപെടുന്നു.അവര്‍ക്ക് ന്യായവിലഷോപ്പില്‍ നിന്ന് ലഭിക്കേണ്ട സൗജന്യ അരി കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നു.ഫണ്ട് കിട്ടിയാല്‍ തയ്യല്‍ സെന്‍റര്‍ കൂടി ആരംഭിക്കണമെന്നാണ് സംപതിന്‍െറ ആഗ്രഹം.

രാഷ്ട്രീയം,നിലനില്‍പ്

പാര്‍ട്ടി രാഷ്ട്രീയത്തിനതീതരായിരുന്നു സംഘം.ഇത് രാഷ്ട്രീയക്കാരെ കുറച്ചൊന്നമല്ല ചൊടിപ്പിച്ചത്.സംപതും മറ്റ് കൂട്ടാളികളും നിരവധിതവണ തലനാരിഴക്ക്  മരണത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.ഭീഷണി,അസഭ്യം പറച്ചിലുകള്‍ എല്ലാം സഹിച്ചുകൊണ്ടേയിരിക്കുന്നു.എന്നിട്ടും പിന്മാറിയില്ല.സാമൂഹികാടിത്തറയിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സെക്യുലര്‍ കോണ്‍ഗ്രസ് പാര്‍ടിയിലേക്ക് സംപത് പാലിനെ വിളിച്ചിരുന്നു.താല്‍പര്യം കാട്ടിയില്ല.2012ല്‍ ബി.എസ്.പിയെ നേരിടാനായിരുന്നു ഇത്.ബഹുജന്‍ സമാജ് വാദി പാര്‍ടിയുടെ നേതാവ് മായാവതിയുടെ പ്രഭാവലയവും  ഇവരെ ആകര്‍ഷിച്ചില്ല.ഇതിനിടെ നിരവധി പ്രശ്നങ്ങളില്‍ ഇടപെട്ടു.അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കുമെതിരായുള്ള പോരാട്ടം ജനപ്രിയരാക്കി.ഇത്തരം പോരാട്ടങ്ങളാണ് യുവാക്കളെ പോലും സംഘത്തില്‍ ചേരാന്‍ പ്രേരണയായത്.
ഗുലാബി ഗാങ്ങ് രക്ഷിച്ച സ്ത്രീകളുടെ ബന്ധുക്കളും പ്രചാരകരായി.സാമൂഹിക പരമായും സാമ്പത്തികമായും ഗുലാബി ഗാങ്ങിലുള്ളവരെയും കുടുംബത്തെയും ഗ്രാമീണര്‍ സഹായിച്ചുപോന്നു.
നിരന്തരമായ പ്രതിരോധങ്ങള്‍,ജനകീയമായ പ്രത്യാക്രമണങ്ങള്‍... അവസാനം ഇളം ചുവപ്പു സേന തെരഞ്ഞെടുപ്പിലും പങ്കാളികളായി.സംപത്പാല്‍ 2006 ഒക്ടോബറില്‍  നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. 2800 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.2010ല്‍  തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പില്‍ 21 ഗുലാബി അംഗങ്ങള്‍ വിജയിച്ചു.‘‘വെറും കാഴ്ചക്കാരായി നിന്നുകൊണ്ടുള്ള പോരാട്ടത്തേക്കാള്‍ നല്ലതാണ് സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും ഗുണം കിട്ടുന്ന പദ്ധതികള്‍ കൊണ്ടുവരാനുള്ള അവസരം കൈവരിക എന്നത്.പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോട് ചേരാതെ തന്നെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായപ്പോള്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ പരിഗണന കിട്ടുന്നുണ്ട്’’-സംപത്പാല്‍ പറയുന്നു.
ഇതിനിടെ ബുന്ദേല്‍ഖണ്ഠ് എന്ന പ്രത്യേക സംസ്ഥാനത്തിന് വേണ്ടി ദെല്‍ഹിയില്‍ നടന്ന പ്രകടനത്തിലും പങ്കാളികളായി.ന്യൂയോര്‍ക്കില്‍ നടന്ന ഗ്ളോബല്‍ വിമന്‍സ് കോണ്‍ഫറന്‍സിലും ഫ്രാന്‍സിലെ ഡ്യുവില്ളെയില്‍ എല്ലാവര്‍ഷവും നടക്കാറുള്ള വിമന്‍സ് ഫോറത്തിലും പങ്കെടുക്കാന്‍ സംപത്പാലിന് അവസരം ലഭിച്ചു.ഗ്രാമീണ സ്ത്രീകള്‍ക്ക് അവരുടെ പോരാട്ടങ്ങളെക്കുറിച്ച്  സംസാരിക്കാനുള്ള വേദികളായിരുന്നു അത്.

സഹായം തേടുന്നു

ആദ്യം പുറം സഹായം വാങ്ങില്ളെന്ന് പ്രഖ്യാപിച്ചിരുന്ന സംഘം അടുത്തിടെ നിലപാട് മാറ്റി.‘‘ഞങ്ങള്‍ക്ക് സഹായം വേണം .സര്‍ക്കാരില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ .അതിനായുള്ള ശ്രമത്തിലാണ്.വെബ് സൈറ്റ് തുടങ്ങി,ഫേസ് ബുക്കില്‍ പേജ് തുടങ്ങി. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ ചിലര്‍ സമീപിച്ചതോടെയാണ് ഇവ തുടങ്ങാന്‍ അനുവാദം നല്‍കിയത്.‘‘ഇപ്പോള്‍ത്തന്നെ ബസ് യാത്രക്കും മാര്‍ച്ച് സംഘടിപ്പിക്കാനും  മറ്റുമായി ധാരാളം പണം ചെലവാകുന്നു.210 രൂപ മാത്രമാണ്  അംഗത്തില്‍ നിന്ന് ഫീസായി ഈടാക്കുന്നത്.പിങ്ക് സാരിക്കുള്ള തുക മാത്രമാണിത്.’’-സംഘാംഗമായ ചന്ദാനിയ ദേവി പറയുന്നു.

ഇവര്‍ നിയമ ലംഘകര്‍
നിയമം കൈയിലെടുക്കുന്നവള്‍,അക്രമകാരി,സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവര്‍ .സംഘാംഗങ്ങള്‍ക്കെതിരെ കേസുകള്‍ അനവധിയാണ്.പലപ്പോഴും അവരെ ക്രിമിനലുകളായി മുദ്രകുത്തുന്നു.അനിവാര്യമാകുന്ന ജീവിത സാഹചര്യങ്ങളില്‍ സ്ത്രീ അല്ളെങ്കില്‍ സ്ത്രീ സമൂഹം അവസാന ആശ്രയമായി അക്രമത്തെയും കടുത്ത പ്രതികരണത്തെയും കൈയിലെടുക്കേണ്ടിവന്നതാണ് ഈ പെണ്‍സേനയുടെ കൂട്ടായ്മക്കിടയാക്കിയത്.മാധ്യമങ്ങളും പൊലീസും  അവരെ ആയുധ ധാരികളായും മാവോ വാദികളായും മുദ്ര കുത്തി.വെറുമൊരു ഗാങ്ങല്ല; നീതിക്കായുള്ള കൂട്ടായ്മയും നിലനില്‍ക്കാനുള്ള പോരാട്ടവും  മാത്രമാണെന്ന്  ആവര്‍ത്തിക്കുമ്പോഴും  ‘നിയമലംഘക’രെന്ന നിര്‍വചനത്തില്‍ നിന്നൊഴിഞ്ഞുപോകാന്‍ ഈ പെണ്‍കൂട്ടത്തിനാവില്ല.
കുടുംബമാധ്യമം സെപ്തംബര്‍ 21 ന് പ്രസിദ്ധീകരിച്ചത്

Tuesday, June 5, 2012

അടുക്കളയില്‍ നിന്നൊഴിഞ്ഞ പാലട മധുരം

നഗരഹൃദയത്തിലാണ് ആ വീട്.തൃശൂര്‍ എം.ജി റോഡ് കരിക്കത്ത് ലെയിന്‍.ഒരു ഭാഗത്ത് തീവണ്ടിപ്പാത,തൃശൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത്. ചുറ്റു മതില്‍ ഉയര്‍ത്തി പണിത് മറച്ചിട്ടുണ്ട്.എന്തിനാണെന്ന് ചോദിക്കേണ്ട കാര്യമേയില്ല.പശുക്കളുടെ അമറല്‍ കേള്‍ക്കാം. ഒന്നും രണ്ടുമല്ല, മുപ്പത് ഒന്നാം തരം പശുക്കളുണ്ടവിടെ.വീടിന് മുമ്പില്‍ അത്യാവശ്യം തിരക്ക്.പാലട പായസം വാങ്ങാനുള്ളവരാണ്.വീട് മറ്റാരുടെയുമല്ല.മലയാളികളെ പാലടയുടെ രുചിയെന്താണെന്ന് പഠിപ്പിച്ച അമ്പിസ്വാമിയുടെതാണ് വീട്.വീടിനോട് ചേര്‍ന്ന് പാചകപ്പുര.
മലയാളിയുടെ പാചകപ്പുരയുടെ ചൂടില്‍ അമ്പിസ്വാമി വന്നു നിന്നിട്ട് അമ്പതുകൊല്ലം കഴിഞ്ഞു,മലയാളികളുടെ നാവില്‍ ആ മാന്ത്രിക രസക്കൂട്ട് വന്നു കൊതിപ്പിച്ചിട്ടും. ആ രുചിയുടെ തമ്പുരാനാണ് ഞായറാഴ്ച രാത്രി 11.30 ഓടെ വിടവാങ്ങിയത്.
 അമ്പിസ്വാമി കുറച്ചു നാളായി സജീവമായിരുന്നില്ല.79 വയസായി.മക്കളാണ് കൂടുതലും കൈകാര്യം ചെയ്യുന്നത്.എന്നാലും വൈകീട്ട് വീടിന്‍െറ വരാന്തയിലെ ഫോണിനടുത്ത് വന്നിരിക്കുന്ന മണിക്കൂറുകള്‍ മതി സദ്യയുടെ ഓര്‍ഡറുളത്തൊന്‍.മുമ്പിലെ പുസ്തകത്തില്‍ അവ കുറിച്ചുവെക്കും. ഇതൊരു പതിവാണ്.
14 ാം വയസിലാണ് ദഹണ്ണപ്പണിയായിരുന്ന പിതാവിന്‍െറ പാതയില്‍ അമ്പി നടന്നുതുടങ്ങിയത്.എന്നാല്‍ ശിഷ്യത്വം സ്വീകരിച്ചതോ അദ്ദേഹത്തെ വിട്ട് പാചക വിദഗ്ദനായിരുന്ന അടാട്ട് കൃഷ്ണയ്യരുടെ കീഴിലും അതൊരു വാശിപോലെയായിരുന്നു.24 വയസില്‍ വിവാഹിതനായ ശേഷമായിരുന്നു സ്വന്തമായി തൊഴില്‍ ഏറ്റെടുത്ത് തുടങ്ങിയത്.പാലട പായസത്തിന്‍െറ സാധ്യതയറിഞ്ഞ് സ്പെഷല്‍ പാലട തന്നെയുണ്ടാക്കി. ‘എട്ട് വിഭവങ്ങളോടെ വെജിറ്റേറിയന്‍ സദ്യ. ഒരു സ്പെഷല്‍ പാലട പായസവും’.ഇതായിരുന്നു സ്വാമിയുടെ സദ്യ വട്ടം.ദിവസം 17-18 സദ്യവരെ നടത്തിയ കാലമുണ്ടായിരുന്നു സ്വാമിക്ക്.ഒല്ലൂര്‍ പള്ളിപ്പെരുന്നാളിന് 70,000 പേരെയും ,പാവറട്ടി പെരുന്നാളിന് രണ്ട് ലക്ഷം പേരെയും സ്വാമി ഊട്ടിയീട്ടുണ്ട്.സ്കൂള്‍ കലോല്‍സവങ്ങളില്‍ സ്ഥിരപരിചിത മുഖമാണ് സ്വാമി.11ഓളം സ്കൂള്‍ കലോല്‍സവങ്ങളില്‍  ഭക്ഷണചുമതല ഏറ്റെടുത്തു.സി.അച്യുതമേനോന്‍,കെ.കരുണാകരന്‍,ഇ.കെ.നായനാര്‍ ,എ.കെ.ആന്‍റണി,കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു.കെ.കരുണാകരന്‍െറ വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലെ സദ്യയിലും ഊട്ടുപുരയില്‍ സ്വാമിയുണ്ടായിരുന്നുവെന്നത് വ്യക്തി ബന്ധം കൊണ്ടുതന്നെയായിരുന്നു.
ദിവസവും പാലട പ്രഥമന്‍ വിതരണം സ്വാമിയുടെ വീട്ടിലുണ്ടാവും.പ്രതിദിനം 100ലിറ്ററിലധികം പാലട വില്‍ക്കുന്നു. ലിറ്ററിന് 100 രൂപയാണ് വില. ഞായറാഴ്ച 500 ലിറ്റര്‍ വരെയാവും ചെലവ്.ഫെസ്റ്റിവല്‍ സീസണില്‍ 15,0000 ലിറ്റര്‍ വരെ.വീടിനോട് ചേര്‍ന്നാണ് പാചകപ്പുര.പാത്രങ്ങളും ഉരുളികളും ഉരുപ്പടികളുമായി ഒരു പ്രപഞ്ചം.സഹായികളായി മക്കളേക്കൂടാതെ എന്തിനും ഏതിനും പോന്ന പണിക്കാരും.
‘‘ഊട്ടുക എന്നതുതന്നെ പുണ്യമാണ്,ഇത്രയും കാലം അതിനായി എന്നത് തന്നെ ദൈവാനുഗ്രഹം’’-ഒരു മാസം മുമ്പ് വീട്ടിലത്തെിയ എന്നോട് അമ്പി സ്വാമി പറഞ്ഞു.‘‘ദൂര യാത്രകള്‍ ഒഴിവാക്കി. ഓടി നടന്ന് പണി ചെയ്യാന്‍ വയ്യ...ഇപ്പോ ആള്‍ക്കാര്‍ കലോത്സവത്തിനും പരിപാടികള്‍ക്കും മറ്റും സദ്യയൊരുക്കാന്‍ കൂട്ട്ണ കളികള്‍ കാണുമ്പോ ചിരിയാണ്.ഞാന്‍ ഇങ്ങനെയുള്ള അഭ്യാസമൊന്നും കാട്ടീട്ടില്ല്യാ...ചെയ്യുന്ന പ്രവൃത്തിയില്‍ സത്യസന്ധത പുലര്‍ത്തുക,പിന്നെ ദൈവാനുഗ്രഹം ഉണ്ടാവ്വാ..ഇതൊക്കെയുണ്ടായാ മതി.അതേ എനിക്കൂള്ളോ..അദ്ദേഹത്തിന്‍െറ പ്രശസ്തമായ പാലടയുടെ രുചിക്കൂട്ടുകള്‍ പറഞ്ഞു തരുന്നതിനിടെ അദ്ദേഹം പറഞ്ഞു.


photo p.b. biju

Monday, May 28, 2012

ഒടുവിലില്ലാതെ ആറ് വര്‍ഷംമലയാളത്തിന്‍െറ സ്വന്തം നാട്ടിന്‍ പുറത്തുകാരന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മയായീട്ട് ആറുവയസ്. ആ സാന്നിധ്യം എപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നതിനാല്‍ തന്നെ ഒടുവില്‍ മരിച്ചുവെന്നത് വിശ്വസിക്കാന്‍ പ്രയാസം.മലയാള സിനിമയോട് ഏറെ പായാരം പറഞ്ഞാണ് അദ്ദേഹം ഭൂമി വിട്ടത്.
 ഒരു വര്‍ഷക്കാലം നീണ്ട ഡയാലിസിസ്.തിരുവനന്തപുരം ശ്രീചിത്ര,ഏറണാകുളം , പെരിന്തല്‍ മണ്ണ എന്നിവിടങ്ങളിലെ തുടര്‍ച്ചയായ ചികിത്സ,ഡയാലിസിസ്. ഒടുവിലിന്‍െറ അവസാനകാലത്ത് കാര്യമായി നീക്കിയിരിപ്പില്ലാത്ത ആ കുടുംബം  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.ചില സിനിമാ സംഘടനകള്‍ തന്നിരുന്ന ചെറിയ സംഖ്യ കൊണ്ട് ചെലവ് കഴിഞ്ഞിരുന്നില്ല.ആരുടെയോക്കെയോ സഹായം കൊണ്ടു മാത്രം പിടിച്ചു നിന്നു. അവസാന കാലങ്ങളില്‍ ഒടുവില്‍ വേറാരോ ആയിപ്പോയിരുന്നെന്ന് ഒടുവിലിന്‍െറ ഭാര്യ പത്മജേച്ചി പറഞ്ഞിരുന്നു.എന്തിനും ഏതിനും തെറി പറച്ചില്‍.ആശുപത്രി മുറിയില്‍ നിന്ന് ഓടിപ്പോകാനുള്ള ശ്രമം,അക്രമാസക്തി..പത്മജേച്ചിയും സഹായിയും മാത്രമായിരുന്നു കൂടുതല്‍ സമയം അടുത്തുണ്ടായിരുന്നത്.അക്കാലത്ത് സിനിമയിലത്തെിയ പുതുമുഖങ്ങള്‍ക്കുപോലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭിച്ചപ്പോള്‍ ഒടുവിലിന് ലഭിക്കാത്തതില്‍ അവസാന നാളുകളില്‍ പരാതിപ്പെട്ടിരുന്നു.വാര്‍ത്ത നല്‍കിയതിനെതുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി സഹായത്തിന് തയ്യാറായെങ്കിലും നടപടിയത്തെും മുമ്പേ ഒടുവില്‍ മടങ്ങി.ഒരു വര്‍ഷത്തെ ഡയാലിസിസ്,പണത്തിനായുള്ള നെട്ടോട്ടം ,ഒടുവിലിന്‍െറ അകാരണമായ പിടിവാശി, അക്രമോത്സുകത...ആ മഹാകലാകാരന്‍െറ അവസാന നാളുകളതായിരുന്നു...അവസാനം 2006 മെയ് 27 നാണ് ആ കലാകാരന്‍ ലോകത്തോട് വിടപറഞ്ഞത്.

Tuesday, May 22, 2012

ഒടുവില്‍ ഗാവിന്‍ സിനിമാ ‘തീരം’ വിട്ടു

കോവളം തീരത്ത് സുന്ദരിയായ മെര്‍ലിനുമൊത്ത് ബൈക്കില്‍ പാഞ്ഞത്തെുന്ന ചാരക്കണ്ണുള്ള ഫാബിയന്‍.എണ്‍പതുകളുടെ അവസാനത്തില്‍ പത്മരാജന് കൈയബദ്ധമായി വന്നുചേര്‍ന്ന സീസണ്‍ എന്ന സിനിമ കണ്ടവര്‍ ആ സീന്‍ മറക്കില്ല,ആ കട്ടപ്പല്ലുള്ള ക്രുരനായ ഇംഗ്ളീഷുകാരനായ വില്ലനേയും.ഗാവിന്‍ മലയാളക്കരയിലത്തെിയത് അങ്ങനെയാണ്.നന്നായി ഉരുക്കിയെടുത്ത ശരീരം ,ഒത്ത ഉയരം...സീസണ്‍ എന്ന സിനിമ മലയാളത്തിന് തന്ന ആ വില്ലന്‍ പിന്നെയും ആര്യന്‍,ബോക്സര്‍,ജാക്പോട്ട്,ആനവാല്‍ മേതിരം,ആയുഷ്കാലം തുടങ്ങി ഏതാനും ചിത്രങ്ങളില്‍കൂടി നമ്മുടെ മുമ്പിലത്തെി.എന്തുതന്നെയായാലും വിദേശിയായ വില്ലന്‍ എന്നാല്‍ ഗാവിന്‍െറ മുഖമാണ് മനസില്‍ ആദ്യമോടിയത്തെുക.

എണ്‍പതുകളിലും തൊണ്ണുറുകളിലും ബോളിവുഡ്-സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ വില്ലനായി സാന്നിധ്യമറിയിച്ച ഗവിന്‍ പക്കാര്‍ഡ് എന്ന ബെഞ്ചമിന്‍ ബ്രൂണോ 18ന് വസായിയിലെ നഴ്സിങ് ഹോമില്‍ ശ്വാസകോശ രോഗത്തത്തെുടര്‍ന്നാണ് മരിച്ചത്.മുംബൈയിലെ കല്യാണ്‍ നിവാസിയായി മാറിയ ഗാവിന് 48വയസായിരുന്നു.മുപ്പതോളം ബോളിവുഡ് ചിത്രങ്ങള്‍,അഞ്ച് മലയാള ചിത്രങ്ങള്‍,സൗത്ത് ഇന്ത്യന്‍ സിനിമകളിലും നിറഞ്ഞുനിന്ന ഗാവിന്‍ എണ്‍പതുകളുടെ അവസാനത്തില്‍ തുടങ്ങി 2000 വരെ അമ്പതോളം സിനിമകളില്‍ വില്ലന്‍ വേഷമിട്ടു.  വളരെ കഷ്ടപ്പാടുനിറഞ്ഞ ജീവിതമായിരുന്നു പിന്നീട് ബോളിവുഡ് ഗാവിന് സമ്മാനിച്ചത്.ചെയ്ത വേഷത്തിനുള്ള പ്രതിഫലത്തില്‍ ഒരിക്കലും കണക്കുപറഞ്ഞിട്ടില്ല ഗാവിന്‍.തന്നത് വാങ്ങും.സഞ്ജയ് ദത്തിനും സുനില്‍ ഷെട്ടിക്കും മറ്റ് തുടക്കക്കാര്‍ക്കും ബോഡി ബിള്‍ഡിങിന്‍െറ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു നല്‍കിയത് ഗാവിനായിരുന്നു. ബാഗി,കരണ്‍ അര്‍ജുന്‍,ത്രിദേവ്,മോഹ്ര ,ബാഗി തുടങ്ങി പല ഹിറ്റുകളിലും വില്ലന്‍ വേഷത്തിലത്തെിയത് ഗാവിനായിരുന്നു.   എന്നിട്ടും ബോളിവുഡില്‍ ഗാവന് അടിതെറ്റി.അവസാന ഘട്ടത്തിലാണ് ദുരന്തസമയങ്ങളില്‍ ബോളിവുഡെന്ന മായിക ലോകം കൂട്ടുണ്ടാവില്ളെന്ന തിരിച്ചറിവ് ഗാവിനുണ്ടായത്.അവസാന സമയങ്ങളില്‍ അത് അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.ബൈക്കപടത്തില്‍ പ്പെട്ട് രണ്ട് മണിക്കൂര്‍ രക്തം വാര്‍ന്നൊലിച്ച് മുംബൈയിലെ തെരുവില്‍  കിടന്നിട്ടും നാട്ടുകാര്‍  ഗാവിനെ തിരിച്ചറിഞ്ഞില്ല.കഴിഞ്ഞവര്‍ഷമായിരുന്നു അത്.അതത്തേുടര്‍ന്ന് പരിക്കേറ്റ് ഡോബിവാലിയിലെ ആശുപത്രിയില്‍ കഴിഞ്ഞ ഗാവിനെ കാണാന്‍ ചെന്ന പത്രലേഖകനോട് ഇന്‍റര്‍വ്യൂവിന് പണം വരെ ഗാവിന്‍ ആവശ്യപ്പെട്ടത്രേ.ശ്വാസകോശ രോഗത്തില്‍ വലഞ്ഞ് മാസങ്ങളായി ഗാവിന്‍ കിടപ്പിലായിരുന്നു.മെയ് 18 ന് സെന്‍റ് ആന്‍ഡ്രൂസ് ശ്മശാനത്തില്‍ സംസ്കരിക്കുമ്പോള്‍  ഏതാനും പേരുടെ സാന്നിധ്യം മാത്രമാണുണ്ടായത്.


Sunday, January 29, 2012

വായ്ക്കരി

''എനിക്ക് വയ്യ. ഇനി എത്ര കാലമെന്നാ..ഈ പുസ്തക ശേഖരം എന്തുചെയ്യുമെന്നാ ഇപ്പോ ചിന്ത... സാഹിത്യ അക്കാദമിക്കോ മറ്റോ കൊടുക്കണം...''ഇഷ്ടമില്ലാത്തതെന്തോ മുന്നില്‍കണ്ടപോലെ മാഷ് നെടുവീര്‍പ്പോടെ പറഞ്ഞു.വല്ലാതെ ക്ഷീണിച്ചിരുന്നു.കണ്ണുകള്‍ക്ക് താഴെ മഴവില്ല് തിരിച്ചിട്ടപോലെ ചുളിവുകള്‍ . ദുര്‍ബലമായ  കൈകള്‍. ഡിസംബര്‍ തുടക്കത്തിലായിരുന്നു മാഷെ കാണാന്‍ ഇരവി മംഗലത്തെ വീട്ടിലെത്തിയത്.
വീട്ടിലെത്തിയപ്പോള്‍ മാഷ് തൃശൂര്‍ ഹോളി ഫാമിലി സ്കൂളിലെ പരിപാടി കഴിഞ്ഞ് എത്തിയിരുന്നില്ല. മാധ്യമം ഗൃഹത്തിലേക്കുള്ള കൂടിക്കാഴ്ചക്കായി പോയതായിരുന്നു.വീടിന് പുറത്ത് അര മണിക്കൂര്‍ കാത്തുനിന്നു.ചുവന്ന സൂസുക്കി വിറ്റാറ കാറില്‍ സുരേഷിനോടൊപ്പം മാഷ് എത്തി.കുറേ നേരമായോ...കയറി ഇരിക്കാമായിരുന്നല്ലോ...മാഷ് ചോദിച്ചു.കോലായിലിരുന്ന് അധികം വൈകാതെ മാഷ്  വാതില്‍ തുറന്ന് അകത്തേക്ക് ക്ഷണിച്ചു.മാഷ് സംസാരിച്ചു തുടങ്ങി ; പുസ്തകമുറിയെപ്പറ്റി. വീട്ടിലെ മുറികളെപ്പറ്റി, പുസ്തക പ്രപഞ്ചത്തെപ്പറ്റി. അതിനിടെ ഏകാന്ത എന്നത് വിഷയമായി.
സംസാരം തുടര്‍ന്നുകൊണ്ടിരിക്കേ അഴീക്കോട് മാഷ് മനസിലെ ഒരു ചിത്രമായി.വലിയ വീട്ടില്‍ തനിച്ചായിപ്പോയ ഒരു വൃദ്ധന്‍,വീട്ടിലെ കുടുസുമുറിയിലെ പുസ്തകപ്പുരയില്‍ മുഖം പൂണ്ടിരിക്കുന്ന വൃദ്ധന്‍.ഏകാന്തത അല്ലെങ്കില്‍ നിശബ്ദത മനം മടുപ്പിക്കുന്നുണ്ടാകണം അവസാന കാലങ്ങളില്‍.പ്രസംഗം അതിനുള്ള ആശ്വാസമായിരുന്നു.ചുറ്റുമുള്ള ജനക്കൂട്ടമായിരുന്നു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒറ്റപ്പെടല്‍, ഏകാന്തത എന്നിവയില്‍ നിന്നുള്ള രക്ഷപ്പെടല്‍ കൂടിയായിരുന്നു വിവാദങ്ങള്‍.അതുകൊണ്ട് ജീവിതം തുടരാനുള്ള ഉല്‍പ്രേരകമായി വിവാദങ്ങള്‍ മാറിയെന്നിരിക്കണം.
വേദന അല്‍പ്പം കൂടുതലുണ്ട്.പരിപാടികള്‍ക്ക് പോകരുതെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്.നമുക്ക് പോകാതിരിക്കാന്‍ പറ്റ്വോ^മാഷ് ചിരിയോടെ പറഞ്ഞു.

എരവിമംഗലത്തെ  മാഷ് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.എരവിമംഗലത്തുകാര്‍ മാഷിനെയും..   നിര്‍മലരായ ജനങ്ങള്‍.എരവിമംഗലത്തുകാരെപ്പറ്റി മാഷ് പറയുന്നതിങ്ങനെ^'ഐഡിയല്‍ വില്ലേജ്;ശാന്ത സുന്ദര പ്രകൃതി, ശല്യങ്ങളില്ല..ഏറെ ഇഷ്ടപ്പെട്ടുപോയി .ഇവിടെത്തെ ശാന്തതയാണ് ഏറെ ഇഷ്ടമായത്. ഇവിടെത്തെ കോഴികള്‍ പോലും കൂവാനായി അടുത്ത ഗ്രാമത്തില്‍ പോവുമെന്ന് തോന്നുന്നു'.ഗ്രാമത്തില്‍ എന്ത് വിശേഷങ്ങളുണ്ടെങ്കിലും വീട്ടില്‍ വിഭവമെത്തും. ആഴ്ചയില്‍ രണ്ടും മൂന്നും പിറന്നാളുകളുണ്ടാകും. പായസം കഴിച്ച് ശരീരത്തില്‍ മധുരം കൂടുമോന്നാ സംശയം.''^മാഷ് അന്ന് പറഞ്ഞു.അവസാനകാലത്ത് പ്രദേശത്തെ കുട്ടികളുമായി ചെലവിടാന്‍ സമയം കണ്ടെത്തി.ആദ്യം നാട്ടുകാര്‍ഗേറ്റിന് മുമ്പില്‍ നിന്നുകൊണ്ട് മാത്രമേ ബഹുമാനത്തോടെ കുശലം പറയുമായിരുന്നുള്ളൂ.പിന്നെ 'കുഴപ്പക്കാരനല്ലെന്ന് 'മനസിലായതോടെ വീട്ടിലെത്തിത്തുടങ്ങി.മാഷ് വീട് വാങ്ങിയപ്പോള്‍ ചെളി നിറഞ്ഞ ഇടവഴിമാത്രമായിരുന്നു.അബ്ദുല്‍ വാഹാബ് എം.പി ഫണ്ടില്‍ നിന്ന് റോഡിനായി ഫണ്ട് അനുവദിച്ചു.ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഞാന്‍ കാരണം ഒരു റോഡായി^മാഷ് പറഞ്ഞു.
മണലിപ്പുഴയുടെ തീരത്തെ വലിയ രണ്ടുനില വീട്.വല്ലാത്ത നിശബ്ദമായ ഒരിടം..വീട് നിര്‍മിച്ചപ്പോള്‍ ഒരു വ്യവസായ പ്രമുഖന്‍ സമ്മാനിച്ചതാണെന്ന ആരോപണമുയര്‍ന്നിരുന്നു,പക്ഷേ മാഷത് സമ്മതിക്കില്ല.ഒരു ചിരിയായിരുന്നു അന്ന് ആ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴുള്ള മറുപടി.' മനുഷ്യായുസിന്റെ അവസാനത്തില്‍ 82ാം വയസിലാണ് ഞാന്‍ സ്വന്തമായി വീടുണ്ടാക്കിത്.എന്നിട്ടും അതിന്റെ ബാധ്യത എന്നെ പിന്തുടരുകയാണ്.  വിയ്യൂരില്‍  22 കൊല്ലമാണ് താമസിച്ചത്. ശാന്തമായിരുന്നു അന്ന് വിയ്യൂര്‍.അവിടെ നഗരവല്‍കരണത്തോടൊപ്പം ശബ്ദകോലാഹലങ്ങളും കൂടിയതോടെ സ്വസ്ഥമായ സ്ഥലം നോക്കാന്‍ സുരേഷിനൊട്(അഴീക്കോടിന്റെ ഡ്രൈവറും 25 വര്‍ഷമായുള്ള സഹായിയും) പറയുകയായിരുന്നു.അങ്ങനെയായിരുന്നു  ഗ്രാമമായ എരവിമംഗലത്തെത്തിയത്.
സെന്റിന് മൂന്ന് ലക്ഷം വിയ്യൂരിലെ സ്ഥലത്തിന് വിലപറഞ്ഞു.സ്ഥലവും വീടും വിറ്റപ്പോള്‍ 48 ലക്ഷം കൈയില്‍ കിട്ടി.എരവിമംഗലത്ത് മണലിപ്പുഴക്കരികെ 22 സെന്റ് സ്ഥലം കണ്ടെത്തിയതും മാനോഹരമായ രണ്ടു നില കോണ്‍ക്രീറ്റ് വീട് പണിതതും സുരേഷിന്റെ മേല്‍നോട്ടത്തിലായിരുന്നു.നട്ടെല്ലിന് ആയാസമുണ്ടാക്കരുതെന്ന ഡോക്ടറിന്റെ നിര്‍ദേശ പ്രകാരം യാത്രചെയ്യാന്‍ ആയാസമില്ലാത്ത കാറും  വാങ്ങി.ബാങ്കില്‍ നിന്ന് കുറച്ചുപണം ലോണെടുത്തു.ആ അടവ് വീട്ടിക്കൊണ്ടിരിക്കുകയാണ്'^മാഷ് പറഞ്ഞു.

ഇരവിമംഗലത്തെ രണ്ടുനില വീട്ടിലെ പുസ്തകപേമാരി ബാധിച്ച ആ കുടുസുമുറിയിലെ പഴകിയ ചാരുകസേല തേടി പ്രസംഗകലയുടെ ആചാര്യന്‍ ഇപ്പോഴില്ല. അഴീക്കോട് തന്റെ  വായനാമുറിയില്‍  നിധിപോലെ അഴീക്കോട് കാത്തതാണീ  ചാരുകസേര .60 കൊല്ലം മുമ്പ് പിതാവ് സമ്മാനിച്ചതാണ് ആ മരക്കസേര. വായനയും എഴുത്തും ആ കസേരയിലിരുന്നാണ്.പിതാവിന്റെ ദീപ്തമായ ഓര്‍മയാണിത്.രണ്ടു നില വീട്.അഞ്ചോ ആറോ മുറികള്‍,എങ്കിലും അഴീക്കോട് വീടിലെത്തിയാല്‍ ഒരാള്‍ക്ക് നിന്ന് തിരിയാന്‍ മാത്രം സ്ഥലം അനുവദിച്ച  കുടുസ്സുമുറിയിലെ ആ ചാരുകസേരയിലുണ്ടാകും.അവിടെയിരുന്നാണ് വായന.എപ്പോഴും കൂടെ വേണമെന്ന് ആഗ്രഹിക്കുന്നവയിലൊന്നാണ് ആ കസേര^അഴീക്കേട് പറയുമായിരുന്നു.ഇതുമാത്രമല്ല പഴമയുടെ ഗന്ധം പേറി മറ്റൊന്നു കൂടിയുണ്ട് മുറിയില്‍.ഒരു ഘടികാരം.65 കൊല്ലം മുമ്പ് അഞ്ച് രൂപക്ക് വാങ്ങിയതാണിത്.മുറിയില്‍പച്ചപെയിന്റടിച്ച ഭദ്രമായി അടച്ചുവെച്ച രണ്ട് ട്രങ്കുകള്‍.മുറിയിലെ റാക്കില്‍ ഇവ രണ്ടിനും മാത്രമാണ് സ്ഥാനം.ഇതേക്കുറിച്ചും മാഷിനോട് ചോദിച്ചിരുന്നു'പഴയ പുസ്തകങ്ങളാണ്' ^മാഷിന്റെ അലസ മറുപടി.
നല്ല മൂഡിലായിരുന്ന അഴീക്കോട് മാഷ് പറഞ്ഞുകൊണ്ടിരുന്നു,ഭക്ഷണം തയ്യാറായി എന്ന സുരേഷിന്റെ വിളി വരുംവരെ


ചിത്രങ്ങള്‍: പി.ബി. ബിജു