Saturday, May 28, 2011

താവോയുടെ വഴി -2


ബി.സി 200 ലാണ് താവോയിസത്തിന്റെ ഉല്‍ഭവം.2000 വര്‍ഷത്തോളം ദര്‍ശനത്തിന്റെ പ്രഭാവം നിലനിന്നു.ലക്ഷക്കണക്കിന് പേര്‍ അനുയായികളായി. മറ്റുളളവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാതെ നമ്മെ അറിയുക; മൌനത്തിന്റെ ഭാഷയിലൂടെ. ശക്തമായി പോരാടുക.ആയുധങ്ങളോ,ശാരീരികാധ്വാനമോ കൂടാതെ.നിഷ്ക്രിയമായിരിക്കലല്ല;പോരാട്ടം തന്നെയാണ് ആഹ്വാനം.ഇന്നും നിലനില്‍ക്കുന്ന തിന്മകള്‍ക്കെതിരായ പോരാട്ടം....പക്ഷേ വഴി വ്യത്യസ്തം...അതാണ്  താവോ....



ലോകത്തെ സ്നേഹിക്കുക

അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടാകാം.
പ്രശംസയും ഭയവും അവനവനിലല്ലേയുള്ളൂ
ഞാന്‍ തന്നെ ലോകം എന്നുരക്കുന്നവന്‍ ലോകത്തിനടിമ
ലോകത്തെ തന്നെപ്പോലെ സ്നേഹിക്കുക
-ആത്മബോധത്തില്‍ നിന്നുതിര്‍ന്ന സ്നേഹം


ഏകം

നോക്കിയിട്ടും കാണുന്നില്ല-ശൂന്യത
ശ്രദ്ധിച്ചിട്ടും കാണുന്നില്ല- മൌനം
എത്തി എങ്കിലും കിട്ടിയില്ല- അസ്പൃശ്യത
ഇവ ഏകമായ്..........
പേരില്ലാത്തത്......ചലിച്ചുകൊണ്ടിരിക്കുന്നു
 പിടിച്ചെടുത്താല്‍ തുടക്കമില്ല
പിന്തുടര്‍ന്നാല്‍ അന്ത്യമില്ല
ഈ നിമിഷം ......
പഴയത് മറക്കല്ലേ
പുതുതായൊന്നുമില്ലല്ലോ.......



കാലചക്രങ്ങളെ കണ്ടറിയുക

അലിയാന്‍ തുടങ്ങുന്ന മഞ്ഞുപോലെ
തുറന്ന മനസോടെയിരിക്കുക....
ചെത്തിമിനുക്കിയ തടിക്കഷ്ണം പോലെ
പൊള്ളയായിരിക്കൂ..തടിക്കഷ്ണം പോലെ
ചെളിവെള്ളം പോലെ സുതാര്യമാവൂ..
(അഹം ബോധം തെളിഞ്ഞ്
ആത്മബോധത്തിന്റെ തെളിനീരായി)
തുറന്ന മനസ്ഥിതി...അഗാധമായ അസമചിത്തത..
ഭാഗമായിത്തീരുക..കാലചക്രങ്ങളെ കണ്ടറിയുക.
വിധിയുടെ കാലചക്രം..പൂര്‍ണത



രാജ്യസ്നേഹി

കുടുംബത്തില്‍ ഐക്യമില്ലെങ്കില്‍
ഭക്തിയും ആരാധനയും പ്രത്യക്ഷപ്പെടും
ഭരിക്കാനാളില്ലാതെ രാജ്യം തകരും
അപ്പോള്‍ യഥാര്‍ഥ രാജ്യസ്നേഹി നേതാവാകും



ലാളിത്യത്തിലേക്ക് മടങ്ങുക

ലാളിത്യത്തിലേക്ക് മടങ്ങുക
വിശുദ്ധമായവ വിട്ടുകളയുക
തന്ത്രങ്ങളുപേക്ഷിക്കുക
വിശുദ്ധി കണ്ടെത്തൂ
ലാളിത്യം വാരിപ്പുണരുക
സ്വന്തം ലക്ഷ്യങ്ങളുപേക്ഷിക്കുക
ആഗ്രഹം കുറക്കുക




കാറ്റു പോലെ നിരന്തരം

ഇനിയും ചിരിച്ചുതുടങ്ങാത്ത കുഞ്ഞിനെപ്പോലെ
എല്ലാബന്ധങ്ങളില്‍ നിന്നകന്ന്
മനസ് ലയിപ്പിക്കാനൊരിടമില്ലാതെ..
കൂട്ട മനസ് എല്ലാം ഉള്‍കൊള്ളുന്നു
എന്നെ ആര്‍ക്കും വേണ്ടാ
ആള്‍ക്കൂട്ടത്തിന് എന്നെ വേണ്ടാ..
എന്നെ അറിയില്ല
തീരെ  തീരെ..
മനുഷ്യന്‍ ബുദ്ധിമാനാണ്
അയാളെ എവിടെയും കാണാം
മിടുക്കനാണ്;ഞാന്‍ പരുക്കനും
തിളക്കമറ്റവനും
സമുദ്രം പോലെ അലക്ഷ്യം
കാറ്റു പോലെ നിരന്തരം...



പ്രകാശിതന്‍

ഉയര്‍ന്ന മനുഷ്യനാവാന്‍ അകത്തേക്ക് പോകൂ
വളഞ്ഞവ നിവരുന്നു
കെട്ടുപിണഞ്ഞവ നേരെയാവുന്നു
ആഴമുള്ളവ നിറയുന്നു
ലോകം ഒന്നിന്റെ വിഭിന്ന രൂപങ്ങള്‍
എപ്പോഴും പ്രകാശിതര്‍
സ്വയം നിര്‍വചിക്കുന്നില്ല
പ്രദര്‍ശിപ്പിക്കുന്നില്ല
പക്ഷേ തിരിച്ചറിയാം
അവകാശമൊന്നുമില്ലെങ്കിലും എല്ലാം ലഭിക്കുന്നു
അഹങ്കരിക്കുന്നില്ല;പക്ഷേ മുന്നേറുന്നു
മല്‍സരരംഗത്തില്ല ;പക്ഷേ ഒന്നാമനാകുന്നു
ലോകത്തിന് അവനോട് മല്‍സരിക്കാനാവുന്നില്ല


ശക്തി സൃഷ്ടിക്കുന്നവന്‍

ചുഴലിക്കാറ്റ് പ്രഭാതത്തിനപ്പുറം നീളില്ല
ഇടിയോടെ മഴ പകല്‍ മുഴുവനും പെയ്യുന്നില്ല
ആകാശത്തിനും ഭൂമിക്കും അവയെ കൂടുതല്‍
നിലനിറുത്താനാവുന്നില്ലെങ്കില്‍ മനുഷ്യനെത്ര..?
ശക്തി സൃഷ്ടിക്കുന്നവന്‍ ശക്തിയായി
പരാജയം സൃഷ്ടിക്കുന്നവന്‍ പരാജയമായ്
വിശ്വാസമില്ലാത്തവന്‍ വിശ്വസിക്കപ്പെടുകയുമില്ല



 ശൂന്യത

അറിവു കുറഞ്ഞവര്‍ അറിവുള്ളവന്റെ ധനമാണ്
അറിവുള്ളവരെ അവഗണിക്കുന്നവര്‍
എത്ര ബുദ്ധിമാനായാലും ഭ്രമിക്കുന്നു
ഇതാണ് ശൂന്യത.



വെളുപ്പിനെ അറിയുക

പുരുഷനെ അറിയുക
സ്ത്രീയോടൊപ്പം നില്‍ക്കുക
എങ്കില്‍ ലോകത്തെ മുഴുവന്‍ കൈക്കുള്ളിലാക്കാം
വെളുപ്പിനെ അറിയുക
കറുപ്പിനെ മുറുകെ പിടിക്കുക
ലോകത്തിന്റെ ഗതിവിഗതികളറിയുക
എങ്കില്‍ ശക്തി ചിതറിപ്പോകുന്നില്ല
മഹത്വം അറിയുക
അജ്ഞാതനായി വര്‍ത്തിക്കുക
ലോകത്തിന്റെ താഴ്വരയാകുക
ഇതാണ് ലാളിത്യത്തിന്റെ തിരിച്ചുപോക്ക്
ലാളിത്യം തകര്‍ന്നാല്‍..
പല ഉപകരണങ്ങള്‍
അതുപയോഗിച്ച് നേതാക്കളാകാം.



സ്വയം  കീഴടക്കിയവര്‍

ചിലര്‍ നയിക്കുന്നു; ചിലര്‍ പിന്തുടരുന്നു
ചിലര്‍ സമരം ചെയ്യുന്നു
ചിലര്‍ചെയ്യുന്നില്ല
ചിലര്‍ മുന്നേറുന്നു;ചിലര്‍ അടിപെടുന്നു
സ്വന്തം ലോകത്ത് ഭരിക്കുവോര്‍ വേണ്ടുവോളമുണ്ട്
സ്വയം ഭരിക്കുന്നവനെ മറ്റൊരാള്‍ക്ക് ഭരിക്കാനാവില്ല

Sunday, May 22, 2011

താവോയുടെ സൂക്തങ്ങള്‍

ബുദ്ധിസവും കണ്‍ഫ്യൂഷനിസവും വേരുറുപ്പിച്ച ചൈനീസ് മണ്ണില്‍ 
തീപാകിയതാണ് താവോ ദര്‍ശനം.താവേ തേ ചിങ് എന്ന 
താവോ സൂക്തങ്ങളാണ് അടിസ്ഥാന ഗ്രന്ഥം.താവോ എന്ന പദത്തിന് അര്‍ഥം വഴി.തേ എന്നതിന് ശക്തി എന്നര്‍ഥം.
ചിങ് എന്നാല്‍ ക്ലാസിക്.എന്നര്‍ഥം.  വഴിയുടെ മഹത്വം വിവരിക്കുന്ന പുസ്തകംഎന്നര്‍ഥം. ലാവോത്സുവാണ് താവോ മത സ്ഥാപകന്‍.അദ്ദേഹം എഴുതിയതാണ് താവേ തേ ചിങ്. 'നിഷ്ക്രിയനായി കര്‍മനിരതനായിരിക്കുക' എന്ന ചിന്താധാരയാണ് 
പുസ്തകത്തിലുടനീളം പരാമര്‍ശിക്കുന്നത്.സ്നേഹം മാനവികത,ലാളിത്യം എന്നീ അടിസ്ഥാനപ്രമാണങ്ങളിലൂന്നിയാണ് ദര്‍ശനം .

കൃതിയിലെ ഏതാനും വരികളിലേക്ക്.....



വഴി

നടക്കാന്‍ പറ്റുന്ന വഴി
ശരിയായ വഴിയല്ല
ഇടാന്‍ പറ്റിയ പേര്  ശരിയായ പേരല്ല
പേരില്ലാത്തതാണ് എല്ലാ പേരിനും ആധാരം.
പേരില്ലാത്തതിനാലാണ് എല്ലാറ്റിനും പേര് കിട്ടിയത്.
അതിനാല്‍ ആഗ്രഹങ്ങളില്ലാതെ നിലനില്‍ക്കുക.
നിലനില്‍പ്പിന്റെ അദ്ഭുതങ്ങള്‍ അറിയുക.
ആഗ്രഹം അതുമാത്രമാകട്ടെ.
രണ്ടിനും ഉല്‍പ്പത്തി ഒന്ന്.
ഇതുതന്നെ എല്ലാ അദ്ഭുതങ്ങള്‍ക്കും വാതായനം.
 


ഉയരം തന്നെ താഴ്ച
സകലരും അഴകിനെ അഴകെന്ന് ഉരയ്ക്കുമ്പോള്‍
അഴുക്കുവന്നുകഴിഞ്ഞു.
സകലരും നല്ലതിനെ
നല്ലതെന്ന് കരുതുമ്പോള്‍
നല്ലതല്ലാത്തതെല്ലാം നിരന്ന് കഴിഞ്ഞു.
ഉണ്‍മയും ഇല്ലായ്മയും
പരസ്പരം ഗര്‍ഭം ധരിക്കുന്നു
പ്രയാസമേറിയത് എളുപ്പവുമായി ഇണചേരുന്നു.
നീണ്ടത് തന്നെ  കുറയത്.
ഉയരം തന്നെ താഴ്ച
അതിനാല്‍ ഉയര്‍ന്ന മനുഷ്യന്‍ (ആത്മാവിന്റെ അസ്ഥിത്വം അനുഭവിച്ച ആള്‍)
വിശ്രമിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നു.
പ്രവൃത്തിയിലൂടെ വിശ്രമിക്കുന്നു.
 

അറിയേണ്ടതു മാത്രം അറിയുക

പ്രതിഭാശാലികളെ പുകഴ്ത്തരുത്.
അപ്പോള്‍ മല്‍സരം ഒഴിവാകും.
അപൂര്‍വ വസ്തുക്കള്‍ക്ക് വില കല്‍പിക്കരുത്
അങ്ങനെ വന്നാല്‍ ചൂതാട്ടം ഒഴിവാകും.
മോഷ്ടാക്കള്‍ ഇല്ലാതാകും
കൌതുക വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കരുത്
എങ്കില്‍ മനുഷ്യരുടെ മനസമാധാനം നിലനില്‍ക്കും
അതിനാല്‍ ഉയര്‍ന്ന മനുഷ്യന്‍
ഹൃദയത്തില്‍ നിന്ന് ആഗ്രഹങ്ങള്‍ ഇല്ലാതാക്കുന്നു.
അയാള്‍ മറ്റുള്ളവരെ ആഗ്രഹമില്ലാത്തവനും അറിവില്ലാത്തവനും
ആക്കിത്തീര്‍ക്കുന്നു.
അറിയേണ്ടതു മാത്രം അറിയുന്നവന്‍ ലോകം ഭരിക്കുന്നു.
 

ഒന്നാമന്‍

ഉയര്‍ന്ന മനുഷ്യന്‍ ഉള്‍വലിയുന്നു
സ്വയം പിന്‍നിരയിലേക്ക് മടക്കം
പക്ഷേ ഏപ്പോഴും മുന്‍നിരയില്‍
ആഗ്രഹങ്ങളില്ലാതെ.....
എല്ലാ ആഗ്രഹങ്ങളും അങ്ങനെ സഫലമാകുന്നു.
മനുഷ്യന്‍ ഒരു മല്‍സരത്തിലും പങ്കെടുക്കേണ്ടതില്ല
അതിനാല്‍ അയാള്‍ എപ്പോഴും ഒന്നാമനാകുന്നു.


ജലമൊഴുകും വഴി

താവോയെന്നാല്‍ ജലമൊഴുകും വഴി
എല്ലാ ജീവജാലങ്ങള്‍ക്കും ആശ്വാസമരുള്ളുന്നതോടൊപ്പം
മറ്റുള്ളവര്‍ വെറുക്കുന്ന താണസ്ഥലങ്ങളാണാവാസം
അതിനാല്‍ ജലം താവോയുമായി അടുക്കുന്നു
അഞ്ചു നിറങ്ങള്‍ കാഴ്ചയുള്ളവനെ അന്ധനാക്കുന്നു
പഞ്ചസ്വരങ്ങള്‍ കേള്‍വിമുട്ടിക്കും
അഞ്ചു രുചി രുചിയില്ലാതാക്കും
കിട്ടാന്‍ പ്രയാസമായവ വഴിയിലെ തടസ്സങ്ങള്‍
അതിനാല്‍ കേന്ദ്രത്തെ കേന്ദ്രമാക്കുന്നു
അപ്പോള്‍ കിട്ടേണ്ടത് കിട്ടുന്നു
കിട്ടാതിരിക്കുന്നത് കിട്ടുന്നുമില്ല
 

ഒറ്റക്കെയടി ശബ്ദം

കേന്ദ്രം- ഇന്ദ്രിയപരമല്ലാത്ത ആത്മാവിന്റെ സ്വരം- മൌനം
മൌനംത്തിന്റെ ഒറ്റക്കെയടി ശബ്ദം ആസ്വദിക്കുക
കുറച്ചുമാത്രം കാണുക; അല്‍പം മാത്രം കേള്‍ക്കുക; കൂടുതല്‍ അനുഭവിക്കുക
ആനന്ദാനുഭൂതിയാണ് ആത്മാനുഭവം.

Friday, May 20, 2011



ചൈനയില്‍ നിന്നുല്‍ഭവിച്ച് ലാവോത്സെ^ കണ്‍ഫ്യൂഷ്യന്‍ ചിന്താ 
ധാരകളില്‍ വളര്‍ന്ന് പന്തലിച്ച  താവോയുടെ വഴികളില്‍നിന്ന്...