![]() |
സമര വേദി |
ഉയിര്‍തേടും ഊരിലൂടെ
രാമന്‍െറ പാദസ്പര്‍ശമേറ്റപ്പോള്‍ ഇരുട്ടുമാറി വെളിച്ചമത്തെിയ നാടാണ് ഇടിന്തകരൈ എന്ന തമിഴ്നാട്ടിലെ തീരദേശ ഗ്രാമമെന്ന് പഴമക്കാര്‍ പറയുന്നു.വിടിന്ത കരൈ എന്നായിരുന്നത്രേ പേര്.മതപ്രചാരണത്തിന് സെന്‍റ് സേവിയര്‍ ഗ്രാമത്തിലത്തെിയപ്പോഴാണ് വെളിച്ചമത്തെിയതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.ഇരുട്ടുബാധിച്ച ജനതയെ പ്രകാശത്തിലേക്ക് നയിച്ച ഒരു ശക്തി എന്നും കൂടെയുണ്ടെന്ന് ആ മുക്കുവ ഗ്രാമം വിശ്വസിക്കുന്നു.കടലില്‍ പോവുമ്പോള്‍ അവര്‍ക്ക് തുണയായി എന്നും കൂടെയുള്ള ശക്തി.ഉപജീവന മാര്‍ഗമായ മീന്‍ പിടിത്തം ആണവ പ്ളാന്‍റ് വരുമ്പോള്‍ നഷ്ടമാകുമ്പോള്‍ സ്വന്തം ജീവിതം കൂടെ അതില്‍പ്പെടാതിരിക്കാന്‍ പൊരുതുന്ന ജനത, അവര്‍ക്കൊപ്പം പൊരുതുന്ന നേതാവിനെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്ന ശക്തിയായി കാണുന്നെങ്കില്‍ അല്‍ഭുതപ്പെടാനില്ല. ഇടിന്തകരൈ ഗ്രാമത്തില്‍ കൂടങ്കുളം സമരനേതാവ് ഡോ. ഉദയകുമാര്‍ തദ്ദേശീയര്‍ക്ക് അങ്ങിനെയാണ്.‘ഉയിര്‍ കാക്കും കടവുള്‍’..‘‘അദ്ദേഹത്തെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല.ഞങ്ങളുടെ നെഞ്ചത്ത് വെടിവെച്ചിട്ടേ അദ്ദേഹത്തെ തൊടൂ- മെല്‍റെഡ് എന്ന വീട്ടമ്മ ഉയിര് വിറക്കുന്ന സ്വരത്തില്‍ പറയുമ്പോള്‍ നമുക്കത് മനസിലാകും.
‘‘എന്തിനാണ് സാര്‍ ഇടിന്തകരൈ പോകുന്നത്.കൂടങ്കുളം വരെ പോണമെന്ന് പറഞ്ഞാണല്ളോ സാര്‍ വിളിച്ചത്.പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല’’.ഇടിന്തകരൈയിലേക്കാണ് കാറുപോകേണ്ടതെന്ന് പറഞ്ഞപ്പോള്‍ പേടിയോടെ ഡ്രൈവറുടെ പ്രതികരണം.ഞങ്ങള്‍ സമ്മതിച്ചില്ല.‘പോകുന്നതുവരെ കാറ് പോട്ടെ’ ഞങ്ങള്‍ പറഞ്ഞു.കൂടെ അഞ്ചുപേരുണ്ട്,കോലഴി വായനശാലയിലെ സുഹൃത്തുക്കള്‍.കൂടംകുളമെന്ന് പറഞ്ഞാണ് കാറ് വിളിച്ചത്.കൂടങ്കുളത്തുനിന്ന് ഇടിന്തകരൈയിലേക്ക് ആറ് കിലോമീറ്റര്‍. തിരുനെല്‍വേലി മുപ്പന്തല്‍ കാറ്റാടിപ്പാടമാണ്.നിരപ്പായ ഭൂമിയില്‍ കൂറ്റര്‍ കാറ്റാടികള്‍.ഭൂമി ഇനിയും ബാക്കിയുണ്ട്.അവിടെ വില്‍പനക്ക് തയ്യാറെന്ന് എഴുതിവെച്ചിരിക്കുന്നു. കൂടംകുളം നിലയത്തിലെ ഇപ്പോഴത്തെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഈ കാറ്റാടിപ്പാടം ആണത്രേ. കൂടംകുളം ടൗണ്‍ഷിപ്പിലെക്കുള്ള വൈദ്യുതിയും ഇവിടെ നിന്ന് തന്നെ.
ഇടിന്തകരൈയിലേക്കുള്ള വഴിചോദിച്ച് കാറ്റാടിപ്പാടത്ത് പലതവണ വണ്ടി നിന്നു.ആര്‍ക്കും ഒരു നിശ്ചയവുമില്ല..ഇടിന്തകരൈയെന്നാല്‍ പ്രശ്നമുള്ള പ്രദേശമാണെന്ന് മാത്രം അറിയാം. പട്ടാളക്കാര്‍ റോന്തുചുറ്റുന്നുണ്ടെന്നും.അവര്‍ ആകാംക്ഷയോടെ ചോദിച്ചു-‘പത്രികൈയില്‍ നിന്നാണോ’...
ഇടിന്തകരൈയിലേക്കുള്ള തിരിവില്‍ പൊലീസ് ബാരിക്കേഡ്.ചോദ്യം വന്നപ്പോള്‍ മനസില്‍വെച്ച ഉത്തരം‘‘വിജയപതി ചര്‍ച്ച്’’.വണ്ടി വീണ്ടും ചലിച്ചു.ഇടിന്തകരൈ ശാന്തമായിരുന്നു.പൊലീസ് പരിശോധന മറ്റുദിവസങ്ങളെ അപേക്ഷിച്ച് കുറവ്.വണ്ടി ഇടിന്തകരൈ ലൂര്‍ദ് ചര്‍ച്ചിന് മുമ്പില്‍ നിന്നു.ആ ചെറിയ നടവഴി ചെന്ന് കയറിയത് പള്ളി മുറ്റത്തേക്ക്. ഓല മേഞ്ഞ വിശാലമായ മുറ്റം. അതിനൊരു വശത്ത് ലൂര്‍ദ് മാതാ പള്ളി.
സമര രക്തസാക്ഷിപ്പട്ടികയിലെ ആന്‍റണി ജോണും സഹായവും
പത്തുമണിയാവുന്നതേയുള്ളൂ.ലൂര്‍ദ് ചര്‍ച്ചിലെ സമരവേദിയില്‍ പൊലീസ്
വെടിവെപ്പില്‍ മരിച്ച ആന്‍റണി ജോണിന്‍െറയും ഹെലികോപ്റ്ററിടിച്ച് മരിച്ച
സഹായത്തിന്‍െറയും ആന്‍റണി ജോണിന്‍െറയും ഫോട്ടോ.സ്ത്രീകളും കുട്ടികളും
അടങ്ങുന്ന ഒരു വലിയ കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം
ആഗസ്റ്റ് 15 ന് നിരാഹാര സത്യാഗ്രഹം തുടങ്ങിയതാണ്.മെല്‍റെഡ് എന്ന
സമരത്തിന്‍െറ മുന്നണിപ്പോരാളിയായ വീട്ടമ്മ ഞങ്ങളെ
സ്വീകരിച്ചു.സന്ദര്‍ശകരുടെ രജിസ്റ്ററില്‍ പേരെഴുതിച്ചു.അല്‍പനേരം അവിടെ
ചെലവഴിച്ചപ്പോള്‍ സെപ്തംബര്‍ പത്തിന് പെലീസിന് കീഴടങ്ങാതെ
യന്ത്രബോട്ടില്‍ കടലിലേക്ക് പാഞ്ഞുപോയ ഉദയകുമാറിനെപ്പറ്റി
ചോദിച്ചു.‘ആളുണ്ട്.കുറച്ചുകഴിഞ്ഞ് കാണാം.’-പതിഞ്ഞ സ്വരത്തില്‍ മെല്‍റെഡ്
പറഞ്ഞു.
മണ്‍വീടുകള്‍ അടുക്കിവെച്ച തെരുവ്. .പുറത്ത് നിരത്തിവെച്ചിരിക്കുന്ന വര്‍ണാഭമായ പ്ളാസ്റ്റിക് കുടങ്ങള്‍.കൂടങ്കുളം അണുനിലയത്തിന് സമീപത്തേക്ക് നടന്നപ്പോള്‍ പിന്നിട്ട ഇടിന്തകരൈയിലെ തെരുവുകാഴ്ചയാണിത്.കുടങ്ങള്‍ കാത്തിരിക്കുന്നത് കന്യാകുമാരിയില്‍ നിന്നുള്ള വെള്ളം കൊണ്ടുവരുന്ന ലോറിയെയാണ്.ഒരു കുടത്തിന് 2.50 രൂപ .ഇവിടെത്തെ വെള്ളം ഉപയോഗിക്കാനാവില്ല.രണ്ട് ദശാബ്ദം മുമ്പ് ഉപയോഗിക്കാറുണ്ടായിരുന്നത്രേ. കൂടംകുളം നിലയത്തിന്‍്റെ മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷം പേര്‍ താമസിക്കുന്നു.വീടുകള്‍ക്ക് പുറത്ത് സമരസമിതി ആഹ്വാനപ്രകാരം കറുത്ത കൊടി കെട്ടിയിരിക്കുന്നു. കൂലിപ്പണി ചെയ്തും മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടുമാണ് ഗ്രാമത്തിലെ ഭൂരിഭാഗം പേരും ജീവിക്കാനുള്ള വക കണ്ടത്തെുന്നത്.ഗൃഹനാഥന്മാര്‍ പലരും ചീട്ടുകളിച്ചിരിപ്പുണ്ട്.വൈദ്യുതിയുണ്ടെങ്കിലും കാര്യമില്ല.ദിവസം 14-16 മണിക്കൂറിലധികം കറന്‍റ് കട്ടാണ്.ഇവിടെ.കൂടങ്കുളം ആണവനിലയത്തിനുവേണ്ടി ‘സ്പോണ്‍സര്‍ ’ ചെയ്ത കരണ്ട് കട്ട്.കടലിരമ്പം കേള്‍ക്കാം.വരിവരിയായി നിറുത്തിയിട്ട വള്ളങ്ങള്‍, വഞ്ചികള്‍.തീരത്തുനിന്ന് കടലിലേക്ക് നിരത്തിയിട്ട കരിങ്കല്‍ക്കൂട്ടത്തില്‍ പാറിക്കളിക്കുന്ന കറുത്ത കൊടി.ഇവിടെ നിന്നാണ് ഉദയകുമാര്‍ അറസ്റ്റ് വരിക്കാതെ സെപ്തംബര്‍ പത്തിന് കടലിലേക്ക് ചെറുബോട്ടില്‍ പാഞ്ഞ് പോയത്.
അധികം അകലെയല്ലാതെ കൂടങ്കുളം പ്ളാന്‍റ്.ചൊരിമണലില്‍ ചിതറിത്തെറിച്ച ചെരിപ്പുകള്‍.സെപ്തംബര്‍ പത്തിലെ പൊലീസ് അഴിഞ്ഞാട്ടത്തിന്‍െറ ബാക്കിപത്രമാണത്.ഞങ്ങളോടൊപ്പം വന്ന മെല്‍റെഡും തമിഴരശിയും അതില്‍ തങ്ങളുടെ ചെരിപ്പ് തേടുകയാണ്.മണലില്‍ പൂഴ്ന്നിറങ്ങിയ ചെരിപ്പുകള്‍.അതില്‍ കുഞ്ഞുകുട്ടികളുടെതുമുണ്ട്.മണലില്‍ നിന്ന് തമിഴരരശിക്ക് എന്തോ കിട്ടി.തന്‍െറ കൊച്ചുകുട്ടിക്ക് പാല് കൊടുത്തുകൊണ്ടിരുന്ന ചെറുപാത്രം.അന്ന് പൊലീസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ നഷ്ടപ്പെട്ടതാണ്.അകലെ ചെറു ചതുപ്പില്‍ പൂണ്ട കൊച്ചുകുട്ടിയുടെ പൊട്ടിത്തകര്‍ന്ന കസേര..സ്ത്രീകള്‍ തമ്പടിച്ച കഞ്ഞിവെച്ച സ്ഥത്ത് ചിതറിക്കിടക്കുന്ന പാത്രങ്ങള്‍.‘‘ദുഷ്ടന്മാര്‍ ,കുഞ്ഞുമക്കളെപോലും അവര്‍ അന്ന് വെറുതെവിട്ടില്ല’’ തമിഴരരശിക്ക് ദേഷ്യം വാക്കുകളായി .എട്ട് മക്കളാണ് തമിഴരശിക്ക്.സുനാമികോളനിയില്‍ താമസം.പോരാട്ട വീര്യം ഇനിയും വിട്ടിട്ടില്ല.സമരത്തിന്‍െറ മുന്നണിയില്‍ തന്നെയുണ്ട്.സെപ്തംബര്‍ പത്തിന്‍െറ ഭീതിപ്പെടുത്തുന്ന ഓര്‍മകളില്‍ നിന്ന് ഇനിയും ഇവര്‍ വിട്ടുപോയീട്ടില്ല.
സെപ്തംബര്‍ ഒന്‍പതിനായിരുന്നു പ്ളാന്‍റ് ഉപരോധിച്ചത്.രാത്രി അവിടെ പ്ളാന്‍റിന് അഞ്ഞൂറ് മീറ്റര്‍ അകലെയായി കഞ്ഞിവെച്ച് പിഞ്ചുകുട്ടികളൊടൊത്ത് ഉറങ്ങി .അയ്യായിരത്തോളം പേര്‍.പിന്നേന്ന് പതിനൊന്ന് മണിയോടെയാണ് പൊലീസ് മര്‍ദനം അഴിച്ചുവിട്ടത്. ടിയര്‍ഗ്യാസുകള്‍ വര്‍ഷിച്ചു.ഗ്രാമീണരുടെ മുഖവും പുറവും പൊട്ടിപ്പൊളിഞ്ഞു.അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്ന് ആശുപത്രിയില്‍ പോയി ചികിത്സതേടാന്‍ പോലും പുറത്തേക്കിറങ്ങിയില്ല.കുഞ്ഞുങ്ങളേയുമെടുത്ത് അവര്‍ ഓടി.വീട്ടിലുമത്തെി അവര്‍.ഇടിന്തകരൈയിലെ സമരപ്പന്തലിനോട് ചേര്‍ന്ന് ലൂര്‍ദ് മാതാ പള്ളിയിലെ തിരുരൂപം തകര്‍ത്തു.പള്ളിയില്‍ കയറി.സ്ത്രീകളുടെ പിന്നാലെ പോയി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്.16 വയസുള്ള ബാലന്മാരും 65 വയസുള്ള വൃദ്ധരുമുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.ശേഷം സമരപ്പന്തലിലാണ് കിടന്നുറങ്ങാറ്.അവര്‍ മാത്രമല്ല.ഗ്രാമം മുഴുവനും.ഗ്രാമത്തിലെ കണ്ടാലറിയാവുന്ന ഒന്നര ലക്ഷത്തിലധികം പേര്‍ക്കെതിരായി 350 ലേറെ കേസുണ്ട്.ഒരാള്‍ക്ക് തന്നെ രണ്ടിലധികം കേസുകള്‍.52 പേര്‍ ഇപ്പോഴും ജയിലിലാണ്.
അണുനിലത്തിന് സമീപത്തെ വാച്ച് ടവറില്‍ നിന്നുള്ള വെളിച്ചം ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു.സുരക്ഷാ സേനക്ക് തൊട്ടടുത്ത് വരെ ഞങ്ങളത്തെി.തോക്കുധാരികളായ നീലപടച്ചട്ടയണിഞ്ഞധ്രുതകര്‍മസേനക്കാര്‍ ഞങ്ങള്‍ മടങ്ങുമ്പോള്‍ ഞങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് പരിശോധന നടത്തുന്നുണ്ടായിരുന്നു.
സെപ്തംബര്‍ ഒന്‍പതിനായിരുന്നു പ്ളാന്‍റ് ഉപരോധിച്ചത്.രാത്രി അവിടെ പ്ളാന്‍റിന് അഞ്ഞൂറ് മീറ്റര്‍ അകലെയായി കഞ്ഞിവെച്ച് പിഞ്ചുകുട്ടികളൊടൊത്ത് ഉറങ്ങി .അയ്യായിരത്തോളം പേര്‍.പിന്നേന്ന് പതിനൊന്ന് മണിയോടെയാണ് പൊലീസ് മര്‍ദനം അഴിച്ചുവിട്ടത്. ടിയര്‍ഗ്യാസുകള്‍ വര്‍ഷിച്ചു.ഗ്രാമീണരുടെ മുഖവും പുറവും പൊട്ടിപ്പൊളിഞ്ഞു.അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്ന് ആശുപത്രിയില്‍ പോയി ചികിത്സതേടാന്‍ പോലും പുറത്തേക്കിറങ്ങിയില്ല.കുഞ്ഞുങ്ങളേയുമെടുത്ത് അവര്‍ ഓടി.വീട്ടിലുമത്തെി അവര്‍.ഇടിന്തകരൈയിലെ സമരപ്പന്തലിനോട് ചേര്‍ന്ന് ലൂര്‍ദ് മാതാ പള്ളിയിലെ തിരുരൂപം തകര്‍ത്തു.പള്ളിയില്‍ കയറി.സ്ത്രീകളുടെ പിന്നാലെ പോയി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്.16 വയസുള്ള ബാലന്മാരും 65 വയസുള്ള വൃദ്ധരുമുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.ശേഷം സമരപ്പന്തലിലാണ് കിടന്നുറങ്ങാറ്.അവര്‍ മാത്രമല്ല.ഗ്രാമം മുഴുവനും.ഗ്രാമത്തിലെ കണ്ടാലറിയാവുന്ന ഒന്നര ലക്ഷത്തിലധികം പേര്‍ക്കെതിരായി 350 ലേറെ കേസുണ്ട്.ഒരാള്‍ക്ക് തന്നെ രണ്ടിലധികം കേസുകള്‍.52 പേര്‍ ഇപ്പോഴും ജയിലിലാണ്.
അണുനിലത്തിന് സമീപത്തെ വാച്ച് ടവറില്‍ നിന്നുള്ള വെളിച്ചം ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു.സുരക്ഷാ സേനക്ക് തൊട്ടടുത്ത് വരെ ഞങ്ങളത്തെി.തോക്കുധാരികളായ നീലപടച്ചട്ടയണിഞ്ഞധ്രുതകര്‍മസേനക്കാര്‍ ഞങ്ങള്‍ മടങ്ങുമ്പോള്‍ ഞങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് പരിശോധന നടത്തുന്നുണ്ടായിരുന്നു.
മെല്‍റെഡിനോടൊപ്പം |
‘അതിന് ഞങ്ങളെ കൊന്ന് കുഴിച്ചുമൂടണമാ’-ഈ പറഞ്ഞത് മെല്‍റെഡല്ലാ..തൊട്ടടുത്ത് നിന്ന കെല്‍പിന്‍ എന്ന പത്തുവയസുകാരന്‍ കൂട്ടിച്ചേര്‍ത്തു.ഇവിടെത്തെ ഓരോ കുട്ടിക്കും അണുനിലയത്തിന്‍െറ ദുരിത മുഖമറിയാം.‘ഇവരോരോരുത്തരും ഉദയകുമാറാണ്’ മെല്‍റെഡ് പറഞ്ഞു.മെല്‍റെഡ് സമരത്തിന്‍െറ മുന്നണിപ്പോരാളികളിരൊളാണ്.15ാം വയസില്‍ സമരത്തില്‍ അണിചേര്‍ന്നതാണ് .98ല്‍.മാതാവ് സുരണത്തോടൊപ്പം അണുനിലയം വരുന്നതിനെതിരെ കന്യാകുമാരിയില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജില്‍ കൈമുട്ടിന്‍െറ എല്ല് പൊട്ടി.സ്ഥലത്ത് ബോധം കെട്ടുവീണുപോയി.മൂന്ന് മാസം ആശുപത്രിയിലായിരുന്നു.തുടര്‍ന്ന് വിവാഹശേഷവും പേരാട്ടം നിറുത്തിയില്ല.ഇപ്പോഴും ഉദയകുമാറിന്‍െറ സംഘത്തിന്‍െറ അവിഭാജ്യ ഘടകമായി അവരുണ്ട്. ‘‘അണു ഉലൈ മൂടി വിട് ” എന്ന് അവര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അവര്‍ ഞങ്ങളുടെ സംഘത്തില്‍ പങ്കുകൊണ്ടു.
![]() |
തമിഴരശിയുടെ വീട്ടില്‍ |
വീടിനടുത്തത്തെിയപ്പോള്‍ തമിഴരശിയുടെ വീട്ടില്‍ കയറി ചായ കുടിക്കാന്‍ ക്ഷണം .നിരസിച്ചാല്‍ അവര്‍ക്ക് വിഷമമാകുമെന്ന് തോന്നി.അവര്‍ അകത്തുകയറി നിലത്ത് പായവിരിച്ചു.ഏലക്ക രുചിയുള്ള ചായ പെട്ടന്ന് തയ്യാറായി.വീട് നിറഞ്ഞ് കുട്ടിപ്പട്ടാളമുണ്ട്.പലഹാരം നല്‍കിയതിന് പിന്നാലെ തേളി മീന്‍ കൂട്ടി ഉച്ചയൂണ് കഴിച്ച് പോയാ മതിയെന്ന് അവര്‍.വേണ്ടെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഏറെ ബുദ്ധിമുട്ടി.
സുനാമി നഗറില്‍ നിന്നുള്ള ഇന്‍ക്വിലാബ് സംഘത്തോടൊപ്പം സമരപ്പന്തലിലേക്ക്.. ‘‘കേരളത്തില്‍ നിന്നത്തെിയ സംഘത്തിന് അഭിവാദ്യങ്ങള്‍’’-സമരപ്പന്തലിലെ മൈക്കില്‍ നിന്നുംഅനൗണ്‍സ്മെന്‍റ്.പള്ളിയിലെ വിശാലമായ വേദിയില്‍ എഴുന്നേറ്റ് നിന്ന് നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന ആതിഥേയന്‍. എസ്.പി ഉദയകുമാര്‍.കൈതന്ന് സ്വീകരണം.പരിചയപ്പെടല്‍.മലയാളത്തില്‍ തന്നെ.പിടികൊടുക്കാതിരിക്കാന്‍ നിയമത്തിന്‍െറ സാധ്യതകളുടെ അവസാനം വരെ തേടിയ ശേഷമേ പിടികൊടുക്കൂവെന്നാണ് തീരുമാനം.രാജ്യത്തിനെതിരെ കലാപമുണ്ടാക്കിയെന്ന അര ഡസനോളം കേസുകളാണ് ഡോ.ഉദയകുമാറിനെതിരെയുള്ളത്.
കേരളത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിച്ച അനുഭവം പറഞ്ഞു.സമരം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍.ജനങ്ങളുടെ ദുരിതം....ഇതിനിടെ നാട്ടുകാരുടെ ഇടയിലത്തെി വിശേഷം പങ്കുവെക്കുന്നു.നാട്ടുകാരില്‍ ഓരോരുത്തരേയും പേരെടുത്തുപറഞ്ഞറിയാം ഉദയകുമാറിന്.പത്തുവര്‍ഷത്തിലേറെയായി ഇടിന്തകരൈയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്‍െറ ഫലം.ഉദയകുമാര്‍ നാട്ടുകാര്‍ക്ക് സ്വന്തം കൂടെപ്പിറപ്പാണ് .തനി തങ്കത്തമിഴില്‍ പേശല്‍.രണ്ട് ദശാബ്ദക്കാലത്തോളം ഇന്ത്യക്ക് പുറത്ത് ജോലിചെയ്ത ‘പരിഷ്കാരങ്ങളൊന്നും’ ഭാഷയില്‍ ലവലേശമില്ല.സമരത്തിന്‍െറ നട്ടെല്ലാണിന്ന് ഉദയകുമാര്‍ .അതുകൊണ്ടുതന്നെയാണ് രാജദ്രോഹകുറ്റത്തില്‍ ‘ഒളിവിലായ’ പ്രതി പൊലീസില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാവാത്തതും.സമരം ഇനിയും ശക്തമായി തുടരണം.ഇന്നത്തെ സാഹചര്യത്തില്‍ ഞാന്‍ കൂടിയേതീരൂ-അദ്ദേഹം പറയുന്നു.സംഭാഷണത്തിനിടെ ഞങ്ങള്‍ക്ക് ഉച്ചഭക്ഷണമായോ എന്ന് ഇടക്കിടെ സഹായികളോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു.അടുത്തുനിന്നുള്ള ഗ്രാമങ്ങളില്‍ നിന്നുമത്തെുന്ന വിഭവങ്ങള്‍ കൊണ്ട് കമ്യൂണിറ്റി കിച്ചണൊരുക്കുകയാണ് ദിവസവും സമരക്കാര്‍.‘‘നിങ്ങളെങ്ങനെയാണ് വന്നത്’ -ചോദ്യം.അകത്തുകടക്കാനുള്ള പേടിയോടെ പുറത്തുനില്‍ക്കുന്ന കാര്‍ഡ്രൈവറെക്കുറിച്ചു പറഞ്ഞു.അയാള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ.നമ്പര്‍ തരൂ-ഉദയകുമാര്‍‘‘ഭക്ഷണം കഴിക്കാന്‍ വരൂ,പേടിക്കണ്ട ഇവിടെ തയ്യാറാക്കിയീട്ടുണ്ട്’’-ആ നമ്പറില്‍ ഉദയകുമാര്‍ വിളിച്ച് പറഞ്ഞു.എന്നാല്‍ ഡ്രൈവര്‍ വരാന്‍ കൂട്ടാക്കിയില്ല.സമരപന്തലിലെ ജനങ്ങള്‍ പാരിഷ് കോമ്പൗണ്ടില്‍ തയ്യാറാക്കിയ ഭക്ഷണം കഴിക്കാനത്തെിക്കൊണ്ടിരുന്നു.ഒഴിയാത്ത തിരക്കുണ്ടെങ്കിലും ആ ഒറ്റമുണ്ടെടുത്ത 53 കാരന്‍ ഓടിനടക്കുന്നു.ഗ്രാമീണരോട് കുശലം ചോദിക്കുന്നു.വിട്ടൊഴിയാത്ത ശാന്തതയോടെ.പൊലീസ് ഇനിയും അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന പിടികിട്ടാപ്പുള്ളി.ഞങ്ങള്‍ തിരിച്ചുവരുന്നതിനിടയിലും ഈ മനുഷ്യനെക്കുറിച്ചായിരുന്നു ചിന്ത.ലക്ഷങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് അവര്‍ക്ക് കാവലിരിക്കുന്ന ആ ആതിഥേയനെപ്പറ്റി.
പി.പി.പ്രശാന്ത്
ചിത്രങ്ങള്‍ : ആനന്ദ്
വാരാദ്യ മാധ്യമം 21.10.2012
No comments:
Post a Comment