Monday, October 22, 2012ആ വാക്കുകള്‍ പ്രകോപിപ്പിച്ചേക്കാം,

 ഞാന്‍ ന്യായീകരിക്കുന്നു

‘ഓരോ ദിവസവും രണ്ട് ദലിത് സ്ത്രീകള്‍ മാനഭംഗത്തിരയാവുന്നുണ്ട്; മൂന്ന് പേര്‍ കൊല്ലപ്പെടുന്നുണ്ട’് .ഈ കണക്കുകള്‍ക്ക് പിന്നിലെ ജീവിതം 14 വര്‍ഷമെടുത്ത് ആനന്ദ്പട്വര്‍ധന്‍ ‘ജയ് ഭീം കോമ്രേഡ്’ എന്ന മൂന്ന് മണിക്കൂര്‍ ഇരുപത് മിനുട്ട് ഡോക്യുമെന്‍ററിയിലൂടെ കാമറയില്‍ പകര്‍ത്തിയപ്പോള്‍ ഞെട്ടിയത് ഇന്ത്യന്‍ സമൂഹമാണ്.മുംബൈയിലെ രമാഭായി നഗര്‍ കോളനി  1997 ജൂലൈ 11. പൊലീസുകാരാല്‍ കൊല്ലപ്പെട്ട 10 ദലിതര്‍.അംബേദ്കറുടെ പ്രതിമയില്‍ ചെരിപ്പ് മാലയിട്ടതില്‍ പ്രതിഷേധിക്കാനത്തെിയതായിരുന്നു അവര്‍.സവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം.സംഭവം കഴിഞ്ഞ്  അഞ്ചാം നാളായിരുന്നു ദലിത് ഗായകന്‍ വിലാസ് ഗോഗ്രേ വിഷമം താങ്ങാനാകാതെ തൂങ്ങിമരിച്ചത്.തന്‍െറ സമൂഹത്തിന് വേണ്ടി ഗോഗ്രേ കുറിച്ചുവച്ച അവസാന വാക്കുകള്‍ തേടി കാമറ യാത്ര തുടങ്ങി.‘
‘‘ഗോഗ്രെ മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.1985 ലെ ‘ബോംബെ അവര്‍ സിറ്റി’എന്ന ഡോക്യുമെന്‍ററിയില്‍ ദലിതന്‍െറ അവസ്ഥ വിവരിക്കാന്‍ ഉപയോഗിച്ചത് ഗോഗ്രെയുടെ പാട്ടുകളായിരുന്നു.ദലിതന്‍െറ അമര്‍ഷം വിവരിക്കുന്ന അതി ശക്തമായ പാട്ടുകളായിരുന്നു അത്.ഗോഗ്രെയുമായി കൂടുതല്‍ അടുക്കാനാവാഞ്ഞതില്‍ ദു:ഖമുണ്ട്.’’-തൃശൂരില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രോത്സവത്തിലത്തെിയ പട്വര്‍ധന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
പട്വര്‍ധന്‍െറ കാമറ ചലിക്കുകയാണ്,തുടര്‍സംഭവങ്ങളിലൂടെ ദലിതന്‍െറ പാട്ടിലെ വിപ്ളവം തേടിയ യാത്രയില്‍ തുടക്കം.ജാതിവ്യവസ്ഥയെ തിരസ്കരിച്ച അംബേദ്കറിന്‍െറ അഹ്വാനം മാറ്റിമറിച്ച ദലിത ജീവിതത്തെക്കുറിച്ച്,അംബേദ്കറൈറ്റ്സ്,ബുദ്ധിസ്റ്റ്സുകളായ ദലിത് ജനതയുടെ നിലനില്‍പ്പിനെപ്പറ്റി,ശിവസേന-ഹിന്ദുത്വ വാദികളുടെ അവഗണന ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പാവപ്പെട്ടവരെപ്പറ്റി ഡോക്യുമെന്‍റി വിവരിക്കുന്നു.90കളുടെ അവസാനത്തിലെ രമാഭായി നഗര്‍ കോളനിയിലെ വെടിവെപ്പില്‍ തുടങ്ങി 2010 ല്‍ മാവോയിസ്റ്റുകളായി മുദ്രകുത്തപ്പെട്ട  കബീര്‍ കലാ മഞ്ചിലെ ശീതള്‍ അടങ്ങുന്ന പ്രവര്‍ത്തകര്‍ ഒളിവില്‍പോയതുവരെ പട്വര്‍ധന്‍ പറഞ്ഞ് നിറുത്തുന്നു.14 വര്‍ഷത്തിന്ശേഷം പറഞ്ഞുതുടങ്ങിയവയിലേക്ക് പട്വര്‍ധന്‍ ഡോക്യുമെന്‍ററിയിലൂടെ തിരിഞ്ഞുനടക്കുന്നു.ഗോഗ്രെയുടെ വീട്ടിലേക്ക്,സുഹൃത്തുക്കളിലേക്ക്,സമൂഹത്തിലേക്ക്. കാലം ഏറെ മാറി. 97ല്‍ ദലിതര്‍ക്കെതിരെ കൊലവിളി നടത്തിയ ഹിന്ദുത്വശക്തികള്‍ ദലിത് നേതാക്കളുടെ ചിത്രങ്ങളുമായി പ്രചാരണത്തിലാണ്.പണ്ട് ശിവസേനക്കാരെയും സവര്‍ണരെയും തെറിവിളിച്ചുനടന്നിരുന്ന നേതാക്കള്‍ ഇപ്പോള്‍ അവരുമായി ചങ്ങാത്തത്തിലാണ്.അന്ന് സജീവമായിരുന്ന ദലിത് പാന്തര്‍ പോലുള്ള സംഘടനകള്‍ ഇല്ലാതായി.ഇന്നും സവര്‍ണര്‍ക്കെതിരെ പോരാട്ടവീര്യവുമായി എത്തുന്ന ഗായക സംഘം ഇപ്പോള്‍ നക്സലൈറ്റുകളായി മുദ്രകുത്തി വേട്ടയാടപ്പെടുകയാണ്. പണ്ട് ഗോഗ്രയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് പറഞ്ഞവര്‍ക്ക് ഇന്ന് വാക്കുകള്‍ കിട്ടുന്നില്ല.അംബേദ്കര്‍ ജയന്തി ദിനാഘോഷങ്ങളില്‍ മുഴങ്ങുന്നത് ‘ബോളിവുഡ് മസാല’പാട്ടുകളും സിനിമാറ്റിക് ഡാന്‍സുകളുടെ കാട്ടിക്കൂട്ടലുകളുമാണ്.10 ദലിതരെ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവ് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് നിസാരശിക്ഷ ലഭിച്ചു.എങ്കിലും അദ്ദേഹം പോയത് ജയിലിലേക്കല്ല, ആശുപത്രിയിലേക്കായിരുന്നു.ശേഷം ജാമ്യത്തിലിറങ്ങി.
‘‘97 മുതലേ എന്‍െറ കാമറ രമാബായി നഗര്‍ കോളനിയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. തീര്‍ച്ചയായും ഭാവിയില്‍ എനിക്കിത് ഉപയോഗിക്കാനാകും എന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു.വെടിവെപ്പുമായി ബന്ധപ്പെട്ട കേസ് കഴിയും വരെ കാത്തിരുന്നു.പക്ഷേ സാഹചര്യങ്ങള്‍ മാറുന്നത് സംബന്ധിച്ച മുന്‍വിധി എനിക്കില്ലായിരുന്നു.മൂന്നുമണിക്കൂര്‍ ഇരുപത് മിനുട്ട് ഡോക്യുമെന്‍ററി ഉണ്ടാക്കുന്ന പ്രേക്ഷകന്‍െറ വികാരം എനിക്കറിയാം.പക്ഷേ ഞാന്‍ ഷൂട്ട് ചെയ്തവ കളയാന്‍ മനസുവന്നില്ല.’’പട്വര്‍ധന്‍ പറഞ്ഞു.

ബോംബെ അവര്‍ സിറ്റി,വാര്‍ ആന്‍റ് പീസ് എന്നീ ഡോക്യുമെന്‍ററിയില്‍ കാണുന്നപോലെ ജനങ്ങളുമായി സംസാരിക്കുന്ന ‘പട്വര്‍ധന്‍ നമ്പര്‍’ ഈ ഡോക്യുമെന്‍ററിയിലുമുണ്ട്.ഹോളിയും ദസറയും വഴിനീളെ ആഘോഷിക്കുന്ന മുംബൈ പ്രതിനിധികള്‍ ശിവജി പാര്‍ക്കിലെ അംബേദ്കര്‍ മരണദിന ചടങ്ങുകള്‍ നിരോധിക്കണമെന്ന് പട്വര്‍ധന്‍െറ കാമറയോട് ദേഷ്യപ്പെട്ടു പറയുന്നു.റിസര്‍വേഷന്‍ പാടില്ളെന്ന് പറയുന്ന ഇന്നിന്‍െറ പ്രതിനിധികള്‍ ദലിത് സുഹൃത്തുക്കളെ കോളജില്‍ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം പറയുന്നില്ല.റോഡില്‍ മാലിന്യം കോരുന്നവരെ നാറുന്നുവെന്ന് പറയുന്ന  മുബൈ നിവാസി മാലിന്യമാരുടെതാണ് എന്ന ചോദ്യത്തിന് ഉത്തരം പറയുന്നില്ല.പിന്നെ ആര് മാലിന്യം കോരുമെന്നതിന് മറുപടിയില്ല. സവര്‍ണ രക്തത്തില്‍ ഊറ്റം കൊള്ളുന്ന പ്രതിനിധി പട്വര്‍ധനോട് പറയുന്നുണ്ട്,തങ്ങളുടെ ജീനിന്‍െറ മഹദ് പാരമ്പര്യത്തെപ്പറ്റി.

ജാതിയെ തിരസ്കരിക്കാനാവശ്യപ്പെട്ട അംബേദ്കറുടെ അനുയായികളാണ് രമാബായി നഗര്‍ കോളനി നിവാസികള്‍.മനുസ്മൃതിയെ ചുട്ടെരിച്ച അംബേദ്കറിന്‍െറ പാരമ്പര്യം പേറുന്നവര്‍.ദുരിതം പാട്ടുകളിലേക്ക് പടര്‍ത്തിയവര്‍.‘ഞങ്ങളുടെ ഓരോ വീട്ടിലും ഓരോ ഗായകരുണ്ട്’ഡോക്യൂമെന്‍ററിയില്‍ ഒരു ഗായകന്‍ പറയുന്നു.ഇതിലൊരുവനായിരുന്നു ഗോഗ്രെ.സവര്‍ണര്‍ക്കെതിരെ ശക്തമായി പോരാടിയവന്‍.ഇന്ത്യയുടെ ഭരണഘടനയില്‍ ദലിതന്‍െറ അവകാശം ഉയര്‍ത്തിപ്പറഞ്ഞ തങ്ങളുടെ ‘ഭീം’എന്ന അംബേദ്കറുടെ സ്വപ്നങ്ങള്‍ മണ്ണിലേക്കിറങ്ങിവരാന്‍ പ്രയത്നിച്ചവന്‍.അദ്ദേഹത്തിന്‍െറ പ്രകോപനപരമായ പ്രസംഗം എഡിറ്റിങ്ങ് കൂടാതെതന്നെ പട്വര്‍ധന്‍ ഡോക്യുമെന്‍ററിയില്‍ കാണിക്കുന്നുണ്ട്.‘‘ആയിരക്കണക്കിന് വര്‍ഷങ്ങളായി അടക്കിവെച്ച വികാരം ദലിതന്‍ വാക്കുകളിലൂടെ പ്രകടിപ്പിക്കുമ്പോള്‍ എത് എഡിറ്റ് ചെയ്യാന്‍ മനസുവന്നില്ല.പ്രകോപനപരമായേക്കാം പക്ഷേ അത് ന്യായീകരിക്കത്തതാണ്’’-പട്വര്‍ധന്‍ പറഞ്ഞു.
‘‘തീര്‍ച്ചയായും എന്‍െറത് രാഷ്ട്രീയ സിനിമകളാണ് .അതിനെക്കാളുപരി യുക്തിക്ക് ചേരുന്ന കോമണ്‍സെന്‍സ് സിനിമകളാണവ എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുക.ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഇന്ത്യന്‍ ജനത ഇനിയും മുക്തിനേടിയീട്ടില്ല.ദൈവം തന്നതാണ് ജാതിയെന്ന് പറഞ്ഞ് നമ്മള്‍ കൊണ്ടുനടക്കുന്നു. ജാതിവ്യവസ്ഥയെ നിരാകരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മിശ്രവിവാഹമാണ്.ഈ തലമുറയിലല്ളെങ്കിലും വരും തലമുറകളില്‍ ആ വ്യവസ്ഥയെ ഇല്ലാതാക്കാന്‍ മിശ്രവിവാഹങ്ങള്‍കൊണ്ടാകും.രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വ്യവസ്ഥ മാറാന്‍ ഇടപെടുന്നില്ല,ഇടതു പാര്‍ട്ടികളുള്‍പ്പെടെ.അവരുടെ  കുറ്റകരമായ മൗനമാണ് അവരുടെത് ’’ പട്വര്‍ധന്‍ പറഞ്ഞു.

 

വാരാദ്യമാധ്യമം 2012 മാര്‍ച്ച് നാല്

No comments:

Post a Comment