Wednesday, July 16, 2014

    സമരം കുറ്റമാണ്
    ഇരകള്‍ കുറ്റവാളികളും

മോദിവാഴ്ചയോടെ ഒരു സാഹചര്യം വന്നിട്ടുണ്ട്. രാജ്യവും ഭരണകൂടവും ഒന്നാണെന്ന ചിന്ത. ജനാധിപത്യത്തില്‍ രാജ്യത്തിനുള്ളില്‍നിന്ന് ഭരണകൂടത്തെ വിമര്‍ശിക്കാനും എതിര്‍ക്കാനും അവസരമുണ്ടായിരുന്നു. മോദിയുടെ വരവ് രാജ്യത്തെയും ഭരണകൂടത്തെയും ഒന്നാക്കിമാറ്റുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുകയെന്നാല്‍ രാജ്യത്തെ വിമര്‍ശിക്കുകയെന്നാണിപ്പോള്‍ അര്‍ഥമാക്കുന്നത്. അതായത് ഭരണാധികാരിയെ വിമര്‍ശിക്കുന്നു എന്നര്‍ഥം.  രാജ്യം= ഭരണകൂടം = ഭരണാധികാരി എന്ന സങ്കല്‍പം. അതിനാല്‍ എല്ലാ ജനകീയസമരങ്ങളും ഇനി രാജ്യദ്രോഹമായി കണക്കാക്കപ്പെടും. എല്ലാ പോരാട്ടവും തീവ്രവാദമായേക്കാം. എന്‍.ജി.ഒകളെ ലക്ഷ്യമിടുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അതാണ് സൂചിപ്പിക്കുന്നത്.



‘‘വിദേശതാല്‍പര്യങ്ങളുടെ പേരില്‍ അവരുടെ സഹായം സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ പബ്ളിക് റിലേഷന്‍ കമ്പനികളെ വിലക്കെടുത്താണ് രാജ്യത്തത്തെുന്നത്.  പിന്നീട് വിദേശപണം ഉപയോഗിച്ച്  ഒന്നോ രണ്ടോ അവര്‍ഡുകള്‍ സ്വന്തമാക്കി  അവര്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന അണുനിലയം, ഖനനമേഖലകള്‍ പോലെയുള്ള വികസനവിഷയങ്ങളില്‍ ഇടപെടുന്നു. ഇരകളെ സഹായിക്കാനെന്നപേരിലത്തെി പിന്നീട് പദ്ധതിവിരുദ്ധ പ്രചാരണങ്ങളിലേര്‍പ്പെട്ട്  വികസനം തടസ്സപ്പെടുത്തുന്നു’’ -നരേന്ദ്ര മോദി,  2006 സെപ്റ്റംബര്‍ 9.
2014  ജൂണ്‍ മൂന്നിന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം എന്‍.ജി.ഒകള്‍ വികസനപദ്ധതികളില്‍ നടത്തുന്ന ഇടപെടലുകളെപ്പറ്റി സര്‍ക്കാറിന്  നല്‍കിയ രഹസ്യറിപ്പോര്‍ട്ട്  തുടങ്ങുന്നതും ഇതേ വാചകത്തിലാണ്. അങ്ങനെ ‘മന$പൂര്‍വമുള്ള   ആകസ്മികത’യൊരുക്കിയാണ് ഐ.ബി പുതിയ പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കിയത്. കോര്‍പറേറ്റുകള്‍ക്കുവേണ്ടി, ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തിയത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ്.  എന്നാല്‍, റിപ്പോര്‍ട്ട് പൂര്‍ത്തിയാകുമ്പോഴേക്കും മന്‍മോഹനും കോണ്‍ഗ്രസും ജനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടാത്തവരായി.
21  പേജുവരുന്ന രേഖയാണ് ജൂണ്‍ മൂന്നിന് ഐ.ബി ജോയന്‍റ് ഡയറക്ടര്‍  എസ്.എ. റിസ്വി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചത്. വിവിധ വികസനപദ്ധതികള്‍ക്കായി കുടിയൊഴിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു  എന്ന വ്യാജേനയാണ്  വിദേശ ഏജന്‍സികള്‍ എന്‍.ജി.ഒകളെ  സമീപിക്കുന്നതെന്നും  ഇവരെ ഉപയോഗിച്ച് വിഷയം പഠിക്കുകയും ഇടപെടലിന് കളമൊരുക്കുകയും  ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍പറയുന്നു.  ഗ്രീന്‍പീസ്, കോര്‍എയ്ഡ്, ആക്ഷന്‍ എയ്ഡ്, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍പോലുള്ള എന്‍.ജി.ഒകളാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തുന്നു.
മോദി ഭരണകൂടത്തിന് ഈ രേഖ ഇരുതലമൂര്‍ച്ചയുള്ള ആയുധമാണ്. ജനകീയസമരങ്ങളെയും നേതാക്കളെയും കുറ്റവാളികളാക്കി  കോര്‍പറേറ്റുകളുടെ മനംകവരാം. ഒപ്പം, ബഹുജന മുന്നേറ്റങ്ങളെയും സമരനേതാക്കളെയും രാജ്യദ്രോഹികളാക്കി,  തീവ്രവാദികളാക്കി കല്ളെ്ളറിഞ്ഞുകൊല്ലാം.  റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആഴ്ചകള്‍ കഴിയുംമുമ്പേ ഫലം കണ്ടു. മോദി സര്‍ക്കാര്‍ പണിതുടങ്ങി.
മോദി പണിതുടങ്ങി
 കോര്‍പറേറ്റുകള്‍ കാത്തിരിക്കുന്ന വികസനം  നാട്ടില്‍നടപ്പാക്കാന്‍ ആദ്യം പൂട്ടേണ്ടത് ഇരകളുടെ വായയാണ്, അവര്‍ക്ക്  ഊര്‍ജംപകരുന്ന സംഘടനയുടെ  നട്ടെല്ലാണ്. നദീസംയോജനം മുതല്‍ ആണവവിരുദ്ധസമരം വരെ നീളുന്ന ജനകീയവിഷയങ്ങളില്‍  പ്രതിരോധസമരങ്ങള്‍  അവസാനിപ്പിക്കുകയാണ്  കോര്‍പറേറ്റുകളുടെ ആവശ്യം.  ഈ വികസനപദ്ധതികള്‍ക്ക് വഴിവെട്ടുന്ന  രൂപരേഖയാണ് ഐ.ബിയുടെ റിപ്പോര്‍ട്ട്.  ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകള്‍ക്കെതിരെ നോട്ടീസ് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. പത്ത് എന്‍.ജി.ഒകള്‍ക്കുകൂടി നോട്ടീസ് നല്‍കാനിരിക്കുന്നു. ഫോറിന്‍ ഫണ്ടിങ് അണ്ടര്‍ ദ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍  (റെഗുലേഷന്‍) ആക്ട്,  2010  (എഫ്.സി.ആര്‍.എ) പിന്‍വലിക്കുമെന്നാണ് സംഘടനകള്‍ക്ക് നല്‍കിയ  മുന്നറിയിപ്പ് നോട്ടിസ്.

വികസനത്തിന്
 പാതയൊരുക്കല്‍
ഗുജറാത്തുമായി ബന്ധപ്പെട്ട പദ്ധതികളായ പാര്‍ തപി- നര്‍മദ നദീസംയോജനപദ്ധതി, ഗുജറാത്ത് വികാസ് മഞ്ച് ലോകധികാര്‍ ആന്ദോളന്‍ എന്നീ പദ്ധതികള്‍ക്കെതിരെ ജനകീയ പ്രസ്ഥാനങ്ങള്‍ സജീവമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തപി -നര്‍മദ സംയോജന പദ്ധതിക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ സജീവമായ സംഘടനയാണ് പാര്‍ത്തി പൂര്‍ണ ആദിവാസി  സംഘാതന്‍ (പി.പി.എ.എസ്).  75 ഗ്രാമങ്ങളിലെ ആദിവാസികളെ ബാധിക്കുന്ന പദ്ധതി, 24 ഗ്രാമങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലാകും എന്നീ ഗുരുതരപ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് സംഘടനകള്‍ രംഗത്തത്തെിയത്. വിദേശസഹായം കിട്ടുന്ന മരാഗ്, പി.യു.സി.എല്‍, മൂവ്മെന്‍റ് ഫോര്‍ സെക്കുലര്‍ ഡെമോക്രസി, ഗുജറാത്ത് സര്‍വോദയ മണ്ഡല്‍  തുടങ്ങിയ എന്‍.ജി.ഒകളാണ്  പദ്ധതി തകര്‍ക്കാന്‍  ശ്രമിക്കുന്നതെന്നാണ് ഐ.ബിയുടെ ആരോപണം. ഗുജറാത്തില്‍  യാഥാര്‍ഥ്യമാവാന്‍ കാത്തിരിക്കുന്ന പ്രത്യേകനിക്ഷേപ മേഖലക്കെതിരെയും സംഘടനകള്‍ സമരം ശക്തമാക്കിയിട്ടുണ്ട്.  ഡല്‍ഹി-മുംബൈ വ്യവസായിക ഇടനാഴി  (ഡല്‍ഹി ടു മുംബൈ,  ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍) എന്നത് ദേശദ്രോഹ വികസനമാണെന്ന പ്രചാരണത്തിന് ചുക്കാന്‍പിടിച്ചത്  മേധാപട്കറും  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാഷനല്‍ അലയന്‍സ് ഓഫ് പീപ്ള്‍സ് മൂവ്മെന്‍റും (എന്‍.എ.പി.എം)  ആണ്.  പാതക്കെതിരെ എന്‍.എ.പി.എം  മുംബൈ-ഡല്‍ഹി സംഘര്‍ഷ് യാത്ര നടത്തിയിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. അങ്ങനെ നദിമുതല്‍ റോഡ് വരെ നീളുന്ന വിവിധ പ്രശ്നങ്ങളില്‍ കുടിയിറക്കപ്പെടുന്ന ജനങ്ങളെ മുന്‍നിര്‍ത്തി ഉയര്‍ന്നുവന്ന പ്രതിരോധസമരങ്ങള്‍ ഗുജറാത്ത് ഭരണകൂടത്തിന്‍െറയും കോര്‍പറേറ്റുകളെയും തെല്ളൊന്നുമല്ല  പ്രതിസന്ധിയിലാക്കിയത്. വികസനം മുടക്കികള്‍ എന്ന പതിവുപ്രയോഗങ്ങള്‍ക്കൊന്നും ജനവികാരത്തെ മാറ്റിമറിക്കാനാവില്ളെന്നുവന്നപ്പോഴാണ് സമരങ്ങള്‍ക്ക് നേതൃത്വം  കൊടുക്കുന്നവരെ തേടിപ്പിടിച്ച് കുറ്റവാളികളാക്കുക എന്ന തന്ത്രം നടപ്പാക്കുന്നത്.  റിപ്പോര്‍ട്ട് ആദ്യം ഉപയോഗിക്കുന്നത് ഗുജറാത്തിനുവേണ്ടിയാണെങ്കില്‍ നാളെ ഇന്ത്യയില്‍ എവിടെയുമത്  പ്രയോഗിക്കപ്പെടാം.

മോദി-അദാനി ഭായ് ഭായ്
2014  മാര്‍ച്ച് 10:  ഗ്രീന്‍പീസ് ആസ്ട്രേലിയ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ട്  ഇതായിരുന്നു:  അദാനീസ് റെക്കോഡ് ഓഫ് എ എന്‍വയണ്‍മെന്‍റല്‍ ഡിസ്ട്രക്ഷന്‍ ആന്‍ഡ്  നോണ്‍ കോംപ്ളയന്‍സ് വിത്ത് റെഗുലേഷന്‍സ്  ഇന്‍ ഇന്ത്യ.വര്‍ഷങ്ങളായുള്ള പരിസ്ഥിതിക്കെതിരെയുള്ള കടന്നുകയറ്റം, നികുതിവെട്ടിപ്പ്, അനധികൃത നിര്‍മാണങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലികൊടുക്കല്‍ തുടങ്ങി അനവധി നിയമവിരുദ്ധ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്.
  ജൂണ്‍ 3:  രാജ്യത്തിന്‍െറ പുരോഗതിയെ തടസ്സപ്പെടുത്തിയെന്ന ഗ്രീന്‍പീസുകള്‍ ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകളെ  പ്രതിയാക്കി ഐ.ബിയുടെ റിപ്പോര്‍ട്ട്. മോദിയുടെ ഗുജറാത്തിലെ  ഉറ്റതോഴനാണ് അദാനി എന്ന ബിസിനസ് ഗ്രൂപ്.  ഗ്രീന്‍പീസിനെതിരെ ഐ.ബി രംഗത്തുവന്നതിന് കാരണങ്ങളിലൊന്ന്  മേല്‍പറഞ്ഞ റിപ്പോര്‍ട്ട് ആണെന്ന് വ്യക്തം. ഗ്രീന്‍പീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഗുജറാത്തിലെ സ്പെഷല്‍ ഇക്കണോമിക് സോണ്‍ പ്രദേശത്തെ  (സെസ്) പ്രവര്‍ത്തനവും  അദാനി ഗ്രൂപ്പിനെയുമാണ് ആ റിപ്പോര്‍ട്ടില്‍ ലക്ഷ്യമിട്ടത്. തീരദേശപരിപാലന നിയമം  ലംഘിച്ചത്, വൃക്ഷങ്ങള്‍ വെട്ടിമാറ്റിയത് മുതല്‍ അനധികൃത നിര്‍മാണങ്ങള്‍വരെ അതിലുണ്ട്. ഒഡിഷയില്‍ അദാനി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക്  ഉപകരണങ്ങള്‍ വാങ്ങി പ്രവേശനികുതി വെട്ടിച്ചുവെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് 17.5 ബില്യണ്‍ യു.എസ് ഡോളറാണ് സുപ്രീംകോടതി പിഴ ചുമത്തിയത്. അനധികൃതമായി കല്‍ക്കരി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്(ഡി.ആര്‍.ഐ) ചുമത്തിയ കേസ് നടന്നുവരുകയാണ്. അദാനി ഗ്രൂപ് ഏറ്റെടുത്ത പദ്ധതികളിലെ ക്രമക്കേടിനത്തെുടര്‍ന്ന് വിഴിഞ്ഞം, ചെന്നൈയിലെ വിശാഖ് പോര്‍ട്ട്, ജെ.എന്‍.പി.ടി എന്നിവിടങ്ങളിലെ തുറമുഖവികസന  തുടര്‍പദ്ധതികളില്‍നിന്ന് അദാനിയെ ഒഴിവാക്കുകയായിരുന്നു. സര്‍ക്കാറിന്‍െറ  ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി തുച്ഛവിലക്ക്  വാങ്ങിയെന്ന അഴിമതിക്കഥ ഗുജറാത്ത് അസംബ്ളിയെ ബഹളത്തില്‍മുക്കിയ ഒന്നാണ്.
ഗ്രീന്‍പീസിനെതിരായ നീക്കത്തിന് വീണ്ടും കാരണങ്ങളുണ്ട്. ഇന്തോനേഷ്യയില്‍നിന്ന്  പാം ഓയില്‍ ഇറക്കുമതിചെയ്യുന്നതിനെതിരെയും പട്ടണങ്ങളിലെയും നഗരങ്ങളിലെയും  നിര്‍മാണതൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെതിരെയും ഗ്രീന്‍പീസ്  ഇടപെടാന്‍ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പും ഐ.ബി നല്‍കുന്നുണ്ട്. ഇന്ത്യന്‍  ഐ.ടി കമ്പനികളുടെ  ഇ-വേയ്റ്റ് മറ്റൊരു മേഖലയാണ്. ഇന്ത്യയെ ഗുജറാത്ത്  മോഡല്‍ പുരോഗതിയിലേക്ക് നയിക്കുന്ന ഘടകങ്ങളിലൊന്നായ നദീസംയോജനംപോലുള്ള പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങവെ  ഈ എന്‍.ജി.ഒകള്‍ ചേര്‍ന്നുള്ള  പ്രക്ഷോഭം  പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

സമരം കുറ്റമാണ്
ഇരകള്‍ കുറ്റവാളികളും
മോദി സര്‍ക്കാറിനിത്  പ്രക്ഷോഭകരെ, രാജ്യദ്രോഹികളാക്കാനുള്ള മാര്‍ഗംകൂടിയാണ്.  ഫോറിന്‍ ഫണ്ടെന്ന പേരില്‍ പ്രക്ഷോഭകരെ ദേശദ്രോഹികളാക്കുകയാണ് തന്ത്രം. യു.പി.എ കാലത്ത് കോര്‍പറേറ്റ് മുതലാളിമാരുടെ കൊള്ളലാഭത്തിന്  പ്രതിരോധസമരങ്ങള്‍ തടസ്സമായപ്പോഴാണ് എന്‍.ജി.ഒകള്‍ക്കെതിരായ നടപടി തുടങ്ങിയത്. അന്ന് ഒഡിഷയിലെ പോസ്കോ സമരത്തിനെതിരെയും കൂടങ്കുളം സമരത്തിനെതിരെയും  മാത്രമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വാ തുറന്നത്. സമരം കുറ്റകരവും ഇരകള്‍ രാജ്യദ്രോഹികളുമാണെന്നായിരുന്നു  മന്‍മോഹന്‍െറ മൃദുഭാഷണത്തില്‍ ഒളിഞ്ഞിരുന്ന രാസായുധം. മോദി സര്‍ക്കാര്‍ വരുമ്പോഴേക്കും  ഈ ആയുധം കുറച്ചുകൂടി മൂര്‍ച്ചപ്പെടുന്നു. കോര്‍പറേറ്റുകള്‍ക്കെതിരായ സമരങ്ങള്‍ വികസന വിരുദ്ധമാകുന്നതുപോലെ രാജ്യ ദ്രോഹവുമാണെന്നുവരുന്നു.

രഹസ്യ റിപ്പോര്‍ട്ട്
ചോരുന്നു
ഇന്ത്യന്‍  രഹസ്യാന്വേഷണവിഭാഗം  അതീവരഹസ്യമായി തയാറാക്കി ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അതീവരഹസ്യ സ്വഭാവമുള്ള ഡോക്യുമെന്‍റുകളായാണ് അത് ഇന്‍റര്‍നെറ്റിലും  പ്രത്യക്ഷപ്പെട്ടത്. ഡൗണ്‍ലോഡ് ചെയ്യുന്നതും വായിക്കുന്നതുംപോലും നിരീക്ഷിക്കപ്പെടുമെന്ന ഭീതിപരത്തി. ഭീതിയുടെ അന്തരീക്ഷം നിലനിര്‍ത്തി സമൂഹത്തിലേക്ക് വിവരം എത്തിക്കുക എന്ന പൊലീസ് തന്ത്രം തന്നെയായിരിക്കണം റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നില്‍. ജനങ്ങളുടെ പ്രതികരണം അറിയാനുള്ള ഭരണകൂടത്തിന്‍െറ പൊലീസ് ബുദ്ധി. വിദേശ ഫണ്ടിങ്: സംഘടനകള്‍ക്കെതിരെ നോട്ടിസ് എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകളുടെ ചുരുക്കം. സമൂഹത്തില്‍ ഒരുതരം വിഭ്രാന്തി പരത്തലായിരുന്നു ഇത്തരം വാര്‍ത്തകളുടെയും ഓണ്‍ലൈന്‍ പ്രചാരണങ്ങളുടെയും ഉദ്ദേശ്യം.
 എന്‍.ജി.ഒകളുടെ ജനകീയപിന്തുണ നഷ്ടപ്പെടുത്താനുള്ള കരുനീക്കത്തിന്‍െറകൂടി ഭാഗമായിരുന്നു റിപ്പോര്‍ട്ടിന്‍െറ  ചോരല്‍.  ഇനിയും വികസനപദ്ധതികള്‍ വരാനിരിക്കുന്നു. തുടങ്ങിവെച്ചവ മുഴുമിപ്പിക്കണം. അതിന് ജനങ്ങളില്‍നിന്ന്  ജനകീയസമരസംഘടനകളെ അടര്‍ത്തിമാറ്റണം. അതിനായി ഇന്ത്യന്‍ മധ്യവര്‍ഗത്തിന്‍െറ പിന്തുണ ആവശ്യമാണ്. രാജ്യസ്നേഹം, സുരക്ഷ, വികസനം തുടങ്ങിയ വിഹ്വലതകള്‍ വിഭ്രാന്തികളാക്കി വളര്‍ത്തിയെടുക്കാന്‍ കഴിയണം. അതിനാണ് ഐ.ബിയുടെ ശ്രമം. ഇതിനായി റിപ്പോര്‍ട്ട്   രണ്ട് ദേശീയ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. ഇതുകണ്ട  മോദിസ്നേഹികളായ പലരും  പരമ്പരപോലും എഴുതിത്തുടങ്ങി.
ചില  ഫണ്ടിങ് ഏജന്‍സികള്‍ക്കെതിരെ  മോദി സര്‍ക്കാര്‍ നടപടിതുടങ്ങി  എന്നതിലുപരി ചെറു പ്രതിഷേധങ്ങളെപ്പോലും  ഇല്ലാതാക്കാനുള്ള നടപടിയായി  പൊതുസമൂഹം ഇനിയും വിലയിരുത്തിയിട്ടില്ല. മുഖ്യധാരാ പാര്‍ട്ടികള്‍ വിഷയത്തില്‍ മൗനംപൂണ്ടു എന്നതുതന്നെ ഇതിന് പ്രധാനകാരണം.  ഇടതുപ്രസ്ഥാനങ്ങള്‍പോലും ദുരൂഹ  മൗനം തുടരുകയാണ്.  കോര്‍പറേറ്റുകള്‍ക്കെതിരെ ആകെ പ്രതികരിച്ചിരുന്നത് ചെറു പ്രസ്ഥാനങ്ങളും ജനകീയഗ്രൂപ്പുകളും എന്‍.ജി.ഒകളുമാണ്.
ഒരു മാസമാവാറായിട്ടും ഐ.ബിയുടെ ചോര്‍ത്തല്‍ നാടകത്തിനെതിരെയും  എന്‍.ജി.ഒകള്‍ക്കെതിരെയുള്ള നടപടിക്കെതിരെയും  ഇടതുപക്ഷ സംഘടനകള്‍പോലും രംഗത്തുവന്നിട്ടില്ല. എന്‍.ജി.ഒകളും, എന്‍.ജി.ഒ ഫണ്ടും എന്നത് പാര്‍ട്ടിക്കകത്ത് വിവാദവിഷയമാണ് എന്നതിനാലായിരിക്കാം സി.പി.എം  പദ്ധതിക്കെതിരെ രംഗത്തുവരാഞ്ഞത്.  കേരളത്തില്‍ പാഠം ഉയര്‍ത്തിവിട്ട എന്‍.ജി.ഒ വിവാദങ്ങള്‍ക്കുശേഷം ഫോറിന്‍ ഫണ്ടും എന്‍.ജി.ഒകളുമായി അകലംപാലിച്ചാണ് പാര്‍ട്ടിയുടെ നടപ്പ്. രാഷ്ട്രീയ കക്ഷികളെ സ്വാധീനിച്ച കോര്‍പറേറ്റുകള്‍ക്കെതിരെ ആകെ പ്രതികരിച്ചിരുന്നത്  ചെറുകിട പ്രസ്ഥാനങ്ങളും ജനകീയഗ്രൂപ്പുകളും എന്‍.ജി.ഒകളുമാണ്. അവയുടെ ശബ്ദം ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ചോര്‍ത്തലിന്‍െറ പിറകില്‍.

ഇല്ലാതാകുന്ന ശബ്ദങ്ങള്‍
വന്‍കിട വികസനത്തിന്‍െറപേരില്‍  കുടിയൊഴിക്കപ്പെടുന്നവര്‍, ആണവ നിലയത്തിന്‍െറ ഭീതിയിലായ ജനസമൂഹം,  കല്‍ക്കരിപ്പാടങ്ങളിലെ ഖനനം,  ആണവകേന്ദ്രങ്ങളിലെ മാരകശക്തിയുള്ള  ധാതുഖനനത്തത്തെുടര്‍ന്ന് ജീവിതം വഴിമുട്ടിയ ജീവിതങ്ങള്‍,  കല്‍ക്കരിയും മറ്റ് ഹൈഡ്രോ കാര്‍ബണുകളും ഖനനംചെയ്യുന്നതിനാല്‍ ജീവജലവും വായുവും മലിനപ്പെട്ട ഭൂവിഭാഗക്കാര്‍, ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കാര്‍ഷികദുരന്തമായി ഭവിക്കുന്നതിനെതിരെ സമരംചെയ്യുന്നവര്‍... അങ്ങനെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചെറുസമരങ്ങള്‍ക്കും നിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമുണ്ടായിരുന്ന ഇടമാണ് ഇല്ലാതാക്കുന്നത്.  അവരുടെ സമരം അക്രമരാഹിത്യത്തിന്‍േറതായിരുന്നു, ഗാന്ധിയന്‍ രീതിയിലുള്ളതായിരുന്നു.
 അക്രമാസക്തമായ ജനകീയപ്രക്ഷോഭങ്ങളെപ്പറ്റി നാം അധികം കേട്ടിട്ടില്ല. നാം പല സമരങ്ങളും കേള്‍ക്കാതിരിക്കുന്നത് അവ ഗാന്ധിയന്‍ സമരങ്ങളായിരുന്നു എന്നതിനാലാണ്. അക്രമാസക്തമാകുന്ന സമരങ്ങളെയേ നാം അറിയുന്നുള്ളൂ. അങ്ങനെ അറിയപ്പെടാത്ത എത്രയെത്ര സമരങ്ങള്‍.  ഇപ്പോള്‍ അതിനെതിരെയുള്ള ഭരണകൂടത്തിന്‍െറ അസഹിഷ്ണുതയാണ് പുറത്തുവന്നിട്ടുള്ളത്. ഇനി പ്രതിഷേധ ശബ്ദങ്ങള്‍ക്ക് ഇടമില്ല. നാളെ ശബ്ദങ്ങള്‍തന്നെ നിലച്ചുകൂടാതെയില്ല.

വിദേശഫണ്ട് വാങ്ങുന്നവര്‍
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര  ഗാന്ധിയാണ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട്  കൊണ്ടുവന്നത്.  2010ല്‍ യു.പി.എ ഗവ. അത് ഭേദഗതിചെയ്തു.  ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഫോറിന്‍ഫണ്ട് കിട്ടുന്നത്  ഈ നിയമപ്രകാരമാണ്. അതും ആഭ്യന്തര മന്ത്രാലയത്തിന്‍െറ  അനുമതിപത്രത്തോടെ മാത്രം.  ഇവയില്‍ കൃത്യമായ ഓഡിറ്റും നടക്കുന്നുണ്ട്. 10 ലക്ഷം എന്‍.ജി.ഒകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പകുതിപേരും ഈ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരാണ്.  ഭേദഗതിവന്നതോടെ 4000 എന്‍.ജി.ഒകളുടെ  എഫ്.സി.ആര്‍.എ  അംഗീകാരം നഷ്ടമായി.
ആറുമാസംമുമ്പ്  ആഭ്യന്തര മന്ത്രാലയം  പ്രസിദ്ധീകരിച്ച ഇന്ത്യയിലേക്ക്  കൂടുതല്‍ പണമൊഴുക്കുന്ന 15 എന്‍.ജി.ഒകളുടെ പേരുകളില്‍  ഇപ്പോള്‍  ഐ.ബി പ്രസിദ്ധീകരിച്ച കുപ്രസിദ്ധരായ എന്‍.ജി.ഒകളുടെ പേര് ഒന്നുംതന്നെ  ഇല്ളെന്നതാണ് രസകരം. കേരളത്തില്‍നിന്നുള്ള ബിലീവേഴ്സ് ചര്‍ച്ചും അമൃതാനന്ദമയി മഠവും ലിസ്റ്റിലുണ്ട്. എന്നാല്‍,  ഇപ്പോള്‍ പുറത്തുവന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ഇത് രണ്ടുമില്ല.

വിദേശഫണ്ടും
ബി.ജെ.പി വിലാപവും
2014  മാര്‍ച്ചില്‍ ഡല്‍ഹി ഹൈകോടതി വേദാന്ത കമ്പനിയില്‍നിന്ന്  വിദേശപണവിനിമയ ചട്ടം വഴിയല്ലാതെ പണം കൈപ്പറ്റുന്നത് ശ്രദ്ധയില്‍പെടുത്തിയ കോടതി കോണ്‍ഗ്രസ്,  ബി.ജെ.പി പാര്‍ട്ടികളെ കുറ്റപ്പെടുത്തി. എന്നാല്‍,  വേദാന്തയുടെ ഉടമസ്ഥന്‍ ഇന്ത്യക്കാരനാണ് എന്നായിരുന്നു ഇരു പാര്‍ട്ടികളുടെയും  ന്യായം.  അവരുടെ പണം  സ്വീകരിക്കുന്നതിന് പാര്‍ട്ടിയില്‍ എതിര്‍പ്പൊന്നുമില്ല. പിന്നെ അവര്‍ക്കുവേണ്ടി  പ്രക്ഷോഭകര്‍ക്കെതിരെ രംഗത്തുവരുന്നതില്‍ എന്താണ് തെറ്റ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകാലത്ത് അമേരിക്കന്‍ പി.ആര്‍  കമ്പനിയായ ആപ്കോ വേള്‍ഡ് വൈഡിനായിരുന്നു   ബിസിനസ് ശൃംഖലകള്‍ക്കിടയില്‍ മോദിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള ചുമതല. ഏകദേശം കാല്‍ ലക്ഷം  ഡോളര്‍ ചെലവിട്ടായിരുന്നത്രേ ഒരുമാസത്തെ സേവനത്തിന് അവരെ നിയോഗിച്ചത്.  ഹൈടെക്  പ്രചാരണം. 100 റാലികള്‍, 10 അടി വലുപ്പത്തില്‍ പരന്നുകിടക്കുന്ന കട്ടൗട്ടുകള്‍. നൂറുകണക്കിന് തൊഴിലാളികള്‍ പ്രൊജക്ടറും സാറ്റലൈറ്റ് ഡിഷുകളും പിടിച്ച് കൂടെനിന്നു. പത്രങ്ങളും ടി.വി  ചാനലുകളും പൊതുനിരത്തുകളും മോദിമയം.  പരസ്യക്കമ്പനികള്‍ക്ക് കോടികളുടെ കൊയ്ത്ത്.  ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്ക് പെരുത്ത് സന്തോഷം.  670  മില്യണ്‍ ഡോളറാണ്  ‘മോദി കാമ്പയിന’ായി ചെലവിട്ടതെന്ന്  അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ടായിരുന്നു.  ഈ പണം എവിടെനിന്ന് വന്നു. ബി.ജെ.പിക്ക് വരുന്ന പണത്തിന് വിദേശ-സ്വദേശ വേര്‍തിരിവുകളൊന്നുമില്ല.
ആവാസ് , സൗത്ത് ഏഷ്യാ വാച്ച് ലിമിറ്റഡ് എന്ന സംഘടന  2004ല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വ്യക്തമാക്കിയിരുന്നു -ബ്രിട്ടനില്‍ ഹിന്ദു സ്വയംസേവക് സംഘ് (എച്ച്.എസ്.എസ്) എന്നപേരില്‍ രജിസ്റ്റര്‍ചെയ്ത്  പ്രവര്‍ത്തിക്കുന്ന സംഘടനയും  സേവ എന്നപേരിലെ ഉപഗ്രൂപ്പും  ആര്‍.എസ്.എസിന്‍െറ പ്രധാന ധനകേന്ദ്രമാണ്. സേവനം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായാണ്  ഇവര്‍ അറിയപ്പെടുന്നത്.  അമേരിക്കയില്‍  ഇന്ത്യ ഡെവലപ്മെന്‍റ് ആന്‍ഡ് റിലീഫ് ഫണ്ട് എന്നപേരിലുള്ള ജീവകാരുണ്യ സംഘടനക്ക് ആര്‍.എസ്.എസുമായുള്ള ബന്ധം വലുതാണ്. നികുതിപോലും നല്‍കേണ്ടാത്ത ചാരിറ്റി സംഘടനയാണത്  -റിപ്പോര്‍ട്ട് പറയുന്നു.
 രാജ്യത്തിന്‍െറ പ്രതിരോധമേഖല  സ്വതന്ത്രനിക്ഷേപത്തിന് തുറന്നിടാം.  ഊര്‍ജമേഖലയിലും ആണവായുധ മേഖലയിലും  വിദേശ ഫണ്ടാകാം. എന്തിന്  കുടിവെള്ള മേഖലയില്‍പോലും വിദേശനിക്ഷേപവുമായാണ് ഒരു രാജ്യം വിദേശപണത്തെപ്പറ്റി വിലപിക്കുന്നത്.
വിദേശസ്വാധീനം
മണക്കുന്ന റിപ്പോര്‍ട്ട്
ജപ്തിഭീഷണിയിലായി ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന നാട്ടില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ മാത്രമാണ് രക്ഷയെന്നാണ് ഐ.ബി  സ്ഥാപിക്കുന്നത്.  ആദ്യം ബി.ടിക്കെതിരായുള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ട്, പാര്‍ലമെന്‍റ് കമ്മിറ്റി റിപ്പോര്‍ട്ട്,  പിന്നീട ് സുപ്രീംകോടതി നിയമിച്ച സാങ്കേതിക വിദഗ്ധരുടെ കമ്മിറ്റി റിപ്പോര്‍ട്ട്. ഈ മൂന്നും  ജി.എം വിളകള്‍ക്ക് എതിരായിരുന്നു.  ഈ നടപടികളെ എതിര്‍ക്കുന്ന ഐ.ബി ഇവരെകൂടിയാണ് പ്രതിക്കൂട്ടില്‍നിര്‍ത്തുന്നത്. ബി.ടി  വഴുതനങ്ങയെ ഐ.ബി   സ്വാഗതംചെയ്യുന്നു. മൊണ്‍സാന്‍ഡോയെയും അതിന്‍െറ പ്രചാരകനായ  ഡോ.  റൊണാള്‍ഡ് ഹെറിങ്ങിനെയും  റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഐ.ബിയുടെ യഥാര്‍ഥ വിദേശബന്ധമാണ് ഇവിടെ തെളിയുന്നത്. അത് ഐ.ബിയുടെ  റിപ്പോര്‍ട്ടിലാണെന്ന് പ്രമുഖ ആക്ടിവിസ്റ്റുകളായ വന്ദനാശിവ,  അരുണ റോഡ്റിഗ്സ്, കവിതാ കുറുഗന്ധി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. ജി.എം  വിത്തുകളെ  സംബന്ധിക്കുന്ന വിദേശ കമ്പനികള്‍ക്ക് ഗുണകരമാകുന്ന ഭാഗം   ഐ.ബി റിപ്പോര്‍ട്ടില്‍ ദേശവിരുദ്ധമായി വന്നതുസംബന്ധിച്ച് അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.


BOX
‘‘എനിക്ക് അഭിമാനമുണ്ട്’’
ആണവവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനത്തെുടര്‍ന്ന് ഐ.ബിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടതില്‍ അഭിമാനമാണുള്ളതെന്ന് ഐ.ബിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട കെ. സഹദേവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തില്‍ കൂടങ്കുളം  ഐക്യദാര്‍ഢ്യസമിതിയുണ്ടാക്കി പ്രവര്‍ത്തിച്ചു എന്നതിലാണ് ഐ.ബി റിപ്പോര്‍ട്ടില്‍ ഞാന്‍ പരാമര്‍ശിക്കപ്പെട്ടത്. സമിതിയുടെ പേരില്‍ വിദേശഫണ്ട് സ്വീകരിച്ചുവെന്ന് ആരോപിക്കപ്പെട്ടിട്ടില്ല. ആണവനിലയത്തിനെതിരെ സംസാരിച്ചുവെന്നത്  ദേശദ്രോഹ കുറ്റമായി കരുതുന്നുമില്ല.  കൂടങ്കുളം  ആണവനിലയത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്നകുറ്റംചുമത്തി  കഴിഞ്ഞ മൂന്നുവര്‍ഷമായി ഉദയകുമാറിനെതിരെ അന്വേഷണം നടന്നുവരുകയാണ്.  എന്നിട്ടും അന്വേഷണം എങ്ങുമത്തെിയിട്ടില്ല.  ആണവനിലയത്തിനെതിരായ പ്രക്ഷോഭമെങ്ങനെയാണ് ദേശവിരുദ്ധമാകുന്നത്? ആക്ടിവിസ്റ്റുകളുടെ ഇടയില്‍ ആശങ്ക ഉണ്ടാക്കിയെടുക്കുക എന്നതു മാത്രമാണ് റിപ്പോര്‍ട്ടിന്‍െറ ലക്ഷ്യം -അദ്ദേഹം പറഞ്ഞു.


 ‘‘ഇത് വ്യക്തിഹത്യ’’
കെ.പി. ശശി
പോസ്കോ പ്രതിരോധ സംഘര്‍ഷ് സമിതി ആക്ടിവിസ്റ്റ് എന്നനിലക്ക് ഇന്‍സാഫ് എന്ന എന്‍.ജി.ഒയില്‍നിന്ന് പണം കൈപ്പറ്റിയെന്ന ഐ.ബി റിപ്പോര്‍ട്ടിലാണ് ഡോക്യുമെന്‍ററി സംവിധായകന്‍ കെ.പി. ശശിയുടെ പേര് പരാമര്‍ശിക്കപ്പെട്ടത്. ഒരു ഡോക്യുമെന്‍ററി സംവിധായകന്‍ എന്ന നിലയില്‍ പല  എന്‍.ജി.ഒകളുമായി സഹകരിച്ചിരിക്കാമെന്നും  ആ ഫിലിമില്‍ അവരുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടാകുമെന്നും കെ.പി. ശശി പറഞ്ഞു. ഇത് ഐ.ബിയുടെ വ്യക്തിഹത്യയാണ്. ലാന്‍ഡ്, വാട്ടര്‍, ഫോറസ്റ്റ് എന്നീ വിഷയങ്ങളില്‍ ഒരേ നിലപാട് സ്വീകരിക്കുന്നവരില്‍  ജനകീയ പ്രസ്ഥാനങ്ങളോട്  അടുത്തുനില്‍ക്കുന്ന എന്‍.ജി.ഒകളുമുണ്ടാകാം. സര്‍ക്കാറുമായും സഹകരിച്ചിട്ടുമുണ്ടാകാം. ജനകീയ സമരങ്ങളില്‍ ഇടപെടുന്ന എന്‍.ജി.ഒകളെ പേടിപ്പിച്ചുനിര്‍ത്തി  നിങ്ങള്‍  ചാരിറ്റി മാത്രം  ചെയ്താല്‍മതി എന്നുപറഞ്ഞ് പേടിപ്പിക്കുകയാണ് റിപ്പോര്‍ട്ടിന്‍െറ ലക്ഷ്യം.  ആദ്യം ഐ.ബിയുടെ അക്കൗണ്ടബിലിറ്റിയാണ് തെളിയിക്കപ്പെടേണ്ടതെന്ന് ശശി പറഞ്ഞു.

കരുതിക്കൂട്ടിയുള്ള ആക്രമണം
-ഗ്രീന്‍പീസ്
റിപ്പോര്‍ട്ട്  ഗ്രീന്‍പീസിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമായേ കണക്കാക്കാനാവൂവെന്ന് ഗ്രീന്‍പീസ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സമീത് ഐച്ച് വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് അക്രമരഹിതമായ കാമ്പയിനുകള്‍ സംഘടിപ്പിച്ച്  കഴിഞ്ഞ  13 വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന തങ്ങള്‍    ഫണ്ടിങ് സംബന്ധിച്ച കണക്കുകള്‍  ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കുന്നുണ്ട്.  ഞങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ കൃത്രിമം  നടത്തിയെന്നോ, മറ്റു ദേശദ്രോഹപ്രവര്‍ത്തനം നടത്തുകയോ ചെയ്തെന്നോ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാറിന് കര്‍ശന നടപടിയെടുക്കാനുള്ള സംവിധാനം നമ്മുടെ രാജ്യത്തുണ്ട്. അവര്‍ എന്തുകൊണ്ട്  ചെയ്യുന്നില്ല. തങ്ങളുടെ നിലപാട് സംബന്ധിച്ച്  ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
വിദേശപ്രേമം ആര്‍ക്ക് എന്നതിലാണ് സംശയം. സര്‍ക്കാറിന്‍െറ  വിനാശകരമായ  വികസനങ്ങള്‍ക്കെതിരെ ഉയരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെയും കൂട്ടായ്മകളെയും ഭീഷണിപ്പെടുത്തി,ശ്വാസംമുട്ടിച്ച്,  ഭീകരവാദികളായി മുദ്രകുത്തി അവരുടെ മനുഷ്യാവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഐ.ബി റിപ്പോര്‍ട്ടിന്‍െറ പിന്നിലെന്ന് പി.യു.സി.എല്‍ ദേശീയ പ്രസിഡന്‍റ്  പ്രഫ. പ്രഭാകര്‍ സിംഹ വ്യക്തമാക്കി.
റിപ്പോര്‍ട്ടില്‍  വികസനവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന റിപ്പോര്‍ട്ട് രാജ്യസ്നേഹത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് അഡ്മിറല്‍ രാംദാസ് പ്രതികരിച്ചു. ഇതുപോലെയാണ് ഐ.ബിയുടെ പ്രവര്‍ത്തനമെങ്കില്‍ ഇന്ത്യയെ ആര് രക്ഷിക്കാനാണ് -അദ്ദേഹം ചോദിച്ചു.

കുറ്റവും ശിക്ഷയും

എസ്.പി. ഉദയകുമാര്‍/ പി.പി. പ്രശാന്ത്
കൂടങ്കുളം ആണവനിലയ വിരുദ്ധ സമരനായകന്‍ എസ്.പി. ഉദയകുമാര്‍ രാജ്യത്തിന്‍െറ സാമ്പത്തികസുരക്ഷക്ക് ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്. എന്‍.ജി.ഒകളെക്കുറിച്ചുള്ള ഇന്‍റലിജന്‍സ്  ബ്യൂറോ പ്രധാനമന്ത്രിയുടെ ഓഫിസില്‍ സമര്‍പ്പിച്ച രേഖയിലാണ് ഇങ്ങനെ വിശേഷണം. തുടക്കംതന്നെ നല്ളൊരുഭാഗം  ഇത് സമര്‍ഥിക്കാനാണ്  ഉപയോഗിച്ചിട്ടുള്ളത്. ഉദയകുമാറിന്‍െറ യു.എസ് ബന്ധം, ജര്‍മന്‍ ബന്ധം , വിദേശസഹായം എന്നിവയുടെ വിശദാംശങ്ങളോടെയാണ്  ഐ.ബി റിപ്പോര്‍ട്ട്  സമര്‍പ്പിച്ചിരിക്കുന്നത്.  ഈ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിനെതിരെ  മാനനഷ്ടക്കേസ് ഫയല്‍ചെയ്ത എസ്.പി. ഉദയകുമാര്‍ ഐ.ബി റിപ്പോര്‍ട്ട് ചോര്‍ന്ന സാഹചര്യത്തില്‍ ‘മാധ്യമ’ത്തോട് പ്രതികരിക്കുന്നു.

താങ്കള്‍ രാജ്യത്തിന്‍െറ സാമ്പത്തികസുരക്ഷക്ക് എങ്ങനെയാണ് ഭീഷണിയാകുന്നത്?
ഒരു  വിചാരണപോലുമില്ലാതെ എന്‍െറ ശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പരമാധികാര ഏജന്‍സി  സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്. അതില്‍ എന്‍െറ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്.  അതിനുള്ള തെളിവെന്നപേരില്‍ കുറെ രേഖകളും വെച്ചിട്ടുണ്ട്. ഞങ്ങള്‍ സംസ്ഥാന സര്‍ക്കാറിനോ,  കേന്ദ്ര സര്‍ക്കാറിനോ  എതിരല്ല.  അണുശക്തിക്കെതിരാണ് ഞങ്ങള്‍. ഞാന്‍ ഒരു വ്യക്തി മാത്രമാണ്.  ഇന്ത്യയെപ്പോലെ ജനനിബിഡമായ രാജ്യത്ത്  ആണവനിലയങ്ങളെ പേറാനാവില്ല. സാധാരണ ജനങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നുകൊണ്ടേയിരിക്കും.  ആരെങ്കിലും  ഇത്തരം പ്രവൃത്തികള്‍ക്കെതിരെ മുന്നോട്ടുവന്നാല്‍ തന്നെ അവനെ വിദേശ ഏജന്‍സികളുടെ പിണിയാളെന്ന് മുദ്രകുത്തും. അതാണിവിടെ സംഭവിക്കുന്നത്.

ആദ്യ ആരോപണം അമേരിക്കയിലെ ഒഹായോ യൂനിവേഴ്സിറ്റി നിങ്ങളുടെ സമരങ്ങള്‍ക്ക് ഫണ്ട് ചെയ്യുന്നുവെന്നാണ്
അമേരിക്കയിലെ മിനിസോട യൂനിവേഴ്സിറ്റിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ അടുത്ത ബന്ധമുള്ള അധ്യാപകന്‍ ക്ഷണിച്ചതനുസരിച്ചാണ് അവിടെനിന്ന് ഒഹായോ യൂനിവേഴ്സിറ്റിയില്‍ റിസര്‍ച് ഫെലോ ആയി പോയത്. അവിടെ ആഗോളീകരണം, ന്യൂനപക്ഷ അവകാശം എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഇന്ത്യയുമായി ബന്ധപ്പെട്ടോ അണുശക്തിയുമായി ബന്ധപ്പെട്ടോ ആയിരുന്നില്ല ഗവേഷണം. കൂടാതെ  ആ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇന്ത്യയുമായി  ബന്ധപ്പെട്ടോ, ഇന്ത്യയിലെ അണുശക്തിയുമായി ബന്ധപ്പെട്ടോ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. കൂടാതെ ഒഹായോ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്  എന്നത് ഒരു എന്‍.ജി.ഒ അല്ല. അമേരിക്കയിലെ പ്രശസ്തമായ ഗവേഷണ സ്ഥാപനമാണ്. അവര്‍ക്ക് ഇന്ത്യയിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരെ ഫണ്ടിറക്കേണ്ട കാര്യമില്ല.

ജര്‍മന്‍ പൗരന്‍ താങ്കളെ കണ്ടതിനെക്കുറിച്ചും രേഖകള്‍ കൈമാറിയത് സംബന്ധിച്ചും
സൊന്താങ് റൈനര്‍ എന്നാണ് അയാളുടെ പേര്. എന്‍െറ ജന്മനാടായ നാഗര്‍കോവിലില്‍വെച്ച് കണ്ടുമുട്ടിയതാണ്.  ആരോ അയാള്‍ക്ക് എന്‍െറ അഡ്രസ് കൊടുത്തു, വന്നു. ഞങ്ങളോടൊപ്പം ചില സമരങ്ങളില്‍ പങ്കെടുത്തു. അയാള്‍ എന്‍െറ വീട്ടില്‍വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.  എനിക്ക് തരാന്‍ അയാളുടെ പക്കല്‍ പണമൊന്നുമുണ്ടായിരുന്നില്ല, വളരെ വാടക കുറഞ്ഞ മുറിയിലായിരുന്നു അയാള്‍ താമസിച്ചിരുന്നത്. അയാള്‍ എനിക്ക് മാപ്പോ കടലാസുകളോ തന്നില്ല.  അദ്ദേഹത്തിന് അണുശക്തിയെപ്പറ്റി എനിക്കുള്ളതിനേക്കാള്‍ വിവരമുണ്ടായിരുന്നില്ല.  ഗൂഗ്ള്‍ പോലൊരു സംവിധാനം നമുക്ക് തരുന്നതിലും കൂടുതലൊന്നും റൈനര്‍ക്ക് തരാനുണ്ടാവില്ല.

താങ്കളുടെ സംഘടനയുടെ
വരുമാനത്തെപ്പറ്റി
ഞങ്ങളുടെ സംഘടനയുടെ വരുമാനമെന്നത് പ്രധാനമായും സാധാരണക്കാരില്‍നിന്ന് പിരിച്ചെടുത്ത പണമാണ്. പിന്നെ തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും പിരിച്ചിട്ടുണ്ട്.  കോളജ് വിദ്യാര്‍ഥികള്‍,  സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്നുമാണ് കാര്യമായി പിരിച്ചത്. സമരത്തിനുവേണ്ടി ഒരു ചില്ലിക്കാശുപോലും വിദേശ ഏജന്‍സികളില്‍നിന്നോ, ഇന്ത്യന്‍ ഏജന്‍സികളില്‍നിന്നോ പിരിച്ചിട്ടില്ല. വികസനത്തിന് വേണ്ടി  ചെയ്യുന്ന ജനദ്രോഹ നടപടി കൈക്കൊള്ളുന്നതിനെതിരെ ശബ്ദിച്ചാല്‍ അവരെ കരിവാരിത്തേക്കുകയെന്നത് ഭരണകര്‍ത്താക്കളുടെ നയമായി മാറിയിരിക്കുന്നു.  സമരത്തില്‍ പങ്കെടുക്കാന്‍ ഉദയകുമാര്‍ പണം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാറിന്  സംവിധാനങ്ങളുണ്ട്. പത്രക്കാര്‍ക്കും അത് അന്വേഷിക്കാമല്ളോ.  ഇത് ഒരു കെട്ടുകഥയാണ്. സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും  ഉദ്യോഗസ്ഥരും ചേര്‍ന്നൊരുക്കുന്ന നാടകം. ഏറെ പത്രങ്ങളും ഇക്കൂട്ടത്തില്‍പെടുത്താം.

ഐ.ബി റിപ്പോര്‍ട്ട് ചോര്‍ന്നതാണോ,  സ്വയം ചോര്‍ത്തിക്കൊടുത്തതാണോ
 സര്‍ക്കാര്‍ പദ്ധതികളെ അട്ടിമറിച്ച് വിദേശശക്തികളെ തൃപ്തിപ്പെടുത്താന്‍ ചോര്‍ത്തിയത് ചിലപ്പോള്‍ ഐ.ബി തന്നെയാകും.  ഒരുപക്ഷെ ആണവ വിഷയത്തില്‍ പൊതുജനാഭിപ്രായം വിലയിരുത്താനായി മോദി സര്‍ക്കാര്‍തന്നെ ചോര്‍ത്തിയതോ ആകാം.

ഇപ്പോള്‍  കൂടങ്കുളത്തെ പ്രതിരോധം ഏതുവരെയായി
കൂടങ്കുളത്തെ  സമരം അവസാനിച്ചിട്ടില്ല. ഇപ്പോഴും ഗ്രാമത്തിലെ ഇരുന്നൂറോളം പേര്‍ സമരപ്പന്തലിലുണ്ട്. പ്രക്ഷോഭം അവസാനിച്ചിട്ടില്ല, അവസാനിപ്പിക്കുകയുമില്ല. ഞാന്‍ ആണവനിലയങ്ങള്‍ക്കെതിരാണെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ്. എന്‍െറ സംഘടനക്ക് ഈ റിപ്പോര്‍ട്ട് വന്നതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല, സംഭവിക്കുകയുമില്ല.

കുറിപ്പുകള്‍
2006 സെപ്റ്റംബര്‍ 9: ന്യൂഡല്‍ഹി: ‘എന്‍.ജി.ഓസ്, ആക്ടിവിസ്റ്റ്സ് ആന്‍ഡ് ഫോറിന്‍ ഫണ്ട്സ്: ആന്‍റി- നാഷന്‍ ഇന്‍ഡസ്ട്രി’ -രാധാ രാജനും കൃഷന്‍ കാക്കും തയാറാക്കിയ പുസ്തകത്തിന്‍െറ ആദ്യ പകര്‍പ്പ്  പ്രകാശനം ചെയ്യവെ ചെയ്ത മോദിയുടെ പ്രസംഗം (പുസ്തകത്തിന്‍െറ രണ്ടാം പതിപ്പില്‍ ഈ പ്രസംഗം ചേര്‍ത്തിട്ടുണ്ട്).

പി.പി. പ്രശാന്ത്
 




1 comment:

  1. ആടിനെ പട്ടിയാക്കിയും പേപ്പട്ടിയാക്കിയും മാറ്റിയാല്‍ കാര്യങ്ങള്‍ എളുപ്പമായിത്തീരുമെന്ന് അവര്‍ക്കറിയാം.

    ReplyDelete